Image

ജാംബവാന്റെ മഹത്വം (അംബിക മേനോൻ, രാമായണചിന്തകൾ 22)

Published on 08 August, 2021
ജാംബവാന്റെ മഹത്വം (അംബിക മേനോൻ, രാമായണചിന്തകൾ 22)
വാനരകുലപതിയായ ജാംബവാൻ പല നിർണ്ണായകഘട്ടങ്ങളിലും ഹനുമാനെ തന്റെ ആത്മബലത്തെക്കുറിച്ച് ബോധവാനാക്കുന്നു.
രാമരാവണ യുദ്ധത്തിൽ,രാവണപുത്രനായ മേഘനാദന്റെ ബ്രഹ്മാസ്ത്രത്തിനു മുന്നിൽ വിഭീഷണൻ ഒഴികെ, രാമലക്ഷ്മണന്മാരും
വാനരവീരരും,  മറ്റുള്ളവരെല്ലാവരും വൃക്ഷങ്ങൾ വെന്തുമുറിഞ്ഞുവീഴും വണ്ണം വീണു തുടങ്ങി. കുന്നുകൂടിക്കിടക്കുന്ന ശരീരങ്ങൾക്കിടയിൽ ജീവനുള്ളവരാരെങ്കിലും ഉണ്ടോ എന്ന് നോക്കി നടക്കുന്നതിനിടയിൽ വിഭീഷണൻ, മറുവശത്തു നിന്നും ജീവനുള്ളവരെത്തിരഞ്ഞ്  വരുന്ന വായുപുത്രനെ കണ്ടുമുട്ടുന്നു.രണ്ടു രാഘവഭക്തന്മാരും അന്യോന്യം തിരിച്ചറിഞ്ഞു, തമ്മിൽ ആലിംഗനം ചെയ്തുകൊണ്ട് സങ്കടങ്ങൾ പങ്കുവെച്ചു. പിന്നീട് രണ്ടുപേരും കൂടി മറ്റുള്ളവരെ തിരഞ്ഞു നടക്കുന്നതിനിടയിൽ ഒരിറ്റുശ്വാസം മാത്രമായ് മൃതതുല്യനായ് ഞെരങ്ങിക്കിടക്കുന്ന ജാംബവാനെ കണ്ടെത്തുന്നു. അടുത്തുചെന്ന് ചോദിച്ചു,
"ജീവനുണ്ടല്ലോ കപിപുംഗവാ! താങ്കൾക്ക് എന്നെ തിരിച്ചറിയാനാകുമോ" എന്ന്.
"കണ്ണുമിഴിക്കാനാകുന്നില്ല, എങ്കിലും നിന്റെ സംസാരത്തിൽ നിന്നും നീ വിഭീഷണനാണെന്ന് മനസ്സിലാക്കുന്നു", എന്ന് ജാംബവാൻ പറയുന്നു.
 അതുമാത്രമല്ല, മാരുതി ജീവനോടെ ഇരിപ്പുണ്ടോ, ഉണ്ടെങ്കിൽ അവനെ തിരഞ്ഞു കണ്ടുപിടിക്കണമെന്നും പറയുന്നു. അതിന്റെ പൊരുൾ അന്വേഷിച്ച വിഭീഷണനോട് ജാംബവാൻ ഇപ്രകാരം പറയുന്നു, "മാരുതി മരിച്ചിട്ടില്ലെങ്കിൽ മറ്റാരും മരിച്ചിട്ടില്ല, അതല്ല മാരുതപുത്രൻ മരിച്ചിട്ടുണ്ടെങ്കിൽ മറ്റെല്ലാവരും മരിച്ചതിനു തുല്യം". എന്നും പറയുന്നു. ഇതുകേട്ട മാരുതി, ബഹുമാനപൂർവ്വം ജാംബവാന്റെ കാൽക്കൽ വീണു വണങ്ങിക്കൊണ്ട് പറഞ്ഞു,
"ഞാനിതാ ഇവിടെത്തന്നെയുണ്ട് സ്വാമി." അതുകേട്ട ജാംബവാൻ മാരുതിയെ ഗാഢമായാശ്ലേഷിച്ചു. എന്നിട്ട് മേഘനാദാസ്‌ത്രങ്ങളേറ്റു മരിച്ചുകിടക്കുന്ന സഹജീവികളെ രക്ഷിക്കുന്നതിനുള്ള ഔഷധം കൊണ്ടുവരുവാനായി കൈലാസശൈലത്തോളം പോകേണ്ടതിനെക്കുറിച്ച് പറഞ്ഞു.
" പോകവേണം നീ ഹിമവാനെയും കട-
ന്നാകുലമറ്റു കൈലാസ ശൈലത്തോളം.
കൈലാസസന്നിധിയിങ്കൽ ഋഷഭാദ്രി-
മേലുണ്ടു ദിവ്യൗഷധങ്ങളറിക നീ."
നാലു ദിവ്യൗഷധങ്ങളുണ്ട്, നാലിന്റേയും നാമങ്ങളും പറഞ്ഞു കൊടുത്തു. വിശല്യകരണി, സന്ധാനകരണി, സുവർണ കരണി പിന്നെ മൃതസഞ്ജീവനിയും.ആദിത്യനോളം പ്രഭയുണ്ട് നാലിനും, അവയെല്ലാം വേദസ്വരൂപങ്ങളാണ്.
 മാരുതനന്ദന, വൈകാതെപോയി നീ ഈ ഔഷധങ്ങളെല്ലാം കൊണ്ടുവരണം, നിനക്കുമാത്രമേ ഇവരെ രക്ഷിക്കാനാവുകയുള്ളൂ", എന്ന് പറഞ്ഞു.
ജാoബവാന്റെ വാക്കുകൾ കേട്ട ഉടനെ മേരുവിനോളം വളർന്നു ചമഞ്ഞവൻ, വാരാന്നിധിയും കുലപർവ്വതങ്ങളും ലങ്കയും രാക്ഷസരും വിറയ്ക്കുംവണ്ണം വായുവേഗേന കുതിച്ചുയർന്നു.
 ജാംബവാന്റെ വാക്കുകൾ മാരുതിക്ക് ഉത്തേജന ഔഷധം പോലെയാണ്.
മാരുതിയുടെ ദിവ്യജനനവും ബാല്യകാലസാഹസങ്ങളും അനശ്വരതയും ആവർത്തിച്ച് മാരുതിയെ ഊർജസ്വലനാക്കുകയും സുന്ദരകാണ്ഡത്തിന്റെ ഗതി മാറ്റാനുള്ള ഒരു നിമിത്തമാക്കിത്തീർക്കുകയും ചെയ്യുന്ന ജാംബവാന്റെ കഴിവ് അത്ഭുതാവഹമാണ്.
രാമായണ കഥയിൽ ഉടനീളം ജാംബവാന്റെ സാമീപ്യം കാണാനാകും.സുഗ്രീവ സൈന്യത്തിൽ ജാംബവാൻ പ്രമുഖനാണ്.
മഹാഭാരരത്തിൽ അർജുനന് ഗീതോപദേശം നൽകുന്ന ശ്രീകൃഷ്ണനെപ്പോലെയാണ് രാമായണത്തിൽ ഹനുമാന്റെ ആലസ്യഭാവത്തെ നീക്കി ശക്തിമാനാണെന്ന ബോധം ഉണർത്തിക്കൊടുക്കുന്നത്.
യുദ്ധകാണ്ഡത്തിലുടനീളം ജാംബവാനെ മഹത്വത്തിന്റെ മഹാരൂപമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
"വന്ദേ പദം പരമാനന്ദമദ്വയം
വന്ദേ പദമശേഷസ്തുതി കാരണം.
രാമം രമണീയരൂപം ജഗദഭി-
രാമം സദൈവ സീതാഭിരാമം ഭജേ.
രാമചന്ദ്രപ്രഭോ! പാഹി മാം പാഹി മാം,
രാമഭദ്ര പ്രഭോ! പാഹി മാം പാഹി മാം."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക