HOTCAKEUSA

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

Published on 13 March, 2020
ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

ഇ-മലയാളിയുടെ മാന്‍ ഓഫ് ദി ഈയര്‍ അവാര്‍ഡ് നേടിയ ബാബു വര്‍ഗ്ഗീസ് ഫ്‌ലോറിഡാ ബോര്‍ഡ് ഓഫ് പ്രൊഫഷനല്‍ എഞ്ചിനിയേഴ്‌സ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമാണ്. ആദ്യമായാണു ഒരു ഇന്ത്യാക്കാരന്‍ ഈ സ്ഥാനത്ത് നിയമിക്കപ്പെടുന്നത്

ബാബു വര്‍ഗീസുമായി ഇ-മലയാളിയുടെ അഭിമുഖം


1. കഴിഞ്ഞ വര്‍ഷം നേട്ടങ്ങള്‍ കൊയ്തു വിജയിച്ചവരില്‍ ഒരാള്‍ക്ക് ഇ-മലയാളി നല്‍കുന്ന ഈ അംഗീകാരത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു.

ഉ. ഈ വലിയ അംഗീകാരത്തിന് എന്റെ വലിയ സന്തോഷവും, നന്ദിയുമാണ് എനിയ്ക്കു പറയാനുള്ളത്.

2. ഇ-മലയാളി പതിവായി വായിക്കാറുണ്ടോ? ഭാഷയോടും സമൂഹത്തോടും ഞങ്ങള്‍ അനുവര്‍ത്തിക്കുന്ന നയങ്ങളും സേവനങ്ങളും നിങ്ങളുടെ അഭിപ്രായത്തില്‍ എന്ത് നിലവാരം പുലര്‍ത്തുന്നു.

ഉ. അടുത്ത കാലത്താണ് ഇ-മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തെ അറിയുവാനും, വായിക്കുവാനും ഇടയായത്. പിന്നീട് സമയം കിട്ടുമ്പോഴെല്ലാം ഇ-മലയാളിയിലെ വാര്‍ത്തകളും, വിശേഷങ്ങളും, കൗതുകപൂര്‍വ്വം ശ്രദ്ധിക്കുകയും, വിജ്ഞാന പ്രദമായ പല ലേഖനങ്ങളും വായിക്ക്കയും ചെയ്തിട്ടുണ്ട്

3. ഔദ്യോഗിക രംഗത്ത് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞ നിങ്ങള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്ന മലയാളികളോട് എന്ത് ഉപദേശമാണ് നല്‍കാനുള്ളത്.

ഉ. ഏത് തൊഴില്‍ മേഖലയില്‍ ജോലി ചെയ്താലും ആ തൊഴിലില്‍ പരമാവധി അറിവു നേടുവാന്‍ പരിശീലിയ്ക്കണം. തൊഴിലാളികളുടെ വൈദഗ്്ധ്യവും, സമര്‍പ്പണവുമാണ് ആ സ്ഥാപനത്തെ ഉന്നതിയിലെത്തിക്കുന്നത്. ഈ രാജ്യത്ത് കുടിയേറിയ മലയാളികളുടെ പഠിയ്ക്കുവാനുള്ള വലിയ ആവേശവും കഠിനാദ്ധ്വാനവും, ഇച്ഛാശക്തിയുമാണ് മലയാളികളെയും, ഇന്ത്യാക്കാരെയും ഈ രാജ്യത്ത് കുറഞ്ഞ സമയം കൊണ്ട് പല തൊഴില്‍ മേഖലകളിലും ശൃദ്ധേയരാക്കി തീര്‍ക്കുന്നത്.

4. ജോലി സ്ഥലത്ത് വിവേചനം ഉണ്ടോ?. അതുകൊണ്ട് ലക്ഷ്യങ്ങളില്‍ എത്താന്‍ കഴിയുന്നില്ലെന്ന പരാതി പലരും പറയുന്നുണ്ട്. നിങ്ങളുടെ അനുഭവത്തില്‍ അങ്ങനെയൊന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കണം.

ഉ. ഓര്‍മ്മിച്ചെടുക്കാവുന്ന തരത്തിലുള്ള ഒരു വിവേചനവും ഇതുവരെ എനിക്ക് എന്റെ തൊഴില്‍ രംഗത്ത് അനുഭവപ്പെട്ടിട്ടില്ല. പൊതുവില്‍ അമേരിക്കക്കാര്‍ തുറന്ന മനസ്സും, ന്യായബോധമുള്ളവരുമാണ്. എന്നാല്‍ തൊഴില്‍ മേഖലയിലും, ജോലിസ്ഥലത്തും പലതരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിച്ച പലരുടെയും വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇന്ന് തൊഴില്‍ മേഖലയില്‍ ഉണ്ടാവുന്ന വിവേചനങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടത്ര സംവിധാനങ്ങളും, നിയമ മാര്‍ഗ്ഗങ്ങളുമുണ്ട്. എന്നിരുന്നാലും തൊഴില്‍ രംഗങ്ങളില്‍ ഉണ്ടാകാവുന്ന വിവേചനങ്ങളെകുറിച്ച് പരാതികൊടുക്കുന്നതിന് മുമ്പ് ഒരു സ്വയം ആത്മപരിശോധന കൂടെ നടത്തേണ്ടതല്ലേ എന്നൊരഭിപ്രായമുണ്ട്.

5. തൃശൂരിലെ അയ്യന്തോളില്‍ നിന്നും അമേരിക്കയില്‍ എങ്ങനെ വന്നു പെട്ടു? ഉപരിപഠനാര്‍ത്ഥം ഇവിടെ എത്തുന്നവര്‍ പലരും മടങ്ങിപ്പോകുന്നു. എങ്ങനെ അവര്‍ക്ക് ഇവിടെ തന്നെ ജോലി കണ്ടുപിടിച്ച് തുടരാന്‍ കഴിയും?

ഉ. അമേരിക്കയിലേക്ക് എത്തപ്പെട്ടത് ഏറെക്കുറെ ആകസ്മികമായിരുന്നു. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നേവല്‍ ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിംഗില്‍ (കപ്പല്‍ ഡിസൈന്‍) ബിരുദം നേടി, ബോംബെയിലെ മസഗോണ്‍ ഡോക്കിന്റെ  ഡിസൈന്‍ ആന്റ് ഡവലപ്പ്മെന്റ് സെക്ഷനില്‍ ജോലി ലഭിച്ചു. എന്നാല്‍ ബോംബെയിലെ താമസസ്ഥലവുമായി എനിക്ക് പൊരുത്തപ്പെടുവാന്‍ കഴിയാതെ വന്നപ്പോള്‍ അമേരിക്കയില്‍ ഉപരിപഠനത്തിനായി ശ്രമിച്ചു.
1984 ല്‍ ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയില്‍ (FAU) നിന്നും ഫുള്‍സ്‌കോളര്‍ഷിപ്പും അതൊടൊപ്പം, ടാറ്റാ സ്‌കോളര്‍ഷിപ്പും, ആര്‍.ഡി. സെത്ന, ടൈം  ആന്‍ഡ് റ്റാലന്റ് സ്‌കോളര്‍ഷിപ്പും ലഭിച്ചു. അങ്ങനെ ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.
1985 ല്‍ ഓഷ്യന്‍ എഞ്ചിനീയറിംഗ് പ്രോഗ്രാമില്‍ മാസ്റ്റേഴ്സ്ഡിഗ്രി ബെസ്റ്റ് ഇന്റര്‍ നാഷ്ണല്‍ സ്റ്റഡന്റ് സ്‌കോളര്‍ഷിപ്പോടു കൂടി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു.
തുടര്‍ന്ന് എനിക്കു ലഭിച്ച ജോലികള്‍ അമേരിയ്ക്കന്‍ നേവല്‍ ഷിപ്പ് യാര്‍ഡുകളിലായിരുന്നു. എന്നാല്‍ അമേരിക്കന്‍ പൗരത്വം ഇല്ലാത്തത് ആ ജോലികള്‍ സ്വീകരിയ്ക്കുവാന്‍ തടസ്സമായി വന്നു. എന്റെ മുമ്പില്‍ രണ്ടു വഴികളെ ഉണ്ടായുള്ളൂ ഒന്നുകില്‍ ഇന്ത്യയിലേക്ക് തിരികെ പോകുക. അല്ലെങ്കില്‍ എന്‍ജിനീയറിംഗ് ബ്രാഞ്ചു മാറുക. ഏതായാലും രണ്ടാമത്തെ വഴി ഞാന്‍ തിരഞ്ഞെടുത്തു. തുടര്‍ന്ന് സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് തനിയെ പഠിച്ചു ജോലിക്കു ശ്രമിച്ചു.
ഈശ്വര കൃപ കൊണ്ട് മയാമിയിലെ വളരെ വലിയ ആര്‍ക്കിടെക്ചറല്‍ എന്‍ജിനീയറിംഗ് സ്ഥാപനത്തില്‍ ജോലി ലഭിച്ചു. പിന്നീട് 1987 ല്‍ പ്രൊഫഷണല്‍ എന്‍ജിനീയറിംഗ് ലൈസെന്‍സ്(പി.ഇ.) ലഭിച്ചു.

6. വളര്‍ന്നു വരുന്ന തലമുറയോട് അവരുടെ എന്‍ജിനീയറിംഗ് പഠന വിഷയങ്ങള്‍ ഏതൊക്കെയാകണമെന്ന ഒരു അഭിപ്രായം പറയാമോ? നമുക്ക് ധാരാളം എന്‍ജിനീയര്‍മാരെ വേണ്ടതുണ്ടോ?

ഉ. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ഫ്ളോറിഡ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ഞ്ചിനീയേഴ്സിന്റെ വിദ്യാഭ്യാസ സമിതിയുടെ ചെയര്‍മാനായിരുന്നു. അമേരിയ്ക്കന്‍ എഞ്ചിനീയറിംഗ് പാഠപദ്ധതിയില്‍ ഹ്യൂമാനിറ്റീസ് കോഴ്സ്സുകള്‍ കൂടുതല്‍കൂട്ടിചേര്‍ത്തിട്ടുണ്ട് അതിനുള്ള പ്രധാന കാരണം ജോലിയുടെ ഭാഗമായി ടെക്നിക്കല്‍ റൈറ്റിംഗ് സ്‌കില്ലും, പ്രസന്റേഷന്‍ സ്‌കില്ലും നല്ലൊരു എന്‍ഞ്ചിനീയറായി വളരുന്നതിന് ആവശ്യമാണ്.
പ്രത്യേകിച്ച് തങ്ങളുടെ ക്ലയന്റുകളെയും, ബ്രൂറോക്രാറ്റുകളെയും മാത്രമല്ല കോടതികളിലും തങ്ങളുടെ നൈപുണ്യവും, വൈദഗ്ധ്യവും വ്യക്തമായി പ്രതിഫലിപ്പിക്കുന്നതിന്ഇത് സഹായകരമാകും.
കൂടാതെ യൂണിവേഴ്‌സിറ്റികളില്‍ പ്രൊഫഷണല്‍, തൊഴില്‍ മേഖലകളില്‍ അനിതര സാധാരണമായ വിജയം കൈവരിച്ച പ്രഗല്‍ഭരുടെഅനുഭവജ്ഞാനം പങ്കുവയ്ക്കുന്ന ക്ലാസ്സുകളും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതികളുടെ ഉപദേശവും സ്വീകരിയ്ക്കുന്നു.
ഫ്ളോറിഡായിലെ ഏതാനും എന്‍ഞ്ചിനീയറിംഗ് യൂണിവേഴ്സിറ്റികളില്‍ പ്രൊഫഷണല്‍ ലൈസെന്‍സിംഗ്, എത്തിക്സ്,എന്നീ വിഷയത്തില്‍ക്ലാസ്സുകള്‍ എടുക്കാന്‍ പോകാറുണ്ട്.
ഒരു രാജ്യത്തിന്റെ പുതുനവീകരണത്തിന് വികസനത്തിന് എന്‍ജിനീയര്‍മാരുടെ സേവനം നിര്‍ണ്ണായകമാണ്.
ഇന്ന് യു.എസില്‍ എന്‍ഞ്ചിനീയര്‍മാരുടെ കുറവുണ്ട്. ഇപ്പോള്‍ 1.9 ജോലിക്ക് ഒരു ക്വാളിഫൈഡ് എന്‍ജിനീയര്‍ മാത്രമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

7. സേവനരംഗത്ത്  ആഗ്രഹിച്ചപോലെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍  സഹായിച്ച ഘടകങ്ങള്‍ എന്താണ്?. കഠിനപ്രയത്നം എല്ലാവരും ചെയ്യുമെങ്കിലും പ്രതീക്ഷിച്ച വിജയം നേടുന്നില്ല.

ഉ. ഒരു സ്ഥാപനം വിജയകരമാകണമെങ്കില്‍ നിരവധി ഘടകങ്ങള്‍ ഒന്നിച്ചു ചേരണമല്ലോ, അത് സര്‍വ്വീസ് ആണെങ്കിലും, പ്രൊഡക്റ്റ് ആണെങ്കിലും.
ആപ്ടെക് എന്‍ജിനീയറിംഗ ഇന്‍ കോര്‍പ്പറേഷന്‍ എന്ന എന്റെ സ്ഥാപനത്തില്‍ ഫ്ളോറിഡായിലും തൃശൂരുമായി എണ്‍പത്തിയഞ്ചോളം എന്‍ഞ്ചിനീയര്‍ന്മാര്‍ ജോലി ചെയ്യുന്നുണ്ട്. എഞ്ചിനീയറിംഗ് റിപ്പോര്‍ട്ട്, ഡ്രോയിംഗുകള്‍, കണക്കുകൂട്ടലുകളിലെ കൃത്യത, ഗുണനിലവാരത്തിലെ പൂര്‍ണ്ണത, ജോലിക്കാരുടെ സമര്‍പ്പണം അതിലുപരി ഈശ്വരാനുഗ്രഹം എല്ലാം വിജയത്തിന് അനിവാര്യമാണ്.
മാത്രമവുമല്ല, ഏറ്റെടുത്ത പദ്ധതികള്‍, വേഗത്തിലും, കാര്യക്ഷമതയിലും, കുറഞ്ഞ ചിലവിലും പൂര്‍ണ്ണമാക്കുവാന്‍ കഴിഞ്ഞാല്‍ ഉടമസ്ഥര്‍ അല്ലെങ്കില്‍ ഡവലപ്പര്‍മാരുടെ വിശ്വാസം നേടുവാന്‍ കഴിഞ്ഞു. അത് ചെറിയ കമ്പനികളിലും, ഡിസ്‌നി, യൂണിവേഴ്സല്‍ പോലുള്ള വന്‍ കോര്‍പ്പറേറ്റുകളുടെ കാര്യത്തിലും ഒന്നുതന്നെയാണ്.
ഞങ്ങളുടെ ഓരോ പ്രോജക്ടുകളും പൂര്‍ത്തീകരിയ്ക്കുമ്പോള്‍ അതില്‍ വന്ന കുറവുകളില്‍ നിന്ന് പഠിയ്ക്കുവാന്‍ ശ്രമിയ്ക്കാറുണ്ട്.

8. അമേരിക്കയിലെപോലെ എന്‍ജിനീയറിംഗ് പ്രൊഫഷ്ണല്‍ ലൈസെന്‍ഷര്‍ (പി.ഇ.) കേരളത്തില്‍ വരുന്നത് നല്ലതാണോ?

ഉ. തീര്‍ച്ചയായും വളരെ നല്ലതാണ്. പൊതുജനങ്ങളുടെ ആരോഗ്യം സുരക്ഷ എന്നിവ ഉറപ്പാക്കുക എന്ന പരമമായ ലക്ഷ്യത്തോടൊപ്പം തന്നെ എന്‍ജിനീയറിംഗ് നിര്‍മ്മാണ മേഖലയിലെ പൊതുവായ ഏകീകരണവും, നവീകരണവും ഇതുവഴി ഉണ്ടാകും.

വ്യത്യസ്ത എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നും പഠിച്ചിറങ്ങിയവരാണെങ്കിലും പൊതു മാനദണ്ഡ പരീക്ഷ വഴി ലൈസെന്‍സ് നേടുമ്പോള്‍ എ്ന്‍ജിനീയറിംഗ് യോഗ്യതയ്ക്ക് തുല്യതയും കൂടുതല്‍ വിശ്വാസവും നേടുവാന്‍ കഴിയും.

9. മലയാളികള്‍ അമേരിക്കയിലെ മെല്‍ട്ടിങ്ങ് പോട്ടില്‍ പൂര്‍ണ്ണമായി അലിയാതെ പൊങ്ങുതടിയായി കിടക്കുന്നത് അവരുടെ അവസരങ്ങളെ നഷ്ടപ്പെടുത്തുന്നുവെന്നു പൊതുവില്‍ കേള്‍ക്കുന്ന അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു.

ഉ. മെച്ചപ്പെട്ട ഒരു ജീവിതം തേടിയാണ് ഈ നാട്ടിലേക്ക് കുടിയേറിയത്. ഈ നാടിന്റെ സംസ്‌ക്കാരത്തോടൊപ്പം ജീവിയ്ക്കുവാന്‍ നാം നേടിയ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് അതിനര്‍ത്ഥമില്ല.
ഈ രാജ്യത്തിന്റെ തനിമയും സംസ്‌ക്കാരവും, മൂല്യങ്ങളെയും കൂടുതല്‍ മനസ്സിലാക്കുകയും അറിയുകയും ചെയ്യുമ്പോള്‍ പരസ്പര ബഹുമാനത്തിലേയ്ക്കാണ് അത് നമ്മെ കൊണ്ടു ചെന്നെത്തിയ്ക്കേണ്ടത്.

10. ഇ-മലയാളിയുടെ മാന്‍ ഓഫ് ദി യെര്‍ എന്ന സ്ഥാനം പ്രതിവര്‍ഷം കൊടുത്തുകൊണ്ട് തുടരണമോ? ഇത്തരം അംഗീകാരങ്ങളെ നിങ്ങള്‍ എങ്ങനെ കാണുന്നു.

ഉ. പൊതുവായി പറഞ്ഞാല്‍ അവാര്‍ഡുകള്‍ എന്നും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു എന്നു മാത്രമല്ല. വലിയൊരു അംഗീകാരവും പ്രചോദനവുമാണ്. നല്‍കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമാണ് ഈ അവാര്‍ഡ്. അവാര്‍ഡുകള്‍ തുടരണമെന്നു തന്നെയാണ് എന്റെ അഭിപ്രായം.

11. ഇ-മലയാളി ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുന്നുണ്ട്. എന്തെങ്കിലും ഒരു പംക്തി വായനക്കാര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകുമെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് എന്താണ്? അല്ലെങ്കില്‍ ഇ-മലയാളിക്ക് ഇപ്പോഴത്തേതിനേക്കാള്‍ കൂടുതല്‍ മെച്ചമാക്കാന്‍ എന്തെല്ലാം നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയും.

ഉ. ഏതാനും ലേഖനങ്ങള്‍ അല്ലാതെ ഇമലയാളിയിലെ മുഴുവന്‍ മലയാള ഉള്ളടക്കങ്ങള്‍ ഇംഗ്ലീഷില്‍ ലഭ്യമാണെന്നറിയില്ലായിരുന്നു.


<span style="color: rgb(0, 0, 0); font-family: " times="" new="" roman";="" font-size:="" 16px;="" font-variant-numeric:="" normal;="" font-variant-east-asian:="" font-weight:="" 400;"="">
തൃശൂര്‍ അയ്യന്തോള്‍ കരേരകാട്ടില്‍ വറീത്, സെലീനാ ദമ്പതികളുടെ സീമന്തപുത്രനായ ബാബു വര്‍ഗ്ഗീസ് ഫോര്‍ട്ട് ലോഡര്‍ഡേലില്‍ താമസിക്കുന്നു.

ഭാര്യ ആഷ (സി.പി.എ.) മക്കളായ ജോര്‍ജ്ജ്, ആന്‍മരിയ എന്നിവര്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് എഞ്ചിനീയറിംഗ് മേഖലയില്‍ ജോലിചെയ്യുന്നു. ഇളയമകന്‍ പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി. 
 
see also
ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ
Sudhir Panikkaveetil 2021-07-27 13:47:26
Hearty congratulations and best wishes ! This is indeed a proud moment for all who hail from Thrissur.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക