Malabar Gold

തിരിച്ചുവരവ് (ഇള പറഞ്ഞ കഥകൾ -മൂന്ന്: ജിഷ.യു.സി)

Published on 08 August, 2021
തിരിച്ചുവരവ് (ഇള പറഞ്ഞ കഥകൾ -മൂന്ന്: ജിഷ.യു.സി)
അങ്ങനെ മംഗലം കഴിച്ച് കൊണ്ടുവന്ന കാർത്തയെ കോര സ്നേഹിച്ചു കരളു കൊടുത്ത് , ഉയിരുപോലെ പുല്ലാങ്കുഴൽ നാദത്തിനൊപ്പം അവളെ ചേർത്തുവച്ചു

എന്നാൽ ഒരു ദിവസം, കോര അപ്രത്യക്ഷനായി തിരച്ചിലിനും കരച്ചിലിനുമൊടുവിൽ താമരക്കുളത്തിൻ്റെ നടുക്കയത്തിൽ നിന്ന് പുല്ലാങ്കുഴൽ കണ്ടെടുത്തു താമരച്ചേരിക്കാർ വിധിയെഴുതി ഐക്കോര മരിച്ചു. കയത്തിൽ ചാടി ചത്തു എന്തിന് ?
അതിനാർക്കും ഉത്തരമുണ്ടായില്ല കാർത്ത മാത്രം അത് വിശ്വസിച്ചില്ല
"ൻ്റെ ഓല് മരിച്ചിട്ടില്ല"

അവൾ സ്വയം പറഞ്ഞു

എന്നും താമരക്കുളത്തിൽ മുങ്ങി നിവരുമ്പോൾ അവൾ തൻ്റെ ഭർത്താവിൻ്റെ പുല്ലാങ്കുഴൽ നാദം കേൾക്കുന്നുവത്രെ

നാളൊടുവിൽ അതിൻ്റെ സത്യമറിയാൻ അവൾ കുഞ്ചാണനടുത്തെത്തി

പറയീം കുഞ്ചാണേട്ടാ
ൻ്റെ ഓല് എബ് ടെ ?
ഓല് ന്നെ വിട്ട് പോവുലാ നിക്ക് തീർച്ച

മുങ്ങി നിവർന്ന പാടെ വന്നു നിൽക്കുന്ന ആ പെണ്ണിനെ കുഞ്ചാണൻ വാത്സല്യത്തോടെ നോക്കി
ഹും .. ൻ്റെ ചെറോട്ടിൻ്റെ മഗള്
അയാൾ താഴ്ന്ന ശബ്ദത്തിൽ പിറുപിറുത്തു

കവടി നിരത്തി, മഷിനോട്ടം നോക്കി. പിടി കിട്ടിയില്ല

ഇനി ഒരു കടും പ്രയോഗം ബാക്കിയുണ്ട്. അയാൾ സഹായി വറീതി നോട് പറഞ്ഞു. അയാൾ ഒന്നുമറിയാതെ തലയുഴിഞ്ഞു ചിരിക്കുക മാത്രം ചെയ്തു
ആ മിണ്ടാപ്രാണി ദ് എവിടെപ്പോയോ ആവോ ?

 ഏതാണ്ട് ഒരു മാസായി കോരയുടെ തിരോധാനത്തിന് ,ഈ തുരുത്തിൽ ആദ്യമായി പോലീസു വന്നത് ഓനെ കാണാതായ അന്നാണ് കുഞ്ചാണൻ ഓർത്തു.

കൊമ്പൻ മീശ പിരിച്ച് അന്ന് ആ പോലീസ് കണ്ണിൽക്കണ്ടവരെയൊക്കെ ചോദ്യം ചെയ്തു പിന്നെ വിധിയെഴുതി

ഐക്കോര മരിച്ചു ,താമരക്കായലിൽ ആത്മഹത്യ ചെയ്തു എന്ന് തെളിവായി അവൻ്റെ പുല്ലാങ്കുഴൽ താമരയിലകൾക്കു മുകളിൽ കിടന്നിരുന്നു

പിന്നെ ദിവസങ്ങൾ കഴിഞ്ഞു അവനെ എല്ലാവരും മറന്നു തുടങ്ങിയിരുന്നു അവൻ്റെ പെണ്ണ് കാർത്തയും ,അവൻ്റെ അച്ഛനും ,അമ്മയും ഒഴിച്ച്

 കാർത്ത അവളെന്നും താമരക്കുളത്തിൽ കുളിക്കാൻ പോകുമ്പോൾ അവനെവിടെയോ മറഞ്ഞിരുന്ന് കുഴലൂതാറുണ്ടത്രെ .
ആളെ കാണാനും ഇല്ല അതീപെണ്ണിൻ്റെ തോന്നലാവും. എങ്ങനെ പ്പോ ഇതിൻ്റെ മൊകത്തു നോക്കി അത് പറയാ ? അയാൾ ചിന്തിച്ചു
പിന്നെ കാർത്തയെ എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിച്ചു പറഞ്ഞയച്ചു

അവൾ പോയപ്പോൾ വീണ്ടും കുഞ്ചാണൻ ഓർത്തുനോക്കി

എയ് അവൻ താമരക്കൊളത്തിൽ ചാടിച്ചാവുന്നൊനല്ല പിന്നെപ്പൊ എവിടെപ്പോയി ?

ആ ഇട്യാണനെ പിടി കിട്ടുന്നുല്ലല്ലോ ഓൻ തുരുത്തിനപ്പുറം ചെറോട്ടിൻ്റൊപ്പം ആറ്റശ്ശേരി താമസാക്കിലേ

എന്തായാലും നോക്കണം ഈ പെണ്ണ് ഇങ്ങനെ പോയാ വല്ല കടുങ്കയ്യും ചെയ്യും അത് എനിക്ക് സഹിക്കൂല

തൻ്റെ കഷണ്ടിത്തല തടവിക്കൊണ്ട് അയാൾ തൻ്റെ ചാരുകസേരയിൽ മലർന്നു കിടന്നു..

എല്ലാമാസവും കുഞ്ചാണൻ അമ്മ പാറോത്യമ്മേം പെങ്ങൾ നാണിക്കുട്ടീം കൊണ്ട് താമരച്ചേരിക്കപ്പുറം പട്ടണത്തിലെ ഷണ്മുഖൻകോവിലിൽ കാവടി എടുക്കാൻ പോകാറുണ്ട്. ഷഷ്ഠിവ്രതം മുടക്കിയ ഒരു വർഷവും പാറോത്യമ്മക്ക് ഇതുവരെണ്ടായിട്ടില്ല

കുഞ്ചാണൻ്റെ ഭാര്യ കുഞ്ചിരി പോകാറില്ല . അവർ ഇങ്ങനെ ആളൊഴിഞ്ഞ് കിട്ടുന്ന സമയം നോക്കിയിരിപ്പാണ് .മറ്റൊന്നിനുമല്ല വായനക്ക് .

 ഈ താമരച്ചേരി ക്കപ്പുറം പട്ടണത്തിൽവളർന്ന പെണ്ണാണ് കുഞ്ചീരി. അത്യാവശ്യം എഴുതാനും വായിക്കാനും ഒക്കെ അവർക്കറിയും. ഭർത്താവും അമ്മായി അമ്മയും പോയാൽ അവർ  പലപ്പോഴും വായനയിൽ മുഴുകും . ചിലപ്പോൾ ഉച്ചത്തിൽ പാട്ടു പാടും .

അങ്ങനെ ഒരു ഷഷ്ഠി ദിവസം ഭർത്താവും അമ്മായി അമ്മയും ,പെങ്ങളും കാവടിയെടുക്കാനായി ഇറങ്ങിയതിനു ശേഷം അവർ ഒരു പഴയ പത്രവുമായി കാർത്തയുടെ വീട്ടിലെത്തി

കുഞ്ചാണപത്നിയെക്കണ്ട കാർത്ത അവരെ സ്വീകരിച്ചിരുത്തി അവർ എന്തൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ച് ,എന്തൊ കൊടുക്കൽ വാങ്ങലുകളും നടത്തി പിരിഞ്ഞു

കൃത്യം ആറാം ദിവസം ഐക്കോതയെയും കൊണ്ട് ഒരു പോലീസുകാരൻ ഹാജർ. കുഞ്ചാണനടക്കം അന്തം വിട്ടുനിന്നു പോയി. കാർത്ത കോരയെയും കൊണ്ട് വരുന്നതുകണ്ട് കുഞ്ചാണൻ ചിരിച്ചു
"ഞാം പറഞ്ഞില്ലെ ഓൻ എങ്ങട്ടും പോയിട്ടില്ല എന്ന്"
കാർത്ത ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു .പിന്നെ

" കുഞ്ചീര്യേടത്തി ഏടേ?" ഞാം ഒന്ന് കണ്ട് വരട്ടെ"

'കുഞ്ചിരിയെ കാണാനോ ?' ഇതുവരെ ആരും അങ്ങനെ വന്നിട്ടില്ല

 കുഞ്ചാണൻ ഇത്തിരി അന്തംവിട്ടു. "കുഞ്ചീര്യേടത്ത്യേ.. ഞാനാ കാർത്ത"

അവർ എന്തൊക്കെയോ പറയുന്നതു കേട്ട് അന്തം വിട്ടിരുന്ന കുഞ്ചാണനടുത്തേക്ക് കയ്യിൽ ഒരു പത്രവുമായി കോര ചെന്നു. പിന്നെ
പത്രത്തിലെ പരസ്യം കാണിച്ചു

അയാൾ പത്രത്തിലേക്കും കോരയേയും മാറി മാറി നോക്കി

കാണാനില്ല
പേര് .ഐക്കോര
വയസ്സ് 27
വെളുത്ത നിറം അഞ്ചടി പൊക്കം . സംസാരിക്കാൻ കഴിയാത്ത ഇയാൾ നന്നായി പുല്ലാങ്കുഴൽ വായിക്കും. കണ്ടു കിട്ടുന്നവർ ഈ മേൽവിലാസത്തിൽ ബന്ധപ്പെടുക
കാർത്തയുടെ മേൽവിലാസവും
ഐക്കോരയുടെ ഫോട്ടോയുമടങ്ങുന്ന ഒരു പരസ്യം
ഇതാരു കൊടുത്തു ?
അയാൾ അന്തം വിട്ടിരുന്നു

ഇതു കണ്ടു കൊണ്ട് ചിരിതൂകി കുഞ്ചിരിയുടെ കയ്യ് പിടിച്ചു കൊണ്ട് കാർത്ത പുറത്തേക്കു വന്നു ."ഈ കുഞ്ചീരിയേടത്തിയാണ് ഈ പത്രപരസ്യം കൊടുത്തത് ."

"കുഞ്ചീരി ?"
വീണ്ടും അത്ഭുതം

"അതെ നിങ്ങ ഷഷ്ഠി തൊഴാൻ പോയ അന്ന് കുഞ്ചീര്യേടത്തി
ൻ്റെ കുടീല് വന്നി നീം"

"ഓലാണ് ഈ സഗായം നിക്ക് ചെയ്തത്. ൻ്റെ ഓനെ കിട്ടിത് അങ്ങനെയാണ്"

"ൻ്റെ ഓന്   മുണ്ടാൻ വയ്യാലൊ .അന്ന് ങ്ങക്ക് ഓർമ്മ ണ്ടോ കുഞ്ചാണേട്ടാ
ആ വല്യ വണ്ടി താമരപ്പൂവ് കൊണ്ടോവാൻ വന്നത് ഏതോ മന്ത്രിടെ മകൾ ടെ കല്യാണത്തിന്.. പതിനായിരം പൂവ് കൊണ്ടോയിലെ ?"

"അന്നേയ് പൂവ് വണ്ടീല് നെറച്ചു കൊടുക്കണതിൻ്റെ എടേല് ൻ്റെഓല് ൻ്റെ കൊയൽ വെള്ളത്തിച്ചാടി. ഓല് ആ വണ്ടില് പൊറത്ത് നിക്കാർന്നത്രേ
വണ്ടി വിട്ടു പോയി"

"യന്ത്ര ബോട്ടല്ലേൻ്റെ ഓല്ക്കാണെങ്കി മുണ്ടാനും വജ്ജ"

"പിന്നെ ആ വണ്ടീല് ആ മന്ത്രീ ൻ്റെ കൊട്ടാരത്തിലായ് നീം"
"അബ്ട് ന്ന്‌ ങ്ങട്ട് പോരാനൊന്നും ൻ്റ ഓല്ക്ക് അറീലാ .കാതങ്ങൾക്ക് അപ്പറാണത്രെ"

"ഓല് പിന്നെ അവ്ടെ നിന്നൂന്ന് .ഈ പത്രത്തില് കണ്ടാണത്രെ ആ മന്ത്രി ൻ്റെ ഓലെ ങ്ങട്ട് കൊണ്ടന്നത്"

കാർത്തയും കോരയും മടങ്ങി .കുഞ്ചിരി കുഞ്ചാണനെ നോക്കി കണ്ണിറുക്കി 
"എല്ലാം ങ്ങളെ കയിവ്"  അവൾ പറഞ്ഞു
അയാൾ ഒന്നും മിണ്ടിയില്ല .അത്ഭുതം നിറഞ്ഞ കണ്ണുകൾ പക്ഷേ ഭാര്യയെ
പുകഴ്ത്തുന്നുണ്ടായിരുന്നു

'കോര യെ കിട്ടിയത് കുഞ്ചാണൻ്റെ മന്ത്രവാദം തന്നെയെന്ന് നാടു മുഴുവൻ
വിശ്വസിച്ചു. സത്യമറിയുന്നവരാരും തിരുത്താനും പോയില്ല

കോരയൊന്നിച്ച് കാർത്ത കുഞ്ചാണൻ്റെ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട വറീതാണ് ഈ കഥയുടെ രചയിതാവ് പിന്നെ പകർന്നാടാനും കൂടെപ്പറയാനും ആട്ട മറിയാതെ കഥയറിയാതെ ഏറെപ്പേരും...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക