Image

എലികളുടെ സഫാരി പാർക്ക്: തമ്പി ആന്റണിയുടെ ആൽക്കട്രാസ്എന്ന കഥ (ശ്രീകുമാർ എഴുത്താണി)

Published on 06 August, 2021
എലികളുടെ സഫാരി പാർക്ക്:  തമ്പി ആന്റണിയുടെ  ആൽക്കട്രാസ്എന്ന കഥ (ശ്രീകുമാർ എഴുത്താണി)
ശ്രീ തമ്പി ആന്റണിക്ക് കഥാരചന അയത്നലളിതമായ പ്രവൃത്തിയാണ്. ധാരാളം എഴുതുന്നു. ആദ്യകാലകഥകളിൽ പ്രതിഭയുടെ  മിന്നലാട്ടം കാണാമെങ്കിലും എല്ലാ കഥകൾക്കും ഒരു പോലെയുള്ള ഗുണനിലവാരം തോന്നിയിരുന്നില്ല. പക്ഷേ നിരന്തരമായ സാധകത്തിലൂടെ മുൻനിര എഴുത്തുകാരെപ്പോലെ തന്റെ പ്രതിഭ തെളിയിക്കാൻ ഈ കഥയിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
 
അദ്ദേഹം എഴുതിത്തുടങ്ങിയിട്ട് ഏറെ കാലം ആയില്ലെങ്കിലും എഴുത്ത് മാസിക പ്രസിദ്ധീകരിച്ച (ഓ എന്തോന്നാ അതിന്റെ പേര്!) ആൽക്കട്രാസ് എന്ന കഥ  നമ്മെ  അത്ഭുതപ്പെടുത്തുന്നു. നിത്യജീവിതത്തെ ശ്രദ്ധയോടുകൂടി സത്യസന്ധമായി നിരീക്ഷിച്ച് കഥകളെഴുതുമ്പോൾ അവയ്ക്ക് മനഃശാസ്ത്രപരമായ പിൻബലവും ആഴവും കിട്ടുന്നത് സ്വാഭാവികം.
 
സംഗീതമൊഴികെയുള്ള ഭാരതീയ കലാസാഹിത്യ പാരമ്പര്യം ആർദ്രതയ്ക്ക് വലിയ വില കൽപ്പിക്കുന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്. പക്ഷെ നാടോടുമ്പോൾ നടുവേ ഓടുന്നതും ഒരു നാട്ടുനടപ്പ് തന്നെയല്ലേ. ഇവിടെ അത് നാട്ടുനടപ്പ് മാത്രമായി കരുതാൻ കഴിയില്ല. ന്യൂറോസയൻസിന്റെ പിന്തുണയോടെയുള്ള സൗന്ദര്യദർശനരീതികൾ പോലും subtlety യെ കലയുടെ മർമ്മമായി ഇന്ന് കാണുന്നു.
 
 
ആൽക്കട്രാസ് എന്ന കഥ ലളിതമായ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവനവൻ കടമ്പ എന്ന പ്രമേയമാണ് പറഞ്ഞിരിക്കുന്നത്.
 
അലോസരങ്ങൾ ഒന്നുമില്ലാതിരുന്ന ഒരു ദാമ്പത്യജീവിതം  പെട്ടെന്നാണ് നാരങ്ങാനീര് വീണ പാലുപോലെ പിരിഞ്ഞത്.  പക്ഷെ അത് പുതുതായി ഉണ്ടായ അസ്വാരസ്യമല്ല, എന്നേ ഉണ്ടായിരുന്ന പ്രശ്നങ്ങൾ മറ നീക്കി പുറത്ത് വന്നതാണ്. ജീവിതത്തെ നിരീക്ഷിച്ചാണ് തമ്പി ആന്റണി എപ്പോഴും എഴുതുന്നത്, പുസ്തകങ്ങളുടെയോ കേട്ടുകേഴ്വികളുടെയോ മിത്തുകളുടെയോ ലോകമല്ല അദ്ദേഹത്തിന്റെ കഥകളുടെ സ്‌ത്രോതസ്സ് . അത്തരം സത്യം ഒരെഴുത്തുകാരന്റെ ഉള്ളിൽ ഒതുങ്ങുന്ന ഒരു ശക്തിയല്ല. അതുകൊണ്ടു തമ്പി ആന്റണിയുടെ ചിന്തകൾക്കും അപ്പുറത്തേയ്ക്ക് അദ്ദേഹത്തിന്റെ  കഥകൾ പോകുന്നത് സാധാരണയാണ്. ഒരു സ്വകാര്യസംഭാഷണത്തിൽ തമ്പി ആന്റണി സൂചിപ്പിച്ച പരിധിയ്ക്കും അപ്പുറത്തേയ്ക്ക് ഈ കഥ വളർന്നതായി തോന്നി.
 
മൂന്നു തലമാണ് കഥയ്‌ക്കുള്ളത്, ആൽക്കട്രാസ് എന്ന ജയിലിനെ കുറിച്ച് നായകൻ പറയുന്നതിലും കഥാകൃത്ത് നൽകുന്ന അടിക്കുറിപ്പിലുമായി തെളിയുന്ന ഒരു ചരിത്രം, നമുക്ക് സർവസാധാരണം എന്ന് തോന്നുന്ന മാത്യുവിന്റെയും ദിവ്യയുടെയും ദാമ്പത്യം പിന്നെ മാത്യുവിന്റെ അബോധമനസ്സിൽ നിന്നും സ്വപ്നത്തിലൂടെ അയാളെ തിരിച്ചറിവിന്റെ പാതയിൽ എത്തിക്കുന്ന വെളിപാടുകൾ. ഈ വെളിപാടിലൂടെയാണ് താൻ അറിയാതെ എത്ര കാലം കൊണ്ടേ ഒരു എലിക്കൂടിനുള്ളിലാണെന്ന് മാത്യു തിരിച്ചറിയുന്നത്. തന്റെ അമ്മായിയച്ഛനെ തന്റെ അവസ്ഥയിലാക്കുന്നത് ഒടുവിൽ അയാൾ സ്വപ്നം കാണുന്നു. അയാൾ ഉൾപ്പെടുന്ന ഒരു സമൂഹം ഉണ്ടാക്കിയ എലിക്കൂട്ടിലാണ് ദിവ്യപോലും എന്ന് കഥാകൃത്ത് അവൾക്കോ അയാൾക്കോ നമുക്കോ വ്യക്തമായി കാണിച്ചു കൊടുക്കുന്നില്ല എന്നത് കഥ കഥാകൃത്തിന്റെ പരിധി വിട്ടു പോയി എന്നതിന്റെ തെളിവായി എടുക്കാം.
 
സ്വഭാവം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സ്വയംകൃതാനർത്ഥമായ തടവറകൾക്ക് ഉള്ളിലാണ് മനുഷ്യരെല്ലാം എന്ന് എറിക് ബേൺ തുടങ്ങിയ മനശ്ശാസ്ത്രജ്ഞന്മാർ അടിവരയിട്ട് പറഞ്ഞിട്ടുള്ളതാണ് . അപൂർവ്വമായി മാത്രം (ആൽക്കട്രാസിൽ നിന്നും സ്പൂൺ കൊണ്ട് തുരങ്കമുണ്ടാക്കിയവരെ പോലെ) പുറത്തു ചാടിയ ഭാഗ്യവാന്മാരെ ഗുരു എന്ന സിനിമയിലെ അന്ധരായ പൗരന്മാർക്ക് സമന്മാരായ സാധാരണ മനുഷ്യർ വിശ്വസിക്കുന്നില്ല. കൂട്ടിൽ കിടന്നു ശീലിച്ച പക്ഷി കരുതുന്നത് പുറത്ത് യഥേഷ്ടം പറന്നു നടക്കുന്ന പക്ഷികൾക്ക് എന്തോ രോഗമാണ് എന്നാണല്ലോ!
 
 
ലൈംഗികാവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ട്, തന്റെ സ്വത്വം പൂർണ്ണമായും തന്റെ ഉടമയായി മാറിയ ഭാര്യയ്ക്ക് പണയം വയ്‌ക്കേണ്ടി വന്ന ഗുരുതരാവസ്ഥയിലാണ്, മനസികസംഘർഷത്തിന്റെ ഫലമായി ഉണ്ടാകുന്ന  വിഭ്രമാത്മക മാത്യൂവിനെ പിടികൂടുന്നത്. അയാളുടെ അഹിംസ പോലും ദിവ്യയ്ക്ക് അയാളെ താഴ്ത്തിക്കെട്ടാനുള്ള കാരണമാണ് ("ഈശ്വരാ, ഇങ്ങനെയൊരു ജന്മം! മൂളിപ്പാട്ടും പാടി കടിക്കാൻ വരുന്ന കൊതുകിനെ പോലും കൊല്ലാത്ത ശ്രീബുദ്ധൻ!") അയാൾക്ക് 'തേങ്ങാപ്പൂള് കാണുമ്പോൾ വല്ലത്തൊരാക്രാന്തമാണ്‌ ' എന്ന് ദിവ്യ പറയുന്നതുകേട്ടാൽ ലോകത്ത് അങ്ങിനെ അയാൾ മാത്രമേ ഉള്ളൂ ഏന്ന്  തോന്നും. ഇത്തരം ഇകഴ്ത്തലുകൾ അടിമയെ അച്ചടക്കം പഠിപ്പിക്കാനുള്ള ചാട്ടയായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ലൈംഗികാവശ്യം നിരസിക്കുന്നതാണ് മറ്റൊരു വഴി. സത്യത്തിൽ അയാൾ എത്ര വലിയ ഒരു കെണിയിലാണ് പെട്ടിരിക്കുന്നത് എന്ന് അയാൾക്ക് തന്നെ കാട്ടിക്കൊടുക്കാനുള്ള മനസ്സിന്റെ അവസാനശ്രമമായി അയാളുടെ വിഭ്രമാത്മക സ്വപ്നങ്ങളെ  കാണാം. സ്വപ്നങ്ങളാണ് പലപ്പോഴും ഇത് ചെയ്യുന്നത് എന്ന് ഫ്രോയിഡ് പറഞ്ഞതിനെ പിന്നീട് ആരും തള്ളിപ്പറഞ്ഞിട്ടില്ല. മറ്റൊരു സ്ത്രീയല്ല ഒരു മറ്റൊരു പുരുഷനാണ് തന്നെപ്പോലെ മറ്റൊരു എലിപ്പെട്ടിയിൽ അടയ്ക്കപ്പെട്ടത് എന്ന് മാത്യു കാണുന്നിടത്ത് ചെറിയ സ്ത്രീവിരുദ്ധത ഉണ്ടെന്നു പറയാം. കാരണം ദിവ്യയും ഇങ്ങനെ ഒരു കൂട്ടിലാണെന്ന് കഥാകൃത്ത് സ്ഥാപിക്കുന്നില്ല, അതാണ് സത്യമെങ്കിലും.
 
ഭയത്തോടെയാണ് മാത്യുവിന്റെ ഓരോ പ്രവൃത്തിയും. ഭയമുള്ളപ്പോൾ സ്വാതന്ത്ര്യം എങ്ങിനെ ഉണ്ടാകാനാണ്! അയാളുടെ തടവറയുടെ അഴികൾ അയാൾക്ക് ഉള്ളിലാണ്. 'ആദാമിന്റെ ഏദൻതോട്ടം', 'പാടുന്ന പൈങ്കിളി' എന്നീ തലക്കെട്ടുകളിൽ നിന്നും സ്വപ്നസമാനമായ ഒരു കാൽപ്പനിക ലോകത്താണ് തന്റെ വായനക്കാരെ പോലെ മാത്യുവും അഭയം കണ്ടെത്തിയതെന്ന് കാണാം. എലികൾ സ്വതന്ത്രരും മനുഷ്യർ ബന്ധിതരുമായുള്ള ഒരു സഫാരി പാർക്ക്. ചിലർക്ക്  എലികൾ ഗണപതിയുടെ വാഹനമെങ്കിലും പലർക്കും അതൊരു നികൃഷ്ട ജീവിയാണ്. ആ അവസ്ഥയാണ് തനിക്കെന്ന് മാത്യു ഒടുവിൽ തിരിച്ചറിയുന്നു. "പുല്ലിലും താഴ്ന്നവരല്ലോ ഈ സാധുക്കൾ, പുല്ലുമവർക്ക് വഴിവഴങ്ങാ" എന്ന് ആശാൻ പറഞ്ഞപോലെ തികച്ചും നീചജീവിതം.
 
പ്രണയകാലത്ത് ദിവ്യയെ അയാൾ പ്രണയത്തിന്റെ എലിപ്പെട്ടിയിൽ അടച്ചതായിരുന്നു. അതിൽ നിന്നും രക്ഷപെട്ട അവൾ പിന്നീട് അയാളെ കുടുക്കി. "ഒരിക്കൽ കെണിയിൽ വീണതാ ഭാസ്കരേട്ടാ, പെട്ടിയുടെ സൈഡ് തുരന്ന്  പുഷ്പം പോലെ ഇറങ്ങിപ്പോയി." എന്നയാൾ പറയുമ്പോൾ ഭാസ്കരന് കാര്യം മനസ്സിലാകുന്നില്ല എങ്കിലും അയാളുടെ മറുപടി മറ്റൊരു രീതിയിൽ സത്യമാണ്. അത്തരം കെണികളിൽ വീഴാൻ പുതുതലമുറയെ കിട്ടില്ല. "എനിക്ക് നിന്നെ വിശ്വാസമാ" എന്ന മധുവചനത്തിന്റെ കെണിയിൽ അവളും, "ചേട്ടനോട് ഞാൻ ഒരിക്കലും ദേഷ്യപ്പെടില്ല" എന്ന മറുവചനത്തിന്റെ കെണിയിൽ അയാളും വീണു എന്നതാണ് സത്യം. ബുദ്ധിമതിയായ ദിവ്യ അയാളുടെ ഭയത്തെ ഉപയോഗിച്ച് കൂടുതൽ ഇടുങ്ങിയ കെണിയിലേയ്ക്ക് അയാളെ പിന്നീട് വീഴ്ത്തി എന്ന് നമുക്ക് കഥയിൽ കാണാം. അയാൾ കടിച്ച തേങ്ങാപ്പൂള് എലിക്കുപോലും വേണ്ടെന്നൊക്കെയാണ് അവളുടെ വാക്ശരങ്ങൾ. തോക്കിനെ ഭയക്കാത്തവരും നാക്കിനെ ഭയക്കുമെന്നത് ചരിത്രം.
 
 
ദിവ്യയുടെ കഥ, മാത്യുവിന്റെ (കഥാകൃത്തിന്റെയും ) കാഴ്ചപ്പാടിൽ ഉടമയുടെ വിജയാഘോഷമാണെന്ന് വെറുതേ തോന്നുന്നതാണ്. സത്യത്തിൽ അതിലും വലിയ (കൂടുതൽ ചെറിയ, ഇടുങ്ങിയ) തടവറയിലാണ് ആ പാവം സ്ത്രീ. സ്വന്തം ജീവിതത്തിൽ സുഖം കണ്ടെത്താനുള്ള വിഫലശ്രമങ്ങൾക്ക് പുറമെ ഭർത്താവിന്റെ സന്തോഷം ഊതിക്കെടുത്തുക എന്ന ബാധ്യത കൂടി അവർ തലയിലേറ്റിയിട്ടുണ്ട്. തന്റെ അച്ഛൻ അവർക്ക് സമ്മാനിച്ച ദുരഭിമാനത്തിന്റെ മൂക്കുകയറുകൾ ഇതിന് പുറമേ. ഒരാൾ ന്യൂറോട്ടിക് ആകാൻ ഇനിയെന്ത് വേണം! സ്വന്തം വികലമനസ്സിന്റെ തടവുകാരിയാണ് അവർ. "ചാടിക്കളിക്കെടീ കൊച്ചു മേരീ" എന്ന് പറഞ്ഞ് അത് അവരെ തുള്ളിക്കുന്നു. അവരുടെ അച്ഛനാകട്ടെ പാരമ്പര്യത്തിന്റെ തടവറയിലാണ്.
 
ഇത്തരമുള്ള തടവറകളിൽ ജീവിക്കേണ്ട ഗതികേട് മൃഗങ്ങൾക്കില്ല എന്നത് കരൺ ഹോർണി തുടങ്ങി ഒട്ടനവധി മനശ്ശാസ്ത്രജ്ഞമാർ മനുഷ്യസ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങൾക്കിടയിൽ നിരീക്ഷിച്ചിട്ടുള്ളതാണ്.
 
"അഴലിന്നു മൃഗാദി ജന്തുവിൽ
പഴുതേറീടിലു, മെത്തിയാൽ ദ്രുതം
കഴിയാമതു മാനഹേതുവാ
ലൊഴിയാത്താ‍ർത്തി മനുഷ്യനേ വരൂ" (ചിന്താവിഷ്ടയായ സീത, കുമാരനാശാൻ)
 
അത് കൊണ്ട് ഈ കഥയിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നത് നിസ്സാരനായ എലിയാണ്. 'ഇല്ലെനിക്കൊരിക്കലും മരണം തുറുങ്കുകൾക്കുള്ളിലിട്ടൊരുനാളും അടയ്ക്കാനാകില്ലെന്നെ' (അശ്വമേധം, വയലാർ) എന്ന സ്വാതന്ത്ര്യ പ്രഖ്യാപനവുമായി അത് സ്വൈരവിഹാരം നടത്തുന്നു.
 
സ്വന്തം വികാരങ്ങളോടെങ്കിലും സത്യസന്ധത പുലർത്തിയാൽ നല്ല കഥകൾ എത്ര വേണമെങ്കിലും എഴുതാം. രചനാ ശൈലിയെക്കുറിച്ച് പറയുകയാണെങ്കിൽ കഥപറച്ചിലിന്റെ സമ്പ്രദായികത പിന്തുടരുന്ന ഘടനയുള്ള ഈ കഥ മറച്ചുവയ്ക്കുന്ന സങ്കീർണ്ണത മിത്തുകളുടെ ആഴങ്ങൾ ചെയ്യുന്നതുപോലെ തന്നെ വായനക്കാരനെ തെല്ലും അലോസരപ്പെടുത്തുന്നില്ല. ലളിതസുന്ദരമായ ഈ കഥ  കുറെയെങ്കിലും  ആധുനിക കഥകളെ പോലെ അനു
Antony Thekkek 2021-08-09 01:54:26
Thank you Sreekumar K and E malayalee for the appreciation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക