HOTCAKEUSA

എഴുത്തുകാരൻ, ഗുരു, ശാസ്ത്രഞ്ജൻ: ഇ-മലയാളി പയനിയർ അവാർഡ് ജേതാവ് ഡോ. എ.കെ.ബി പിള്ളയുമായി  അഭിമുഖം

Published on 20 July, 2021
എഴുത്തുകാരൻ, ഗുരു, ശാസ്ത്രഞ്ജൻ: ഇ-മലയാളി പയനിയർ അവാർഡ് ജേതാവ് ഡോ. എ.കെ.ബി പിള്ളയുമായി  അഭിമുഖം

സാർ, സാഹിത്യകാരനും, ശാസ്ത്രജ്ഞനും, ഗവേഷകനും, ഗുരുവും, സാമൂഹ്യസേവകനുമൊക്കെയായ ഒരു അതുല്യ പ്രതിഭയാണ്.  കുറച്ചുസമയം സാറിനോടോപ്പം കുറച്ച് വിജ്ഞാനം ശേഖരിക്കാനാണ് ഈ കൂടിക്കാഴ്ച്ച.

വളരെ സന്തോഷം, ചോദിക്കുക.
ഗുരു.

ഗുരുവിന്റെ അനുഗ്രഹം തേടി, ഒരമ്മയും കുഞ്ഞും വന്നു. കുഞ്ഞു രണ്ടു വയസ്സുള്ള പെണ്‍കുട്ടി. അവള്‍ അമ്മയുടെ എളിയില്‍ ഇരുന്ന് പുഞ്ചിരിച്ചുകൊണ്ട് ചുറ്റുപാടും നോക്കി.
ഗുരു കുഞ്ഞിനെ നോക്കി, ആനന്ദം സ്ഫുരിച്ചുകൊണ്ടു, പറഞ്ഞു. '' ഈ ദേവി എന്റെ ഗുരുവാണു'
അമ്മ ആശ്ചര്യത്തോടെ പറഞ്ഞു. അവള്‍ക്ക് ഒന്നും അറിഞ്ഞുകൂടല്ലോ.
ഒരു വലിയ സത്യം കണ്ടെത്തിയ, നിര്‍വ്രുതിയോടെ ഗുരു ശക്ത്മായ ശബ്ദത്തില്‍ പറഞ്ഞു.
''അവള്‍ക്ക്, നമുക്ക് അറിഞ്ഞു കൂടാത്ത പല സത്യങ്ങളും അറിയാം. അവള്‍ക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണു മനഃശുദ്ധി. കളങ്കമില്ലാത്ത മനഃസ്ഥിതി. മനഃശുദ്ധിയാണു മനുഷ്യസ്വഭാവത്തിന്റെ കാതലും മനുഷ്യന്റെ നിലനില്‍പ്പിനു ജീവനും.'
അമ്മ ആസക്തിയോടെ ഗുരുവിന്റെ വചനങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു.
ഗുരു കുഞ്ഞിന്റെ കുഞ്ഞുപാദങ്ങള്‍ തൊട്ട് അവള്‍ക്ക് കൈക്കൂപ്പി. കുഞ്ഞു ഗുരുവിന്റെ തലയില്‍ തടവി.

2.    ആദ്യമായി ഇ-മലയാളിയുടെ അംഗീകാരം ലഭിച്ചതിൽ അനുമോദനങ്ങൾ. ദേശീയവും അന്തർദേശീയവുമായ അനവധി അവാർഡുകൾ കിട്ടിയിട്ടുള്ള അങ്ങേയ്ക്ക് സ്വന്തം മാതൃഭാഷയിൽ അമേരിക്കയിൽ നിന്നുമിറങ്ങുന്ന ഒരു പത്രത്തിന്റെ അംഗീകാരം കിട്ടിയപ്പോൾ എന്ത് തോന്നി?  ഇ മലയാളിയെപ്പറ്റി എന്താണഭിപ്രായം.? എന്തെങ്കിലും നിർദേശങ്ങൾ ഉണ്ടോ?

ആദ്യം ഇ-മലയാളിക്ക് പ്രകീര്‍ത്തനം. ഇ-മലയാളി, എനിക്ക് നല്‍കിയ അംഗീകാരം, എനിക്ക് ലഭിച്ചിട്ടുള്ള ദേശീയവും അന്തര്‍ദേശീയവുമായ അവാര്‍ഡുകളെക്കാള്‍ പ്രധാനമായി ഞാന്‍ ബഹുമാനിക്കുന്നു. ഇ- മലയാളി, അമേരിക്കയിലെ മലയാളികളുടെ മാത്രമല്ല ലോകമാകെയുള്ള മലയാളികളുടെ കുടുംബമേളയായി വളര്‍ന്നിരിക്കുന്നു. അതിനു  അഭിനന്ദനം.

ഇ-മലയാളി എനിക്ക് നല്‍കിയ അംഗീകാരത്തിനു എന്റെ ജീവിതത്തില്‍ തന്നെ വലിയ പ്രാമുഖ്യം  ഉണ്ടു. കാരണം, വ്യക്തിപരമായി എന്റെ എല്ലാ വളര്‍ച്ചയുടെയും അടിസ്ഥാനം എന്റെ മാത്രുഭാഷയ്ക്കും, മലയാളികള്‍ക്കും, കേരളത്തിനും നന്മക്കു വേണ്ടി, ഞാന്‍ സ്വയം അര്‍പ്പിച്ച എന്റെ ജീവിതലക്ഷ്യമാകുന്നു.

ഇ-മലയാളിയുടെ ആരംഭം മുതല്‍, ഞാന്‍ അഭ്യുദയപ്രവര്‍ത്തകനാണു. ഇന്നെത്തിയിരിക്കുന്ന അത്ഭുതകരമായ വളര്‍ച്ചയില്‍ നിന്നും, വികാസത്തിന്റെ കൂടുതല്‍ വലിയ ഒരു ഘട്ടത്തിലെക്ക് പുരോഗമിക്കണം. അതിനു, ഇ-മലയാളി കേരളത്തിലേയും ലോകമാകെയുമുള്ള മലയാളികളുടെ പ്രസിദ്ധീകരണമായി തീരണം. ഇതു മലയാളികള്‍ക്കും ആവശ്യമാണ്. ഇപ്പോള്‍ കേരളത്തില്‍ പ്രസിദ്ധീകരണ സൗകര്യം ഇല്ലാത്ത അനേകം പ്രതിഭാശാലികള്‍ക്ക് ഇ-മലയാളി അഭയം നല്‍കണം. കാലാവസ്ഥയുടെ വ്യതിയാനം കൊണ്ടു വരണ്ടുപോകുന്ന പ്രക്രുതിക്കും ജീവജാലങ്ങള്‍ക്കും പരിഹാരമാര്‍ഗങ്ങള്‍ പ്രസിദ്ധീകരിക്കണം. ഞാനും പ്രിയതമയും ഇ-മലയാളിയുടെ കൂടെ ഉണ്ട്.  

3.    കേരളത്തിൽ ജാതിവ്യവസ്ഥ അഴിഞ്ഞാടിയിരുന്ന ഒരു കാലത്ത് സവർണ്ണ കുലത്തിൽ ജനിച്ച അങ്ങേക്ക് അതിന്റെ ശരിയായ ഒരു രൂപം വിവരിക്കാമോ? പുസ്തകങ്ങൾ നൽകുന്ന വിവരങ്ങൾ മുഴുവൻ വിശ്വാസ യോഗ്യമാണോ? ഇന്ന് അന്നത്തെക്കാൾ ജാതിചിന്ത കുറഞ്ഞിട്ടുണ്ടോ? അന്ന് നിലവിലിരുന്ന മരുമക്കത്തായത്തെപ്പറ്റി ഇംഗ്ളീഷിൽ പുസ്തകം എഴുതിയിട്ടുണ്ടല്ലോ.

ജാതി കേരളചരിത്രത്തില്‍ ഏറ്റവും നീചമായ ഒരു ഘട്ടമാണ്. ജാതിയുടെ ദാരുണാവസ്ഥ നേരിട്ട് കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ടു. ജാതിയെ കേരളത്തില്‍ ഒറ്റപ്പെട്ടു കണ്ടാല്‍ പോര. ജന്മിത്വത്തിന്റെ ആരംഭത്തോടെ ജാതിവ്യവസ്ഥ ലോകമാകെയുണ്ടായി. ഭാരതത്തില്‍ ആര്യന്മാരുടെ കുടിയേറ്റവും അനന്തരഫലങ്ങളും സാമ്രജ്യത്തിന്റെതാണു. അവരുടെ മേധാവിത്വത്തിനു ബ്രാഹ്മണരുടേയും രാജാക്കന്മാരുടേയും കൂട്ടുകെട്ടില്‍ അവര്‍ സ്രുഷ്ടിച്ചതാണു ജാതി. അവരുടെ ആഗമനത്തിനുമുമ്പ് കേരളത്തിലെ സംഘ കാലഘട്ടം ( 400 ബി.സി. - 400 എ.ഡി) സാമൂഹ്യ സമത്വത്തിന്റെതാണു. ലോകചരിത്രത്തില്‍ തന്നെ സംഘകാലം പ്രാധാന്യമാകുന്നു. തങ്ങളുടെ സംസ്‌കാരമഹിമകള്‍ ലോകചരിത്രത്തില്‍ അവതരിപ്പിക്കുന്നതിനു, ഇനിയും കേരളീയര്‍ക്ക് കഴിഞ്ഞിട്ടില്ല. സംസ്‌കാര നിഷേധത്തില്‍ നിന്നു, സംസ്‌കാര സമ്പര്‍ക്കത്തിന്റെ കണ്ടെത്തലുകളിലേക്ക് എത്താന്‍ സാമൂഹ്യ സ്ഥിരതയുടെ ഒരന്തരീക്ഷം വേണം. അതു ഇനിയും കേരളത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നായര്‍ സ്ത്രീകളെ പോലെ ബ്രാഹ്മണ സ്ര്തീകളും ജാതിയുടെ ദാരുണ വ്യവസ്ഥക്ക് വിധേയരായിരുന്നു. എന്റെ ക്രുതി Social Stratification and Sexism: the Nayars (amazon.com) വായിക്കുക.

ജാതി മേധാവിത്വത്തിന്റെ മൗലിക സ്വഭാവം സമുദായതാല്‍പ്പര്യവും മറ്റുവര്‍ഗങ്ങളുടെ ചൂഷണവും ശത്രുത്വവും തന്നെ ആകുന്നു. ഇതു രാഷ്ട്രീയ സാമ്പത്തിക മേലകളിലൂടെ പ്രവത്തിക്കുന്നു. നിയമപരമായി നിരോധിക്കപ്പെട്ടുവെങ്കിലും ജാതിവ്യവസ്ഥിതി പരോക്ഷമായി തുടരുന്നു. പിന്നോക്കകാര്‍ക്ക് വിദ്യഭ്യാസം, തൊഴില്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി, അവര്‍ മുന്‍ മേല്‍ജാതിക്കാരുമായി തുല്യമായി ഇടപഴകുന്നതിനു പല ചുറ്റുപാടുകളും ഉണ്ടാക്കി. ഇവ, സ്വതന്ത്ര ഭാരത ഗവണ്മെന്റിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാകുന്നു. എന്നാല്‍ ജാതി, രാഷ്ട്രീയശക്തിയായി രൂപം കൊണ്ടു. സാമുദായിക-മത-രാഷ്ട്രീയ സംഘടനകള്‍ പെരുകി. കേരളത്തില്‍ ഇന്നുള്ളതു പോലെ ബഹുലവും സങ്കീര്‍ണ്ണവുമായ സര്‍വജന രാഷ്ട്രീയം ലോകത്ത് മറ്റൊരിടത്തും ഇല്ല. ഫലം, രാഷ്ട്രീയ സംഘടനകളും അവ പ്രതിനിധാനം ചെയ്യുന്ന സമൂഹങ്ങളും തമ്മില്‍ തീവ്രമായ സംഘട്ടനത്തിലാണു. ഈ സംഘട്ടനം ജാതീയമാണു. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ജാതീയമായി വര്‍ത്തിക്കുന്നു. ഇവയുടെ ഉള്‍വഴികളും അടിയൊഴുക്കുകളിലും നിന്നു്, മാനവ ശാസ്ത്രത്തിലും (Anthropology)  സാമൂഹ്യശാസ്ര്തത്തിലും ചില പുതിയ സിദ്ധാന്തങ്ങളെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ടു.

4.    ഒരു നരവംശശാസ്‌ത്രജ്‌ഞനായ അങ്ങേക്ക് ആ മേഖലയിൽ എന്ത് സംഭാവനകൾ ചെയ്യാൻ സാധിച്ചു? ഇനിയും എന്തൊക്കെ ചെയ്യാൻ ഉദ്ദേശിക്കുന്നു

മാനവശാസ്ര്തം ഞാന്‍ അഭ്യസിച്ചത് കേരളത്തിനു എന്റെ സേവനങ്ങള്‍ക്ക് പൂര്‍ണ്ണിമ തേടിയാണു, അതും ലോകോത്തരമായ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു്. (ന്യൂയോര്‍ക്ക്)
എന്റെ പ്രതീക്ഷകള്‍ ഫലിച്ചു. ജീവിതപഠനം ലക്ഷ്യമാക്കിയിട്ടുള്ള എനിക്ക്, മാനവശാസ്ര്തത്തിന്റെ സിദ്ധാന്തങ്ങളും പ്രക്രിയകളും സത്യാന്വേഷണത്തിന്റെ പാത നല്‍കി. മാനവശാസ്ര്തം അനേകം ശാസ്ര്തങ്ങളുടെ കൂട്ടുകെട്ടാണു. സംസ്‌കാരം, പ്രക്രുതി ഭാഷാ ശാസ്ര്തം, ഭൂഗര്‍ഭ സംസ്‌കാര വേഷണ ശാസ്ര്തം, (Archelogy സാമ്പത്തികശാസ്ര്തം, ശരീരശാസ്ത്രം, വൈദ്യം തുടങ്ങിയവയുടെ സമഗ്രവും, ഉത്ഗ്രഥനാപരവുമായ കൂട്ടുശാസ്ര്തം. അവയില്‍ പ്രാമാണികമാണു, നരവംശശാസ്ര്തം. (മനുഷ്യ പരിണാമശാസ്ര്തം) ഇതിലൂടെയാണു മനുഷ്യസ്വഭാവവും, സംസ്‌കാരവും പ്രക്രുതിപരമായി രൂപം കൊണ്ടതു കണ്ടെത്താന്‍ കഴിയുന്നത്. തുടര്‍ന്നു ഉച്ചനീചത്വപ്രസ്ഥാനങ്ങള്‍, വഴിതെറ്റിച്ച് സമകാലീന കൂട്ടുമുതലാളിത്വത്തില്‍ (Corporate Capitalism) മനുഷ്യവര്‍ഗ്ഗത്തെ ചാടിച്ചത്. ഇതിനു എന്റെ സ്വന്തം സിദ്ധാന്തം 'ഭൗതിക ഭോഗസംസ്‌കാരം' വെളിച്ചം നല്‍കുന്നത്. ജന്മിത്വം (Feudalism/caste system)  സാമ്രജ്യത്വം (Colonialism) കൂട്ടുമുതലാളിത്വം  എന്നീ തുടര്‍ച്ചയായ ഉച്ചനീചത്വപ്രസ്ഥാനങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തെ മൂല്യമായ 'നിസ്വാര്‍ത്ഥ സ്‌നേഹത്തില്‍' നിന്നു  (Unconditional love) സ്വാര്‍ത്ഥതയിലേക്കും സ്വയം നശിപ്പിക്കുന്ന സാര്‍വത്രികമായ മാത്സര്യതയിലേക്കും എത്തിച്ചിരിക്കുന്നു.
മനശാസ്ര്തത്തിന്റെ വളര്‍ച്ചക്ക് എന്റെ ഏറ്റവും പ്രധാനമായ അര്‍പ്പണം ഫെയ്‌സ്ബൂക്കില്‍ ആഴ്ച്ചതോറും എഴുതുന്ന ലേനങ്ങളാകുന്നു. അവ ഇപ്പോള്‍ മുന്നോറോളം ആയിരിക്കുന്നു. ഏതാണ്ടു നൂറ്റിഅന്‍പതു ഗവേഷണാടിസ്ഥാനത്തിലുള്ള പ്രബന്ധങ്ങള്‍, എണ്‍പതോളം കവിതകള്‍, എഴുപതോളം കത്തുകള്‍. പ്രബന്ധങ്ങളില്‍ മനുഷ്യജീവിതത്തിലെ മൗലിക പ്രശ്‌നങ്ങളും അവയുടെ ശാസ്ര്തീയമായ പരിഹാരമാര്‍ഗ്ഗങ്ങളും ഉള്‍പ്പെടുന്നു.
അഗാധമായ സത്യാന്വേഷണപ്രക്രിയയായ അന്വേഷണ ഗവേഷണം (Investigative Research) വിവിധ മണ്ഡലങ്ങളെ ഉത്ഗ്രഥിച്ചുകൊണ്ടുള്ള വികാസ തത്വവും പ്രക്രിയകളും (Integral Development)  സമഗ്രവികാസ വൈദ്യവും (Integral Development Therapy) മാനവശാസ്ര്തത്തിന്റെ വളര്‍ച്ചക്ക് എന്റെ പ്രധാന സംഭാവനകളാണു.
Culture of Social Stratification എന്ന ക്രുതിയില്‍ പടിഞ്ഞാറന്‍ എഴുത്തുകാര്‍ കേരളത്തിലെ സ്ര്തീകളെയും സംസ്‌കാരത്തെയും പറ്റി സാമൂഹ്യശാസ്ര്തം, മനശാസ്ര്തം, സ്ര്തീശാസ്ര്തം തുടങ്ങിയ മണ്ഡലങ്ങളില്‍ എഴുതികൂട്ടിയിട്ടുള്ള അബദ്ധങ്ങളും ദുര്‍വ്യാ്യാനങ്ങളും തിരുത്തി, ശരിയായ വിവരങ്ങള്‍, ഞാന്‍ സ്ഥാപിച്ചു.ഭാഗികമായ വിശദീകരണങ്ങള്‍ സത്യവിരുദ്ധമാണെന്നും ഒരു കാര്യത്തെ സം ബന്ധിക്കുന്ന എല്ലാ ഘടകങ്ങളുടേയും സമഗ്രഹവും ഉത്ഗ്രഥനാപരവുമായ കാഴ്ച്ചപ്പാടില്‍കൂടിമാത്രമേ വസ്തുവിവരങ്ങളുടെ സത്യവും വികാസവും സാധ്യമാകുകയുള്ളുവെന്നും ഞാന്‍ എന്റെ സമഗ്ര വികാസ സിദ്ധാന്തത്തില്‍ സമര്‍ത്ഥിച്ചു.

5.    കഥകളും ലേഖനങ്ങളുമായി അനവധി പുസ്തകങ്ങൾ ഇംഗളീഷിലും മലയാളത്തിലും എഴുതിയിട്ടുണ്ടെങ്കിലും സൗന്ദര്യഭൂമിയിലെ ജനത എന്ന പുസ്തകത്തെപ്പറ്റി പറയാമോ? അതെഴുതുമ്പോൾ ഇരുപത് വയസ്സ് തികയുന്നേ ഉണ്ടായിരുന്നുള്ളല്ലോ?

കഥകളും കവിതകളും ജീവിതത്തിന്റെ അടിയൊഴുക്കുകളില്‍ നിന്ന് ഉതിര്‍ത്തെടുത്തിട്ടുള്ളവയാണു. അവയുടെ ലക്ഷ്യം, ഭൗതിക ഭോഗ സംസ്‌കാരത്തിന്റെ ആഘാതത്തില്‍ നഷ്ടപ്പെട്ടുപോയ മനുഷ്യന്റെ മൗലികവും മനുഷ്യത്വപരവുമായ വിചാരവികാരങ്ങളുടെ പുനഃജ്ജീവനം ആകുന്നു.
കേരളത്തിലുടനീളം പല പ്രാവശ്യം ചെയ്ത പര്യടനങ്ങളില്‍ നിന്നു, ഉണ്ടായ കാര്യങ്ങള്‍, ജീവിതപഠനത്തിനുള്ള ആസക്തിയും എന്റെ ഭാവി ഒരു മലയാള സാഹിത്യകാരനെ എന്നില്‍ ഉണ്ടാക്കി. മാക്‌സിം ഗോര്‍ക്കിയുടെ  ആത്മകഥാ ഗ്രന്ഥങ്ങളും ഇംഗ്ലീഷ് സാഹിത്യകാരന്‍ Somerset Maugham ന്റെ Summing Up, Writer’s notebook  എന്ന ക്രുതികളും വലിയ പ്രചോദനം നല്‍കി. 

യൂണിവേഴ്‌സിറ്റി കോളേജില്‍ ( തിരുവനന്തപുരം) പഠിച്ചിരുന്ന കാലത്ത് (1949-50, 1950-55) പ്രമു സാഹിത്യകാരന്മാരും ബുദ്ധിജീവികളുമായ പലരോടും അടുത്ത് സമ്പര്‍ക്കമുണ്ടായി.- ടി.എന്‍. ഗോപിനാഥന്‍ നായര്‍, പ്രൊഫ. എസ്. ഗുപ്തന്‍ നായര്‍, കെ.സി.പിള്ള ശാന്തിനികേതന്‍, കെ. സുരേന്ദ്രന്‍, എ.വി. ഉദയഭാനു, എം.കെ. കുമാരന്‍, കെ. ബാല ക്രുഷ്ണന്‍, പ്രൊഫ. എം. ക്രുഷ്ണന്‍ നായര്‍, പ്രൊഫ. എ.ജി ക്രുഷ്ണവാരിയര്‍, പ്രൊഫ. എന്‍. ക്രുഷ്ണപിള്ള , പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ള, കാരൂര്‍ നീലകണ്ഠപിള്ള, ഡി.സി. കിഴക്കെമുറി, വയലാര്‍ രാമവര്‍മ്മ, ഒ.എന്‍.വി.കുറുപ്പ്, പുതുശ്ശേരി രമചന്ദ്രന്‍, പൊന്‍കുന്നം വര്‍ക്കി, പി. കേശവദേവ് തുടങ്ങിയവര്‍. എന്റെ ചെറുകഥകള്‍ക്ക് മാത്രുഭൂമി, കൗമുദി തുടങ്ങിയ വാരികകള്‍ വിശേഷാല്‍ പ്രതിക്കാരും പതിവായി പ്രതിഫലം നല്‍കി. മണ്ണിന്റെ മക്കൾ  എന്ന ക്രുതി പ്രസിദ്ധമായി. എന്റെ അഖിലേന്ത്യ പഠന യാത്രകളുടെ ക്രുതികളാണു ''സൗന്ദര്യഭൂമിയിലെ ജനതയും (കാശ്മീര്‍) കിഴക്കെ പാക്കിസ്ഥാനും.
ഇരുപതാം വയസ്സില്‍ എഴുതിയ കാശ്മീര്‍: സൗന്ദര്യഭൂമിയിലെ ജനത പ്രസിദ്ധമായതിന്റെ കാരണം, അതു കാശ്മീരി ജനതയുടെ മനുഷ്യത്വത്തിന്റെ ഉല്‍ഘോഷമായതുകൊണ്ടാണു. കാശ്മീര്‍ ജനതയെ അറിയാന്‍ മാനുഷികമായ എന്റെ ആസക്തി, എന്റെ മനസ്സില്‍ നിറഞ്ഞുകവിഞ്ഞു. ഞാന്‍ മാനവശാസ്ര്തജ്ഞനായതു കാശ്മീര്‍ പര്യടനത്തിനു ഇരുപതു കൊല്ലത്തിനുശേഷമാണു. എങ്കിലും ഒരു ജനതയെ അവരുടെ എല്ലാ ബന്ധങ്ങളിലൂടെയും കൂടിയേ കണ്ടെത്താന്‍ ഒക്കുകയുള്ളു എന്ന വിശ്വാസത്തില്‍ ഞാന്‍ എത്തിയിരുന്നു. ചരിത്രം, തൊഴില്‍, സാമ്പത്തികം, ആചാരങ്ങള്‍, ഉപരിയായി ജനതയുടെ പ്രക്രുതിയുമായുള്ള ബന്ധം. ഇതാണു മാനവശ്ശാസ്ര്തത്തിലെ കാഴ്ച്ചപ്പാടും. കാശ്മീര്‍ ജനതയുടെ ജീവിതം ഹ്രുദ്യമായി രചിക്കാന്‍ ഞാന്‍ ശ്രമിച്ചു. കൂടാതെ അവരുടെ വ്യക്തിപരവും, സാമൂഹ്യവും, ദേശീയവുമായ സ്വഭാവത്തിന്റെതായ കാരണങ്ങളും.

6.    സ്വന്തം മുത്തച്ഛനും ഭഗവത് ഗീതയും ജീവിതത്തിൽ വളരെ സ്വാധീനിച്ചുവെന്നു കേട്ടിട്ടുണ്ട്. എങ്ങനെ അങ്ങനെയൊരു സ്വാധീനം വന്നു? എങ്ങനെ മറ്റുള്ളവർക്ക് ഗീത മാർഗ്ഗദര്ശനമാകും. ചുരുക്കി വിവരിക്കുക.

ഭഗവത് ഗീതയാണു എന്റെ എല്ലാ നേട്ടങ്ങള്‍ക്കും പ്രത്യേകിച്ച് ബുദ്ധിപരമായ വളര്‍ച്ചയ്ക്ക് പ്രചോദനവും വഴികാട്ടിയും. മനുഷ്യചരിത്രത്തില്‍ മനശ്ശാസ്ര്തത്തിന്റെയും വികാസ ശാസ്ര്തത്തിന്റെയും ഏറ്റവും ശാസ്ര്തീയമായ ആദ്യക്രുതിയാണു ഭഗവത്ഗീത.  ഭഗവത്ഗീതയില്‍ നിന്നും ഉപനിഷത്തുക്കളില്‍ നിന്നും ശാസ്ര്തീയമായും ബുദ്ധിപരമായും ഉതിര്‍ത്തെടുത്ത സനാതനധര്‍മ്മമാണു എന്റേയും പ്രിയതമയുടേയും മതം.അതായ്ത് ജാതിമതഭേദം കൂടാതെ മിത്ര-ശത്രു ഭേദം കൂടാതെ എല്ലാ മനുഷ്യരുടെയും എല്ലാ ജീവജാലങ്ങളുടേയും നന്മക്കും പ്രക്രുതി ബന്ധത്തിനും, കഴിവതു സേവനം ചെയ്യുക എന്നുള്ളതാണു ഞങ്ങളുടെ മതം.
മേല്‍ വിവരിച്ച മതവിശ്വാസത്തില്‍ എന്നെ എത്തിച്ചത് എന്റെ അപ്പൂപ്പന്‍ നല്‍കിയ ആത്മീയതയാകുന്നു. ചെറുപ്രായത്തില്‍ എന്നെ കൂടെ കിടത്തി ശ്രീക്രുഷ്ണന്റെയും, അര്‍ജുനന്റെയും മറ്റും വീര്പ്രവര്‍ത്തികളുടെ കഥകളിലൂടെ എനിക്ക് ജീവിത 'മൂല്യങ്ങള്‍'' നല്‍കി. സ്വന്തം ത്യാഗങ്ങളിലൂടെ എന്നെ ഊട്ടുകയും പരിചരിക്കുകയും ചെയ്തുകൊണ്ട് എന്നെ 'നിസ്വാര്‍ത്ഥസ്‌നേഹം'   പഠിപ്പിച്ചു. 'നിസ്വാര്‍ത്ഥ സ്‌നേഹം' അനുഭവത്തിലൂടെയാണു ആത്മബന്ധത്തില്‍ അലിയുന്നത്. സമൂഹത്തെ സ്‌നേഹിക്കാനും സഹജീവികളെ സംരക്ഷിക്കാനും അപ്പൂപ്പന്‍ പഠിപ്പിച്ചു. ജാതിമതം ഭേദം കൂടാതെ സമൂഹവുമായി സഹവര്‍ത്തിത്വത്തിനു എന്റെ അമ്മയ്ക്കും പങ്കുണ്ടു. ഇവരുടെ രണ്ടുപേരുടെയും സ്‌നേഹവും ത്യാഗവുംകൊണ്ടാണു ഞാന്‍ ഉന്നത വിദ്യഭ്യാസത്തിലേക്ക് തിരിഞ്ഞതു. മനുഷ്യന്റെ പൈത്രുകമായ അനുഭവ സമ്പത്തിന്റെ ഒരു വലിയ നഷ്ടം ഇന്നത്തെ ഭൗതിക ഭോഗ വ്യവസ്ഥിതിയില്‍ അപ്പൂപ്പനും അമ്മയുമായുള്ള ബന്ധം നഷ്ടമായതാണു. ഈ ബന്ധം പുലര്‍ത്താന്‍ നാം ശ്രമിക്കണം.

7.    എന്താണ് സാറിന്റെ മാനസിക-ശാരീരിക ചികിത്സ സമ്പ്രദായം?  അതെങ്ങനെ മനുഷ്യർക്ക് ഉപകാരപ്രദമാകുമെന്ന് ചുരുക്കി വിവരിക്കുക

യൂറോ അമേരിക്കന്‍ രാഷ്ട്രങ്ങളിലെ ഭാഗികമായ മാനസിക ചികിത്സ സമ്പ്രദായവുമായി താരതമ്യപ്പെടുത്തുമ്പോള്‍എന്റെ പ്രസ്ഥാനം മനുഷ്യജീവിതത്തിന്റെ ബന്ധപ്പെട്ട എല്ല ഘടകങ്ങളേയും ഉത്ഗ്രഥിച്ചുകൊണ്ടുള്ളതാകുന്നു. എന്റെ വീക്ഷണങ്ങള്‍ പ്രശ്‌നപരിഹാര ത്തിനോടൊപ്പം വ്യക്തിയുടെ വികാസപരമായ കഴിവുകള്‍ കണ്ടെത്തുകയും വികസിപ്പിക്കുകയും ആകുന്നു.


8.    സ്വാശ്രയശീലവും, സ്വാതന്ത്രബോധവുമാണ് വ്യക്തികളുടെ വളർച്ചക്ക് ഉപകരിക്കുക. അവരിലുള്ള സഹജമായ ഗുണങ്ങളെ സമൂഹം നശിപ്പിക്കുന്നു. ട്രാൻസെൻഡെന്റലിസം ഇങ്ങനെ വിശ്വസിക്കുന്നതായി കാണുന്നു. ഇതേക്കുറിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുള്ള സാറിനു ഇതൊന്നു വിവരിക്കാമോ? നമ്മുടെ വായനക്കാർക്ക് എളുപ്പം മനസ്സിലാകും വിധം.

സമഗ്രവികാസ മാനസിക വൈദ്യത്തിന്റെ ഉള്‍ക്കാമ്പ്, 'ബുദ്ധി''യുടെ ഉണ്രവുണ്ടാക്കി 'ഉത്തേജനശക്തിയെ കര്‍മ്മനിരതമാക്കുകയാണു.
അതിനു നേരെ തിരിച്ചാണു സമകാലീന വ്യവസ്ഥിതിയിലെ യാന്ത്രികത്വത്തില്‍ മുറുകിനില്‍ക്കുന്ന ''ഭൗതിക ഭോഗ' സംസ്‌കാരം. എന്റെ  കാഴ്ചപ്പാടില്‍ മാനസികരോഗങ്ങള്‍ സ്രുഷ്ടിക്കുന്നതു തന്നെ ഭൗതിക ഭോഗ സംസ്‌കാരം ആകുന്നു.
ലോകചരിത്രത്തില്‍ ആദ്യമായി,Transcedentalism താത്വികവും സാഹിത്യപരവും മനഃശ്ശാസ്സ്ത്രീയവുമായ ഒരു പ്രസ്ഥനമായി രൂപം കൊടുത്തതു പത്തൊന്‍പതാം നൂറ്റാണ്ടില്‍ ക്രുസ്തുമതത്തിലെ പ്യുരിട്ടൻ  വിഭാഗത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടികള്‍ക്ക് എതിരായി  എമേഴ്‌സൺ , തോറോ  തുടങ്ങിയവരാണു. പ്രക്രുതിബന്ധം, സാങ്കേതിക-വ്യവസായ വ്യവസ്ഥിയോടു എതിര്‍പ്പു, സര്‍വസമൂഹ സ്ത്രീ  സമത്വം ഈ തത്വങ്ങള്‍ അവര്‍ ആഘൊഷിച്ചു.
ഉത്തേജനശക്തി (Transcendentalism)  സമഗ്ര വികാസ മാനസിക വൈദ്യത്തിന്റെ ഉള്‍ക്കാമ്പ്, 'ബുദ്ധിയുടെ'' ഉണര്‍വുണ്ടാക്കി, ഉത്തേജനശക്തിയെ കര്‍മ്മനിരതമാക്കുകയാണു.  Transcendentalism  ന്റെ വിത്തുകളും നാമ്പുകളും ആര്‍ത്തിയോടെ ശേരിച്ചതു ഭഗവത് ഗീത, ധര്‍മ്മപദ (ധര്‍മ്മശാസ്ര്തം, ബുദ്ധന്റെ ക്രുതി ) തുടങ്ങിയ ഭാരതീയ ക്രുതികളില്‍ നിന്നാകുന്നു. ഇവയുടെ താരതമ്യപഠനമാണു അനേകം പതിപ്പുകള്‍ വിറ്റഴിഞ്ഞ Transcendental Self   എന്ന ക്രുതി.

9.    കേരളത്തിന്റെ പുരോഗതിക്കനുകൂലമായ പ്രവർത്തനങ്ങൾ പ്രവാസികൾക്ക് ചെയ്യാൻ കഴിയുന്നത് എന്തൊക്കെ എന്ന് സാറിന്റെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും കാണുന്നു. കേരളത്തിലെ മലിനമായ രാഷ്ട്രീയാന്തരീക്ഷത്തിൽ പ്രവാസി എന്ത് വിശ്വസിച്ച് അവന്റെ നിക്ഷേപങ്ങൾ നടത്തും.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടരേറ്റു ബിരുദത്തിനു വേണ്ടി 1970ല്‍ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് മെന്റല്‍  ഹെല്പ് നല്‍കിയ ഗണ്യമായ സാമ്പതിക സഹായത്തോടെ, കേരളത്തില്‍ ഉടനീളം അനേകം കുടുമ്പങ്ങളുടെ, മൂന്നു നാലു തലമുറകളോളം  പഠിച്ച് ഞാന്‍ ഗവേഷണം നടത്തി. ഈ ഗവേഷണ  ഫലങ്ങളില്‍ ഒരംശം മാത്രമാണു   പ്രസിദീകരിച്ചിട്ടുള്ളത്.
കേരളത്തിന്റെ മൗലികമായ പ്രശ്‌നം, ഇന്നു ജാതിയല്ല, ജാതിയും മതവും ഉള്‍പ്പെടുന്ന തീവ്രമായ കക്ഷി രാഷ്ട്രീയമാകുന്നു. പരസ്പരം മല്ലടിച്ചു, അധികാരത്തിനു ശ്രമിക്കുന്ന പാര്‍ട്ടി അവയുടെ പിടിയില്‍ കഴിയുന്ന ബുദ്ധിജീവികളും, പൊതുജനങ്ങളും.
1947 മുതല്‍ കേരളത്തിന്റെ യാത്ര പിന്നോട്ടാണു. സാമ്പത്തികമായും, സംസ്‌കാരപരമായും, മാനുഷികമൂല്യങ്ങളിലും. മറ്റു എല്ലാ സംസ്ഥാനങ്ങളും ഏതെങ്കിലും തരത്തില്‍ മുന്നോട്ടും കേരലത്തിന്റെ ഏറ്റവും വലിയ ശക്തിയായ പ്രക്രുതിയുടെ നാശം പോലും പരിഹാരത്തിനുവേണ്ട, പാര്‍ട്ടികളുടെ ഐക്യം ഉണ്ടായിട്ടില്ല. രണ്ടുകൊല്ലം മുമ്പ് ഉണ്ടായ പ്രളയത്തിന്റെ തേയ്മാനങ്ങള്‍ കൂടിവരുന്നേയുള്ളു.
1970കള്‍ മുതല്‍, കേരള  വികസനത്തിനു വേണ്ടിയുള്ള എന്റെ യജ്ഞത്തിന്റെ പ്രത്യാഘാതം, എന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലാണു അനുഭവപ്പെട്ടതു. കേരളത്തിന്റെ, നാടിന്റെഏയും നാട്ടുകാരുടെയും എല്ലാത്തരങ്ങളിലുമുള്ള മൊത്തത്തിലും വിശ്വരൂപത്തിലും ഉള്ള വികസനത്തിനു, എന്റെ അറിവില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിപരമായും പഠന്‍പരമായും എനിക്കാണുള്ളതു. മുമ്പ് പലപ്രാവശ്യം പറഞ്ഞിട്ടുള്ള ഒരു പ്രസ്താവം ഞാന്‍ ആവര്‍ത്തിക്കുന്നു. അഞ്ചുകൊല്ലത്തെ കൂട്ടായ (എല്ലാ പാര്‍ട്ടികളുടേയും) ശ്രമങ്ങൾ  കൊണ്ടു കേരളത്തെ സുഭിക്ഷമാക്കാന്‍ കഴിയും.  ധ്രുതഗതിയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യ വിഭവങ്ങളെ തിരിച്ചുകൊണ്ടുവരാം. ചുരുക്കത്തില്‍ം പ്രക്രുതിയുടെ പുനഃനിര്‍മ്മാനം, സാമ്പത്തികവികാസം, ഭീകരതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ജനവിഭാഗങ്ങളുടെ യോജിപ്പ്, ഇവയെല്ലാം ഏകോപിച്ചു കൊണ്ടുള്ള  ഒരു നയം വേണം  കേരളത്തിന്റെ നിലനില്‍പ്പിനു തന്നെ.
കേരളത്തിന്റെ നന്മക്ക് വേണ്ടിയുള്ള അമേരിക്കയിലേയും മറ്റു മറുനാട്ടുകളിലേയും മലയാളികളുടെ ശ്രമം സ്തുത്യര്‍ഹമാണു. എന്നാല്‍ അടിമുടി തകര്‍ന്നിരിക്കുന്ന കേരളത്തിന്റെ വികാസത്തിനു,  ഭാഗികമായ ശ്രമങ്ങള്‍ ഫലിയ്ക്കുകയില്ല. ഒന്നാമതായി, വികാസത്തിനും, നിക്ഷേപത്തിനും ആവശ്യമായ നിയമങ്ങള്‍ നടപ്പാക്കനം. കുരുക്കുകള്‍ ഒഴിവാക്കനം. നിക്ഷേപകരെ പ്രോത്സാഹിപ്പിക്കണം.
രണ്ടുഃ മറുനാടന്‍ മലയാളികളും, കേരളഗവണ്മെന്റും മറ്റു പാര്‍ട്ടികളുമായി, യോജിച്ചുള്ള ഒരു വികസനപരിപാടി അംഗീകരിക്കണം. പ്രക്രുതി സാമ്പത്തിക സംസ്‌കാരഘടങ്ങളെ ഉല്‍ഗ്രഥിച്ചുകൊണ്ടുള്ള ഒരു പരിപാടി ഇന്നില്ല. മൂന്നുഃ പരിപാടി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആസൂത്രനം ചെയ്തുപ്രായോഗികമാക്കണം.
അത്തരം ഒരു നയമാണു, കേരളത്തില്‍ നിന്നും അമേരിക്കന്‍ മലയാളികളില്‍ നിന്നും ഉണ്ടാകേണ്ടത്. അതേ വിജയിക്കുകയുള്ളു. ഭാഗികമായ പരിപാടികള്‍ പ്രശ്‌നപരിഹാര്മല്ല.
ഈ കാര്യത്തിനു അമേരിക്കന്‍ മലയാളിസംഘങ്ങളും, സംഘടനകളും തന്നെ ഒത്തുകൂടി ഒരുമിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേനം. അതു നമ്മുടെ ശക്തിയേയും കഴിവിനേയും അമേരിക്കയിലും കേരളത്തിലും സ്വാധീനം ചെലുത്തും.

10.    ഭാരതത്തിൽ പൊതുവെ കേരളത്തിൽ സ്ത്രീകളുടെ സുരക്ഷ എങ്ങനെ നടപ്പാക്കാമെന്നതിനെപ്പറ്റിയും സാർ ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.  അങ്ങനെ ഒരു അവസ്ഥ സ്ത്രീകൾക്ക് പ്രതീക്ഷിക്കാമോ?

1970 മുതല്‍ കേരളവികാസത്തിനോടൊപ്പം സ്ര്തീകളുടെ ഉന്നമനത്തിനു, യോജിക്കുന്ന പാര്‍ട്ടികളുമായി ചേര്‍ന്നു, കേരളത്തില്‍ ചെല്ലുമ്പോള്‍ ഒക്കെ സെമിനാരുകളും ചര്‍ച്ചകളും നടത്താരുന്റു. പദ്ധതികള്‍ ആസൂത്രനം ചെയ്തു പലര്‍ക്കും കൊടുത്തിട്ടുണ്ട്.  പാട്ടികളുട്യും മറ്റു കഷികളുടെഉം മത്സരങ്ങളില്‍ ഒന്നും ഗണ്യമായി നടന്നിട്ടില്ല. കേരളത്തിലെസ്ര്തീകളുടെയും കുട്ടികളുടെയും ലൈംഗികവും അല്ലാതെയുമുള്ള ചൂഷണം ഗവണ്മെന്റും രാഷ്ട്രീയ് നേതാക്കളും, സ്ത്രീകളും തന്നെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ നിര്‍ത്താം, തടയാം. എന്റെ വിമൻ   അന്‍ഡ് ചില്‍ഡ്രെന്‍ എന്ന പുസ്തകത്തില്‍ വിശഡാ വിവരങ്ങളുണ്ട്. ഞാനുമായി ബന്ധപ്പെട്ടാല്‍ വിലകൂടാതെ ഇന്റെര്‍നെറ്റ്  വഴി ഒരു പ്രതി ഞാന്‍ അയച്ചുതരാം. 
ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍, സ്ര്തീയുടെ നില കൂടുതല്‍ സങ്കീര്‍ണ്ണമാണ് . വിദ്യഭ്യാസപരവും മതപരവുമായ അന്ധവിശ്വാസങ്ങളും, പരമ്പരാഗതമായ ആചാരങ്ങളും, സ്ത്രീയെ  നശിപ്പിക്കുന്നു. ഇവയുടെയെല്ലാം പരിഹാരം ഭാരതത്തിന്റെ
മൊത്തത്തിലുള്ള ഉന്നമനമാണ് . ഇതിനു വ്യക്തമായ ഒരു പദ്ധതിയും കര്‍മ്മപരിപാടിയും വേണം. അതുവരീ ചെയ്യാവുന്നത് കര്‍ശനമായ നിയമങ്ങളിലൂടെ സ്ത്രീകളുടെയും കുട്ടികളുടേയും പീഢനം തടയുകയാണ് . കൂടാതെ പീഢനത്തിനെതിരായി ഗവണ്മെന്റും പ്രൈവറ്റുമായ എല്ലാ സ്ഥാപനങ്ങളിലും ബോധവല്‍ക്കരണം നടത്താനും സാധിക്കും. സ്ത്രീയുടെ സുരക്ഷിതത്വവും ശക്തിയും ആണ്  ഏതു  രാഷ്ട്രത്തിന്റെയും മഹത്വം .
ഇ -മലയാളിയുടെ ചോദ്യങ്ങള്‍ എന്റെ ജീവിതത്തിന്റെ പല പ്രധാനഘട്ടങ്ങളെയും സം ബബന്ധിക്കുന്നവയാണു. അവയുടെ ഉത്തരങ്ങളാണ്  ഈ ലേനത്തിലുള്ളത് . എന്റെ നേട്ടങ്ങളെ  അംഗീകരിക്കുന്നതിനു ഇ -മലയാളിക്ക് നന്ദിയും ബഹുമാനവും ഞാന്‍ അര്‍പ്പിക്കുന്നു. എനിക്ക് നല്‍കുന്ന അംഗീകാരവും മറ്റു പ്രവര്‍ത്തങ്ങളും ഇ-മലയാളിക്കും എനിക്കും കൂടുതല്‍ നന്മചെയ്യാന്‍ ഉപകരിക്കട്ടെ . കൂടുതലായി ലോകമാകെയുള്ള മലയാളികള്‍ക്ക് പ്രചോദനമായിതീരട്ടെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക