Image

മൗനത്തിന്റെ താഴ് വരകൾ (സുനി ഷാജി കഥാമത്സരം -192)

Published on 15 August, 2021
മൗനത്തിന്റെ താഴ് വരകൾ (സുനി ഷാജി കഥാമത്സരം -192)

കഴുത്തിനു ചുറ്റും കയറിയ കടത്തിൽ നിന്നുമൊരു  രക്ഷയും, സ്വന്തമായൊരു വീടും സ്വപ്നം കണ്ടാണ്  ഒരു  ഖാദീം വിസയിൽ അറബികളുടെ വീട്ടിലെ ജോലിക്കാരിയായി  മരുഭൂമിയിലേക്ക് പോകാൻ മീര തീരുമാനിച്ചത്.

ഗദ്ദാമ...
ആ  ജോലിയുടെ കഷ്ടപ്പാടുകളെ  കുറിച്ച് ഒരുപാട്  കേട്ടിട്ടുണ്ടെങ്കിലും, രക്ഷപെടാൻ മീരയുടെ മുൻപിലപ്പോൾ  മറ്റു മാർഗ്ഗങ്ങൾ  ഇല്ലായിരുന്നു.
 
പക്വതയില്ലാത്ത പ്രായത്തിലൊരു പ്രേമ ബന്ധത്തിൽ കുടുങ്ങി പഠിത്തം പാതി വഴിയിൽ നിർത്തി വീടും, സ്വന്തകാരെയുമൊക്കെ ഉപേക്ഷിച്ച് നന്ദന്റെയൊപ്പം ഇറങ്ങിവന്നവളായിരുന്നു മീര.

നന്ദന്റെ  വീട്ടുകാർക്ക് ഈ  ബന്ധത്തിനോട്  എതിർപ്പൊന്നുമില്ലായിരുന്നുവെങ്കിലും, ഒരു സ്വകാര്യ കമ്പനിയിൽ തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്ന നന്ദന്  മൂന്നു  മക്കൾ   കൂടി പിറന്നു കഴിഞ്ഞപ്പോൾ
ജീവിതം  ദുഷ്‌കരമായി.

പോരാത്തതിന്  പ്രായമായ അച്ഛന്റെ  മാറാരോഗവും... സാമ്പത്തിക പരാധീനതകളേറി.
ചികിത്സയ്ക്കും മറ്റു കാര്യങ്ങൾക്കുമായി ഭാരിച്ച ചിലവ് വന്നപ്പോൾ, ഉണ്ടായിരുന്ന കൊച്ചു വീട് വിറ്റു വടകയ്ക്ക് താമസിച്ചുവെങ്കിലും,  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി  അവസാനം മീരയ്ക്കും  ജോലിക്ക് പോകേണ്ടി വന്നു.

വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തതിൽ അന്ന്  ആദ്യമായ് അവൾ പശ്ചാത്തപിച്ചു.

ഒരു ജോലിക്കായി ഒരുപാട് വാതിലുകൾ കയറിയിറങ്ങി. ഒന്നും കിട്ടാതെ വന്നപ്പോഴാണ്  മറ്റുള്ള വീടുകളിൽ അടുക്കളപ്പണിക്ക്  പോയിതുടങ്ങിയത്.

വരവ് അനുസരിച്ചു ആവശ്യങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ  വലിയ മെച്ചമൊന്നുമുണ്ടായില്ല അവൾ ജോലിയ്ക്ക് പോയിട്ടും.
കെട്ടു താലി വരെയും വിറ്റു, കടം കയറി ജീവിതം നരക തുല്യമായി.അങ്ങനെയിരിക്കെയാണ്   മീര ജോലി ചെയ്യുന്ന വീട്ടിലെ ഉടമസ്ഥന്റെ  ബന്ധുവായ  വിസ കച്ചവടക്കാരനെ കുറിച്ച് അവളറിഞ്ഞത്.  

തന്റെ കഷ്ടപാടുകളിൽ നിന്നും രക്ഷപെടാനുള്ള  ഒരു മാർഗ്ഗം തെളിഞ്ഞുവെങ്കിലും വിസക്കുള്ള രൂപാ  ഉണ്ടാക്കാൻ അവൾക്കായില്ല. മീരയെകുറിച്ച് നന്നായി അറിയാവുന്ന ആ വീട്ടുടമസ്ഥൻ തന്നെയാണ് , പിന്നീട് തിരിച്ചു അടച്ചു  കൊടുക്കണം എന്ന   വ്യവസ്ഥയിൽ    വിസ റെഡിയാക്കി  കൊടുത്തത് .

അങ്ങനെ യാത്രയുടെ ദിവസം വന്നെത്തി. കൊണ്ടുവിടാൻ  വന്നവരോട് യാത്ര പറഞ്ഞു, എയർപോർട്ടിനുള്ളിൽ കടന്ന മീരയ്ക്ക് മുൻപിൽ പുതിയൊരു ലോകം പിറക്കുകയായിരുന്നു.
അത്ഭുതമായിരുന്നു അതിനുള്ളിലെ ഓരോ നിമിഷവും അവൾക്ക്.

എമിഗ്രേഷൻ ക്ലീയറെൻസ് എല്ലാം കഴിഞ്ഞ്, വിമാനം പറന്നു തുടങ്ങിയപ്പോൾ  മീര  തന്നെത്താനെ നുള്ളി  നോക്കി...
 
സ്വപ്നമാണോ ഇതൊക്കെ...!? അതോ യാഥാർത്ഥ്യമോ...!!?

ആകാശം...മേഘങ്ങൾ...
താഴെ അവ്യക്തമായി മറയുന്ന പ്രകൃതി  ദൃശ്യങ്ങൾ...കടൽ...
അമ്പരപ്പും,ആകാംക്ഷയും കൊണ്ട് ആ  കണ്ണുൾ തിളങ്ങി...

തൊട്ടടുത്തിരിക്കുന്ന ദമ്പതികളുടെ കൈയിൽ ഇരിക്കുന്ന  കുഞ്ഞിനെ കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരു നൊമ്പരം കിനിഞ്ഞു തന്റെ  കുഞ്ഞുങ്ങളെ ഓർത്ത്.

വളരെ പെട്ടന്ന് തന്നെ അവൾ തിരിച്ചറിഞ്ഞു... ഇപ്പോൾ താൻ ഒറ്റക്കാണെന്നും  പ്രിയപ്പെട്ടവരെ പിരിഞ്ഞു,
അവർക്കു വേണ്ടി  പിറന്ന നാട്ടിൽ നിന്നും  പറന്നുയരുകയാണെന്നും.

സഹയാത്രികരായി  രണ്ടുപേരുംകൂടി അതേ ജോലിയ്‌ക്കായി ഉണ്ട്. 

ഏകദേശം നാലഞ്ചു മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ  വിമാനം ലാൻഡ് ചെയ്യാൻ പോകുകയാണന്ന് അറിയിപ്പ് വന്നു.

മറ്റൊരു രാജ്യത്ത് എത്തിയതിന്റ അങ്കലാപ്പ് മീരയുടെ  മുഖത്തു തെളിഞ്ഞു.

അവിടുത്തെ പരിശോധനയും  അനുബന്ധ കാര്യങ്ങളുമൊക്കെ കഴിഞ്ഞ്, അവർ മൂന്നു പേരും  സ്പോൺസറിന്റെയൊപ്പം പുറത്തിറങ്ങി. പുറത്ത് കാത്തു നിന്നിരുന്ന വണ്ടിയിൽ അവരെ കയറ്റി. ഏകദേശം അരമണിക്കൂർ യാത്ര കഴിഞ്ഞു കാണും, അവരൊരു   ഓഫീസിൽ എത്തി.

കൂടെ വന്ന മറ്റു രണ്ടു പേരും അവിടെ വച്ചു പിരിഞ്ഞു. മീരയെ കൊണ്ടുപോകാൻ വന്നത്  ഒരു സ്ത്രീയും പുരുഷനും ആയിരുന്നു.

സ്ത്രീ പർദ്ദ ധരിച്ചിരിക്കുന്നു.
ഏതൊക്കെയോ  പേപ്പറുകളിൽ ഒപ്പുകൾ വയ്‌പ്പിച്ചിട്ട് മീരയെ അവർക്കൊപ്പം വിട്ടു. തന്റെ  പെട്ടിയുമെടുത്ത് അവർക്കൊപ്പം നടന്നെത്താൻ അവൾ വളരെ പാടുപെട്ടു. പാർക്കിങ് ഏരിയായിൽ നിർത്തിയിട്ടിരിക്കുന്ന കാറിലേക്ക് കയറുമ്പോൾ അറിയാതെ  വിതുമ്പിപോയി അവൾ.
ഒറ്റയ്ക്കാണ് താനിനി...

നാട്ടിൽ നിന്നും തിരിക്കും മുൻപ് അത്യാവശ്യം അറബി വാക്കുകൾ പറഞ്ഞു കൊടുത്തിരുന്നു ഏജന്റ്.
പിന്നെ തട്ടിയും മൂളിയും കുറച്ചു ഇംഗ്ലീഷ് അറിയാവുന്നത് കൊണ്ട് പിടിച്ചു നിൽക്കാനാവുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.

അറബി തന്നെയാണ് വണ്ടിയോടിക്കുന്നത്.

വണ്ടിയിൽ  വച്ച് ഒരു പാക്കറ്റ് ബിസ്കറ്റും, ഒരു കുപ്പി വെള്ളവും  അവർ, അവൾക്ക് കൊടുത്തു.പേര് ചോദിച്ചു എന്നല്ലാതെ വലിയ സംസാരമൊന്നുമുണ്ടായില്ല.

തങ്ങളെ ബാബാ എന്നും മാമ എന്നും വിളിക്കാൻ നിർദേശം കൊടുത്തു. അത്ര മാത്രം. അവർ  തമ്മിൽ നിർത്താതെ അറബിയിൽ സംസാരിച്ചു കൊണ്ടേയിരുന്നു.

യാത്രയിലുടനീളം ഇരുവശങ്ങളിലുമായി നിൽക്കുന്ന ഈന്തപ്പനകളും, കെട്ടിടങ്ങളും,മനുഷ്യരെയുമൊക്കെ നോക്കി കാണുകയായിരുന്നു അവൾ.

അറബികൾ എന്നുവച്ചാൽ ഏതോ വിചിത്ര  ജീവികളാണെന്നായിരുന്നു അവളുടെ ധാരണ. പക്ഷേ അവരും നമ്മെപ്പോലെ തന്നെയുള്ള മനുഷ്യർ തന്നെയാണെന്നും നിറത്തിലും ഭാഷയിലും വസ്ത്രധാരണ രീതിയിലും  മാത്രമാണ് വ്യത്യാസമെന്നും  അവൾ  തിരിച്ചറിയുകയായിരുന്നു.

ഏകദേശം രണ്ടു മണിക്കൂർ നീണ്ട യാത്രക്കൊടുവിലവർ വീടെത്തി. കൊട്ടാരം പോലത്തെയൊരു  വീട്,
വലിയ മതിൽ, പ്രൗഢി വിളിച്ചോതുന്ന കൂറ്റൻ ഗേറ്റ്. അത്  തുറന്ന് ,ആദ്യം ബാബയും, പിന്നെ മാമയും  ഒടുവിലായി മീരയും അകത്തേയ്ക്ക് പ്രവേശിച്ചു.

പെട്ടന്ന്...
അവൾക്ക് പിന്നിൽ  ഒരു  ഹുങ്കാര ശബ്ദത്തോടെ  ഗേറ്റ് അടഞ്ഞു. ഞെട്ടിതിരിഞ്ഞു  നോക്കിയപ്പോൾ ഗേറ്റ് പൂർണമായും അടഞ്ഞിരിക്കുന്നു. ഓട്ടോമാറ്റിക് ലോക്കാണ്...!

പുറം ലോകവുമായുള്ള   ബന്ധം അതോടെ അറ്റു. കൈയിലുള്ള ഭർത്താവിന്റെ നമ്പർ ബാബായുടെ കൈയിൽ  കൊടുത്തു. അയാൾ ഭർത്താവിനെ ഫോണിൽ വിളിച്ച്  മീരയോട് സംസാരിക്കാൻ അനുവദിച്ചു.

"പേടിക്കാൻ ഒന്നുമില്ല, ഞാൻ സുരക്ഷിതമായി ജോലി സ്ഥലത്ത് എത്തിച്ചേർന്നു...കുഞ്ഞുങ്ങളെ നോക്കണേ..." അവൾ വിതുമ്പി പോയി.

മീര കണ്ണീർ വാർത്തതു കൊണ്ടാവണം മാമ ഫോൺ വാങ്ങി അറബിയിൽ ഏതൊക്കെയോ പറഞ്ഞു...ഭാഷ അറിയില്ലെങ്കിലും അവരുടെ മുഖഭാവത്തിൽ നിന്നും, ആംഗ്യങ്ങളിൽ നിന്നും അവൾ ഊഹിച്ചെടുത്തു...മാമ വഴക്ക് പറയുകയാണെന്ന്. മീരയുടെ  സങ്കടം ഇരട്ടിച്ചു.

അപ്പോൾ തന്നെ അവൾക്കു ജോലിക്ക് ഇറങ്ങേണ്ടി വന്നു. നരകയാതനയുടെ ആരംഭം...
രണ്ടാഴ്ചയ്ക്കുള്ളിൽ മീരയെ  എല്ലാം പഠിപ്പിച്ചിട്ട് അവിടെ താത്കാലികമായി  ഉണ്ടായിരുന്ന ഗദ്ദാമ പോയി.

കൊട്ടാരം പോലത്തെ വീട്...
എല്ലാരും അവരവരുടെ ലോകത്ത്...
എല്ലാ  ദിവസവും  പതിനാറു -പതിനെട്ടു  മണിക്കൂറോളം ജോലി...
അവരുടെ മുറികൾ തൂത്തു വാരി തറകൾ തുടയ്ക്കുമ്പോൾ...
കക്കൂസുകൾ കഴുമ്പോൾ...
ഷൂ തുടയ്ക്കുമ്പോൾ ...
കുന്നു കൂട്ടിയിട്ടിരിക്കുന്ന തുണികൾ അലക്കി തേയ്ക്കുമ്പോൾ....
വലിയ റെസ്റ്റോറന്റിലെ പോലയുള്ള  അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഒക്കെ മീരയുടെ മനസ്സിൽ വീടും പ്രിയപ്പെട്ടവരുമായിരുന്നു...

അവർക്ക് വേണ്ടിയാണല്ലോ താൻ ഇതൊക്കെ സഹിക്കുന്നത്...
പരാതിയില്ല...പരിഭവവുമില്ല...
കാരണം ആരുടെയും കട്ടും  മോഷ്ടിച്ചോ, ശരീരം വിറ്റോ അല്ല  താൻ കാശുണ്ടാക്കുന്നത് സ്വന്തമായി അദ്ധ്വാനിച്ചാണ്, ഏതു ജോലിക്കും അതിന്റെതായ മാന്യതയുണ്ട്... അവൾ തന്നെത്താനെ  ആശ്വസിപ്പിച്ചു.

രാത്രി വൈകി ജോലിയെല്ലാം കഴിഞ്ഞ് അവൾക്കായ് നല്കിയിരിക്കുന്ന കുടുസുമുറിയിലെ 
കുഞ്ഞു കിടക്കയിൽ കിടന്നു അവൾ കരയും... അസുഖം വന്നാൽ പോലും ഒരു ദിവസം  അവധി തരില്ല...

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം അവർ വന്ന് സംസാരിക്കും. അങ്ങനെ സംസാര സ്വാതന്ത്ര്യവും, സഞ്ചാരസ്വാതന്ത്ര്യവും  നിഷേധിച്ചു  ഒരു രാജ്യത്ത്  ഏകാന്ത തടവിന് വിധിക്കപ്പെട്ട പോലെയായി അവളുടെ ജീവിതം.

ഉറക്കം വരാത്ത രാത്രിയിൽ കണ്ണീരുകൊണ്ട് കിടക്ക നനഞ്ഞു... ചിലപ്പോൾ പാതിയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നവൾ ശ്വാസത്തിന് വേണ്ടി ബുദ്ധിമുട്ടി... വീണ്ടും ചുവരുകളിലേയ്ക്ക് തുറിച്ചു നോക്കി കിടക്കും. പിന്നെ തന്നെത്താനെ  കിടന്നു സംസാരിക്കും...

ആരും സംസാരിക്കാൻ ഇല്ലാതെ ഒരു രാജ്യത്തു ഒറ്റപെടുക എന്നത് എത്രയോ ഭയാനകമാണെന്ന് അവളറിഞ്ഞു... അപ്പോളൊക്കെ മീരയോർക്കുക ജയിലിൽ കിടക്കുന്ന തടവുകാരെ കുറിച്ചാണ്...

മീരയുടെ ജീവിതം  ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെങ്കിലും,  വാക്ക് പറഞ്ഞതു പോലെ, എല്ലാ  മാസവും കൃത്യമായി ശമ്പളം ഭർത്താവിന്റെ പേരിലേക്ക് അയച്ചു കൊടുത്തിരുന്നു ബാബ.

അവസാനം അവളുടെ കരച്ചിൽ കണ്ടാവണം കുറെ  മാസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ  വെള്ളിയാഴ്ചയും   അരമണിക്കൂർ നേരത്തേക്ക്  ഫോൺ ചെയ്യാൻ മാമാ അനുവദിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം വീഡിയോ കോൾ വിളിച്ചു മാമ തന്നെ അവളുടെ കയ്യിൽ ഫോൺ കൊടുക്കും കൃത്യം അരമണിക്കൂർ കഴിയുമ്പോൾ വന്നു വാങ്ങും.

എന്തിനാണ് ഫോൺ വിളിക്കുമ്പോൾ  കരയുന്നതെന്ന് പറഞ്ഞു മാമ വഴക്കുണ്ടാക്കും. നന്ദനും അവളോട് നീരസം കാട്ടിതുടങ്ങി, കൊച്ചു കുഞ്ഞിനെ പോലെ കരയുന്നതിൽ. കൃത്യമായി ശമ്പളം  കിട്ടി കൊണ്ടിരുന്നതിനാൽ മീരയുടെ മാനസിക  വിഷമങ്ങളൊന്നും അയാൾ  ഗൗനിച്ചില്ല...
ഒറ്റപ്പെടുന്നവരുടെ ദുഃഖം ഒറ്റപ്പെടുന്നവർക്ക് മാത്രമല്ലേ അറിയൂ...

പതുക്കെ പതുക്കെ  മീരയും ആ കനത്ത ഏകാന്തതയോട്  പൊരുത്തപ്പെട്ടു തുടങ്ങിയെങ്കിലും 
വിഷാദത്തിന്റ കലാപം പൊട്ടിപുറപ്പെട്ടിരുന്നു അവളിൽ.

ഒന്നര വർഷം കഴിഞ്ഞപ്പോഴേക്കും അമ്മയ്ക്ക്  കുട്ടികളെ നോക്കാൻ വയ്യാതെയായി. അതുകൊണ്ട് നന്ദന്റെ 
അകന്ന ബന്ധത്തിൽ  തന്നെയുള്ള മാതാപിതാക്കൾ  മരിച്ചു പോയ  ദേവു എന്ന സ്ത്രീയെ കുട്ടികളെ നോക്കുവാനായി ഏർപ്പാടാക്കി.

മീരയ്ക്ക്  വീട്ടിലേയ്ക്ക് വിളിക്കാനുള്ള അനുവാദം ഇപ്പോൾ  മാസത്തിൽ ഒന്നാക്കി മാറ്റി. അതിൽ വല്യ സങ്കടം ഒന്നും അവൾക്ക് തോന്നിയില്ല കാരണം കുട്ടികൾക്കിപ്പോൾ  അവളോട്‌  സംസാരിക്കാൻ തന്നെ താല്പര്യം ഇല്ലാതായി, അവർക്കെപ്പോഴും ദേവു അമ്മയെ  മതി.
സത്യത്തിൽ മീരക്കത് വലിയ ആശ്വാസം തന്നെയായിരുന്നു. കുട്ടികൾ ദേവുവിന്റെ കൈയിൽ  സുരക്ഷിതമാണല്ലോയെന്നോർത്ത്.

രണ്ടുവർഷം പൂർത്തിയായപ്പോൾ അവധിക്ക് നാട്ടിലേക്ക് ചെല്ലാൻ ശ്രമിച്ചപ്പോൾ നന്ദൻ തന്നെയാണ് അവളെ തടഞ്ഞത്...

"കടങ്ങൾ ഒക്കെ ഏകദേശം വീട്ടിക്കഴിഞ്ഞു. ഉടനെ തന്നെ  വീടു പണി തുടങ്ങുകയാണ്... നീ ഇപ്പോൾ വന്നാൽ ശരിയാവില്ല...
കുട്ടികളെ നോക്കാനിവിടെ ദേവു ഉണ്ടല്ലോ...വീട് പണി പൂർത്തിയായി കഴിഞ്ഞു വന്നാൽ മതി... ഇല്ലെങ്കിൽ പിന്നെയും കടം കയറും..."

"അത്.....യേട്ടാ ഞാൻ എല്ലാവരെയും കണ്ടിട്ട് എത്ര നാളായി... ഒന്ന് വന്നു കണ്ടിട്ട്  പോരാം ഞാൻ..."

"വേണ്ട...നീ വന്നാൽ രണ്ടു മാസത്തെ ശമ്പളം മുടങ്ങില്ലേ...
നിനക്ക് മാസത്തിൽ ഒരിക്കൽ എല്ലാവരെയും ഫോണിൽ കാണാൻ ആവുന്നുണ്ടല്ലോ പിന്നെ എന്താണ്... നീ ഇപ്പോൾ വരേണ്ട..." അയാൾ ഫോൺ വച്ചു.

അങ്ങനെ അടുത്ത രണ്ടു വർഷത്തേയ്ക്ക് കൂടി വിസ പുതുക്കി... ജീവിതം എങ്ങനെയൊക്കെയോ
നിരങ്ങി നീങ്ങി...

പുതിയ വീട് പണിതു കയറിതാമസവും കഴിഞ്ഞു...ഫോൺ വിളിക്കുമ്പോൾ എല്ലാം കാണിച്ചു  കൊടുത്തിരുന്നു  നന്ദൻ. കുട്ടികൾ ഇപ്പോൾ ഫോൺ വിളിച്ചാലും മുഖം പോലും തരാറില്ല .
ഫോൺ കൊടുക്കാൻ പറയുമ്പോൾ അവൾ കേൾക്കാറുണ്ട് ചില വാക്കുകൾ...

"തള്ളയോട് വയ്ക്കാൻ പറ..."

"ഞങ്ങൾക്ക് കാണേണ്ടാ... "

ആദ്യമൊക്കെ എല്ലാവർക്കും  സംസാരിക്കാൻ വലിയ ഉത്സാഹമായിരുന്നു...

ഇപ്പോൾ നന്ദൻ മാത്രമാണ് ഫോൺ വിളിക്കുമ്പോൾ സംസാരിക്കുക, അതും കാശിന്റെയും ബാധ്യതയുടെയും  കാര്യങ്ങൾ മാത്രം പറഞ്ഞു പെട്ടന്ന് വയ്ക്കുകയും ചെയ്‌യും.

സങ്കടം പറയുമ്പോൾ നന്ദൻ പറയും...
"എല്ലാവരും സുഖമായി ഇരിക്കുന്നു പിന്നെ കുട്ടികൾ 
അത് അവരുടെ പ്രായത്തിന്റയാണ്...
അവർക്ക് പഠിക്കാൻ ഇല്ലേ..
തിരക്കാണ് എല്ലാവർക്കും, നീ അതൊന്നും കാര്യമാകേണ്ട..."

ദിവസങ്ങൾ എണ്ണിയെണ്ണി  കാത്തിരിപ്പിനൊടുവിൽ നാല്  വർഷങ്ങൾ പൂർത്തിയായപ്പോൾ    നന്ദൻ വീണ്ടും പറഞ്ഞു...

"ഇപ്പോൾ ഇങ്ങോട്ട് വന്നാൽ ശരിയാവില്ല കുറച്ചു വർഷം കൂടി അവിടെ നിന്നിട്ട് തീർത്തു ഇങ്ങു പോര്... നമ്മുക്ക് രണ്ടു  പെൺകുട്ടികളാണ് അവരുടെ ഭാവിയ്ക്ക് വേണ്ടി എന്തെങ്കിലും കരുതേണ്ടേ... "

നന്ദന് എങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നുവെന്നോർത്ത് പോയി മീര...ഒരു മറുവാക്ക് പോലും പറയാതെ നിശബ്ദമായി ഉള്ളിൽ കരഞ്ഞുകൊണ്ട് അവൾ ജോലി തുടർന്നു.

റംസാൻ മാസത്തിലെയൊരു  വെള്ളിയാഴ്ചയായിരുന്നു അന്ന്...

മാമയ്ക്ക്  എന്തോ അത്യാവശ്യത്തിന് പുറത്ത് പോകേണ്ടതുള്ളത് കൊണ്ട്, പതിവ് സമയത്തിന് മുൻപ് 
ഫോൺ വിളിക്കാൻ മീരയുടെ കൈയിൽ കൊടുത്തു.

അന്ന്, കാൾ എടുത്തത് മൂത്ത  മകനായിരുന്നു. അവൾ പോരുമ്പോൾ പത്തു വയസുള്ളയവനിപ്പോ പതിനേഴു വയസ്സുള്ള വലിയ ചെറുക്കൻ ആയിരിക്കുന്നു... പൊടി മീശയൊക്കെ വച്ച് തന്റെ മോനെ കണ്ടപ്പോൾ സ്നേഹ പൂർവ്വം അവൾ പുഞ്ചിരിച്ചു...

മീരയുടെ  മുഖം സ്ക്രീനിൽ കണ്ടപ്പോൾ തന്നെ അവന്റെ  മുഖം ചുവന്നു...

" അച്ഛന് കുളിക്കുകയാണ് നിങ്ങൾ കുറച്ചു കഴിഞ്ഞു വിളിക്ക്... "

അവന്റെ സംസാരം കേട്ട അവളുടെ നെഞ്ചു വിങ്ങി...

"മോനെ... എത്ര നാളായെടാ എന്നോടൊന്ന് നീ സംസാരിച്ചിട്ട്... ഈ അമ്മേനെ നീ മറന്നോ..."

"ദേ...തള്ളേ... എന്നെ കൊണ്ട് ഒന്നും പറയിക്കരുത്... മറന്നത് നിങ്ങൾ അല്ലേ..."

"മോനെ നീ എന്തൊക്കെയാണീ പറയുന്നത് ഞാൻ മറന്നെന്നോ..."

"നിങ്ങൾ എന്തിനാണ് ഇങ്ങനെ വിളിച്ചു ശല്യം ചെയ്യുന്നത്.? വരരുത് നിങ്ങളുടെ കപട സ്നേഹം കൊണ്ട് ഞങ്ങളുടെ മുൻപിൽ... അവരുടെ ഒരു ഒലിപ്പീരു സ്നേഹം..." അവൻ പുശ്ചിച്ചു  ചുണ്ട് കോട്ടി...

 "മോനെ നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്... നിനക്ക് എന്താണ് പറ്റിയത്..."
വിതുമ്പി കൊണ്ട്.... വാക്കുകൾ കിട്ടാതെ മീര വിഷമിച്ചു...

"ഓ ഞാൻ സംസാരിക്കുന്നതിലാണോ ഇപ്പൊ തെറ്റ്... പറ്റിയത് എനിക്കല്ല നിങ്ങൾക്കാണ്, ഞങ്ങളെ മറന്നു സ്വന്തം സുഖം  തേടിപോയ നിങ്ങളോട്  പിന്നെ എങ്ങനെയാണ്    ഞാൻ സംസാരിക്കേണ്ടത്...."

"സ്വന്തം സുഖം തേടി ആര് പോയെന്ന്... എന്തൊക്കെയാണ്  നീ പറഞ്ഞുവരുന്നത്... എനിക്കൊന്നും മനസ്സിൽ ആവുന്നില്ല... എന്താണെന്ന് തെളിച്ചു പറ... " കരഞ്ഞു കഴിഞ്ഞിരുന്നു മീരയപ്പോൾ.

"ഞങ്ങളെ ഉപേക്ഷിച്ചു നിങ്ങൾ അവിടെയാരെയോ  കല്യാണം കഴിച്ചു സുഖമായി ജീവിക്കുകയല്ലേ... നാണമില്ലേ തള്ളേ നിങ്ങൾക്ക് മക്കൾ മൂന്നു പേര് ഉണ്ടായിട്ടും കണ്ടവന്റെ കൂടെ പോകുവാൻ....
അതാണല്ലോ  ഇത്രയും വർഷങ്ങളായിട്ടും  നാട്ടിൽ വരാത്തത്... "

"നീ  എന്താണ്  പറഞ്ഞത്..." മീര കിതച്ചു.... "ആരാണ് ഈ പച്ചകള്ളമൊക്കെ നിന്നോട് പറഞ്ഞു തന്നത്...!!!??"

"പച്ചകള്ളമോ... സത്യങ്ങൾ മാത്രമാണത്.. നിങ്ങൾ അനുഭവിക്കും തള്ളേ... ഞങ്ങൾ മൂന്ന് പിള്ളേര് ഇട്ടേച്ചു നിങ്ങൾ സുഖിക്കാൻ പോയത് തന്നെയാണ്... അച്ഛൻ തന്നെയാണത് പറഞ്ഞത്...അച്ഛൻ ഒരിക്കലും കള്ളം പറയില്ല, അത് ഞങ്ങൾക്ക് ഉറപ്പുണ്ട്. ദേവു അമ്മയും പറഞ്ഞു അങ്ങനെ തന്നെ. നിങ്ങൾ വേറെ കെട്ടിയ  സങ്കടം കൊണ്ട് അച്ഛൻ തളർന്നപ്പോളാണ്  അച്ഛമ്മയുടെ നിർബന്ധം കൊണ്ട്  അച്ഛൻ ദേവു അമ്മയെ കല്യാണം കഴിച്ചതും..."

തലയിലൊരു ബോംബ്  വീണതുപോലെ.. എന്തൊക്കെയോ പൊട്ടിച്ചിതറുന്നു ഉള്ളിൽ...ഒന്നും സംസാരിക്കാനാവാതെ പാതിവഴിയിൽ  വാക്കുകൾ കുരുങ്ങി.. വായും പൊളിച്ചിരുന്നു പോയിയവൾ.

"ദേവു അമ്മ പറഞ്ഞുകൊണ്ട് മാത്രമാണ് നിങ്ങൾ വിളിക്കുമ്പോൾ അച്ഛൻ സംസാരിക്കുന്നത്... ഇച്ചിരി എങ്കിലും ഉളുപ്പ് ഉണ്ടെങ്കിൽ നിങ്ങൾ  മേലാൽ ഇങ്ങോട്ട്  വിളിച്ചു പോകരുത്..."

തിരിച്ചു മറുപടി പറയുമുൻപ് സമയമായെന്ന് പറഞ്ഞു  മാമ എത്തി ഫോൺ മേടിച്ചു.

അപ്പോഴുള്ള മീരയുടെ മുഖഭാവം കണ്ടാവണം ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവർ നടന്നകന്നു... മുൻപ് ഒക്കെയായിരുന്നുവെങ്കിൽ മീര വിഷമിച്ചേനെ...

പക്ഷേ ഇപ്പോൾ...
അതിലും ക്രൂരതയാണല്ലോ നെഞ്ചിനുള്ളിൽ  കാത്തുവച്ചവർ   തരുന്നത്... താൻ തൊട്ടു മുൻപ് കേട്ടത് എന്തൊക്കെയാണ്... അതൊക്കെ സത്യം ആണെങ്കിൽ എത്ര വിദഗ്ധമായാണ് താൻ കബളിപ്പിക്കപെട്ടിരിക്കുന്നത്...

യാന്ത്രികമായി  ഓരോരോ  ജോലികൾ  ഒതുക്കുമ്പോൾ അവൾ ഉള്ളിൽ അലമുറയിട്ട് കരഞ്ഞു...
കരയുന്നത് കണ്ടാൽ വഴക്ക് ഉറപ്പാണ്...
ഒന്ന് ഉറക്കെ കരയാൻ പോലും അനുവാദം കിട്ടാത്ത അവസ്ഥ എത്ര ഭീകരം...! മുഴുവനും ഉള്ളിലൊതുക്കി ഒരു അഗ്നിപർവതം പോലെയാവൾ പുകഞ്ഞു.

ഓരോ ഫോൺ വിളികളിലും നന്ദൻ പറഞ്ഞിരുന്ന കാര്യങ്ങൾ ഓർത്തെടുക്കകയായിരുന്നു അവൾ... തൊട്ടു മുൻപ് മകന്റെ വായിൽ നിന്നും കേട്ടതൊക്കെ അതുമായി ചേർത്ത് വായിച്ചു അവൾ...

നോമ്പ് തുറക്കാനുള്ള ഭക്ഷണം ഉണ്ടാക്കുകയാണ്... അതിൽ കണ്ണീരുപ്പ് കലരാൻ പാടില്ല...
മുഖം പ്രസന്നമായി വയ്ക്കുവാൻ ഒരുപാട് പാടുപെട്ടു.

ജന്മം തന്ന മാതാപിതാക്കളെ ഉപേക്ഷിച്ച്...സർവ്വതും ത്യജിച്ചു... നന്ദന്റയൊപ്പം ഇറങ്ങി വന്നവളാണ് താൻ...അയാളുടെ  മൂന്നു കുഞ്ഞുങ്ങളുടെ അമ്മ... എല്ലാവർക്കും വേണ്ടി മരുഭൂമിയിൽ
ഒറ്റയ്ക്ക്  ജീവിക്കേണ്ടി വന്നവൾ... ആ തന്നെയാണ്   വിദഗ്ധമായി നന്ദൻ  ഒഴിവാക്കിയിരിക്കുന്നത് 

സത്യം അറിയണം... മകൻ പറഞ്ഞത്  സത്യമാണോന്ന് അറിയുന്നത് എങ്ങനെ...?

എത്ര കരഞ്ഞു പറഞ്ഞാലും ഇനി അടുത്ത മാസമേ ഫോൺ വിളിക്കാൻ തരൂ...അവരുടെ മക്കളുടെ കൈയിൽ  ഫോൺ ഉണ്ടെങ്കിലും ആരോടും സംസാരിക്കാൻ അനുവാദമില്ല... ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലായി മീര...

എങ്ങിനെയെങ്കിലും  ഫോൺ വിളിച്ച് കാര്യങ്ങൾ അറിയണം. ഒരു മാർഗ്ഗം തെളിഞ്ഞു കിട്ടാനായി അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു...

വൈകുന്നേരം നോമ്പു തുറന്നുകഴിഞ്ഞു എല്ലാവരും അകത്തെ മുറികളിൽ ആഘോഷമാണ്...
രാത്രി ഭക്ഷണം കുറെ കഴിഞ്ഞു ഉണ്ടാക്കിയാൽ മതി.

മീരയുടെ ഉള്ളറിഞ്ഞത് പോലെയാണ് പെട്ടന്ന്  അവരുടെ  മൂത്തമകനും കുടുബവും എത്തിയത്, കൂട്ടത്തിൽ  കുഞ്ഞുങ്ങളെ നോക്കാൻ വന്ന ഗദ്ദാമയുമുണ്ട്... അവളുടെ കൈയിൽ ഫോൺ  ഉണ്ട്. കുഞ്ഞുങ്ങളെ നോക്കുന്നതിനാൽ അവൾക്ക്  ഫോൺ ഉപയോഗിക്കാനൊക്കെ അനുവാദം ഉണ്ടാരുന്നു.

അവളുടെ  കാലുപിടിച്ചു... വഴങ്ങുന്നില്ലന്നു കണ്ടപ്പോൾ, പെരുനാളിനോ മറ്റോ വളരെ അപൂർവ്വമായി  കിട്ടിയിരുന്ന  കുറച്ച് റിയാൽ  അവളുടെ കയ്യിൽ ഉണ്ടായിരുന്നു... അത് എടുത്തു കയ്യിൽ വച്ച് കൊടുത്തു...
റിയാൽ കിട്ടിയത് കൊണ്ടാവണം മീര കൊടുത്ത  നന്ദന്റെ  നമ്പർ സേവ് ചെയ്തു ഫോൺ  വിളിക്കാൻ നൽകി.

മീര, വേഗം തന്നെ ഫോണും  കൊണ്ട്  ബാത്ത്റൂമിലേക്ക്  ഓടി.

നേരം തെറ്റി...
അപരിചിതമായ നമ്പർ ആയതിനാൽ ആവും, റിങ് ചെയ്തപ്പോൾ തന്നെ ഫോൺ അറ്റൻഡ് ചെയ്തു.
മറുപുറം ഇരുട്ട് ആയിരുന്നു...

"ഹലോ.... ആരാണ് ഈ രാത്രിയിൽ...?" സ്ത്രീ ശബ്ദമാണ്...

മീരയുടെ ഉള്ളൊന്നു  കാളി... മുഖം കാണിക്കാതെ മൊബൈൽ മാറ്റി പിടിച്ചിരുന്നു അവൾ.

ലൈറ്റിട്ടപ്പോൾ മൊബൈലിൽ തെളിയുന്ന കാഴ്ച കണ്ടു മീര  നടുങ്ങി...

ദേവുവിന്റ മുഖം...
വീട്ടിലെ കിടപ്പുമുറി...
കട്ടിലിൽ നന്ദൻ കിടക്കുന്നു...

മൊബൈൽ സ്ക്രീനിൽ തെളിഞ്ഞ മീരയുടെ മുഖം കണ്ടതും...

"അയ്യോ നന്ദട്ടാ... "
എന്ന് പറഞ്ഞു കൊണ്ട് ദേവു വേഗം  ഫോൺ കട്ട്‌ ചെയ്തു.

ഹൃദയം നിലച്ചത് പോലെ തോന്നി മീരയ്ക്ക്...
ശ്വാസം വിലങ്ങി...
മുഖത്തെ രക്തം മുഴുവനും വാർന്നു പോയി,  ജീവച്ഛവമായി  ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്നത് സത്യത്തിൽ മീരയല്ലായിരുന്നു...!

കൺമുമ്പിൽ കണ്ട കാഴ്ച അത്രയും ഭീകരമായിരുന്നു...!! ഒരു സ്ത്രീയും  ജീവിതത്തിൽ കാണാൻ പാടില്ലാത്തത്... താങ്ങാൻ ആവാത്തത്... ഫോൺ തിരിച്ചു കൊടുത്തിട്ട്  അടുക്കളയിൽ എത്തിയവൾ  നിശ്ചലമായി കുറച്ചുസമയത്തേക്ക് നിന്നുപോയി...

പൊട്ടിക്കരയണോ... പൊട്ടിച്ചിരിക്കണോ... എന്തുചെയ്യണമെന്നറിയാതെ സമനില തെറ്റിയപോലെയായി മീരയുടെ അവസ്ഥ...!!!

അപ്പോയെക്കും മാമ വന്നു രാത്രി ഭക്ഷണം റെഡി ആക്കാനുള്ള നിർദേശം കൊടുത്തു.

ഇതുവരെയും താൻ  കെട്ടിയാടിയ വേഷം യഥാർത്ഥത്തിലൊരു  കോമാളിയുടെതായിരുന്നു... ഉള്ള് വിങ്ങിപൊട്ടുമ്പോഴും ചിരിയുടെ മുഖം മൂടിയണിഞ്ഞു നാടകം ആടേണ്ടി വരുന്ന  കോമളി... തന്നോട് തന്നെ  അവജ്ഞ തോന്നിപോയി മീരക്ക് 

രാത്രിയിലേത്തേയ്ക്കുള്ള ഭക്ഷണമൊക്കെ   റെഡിയാക്കി ഒരുമണിയോടു കൂടി അവൾ  റൂമിലെത്തി. 

അലറി കരയണമെന്നുണ്ട് അവൾക്ക്.... ശബ്ദം കേട്ട് ആരെക്കിലും വന്നാൽ വഴക്കിന്റ പൂരം ആവും...
വായിൽ തുണി തുരുകി കയറ്റി തലയിട്ട് അടിച്ചവൾ കുറച്ചു നേരം  കരഞ്ഞു...

പിന്നീട് മെല്ലെ എഴുനേറ്റു...

തലേന്ന് മകൻ പറഞ്ഞതും  മണിക്കൂറുകൾക്കു മുമ്പു തന്റെ കൺമുൻപിൽ   കണ്ടതുമൊക്കെ ഓർത്ത് അവളൊരു ഉന്മാദ അവസ്ഥയിലെത്തിയിരുന്നു... ഒരേ ബോധമണ്ഡലത്തെ തന്നെ  വിഷാദവും ഉന്മാദവും കീഴടക്കുന്ന അവസ്ഥ....!

റംസാൻ നാളുകളിൽ ആ വീടിന്റ ഗേറ്റ് പൂട്ടിയിടാറില്ല... കണ്ണീർ മഴ തോരാത്തയാ  രാവിന്റെ അന്ത്യയാമങ്ങളിൽ ഭ്രാന്ത് പൂത്ത  മസ്തിഷ്കത്തിന്റെ അന്യമായ ആവേശങ്ങൾ  അവളുടെ കാലുകളെ  അനുഗമിച്ചു.

ഈന്തപ്പനകൾ നിഴൽ തീർക്കുന്ന ആ കൂറ്റൻ വീടിന്റെ  അതിർത്തികൾ ഭേദിച്ചു അവൾ ഓടി...

മുകളിലുള്ള നിലകൾ വൃത്തിയാക്കുവാൻ കയറുമ്പോൾ വീടിന്റെ കുറച്ചു മാറി മാത്രം ആരംഭിക്കുന്ന  മരുഭൂമിയെ കുറിച്ച് വീട്ടുകാരിൽ നിന്നുമവൾ മനസ്സിലാക്കിയിരുന്നു.
ഉഗ്രവിഷമുള്ള പാമ്പുകളുടെ  താവളം...
തനിയെ മരിക്കാൻ മീരയ്ക്ക് ഭയമായിരുന്നു അത്രയ്ക്കും സാധുവായയൊരു  സ്ത്രീയായിരുന്നു അവൾ...

റംസാൻ കാലത്തിലെ നിലാവിൽ  വശ്യ സൗന്ദര്യത്തിൽ  കുളിച്ചുനിൽക്കുന്ന മണലാരണ്യം...

വർഷങ്ങളായി അവളൊന്നു നടന്നിട്ട്... കാലുകൾ വഴങ്ങുന്നില്ല... നിർത്താതെയോടിയെത്ര ദൂരം താണ്ടിയെന്ന്  അറിയില്ല... ഒടുവിലൊരു കിതപ്പോടെ കുഴഞ്ഞു വീണുപോയി.

മലർന്നുകിടന്ന് ആകാശത്തേക്കു നോക്കിയപ്പോൾ  തന്നെ വിഴുങ്ങാനായി ഒരു രാക്ഷസൻ വായ പിളർന്നു വരുന്നത് പോലെ തോന്നിയവൾക്ക്.

അവളുടെ മുൻപിൽ നന്ദന്റെ മുഖം തെളിഞ്ഞു. ആ രൂപത്തിന് മെല്ലെ മെല്ലെ വലുപ്പം വച്ചുവരുന്നതും തന്നെ നോക്കി ആർത്തു ചിരിക്കുന്നതായും അവൾ കണ്ടു... കൂട്ടത്തിൽ ദേവുവും..! ചുറ്റും കൂട്ടച്ചിരി  മുഴങ്ങുന്നു...

ചെവികൾ പൊത്തി അവൾ   തലയിട്ടടിച്ചു കരഞ്ഞു... ഇരു വശങ്ങളിൽ  നിന്നും മണ്ണ്, വാരി  വാരി   ദേഹത്തേക്കിട്ടു... മനസ്സിന്റെ നിയന്ത്രണം കൈ വിടുന്ന മനുഷ്യന്റെ അവസ്ഥ എത്രയോ ഭയാനകം...!

മറക്കാൻ ആവുന്നില്ല ആത്മാവിൽ അലിഞ്ഞു ചേർന്നവനെ... തന്റെ പ്രിയപ്പെട്ടവനെ... അവനിപ്പോൾ മറ്റൊരു ഉടലിനെ പുണർന്നുറങ്ങുന്നത് താങ്ങാൻ ആവുന്നില്ല...!!

പ്രിയനേ... നീ പകർന്നുതന്ന മൗനം കുടിച്ചയീ  രാത്രിയിലാണ് കണ്ണീർ പുഴ നീന്തി കടക്കാനാവാതെ ഇരുളിന്റെ  ആഴങ്ങളിലേക്ക് ഞാൻ നിപതിച്ചത്...
അത്രമേൽ നിന്റെ  ഓർമ്മകളിലേക്ക് മുങ്ങിത്താണയീ  രാത്രിയിലാണ് നിന്നിൽ നിന്നുള്ള പടിയിറക്കം എനിക്ക് അസാധ്യമാണെന്നും എന്നിൽ നിന്നുള്ള  പടിയിറക്കം നിനക്ക് അനായാസമാണെന്നും  ഞാൻ അറിഞ്ഞത്... 
സ്നേഹത്തിൽ പൊതിഞ്ഞ പ്രണയത്തിന്റെ വിത്തിനെയെന്റെ ഹൃത്തടത്തിൽ പാകി..  സ്വാർത്ഥമോഹങ്ങൾ നനച്ചുനീ  വളർത്തിയെടുത്തപ്പോൾ അറിഞ്ഞിരുന്നില്ല നീ...
അതിൻ  വേരുകളെന്റെ ആത്മാവിൻ ആഴങ്ങളിലേയ്ക്കാണ്  അധിനിവേശം നടത്തിയതെന്ന് ...
തിരസ്കരണത്തിന്റെ ചൂടുവെള്ളം കോരിയൊഴിച്ചു നീ കരിച്ചു കളയാൻ ശ്രമിച്ച  പ്രണയവൃക്ഷത്തിന്റെ തായ് വേരിറങ്ങിയെന്റെ  ഹൃദയത്തിലേറ്റ  നൊമ്പരം നീ  കണ്ടതുമില്ല...!!!

സകല നിയന്ത്രണവും വിട്ട് അവൾ വാവിട്ട് നിലവിളിച്ചു.. ഒടുവിലത് നേർത്തു നേർത്ത്  മരുഭൂമിയിലെ കനത്ത നിശബ്ദതയിൽ  അലിഞ്ഞു  ചേർന്നു.

തന്റെ ശരീരത്തിലൂടെ തണുപ്പുള്ള എന്തൊക്കെയോ  ഇഴയുന്നത് പോലെ തോന്നി മീരക്ക്. അനങ്ങുവാൻ സാധിക്കുന്നില്ല...
കുറച്ചു നിമിഷങ്ങൾ കൊണ്ട് ശരീരം മുഴുവനും ആ തണുപ്പ് വ്യാപിച്ചു...   ആരെക്കെയോ തന്നെ അമർത്തി ചുംബിക്കുന്നതായും അവളറിഞ്ഞു.  അതിന്റെ വീര്യം സിരകൾ  മുഴുവനും വ്യാപിക്കുന്നത് പോലെയും...അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.
അടഞ്ഞ കണ്ണുകളിൽ തെളിഞ്ഞത് തന്റെ നേരെ കൈ നീട്ടി പിടിച്ചു കൊണ്ട് നിൽക്കുന്ന ഒരു ദേവനെയാണ്..
മൗനത്തിന്റെ ദേവൻ...
അവനവളെ മൗനത്തിന്റെ താഴ് വരയിലേയ്ക്ക് കൈ പിടിച്ചു നടത്തി.
                *************
പ്രമുഖ ചാനലിന്റെ  സ്റ്റുഡിയോ റൂമിലിരുന്നുകൊണ്ട് തന്നെ ഇന്റർവ്യൂ ചെയ്യുന്ന ആളിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന   മീരയുടെ കണ്ണുകൾ അപ്പോൾ  ഈറനണിഞ്ഞിരുന്നു.

"മാഡം... ഇക്കൊല്ലത്തെ സാഹിത്യ പുരസ്‌ക്കാരം നേടിയതും  ഏറെ  ചർച്ചാ വിഷയമായതുമായ താങ്കളുടെ "മരുഭൂമിയിലെ മൗന നൊമ്പരങ്ങൾ   " എന്ന കഥയിലെ, അത്രയും ഹൃദയഭേദകമായ രംഗങ്ങൾ ഓർത്തത് കൊണ്ടാണോ ഈ കണ്ണുകൾ നിറഞ്ഞത്...?

കണ്ണീർ തുടച്ചു മീരയൊന്നു പുഞ്ചിരിച്ചതല്ലാതെ അതിന് ഉത്തരം നൽകിയില്ല.

"പുരസ്കാര വേദിയിൽ വച്ച് മാഡം പറയുകയുണ്ടായി ഇത്  സ്വന്തം കഥയാണെന്നും അതുകൊണ്ടാണ് നായികയ്ക്ക് സ്വന്തം പേര് തന്നെ കൊടുത്തതെന്നും. അപ്പോൾ ഒരു സംശയം ബാക്കിയാണ്... 
അങ്ങനെയെങ്കിൽ  കഥയുടെ അവസാനം മീരയെന്തിനു മരിച്ചു...?
അതേ മീര തന്നെയല്ലേ ഇപ്പോൾ ഞങ്ങളുടെ മുൻപിലിരിക്കുന്നയീ  മീര...??"

"അതേ... മീര മരിച്ചു എന്നുള്ളത്  സത്യമാണ്...  നമ്മുടെ പ്രിയപ്പെട്ടവരുടെ  മനസ്സിൽ നാം മരിച്ചു കഴിഞ്ഞാൽ പിന്നെ  നമൊക്കെ  വെറും ജഡമാണ്  ആത്മാവില്ലാത്ത വെറും ശരീരം മാത്രം...! 
അന്ന് മരുഭൂമിയിലേക്ക് ഓടിപ്പോയ  മീരയുടെ പുനർജ്ജന്മമാണിത് ..." നെഞ്ചിൽ കൈവച്ചു,നിറഞ്ഞ പുഞ്ചിരിയോടെ മീര പറഞ്ഞു നിർത്തി.

"അങ്ങനെയെങ്കിൽ തകർന്നടിഞ്ഞ പഴയ  മീരയിൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന്‌ ഇന്ന് അറിയപ്പെടുന്ന വനിതാ ശിശുക്ഷേമ പ്രവർത്തകയും എഴുത്തുകാരിയുമായ മീര ആയതിന്റെ   പിന്നിലെ കഥ അറിയാൻ  ഞങ്ങൾക്ക് വളരെ ആകാംക്ഷയുണ്ട് ... പ്രേക്ഷകർക്ക് വേണ്ടി വളരെ ചുരുക്കിയതൊന്നു പറയാമോ...?"

"പറയാം....അന്ന്.... മരുഭൂമിയിലേക്ക് ഓടിപ്പോയ ഞാൻ തളർന്നു വീണത് ഓർക്കുണ്ട്... പിറ്റേന്ന് മുഖത്തേക്ക് ആരോ വെള്ളം തളിച്ച്  തട്ടി ഉണർത്തിയപ്പോഴാണ്  എനിക്ക് ബോധം വീണത്... നേരം നന്നേ വെളുത്തിരുന്നു...
ഏഴു വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഞാൻ പുറം ലോകം കാണുന്നത്...

കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു എനിക്ക്  സ്ഥലകാലബോധമുണ്ടാകുവാൻ.  മുൻപിലൊരു  അറബിയാണ് നിൽക്കുന്നത്... അയാളുടെ കണ്ണുകളിലെ തീഷ്ണത എന്നെ ഭയപ്പെടുത്തി. കുറച്ചു മാറി അയാളുടെ വണ്ടിയും കിടപ്പുണ്ട്.

എന്റെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിന്നുകൊണ്ട് അയാൾ ചോദിച്ചു...

"മെനു ഇന്തേ...?" (നീ ആരാണ് )

ഏഴുവർഷത്തെ അറബിനാട്ടിലെ ജീവിതം കൊണ്ട്  അത്യാവശ്യം അറബിയൊക്കെ സംസാരിക്കാൻ പഠിച്ചിരുന്നു.  ഉണ്ടായ സംഭവങ്ങളൊക്കെ  അയാളോട് പറഞ്ഞിട്ട് ഞാൻ ആ കാലിൽ പിടിച്ചു കെഞ്ചി...

'എന്നെ ജയിലിൽ ആക്കരുത്...  എന്നെ മരിക്കാൻ വിടൂ..'

സത്യങ്ങൾ മുഴുവനും കേട്ടിട്ടും ആ മുഖത്ത് ഒരു  ഭാവ  വ്യത്യാസവുമില്ല... ഞാൻ പേടിച്ചുപോയി,  തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയോ   ജയിലിലാക്കുകയോ ചെയ്യാൻ ആവുമോ  ഉദ്ദേശം...

വണ്ടിയിൽ കയറൂ എന്ന് നിർദ്ദേശിച്ചു കൊണ്ട് എന്റെ നേരെ നീട്ടിയ ആ കൈകളിൽ പിടിക്കാതിരിക്കാൻ എനിക്കായില്ല.

ഓടിരക്ഷപ്പെടാനുള്ള  ശക്തിയില്ല. അയാളെ അനുസരിക്കുക മാത്രമേ നിർവാഹമുള്ളൂ...

വണ്ടിയോടിച്ചു കൊണ്ട് അയാൾ പറഞ്ഞതിന്റെ   രത്നചുരുക്കം  ഇത്രമാത്രം... "ജീവിതം വട്ടപ്പൂജ്യം ആകുമ്പോൾ അതിനുള്ളിൽ കിടന്നു പിടഞ്ഞു മരിക്കാതെ...
നോക്കുക  ആ  പൂജ്യത്തിന്റെ  എവിടെയെങ്കിലും ഒരു വിടവുണ്ടാകാൻ കഴിയുമോന്ന്...

അങ്ങനെ ഒരു വിടവ്  ഉണ്ടാക്കാൻ കഴിഞ്ഞാൽ മെല്ലെ, മെല്ലെ.... പിന്നെ  സർവ്വശക്തിയുമെടുത്ത് അതിനെ വലിച്ചു നീട്ടുക അപ്പോൾ ആ പൂജ്യം  ഒന്നാകും...ആ ഒന്നേന്നു തുടങ്ങുക...
പിന്നയത് രണ്ട്... മൂന്ന്.....നാല്....അഞ്ച് ഒക്കെയാക്കുന്നത് ഓരോരുത്തരുടെയും  കഴിവ്  പോലെ ഇരിക്കും. ജീവൻ തന്നവന്  മാത്രമേ ജീവനെടുക്കാൻ അവകാശമുള്ളൂ. പ്രിയപ്പെട്ടവർ നിന്നെ വേണ്ടെന്ന് വച്ചാലും , നിന്നെ വേണ്ടവർ   ഉണ്ടാവും ഈ ഭൂമിയിൽ...അവരെ കണ്ടെത്തുക... 
അവർക്ക് വേണ്ടി ജീവിക്കുക...
നിന്റെ അതേ  അവസ്ഥ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും അനാഥരായ കുഞ്ഞുങ്ങൾക്കും വേണ്ടി  നീയിനി  ജീവിക്കുക... ഇരുട്ടിൽ കഴിയുന്ന അവരുടെ വെളിച്ചമാകുക..."

വിശ്വസിക്കാനാവാതെ ഞാൻ ആ മുഖത്തേയ്ക്ക് നോക്കി... എനിക്ക് നല്കിയ ആ പുഞ്ചിരിയൊന്നു മാത്രം മതിയായിരുന്നു എനിക്കെന്റെ ജീവിതം തിരിച്ചു പിടിക്കാൻ... എന്റെ നേരെ നീട്ടിയ ആ കൈകൾ സത്യത്തിൽ ദൈവത്തിന്റെ കൈകൾ ആയിരുന്നു.

ആ യാത്ര അവസാനിച്ചത്   എന്റെ പഴയ സ്പോൺസറുടെ വീട്ടിൽ... അവിടെ പോലീസൊക്കെ ഉണ്ട് ..എന്നെ കാണാതെ ഭയങ്കര ബഹളം നടക്കുകയാണ്...

പക്ഷേ ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങിയതും, ആ  പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്തു, വളരെ ഭവ്യതയോടെ മാറി  നിൽക്കുന്നു.

വാലിദ് മുഹമ്മദ്‌ മാലിക്ക്  എന്നാണ് അദ്ദേഹത്തിന്റെ പേര് എന്നും അദ്ദേഹം ഗവണ്മെന്റിലെ  ഉന്നത ഉദ്യോഗസ്ഥനും  മനുഷ്യാവകാശ പ്രവർത്തകനും ആണെന്ന് അറിഞ്ഞത് അവിടെ വച്ചാണ്.

എന്നെ കണ്ടെത്തിയതും, എനിക്ക്  സംഭവിച്ച കാര്യങ്ങളെല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ  സത്യത്തിൽ  അവിടെയുള്ള എല്ലാവർക്കും  സങ്കടമായി...

ദുഷ്ടരെന്നു ഞാൻ  കരുതിയവരായിരുന്നില്ല  യഥാർത്ഥത്തിൽ ക്രൂരർ... ചിരിച്ചു കൊണ്ട് കഴുത്തറക്കുന്നവർക്ക് മുൻപിൽ ഇവർ എന്നോട് കാണിച്ചതൊന്നുമല്ല...

അങ്ങനെ പഴയ  സ്പോൺസറുടെ  കാലാവധി തീരും വരെയും അവിടെ ജോലി ചെയ്തു."

"എത്ര നാൾ കൂടി അവിടെ ജോലി ചെയ്യേണ്ടി വന്നു... "

"എഴു മാസം. അത് കഴിഞ്ഞു റിലീസ് വാങ്ങി അദ്ദേഹം എന്നെ അവരുടെ വീട്ടിലേയ്ക്ക്  കൊണ്ട് പോയി...
പിന്നീട് അവിടെ  ജോലി ചെയ്തു കൊണ്ടാണ് അനാഥരായ കുഞ്ഞുങ്ങൾക്കും ഒറ്റപെട്ടു പോകുന്ന സ്ത്രീക്കും വേണ്ടി  പ്രവർത്തിക്കാൻ തുടങ്ങിയത്...

നമ്മുടെ നാട്ടിലെ വനിതാ  ശിശു ക്ഷേമ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരമൊക്കെ ഒരുക്കി തന്നതും അദ്ദേഹം തന്നെയാണ് ..."

"സത്യങ്ങളെല്ലാം അറിഞ്ഞു  മക്കൾ തിരിച്ചു വന്നില്ലേ...?"

"വന്നിരുന്നു അവർക്ക് എന്റെ സാന്നിധ്യം കിട്ടുന്നില്ല എന്നേയുള്ളൂ, വേണ്ട കരുതൽ എല്ലാം ഞാൻ നൽകുന്നുണ്ട്. അവരറിയാതെ തന്നെ  സ്കൂളുകളിൽ  ഞാൻ തന്നെയായിരുന്നു അവരെ സ്പോൺസർ ചെയ്തത്."

"മാഡത്തിന്  വിഷമമാവും എന്നറിയാം, എങ്കിലും ചോദിക്കുകയാണ്... എല്ലാം നേടിയിട്ടും കുടുംബജീവിതം തിരിച്ചു പിടിക്കാൻ ആയില്ല എന്നൊരു  വിഷമം ഇല്ലേ...?

ഉണ്ടോ എന്ന് ചോദിച്ചാൽ വിഷമമുണ്ട് ... ഒരു തെറ്റും ചെയ്യാത്ത ഞാൻ ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വന്നത് എന്താണെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. നന്ദൻ  ചെയ്തത്  അയാളുടെ  ശരിയായിരിക്കും...പരാതിയില്ല... പകരം നന്ദി മാത്രം...
അദ്ദേഹം എന്നെ ഉപേക്ഷിച്ചതു കൊണ്ട് മാത്രമാണ്   അനാഥരായ... തെരുവിൽ കഴിയുന്ന അനേകം കുഞ്ഞുങ്ങളെ എനിക്ക് കാണാൻ കഴിഞ്ഞത്...

അതുപോലെ ഒരു അവധൂതനെ പോലെ അന്ന്, ആ മരുഭൂമിയിൽ വന്ന്, എനിക്കൊരു പുനർജന്മം നല്കിയ ആ വലിയ മനുഷ്യനോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു...

എന്റെ സങ്കടങ്ങളെല്ലാം ഞാൻ  മറക്കുന്നത് ഈ ജീവകാരുണ്യ  പ്രവർത്തങ്ങളിലൂടെയാണ്.

"എന്നെങ്കിലും  അവർ   തിരിച്ചു വന്നാൽ സ്വീകരിക്കുമോ...?"

"ഇല്ല...കാരണം  ഞാൻ എന്ന ഒറ്റ മരത്തിന്റെ ചില്ലയിൽ ചേക്കേറിയവരും ഈ തണലിൽ അഭയം തേടിയവരും  ഒരുപാടുപേരുണ്ട്... കാലൻ വന്നു എന്റെ കടയ്ക്ക് കോടാലി വയ്ക്കും വരെയും  അവർക്ക് താങ്ങും, തണലുമാകണം..."

"അവസാനമായി നമ്മുടെ പ്രക്ഷകർക്കായി  എന്തങ്കിലും സന്ദേശം കൊടുക്കാൻ ഉണ്ടോ മാഡത്തിന്... " 

"ദുർഘടം പിടിച്ച വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ തീർച്ചയായും നമ്മൾ ശ്രദ്ധിക്കുമല്ലോ, ആ ശ്രദ്ധ, അതുമാത്രം മതി നമ്മുടെ ജീവിത യാത്ര സുഗമമാകുവാൻ ..."

ഒരു പുഞ്ചിരിയോടു കൂടി സ്റ്റുഡിയോ റൂമിൽ നിന്നും നടന്നുമറയുന്ന മീരയെ നോക്കി നിറകണ്ണുകളോടെ നിന്നുപോയി അവിടെയുള്ളവർ... 
------------------
സുനി ഷാജി 
കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ആണ് സ്വദേശം. അധ്യാപിക.  ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്നു.
അധ്യാപകനായ ഷാജിയാണ് ഭർത്താവ്. രണ്ട് പെൺകുഞ്ഞുങ്ങൾ (അൽഫോൻസാ, അലോണ)
സ്കൂളിൽ പഠിക്കുന്നു.
എഴുത്തിലൊരു തുടക്കക്കാരിയാണ്. പ്രവാസ ലോകത്തിലെ വിങ്ങലുകൾക്കിടയിൽ വായന നൽകിയ സന്തോഷമാണ് എഴുത്തിലേക്കെന്നെ നയിച്ചത്.

Join WhatsApp News
നളിനകുമാരി 2021-08-24 12:12:14
ആരായാലും മരിച്ചുകളയും ഈ അവസ്ഥയിൽ.. ഇത് വായിക്കുമ്പോൾ ഞാൻ ഇവിടെ ജോലിചെയ്യുന്ന പെൺകുട്ടിക്ക് കൊടുക്കുന്ന സന്തോഷങ്ങളെ ഓർക്കുകയായിരുന്നു. രാവിലെ 8 മണി വരെ ഉറങ്ങുന്നു. ഉച്ചയൂണ്കഴിഞ്ഞു 6 മണി വരെ വീണ്ടും ഉറങ്ങുന്നു.എല്ലാ വെള്ളിയാഴ്ചയും അവൾ പുറത്തുപോകുന്ന ഇന്ത്യയിൽനിന്നുള്ള അവളുടെ കൂട്ടുകാരെ കാണുന്നു.7 മണി കഴിഞ്ഞു തിരിച്ചെത്തിയാൽ കുളിച്ചു അവൾക്കുള്ള ഫുഡ് എടുത്തു കഴിച്ചു ഉറങ്ങുന്നു. അവളുടെ പിറന്നാൾ വന്നപ്പോൾ ഞങ്ങൾ കൊടുത്ത സ്വർണ്ണക്കമ്മലിന്റെ ഫോട്ടോയെടുത്തു കൂട്ടുകാർക്കയക്കുന്നു.ചെവിയിലൊരു എയർഫോണുമായി ആരോടോ സംസാരിച്ചുകൊണ്ട് ചപ്പാത്തിയുണ്ടാക്കുന്നു. രാത്രി 12 മണിയ്ക്കുപോലും ഫോണിൽ സംസാരിക്കുന്നു. ഈ കഥയിലെ നായികയും ഇവിടെയുള്ള പെണ്ണും ജോലിക്കെത്തിയവർ തന്നെ. എന്നിട്ടും എന്തൊരു അന്തരം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക