# Home
റിലീസായ അന്നു തന്നെ കണ്ട് സന്തോഷിച്ച സിനിമയാണ്. ഇന്ദ്രൻസിന്റെ പുതിയ സിനിമ എന്നും പറഞ്ഞാണ് ഞങ്ങൾ കാണാനിരുന്നത്. നാലുപേരും കൂടി ഒന്നിച്ച് കട്ടിലിൽ കിടന്നാണത് കണ്ടത്. മുന്നോട്ട് സിനിമ നീങ്ങിക്കൊണ്ടിരിക്കുമ്പോൾ തന്നെ അപ്പന്റെ ഇരുവശവും കിടക്കുന്ന മകനെയും മകളെയും ഞാൻ ഇടയ്ക്കിടെ നോക്കി ...
അവരൊന്നിച്ച് ഹോം കാണാനായതിൽ അത്യധികം സന്തോഷിച്ചു ഞാനും .
ഒരു വീട് ചിത്രമാവുകയാണ്. സാധാരണ കാഴ്ചകൾ. മിക്ക വീടുകളും ഇങ്ങനെയാണിന്ന്. വീട് വീടാക്കാൻ അവശത മറന്ന് ഏന്തി നടക്കുന്ന അമ്മയും ആരോഗ്യം കുറഞ്ഞ അതിസാധാരണക്കാരൻ അച്ഛനും. മക്കൾ അവരവരുടെ പുതിയ ലോകങ്ങളിൽ സ്മാർട്ടായി മുഴുകി നടക്കുന്നവർ. ഭക്ഷണം വസ്ത്രം എല്ലാം മുറയ്ക്ക് വീട്ടിൽ കിട്ടുന്നതുപയോഗിക്കുകയും സ്വന്തമായ രാജ്യങ്ങളുള്ളവരെന്ന് വിചാരിച്ച് ഉയർന്ന് നിൽക്കുകയും അപ്ഡേഷനില്ലാത്ത അച്ഛനമ്മമാരെ സഹതാപത്തോടെ നോക്കുകയുമാണവരുടെ രീതി. അവരുടെ ചിന്തകളിലും ചിറകുകളിലും പാറിയെത്താൻ കഴിവില്ലാത്തവരാണ് അമ്മയച്ഛൻമാർ എന്നൊരു ധാരണയോടെ ഒഴിഞ്ഞു നടക്കുന്ന മക്കൾ അനുഭവങ്ങളിലൂടെ അവരിലേക്കു തന്നെ മടങ്ങിയെത്തുന്ന ഒരു കഥയാണിത്.
അൽഭുതാവഹമായ ശാന്തത കൊണ്ട് അമ്പരപ്പിക്കുന്ന കഥാപാത്രമാണ് ഇന്ദ്രൻസിന്റേത്. അയ്യോ പാവം പോലെ ഒരാൾ . ചിരിച്ചാലും കരഞ്ഞാലും ഒരുപോലെ. എന്നാൽ ഒരു സീനിൽ അയാളൊരു ചിരി ചിരിയ്ക്കുന്നുണ്ട്. ഊറിയൂറിവന്ന് നിറഞ്ഞ് തുളുമ്പുന്ന ചിരി.
ഈ സിനിമയിൽ ഇന്ദ്രൻസിന്റെ കഥാപാത്രം ശക്തമാകുന്നതിൽ അദ്ദേഹത്തിന്റെ രൂപഭാവങ്ങളും വേഷധാരണവും വലിയ സഹായമേകി. ഒരു കാർട്ടൂൺ വര പോലെയാണ് ചില സീനുകളിൽ ഇന്ദ്രൻസെത്തുന്നത്. എന്നാൽ വ്യത്യസ്തമായ ബനിയനുകളും ഒന്നാന്തരം പാന്റും ഫുൾസ്ലീവ് ഷർട്ടുകളുമൊക്കെയിട്ട് മറ്റാരും പകരാത്ത ആകർഷണീയതയാണ് അദ്ദേഹം കയ്യടക്കിയത്.
സുന്ദരക്കുട്ടപ്പൻമാരായ നായകൻമാർക്ക് തരാൻ കഴിയാത്തത്ര അൽഭുതമാണ് വേഷവിധാനത്തിലൂടെ ഇന്ദ്രൻസ് പകരുന്നത്. അങ്ങനെ അദ്ദേഹത്തെ അണിയിച്ചൊരുക്കിയ കലാകാരന്റെ ഭാവനയ്ക്ക് അഭിവാദനങ്ങൾ! തലയിൽ മുടി അത്യാവശ്യത്തിനു പോലുമില്ലെങ്കിലും ആ ചീകിവെക്കലും കൗതുകമാകുന്നു.
അതുപോലെ മഞ്ജു പിള്ളയുടെ കുട്ടിയമ്മ. ഇത്ര സാധാരണമായി മഞ്ജു ഇതിനു മുൻപ് സീരിയലിലും സിനിമകളിലും പെരുമാറിക്കണ്ടിട്ടില്ല. പൊട്ടിച്ചിരികളും അമിതാഭിനയവും ഇടകലർന്നല്ലാതെയൊരു കഥാപാത്രമാവാൻ മഞ്ജുവിനും ഭാഗ്യം കിട്ടി. മുൻഭാഗത്തെ പല്ലുകൾ കുറച്ച് പൊന്തിച്ചപ്പോൾ കഥാപാത്രം കൂടുതൽ നന്നായി.
തണ്ണീർ മത്തൻ ദിനങ്ങൾ തൊട്ട് പ്രേക്ഷകർ നോട്ടമിട്ടതാണ് നെസ് ലൻ എന്ന കൗമാരക്കാരനെ. കുരുതിയിലും ഉണ്ടായിരുന്നു. എന്നാൽ ഈ വീട്ടിലെത്തുമ്പോൾ കുറെക്കൂടി അരുമയാകുന്നു . ഇനിയും കുറെ കഥാപാത്രങ്ങൾക്കു വേണ്ട കാര്യങ്ങൾ അയാളിൽ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നുണ്ട്.
സിനിമ കണ്ട സമയം സന്തോഷമായിരുന്നു. വേറെ കുനിഷ്ടുകളൊന്നും ചിന്തിച്ചില്ല. എന്നാലിപ്പോൾ ഓരോരുത്തർ ഓരോന്നൊക്കെ പറഞ്ഞുകേൾക്കുമ്പോൾ കൺഫ്യൂഷനാകുന്നു. എഴുതിയ ആൾ സ്വപ്നത്തിൽ പോലും കരുതാത്തവിധം ആഗോളവൽക്കരണവും അടിയൊഴുക്കുകളും ചിന്താവ്യാപാരങ്ങളും പകർന്ന് ഒരു കലാസൃഷ്ടിയെ വേവലാതിപ്പെടുത്തുന്നത് കാണുമ്പോൾ വായിച്ചവരും കാഴ്ചക്കാരും അന്തം വിടുന്നതു പോലെയൊരനുഭവം ഈ സിനിമയ്ക്ക് ഉണ്ടാവാതിരിക്കട്ടെ.
പുട്ടിന് പീര പോലെ ഇത്തിരി സ്ത്രീ വിരുദ്ധത , ഇത്തിരി മതം അല്ലെങ്കിൽ അതുപോലെ വേറെന്തെങ്കിലുമൊക്കെയിട്ട് സാമ്പാറാക്കണ്ട. കാണുന്നവർ കണ്ടോട്ടെ.
വീട് നോക്കുന്ന സ്ത്രീയ്ക്ക് യഥാസമയം അതിനെ നിയന്ത്രിച്ചു നിർത്താൻ കഴിയുമെന്ന് കുട്ടിയമ്മ കാണിച്ചു തരുന്നുണ്ട്.
അതുപോലെ, ശ്രീനിവാസനും ഉർവശിക്കും കൊടുക്കാനുദ്ദേശിച്ച കഥാപാത്രങ്ങളാണ് ഇന്ദ്രൻസ് മഞ്ജു പിള്ളമാരിലേക്ക് വന്നതെന്നും വായിച്ചു.
അത് ഏതായാലും നന്നായി എന്നേ പ്രേക്ഷകർക്ക് തോന്നുകയുള്ളു. വിചാരിക്കാത്ത വിധം അർഹതയുള്ളിടത്ത് കടന്നിരിക്കാൻ കാലം യഥാർത്ഥ പ്രതിഭയ്ക്ക് തുണ നിൽക്കും എന്നതിന്റെ തെളിവാണീ ചിത്രം.
പ്രായവും അവശതകളും കൊണ്ട് തളർന്ന് ഏകാന്തരായി കിടക്കുന്ന അച്ഛനും അമ്മയ്ക്കും ഇടയിലേക്ക് നൂണ്ടു കയറി അവരോട് ചേർന്നുറങ്ങുന്ന മക്കളുടെ ചിത്രം പുതിയ ലോകത്തിന്റെ ആശ്വാസക്കാഴ്ചയാകുന്നു..