Image

കണ്ടുമുട്ടാത്ത രണ്ടുപേർ (കവിത: ആൻസി സാജൻ )

Published on 20 August, 2021
കണ്ടുമുട്ടാത്ത രണ്ടുപേർ (കവിത: ആൻസി സാജൻ )
ഈ ചിത്രത്തിലേത്
കല്ലുകളാണ്
യാത്ര പോയിടത്തെ
ബീച്ചിൽ നിന്നു പെറുക്കിയെടുത്തത്
നീ കൂടെ ഇല്ലാതിരുന്നതിനാൽ
നാം രണ്ടു പേരും
അഭിമുഖമായിരുന്ന്
പറയുന്നത് പോലെ -
യൊന്നുണ്ടാക്കി
നിനക്കയച്ച ചിത്രമാണിത്
കടലാണ് നമുക്കപ്പുറം
ഇരുട്ടു കൊണ്ട് തീർത്തത് ..
ഇത്ര കറുക്കുവോളം
രാത്രിയിൽ
എന്തു കഥയാണ് നാം പറഞ്ഞു കൊണ്ടിരുന്നത് ...!
ഏതു സ്വപ്നത്തോണിയിലേറിയാണ്
നമ്മളാ ഇരുട്ടിൻ കയങ്ങളിലിറങ്ങിക്കയറിയത്
നീളേ നീളേ നെറുകയിൽ തെറിക്കുന്ന
വെള്ളത്തുള്ളികൾ
തണുത്ത കാറ്റിന്റെ അമർത്തലുകൾ..
നിനക്ക്
ചുമയോടു കൂടിയ
പനി പിടിച്ചിരിക്കും... ഓണത്തിന്
പായസമുണ്ടാക്കാതെ
ഞരങ്ങിയും മൂളിയും നീ കിടക്കുന്നത്
മധുരങ്ങളാകെ
ചവർപ്പുകളാകുന്നത്..
വീട്ടിലിരുന്ന്
ടി.വി യിലെ ഓണം കൂടി
ഉച്ചയാവുമ്പഴേക്കും
രണ്ട് തരം പായസച്ചൂടോടെ 
സദ്യ പൊതിക്കെട്ടായി
നടുവാതിലിൽ 
തട്ടിവിളിക്കുന്നതെടുത്ത്
കഴിച്ചു പിന്നെയും
കൈകൊട്ടിക്കളികൾ കണ്ടവിടെത്തന്നെ
കിടന്നോണമുറക്കമുറങ്ങിയെണീക്കാൻ
ഇത്തവണയും
നമ്മളടുത്തില്ല
ദീർഘമായി സംസാരിക്കുന്ന
കല്ലുകളുടെ
ഈ ചിത്രം
കണ്ടിരിക്കുക
നിനക്കെന്റെ
ആനന്ദ 
ഓണം പറഞ്ഞുള്ള
ഈ കൽച്ചിത്രം
മാത്രം..
ഇത്തവണയും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക