America

കുറ്റവും ശിക്ഷയും (ചെറുകഥ: സാംജീവ്)

Published

on

ജോൺമത്തായി വലിയ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനാണ്. എപ്പോഴും സർക്കീട്ടിലായിരിക്കും അദ്ദേഹം. ചിലപ്പോൾ ഒന്നും രണ്ടും ആഴ്ചകൾ കഴിഞ്ഞേ വീട്ടിലെത്തുകയുള്ളു.മാഡം മ്സ്. മേരി മത്തായിവീട്ടിലെ കാര്യങ്ങളൊക്കെ നോക്കിക്കൊള്ളും.
മകനെ വിദ്യാപീഠത്തിൽ കൊണ്ടുവിടണം, തിരികെ കൊണ്ടുവരണം.
ക്ലബ്ബിൽ പോകണം.
YWCA-ൽ ബ്യൂട്ടിഷൻ ക്ലാസ്സെടുക്കണം.
ചിലപ്പോൾ കുക്കിംഗ് ക്ലാസ്സെടുക്കണം.
ചില സാമൂഹ്യസേവനരംഗങ്ങളിൽ ശ്രദ്ധപതിപ്പിക്കണം.
പള്ളിയിലെ ഗായകസംഘത്തിന് പരിശീലനവും നേതൃത്വവും കൊടുക്കണം.
അങ്ങനെ പോകുന്നു തിരക്കുള്ള മേരിമാഡത്തിന്റെ ദിനചര്യകൾ.

ജോൺമത്തായി രണ്ടാഴ്ചകൾ കഴിഞ്ഞാണ് വീട്ടിലെത്തിയത്.
വീടിന്റെ ഡ്രൈവ്വേയിൽ പരിചയമില്ലാത്ത ഒരു കാർ കണ്ടു. സ്വന്തം ബെൻസ് കാറിനോട് ചേർന്നുകിടക്കുന്ന കാർ ആരുടേതായിരിക്കും?
മുന്നറിയിപ്പില്ലാതെ വീട്ടിൽ കടന്നു. സ്വന്തം വീടല്ലേ? ഔപചാരികതയുടെ ആവശ്യമില്ലല്ലോ. പരിചാരികയുടെ മുഖത്തെ പരിഭ്രമം ശ്രദ്ധിച്ചു.
“നിന്റെ കൊച്ചമ്മ എവിടെ?”
വേലക്കാരി മറുപടി പറഞ്ഞില്ല.
അവൾ പരിഭ്രമത്തോടെ കിടപ്പുമുറിയിലേയ്ക്കു നോക്കി.
എന്തോ പന്തിയില്ലായ്മ അനുഭവപ്പെട്ടു.

അരോഗദൃഢഗാത്രനായ ഒരു യുവാവും സ്വന്തം ഭാര്യയായ മ്സ് മേരി മത്തായി മാഡവും അകത്തെ മുറിയിൽനിന്നും ഇറങ്ങിവന്നു.
യുവാവിനെ കണ്ടുപരിചയമുണ്ട്. സ്ഥലത്തെ പോലീസ് സർക്കിൾ ഇൻസ്പെക്ടറാണ്.
“അല്ല, സാറൊരുദിവസം നേരത്തെ വന്നോ?”
ഉറച്ച മസിലുകളുള്ള പോലീസ് ഉദ്യോഗസ്ഥൻ കൂസലെന്യേ ചോദിച്ചു. ആ ചോദ്യത്തിൽ പരിഹാസഛവി കലർന്നിരുന്നു. എന്നിട്ടയാൾ ഒന്നും പറയാതെ അയാളുടെ കാറിൽ കയറി ഓടിച്ചുപോയി.
വലിയ കമ്പനിയുടെ വലിയ ഉദ്യോഗസ്ഥനായ ജോൺമത്തായിക്ക് ഉള്ളിൽ കോപവും താപവും നുരഞ്ഞു പൊങ്ങി. സപ്തനാഡികളും തളരുന്നതുപോലെ അയാൾക്കു തോന്നി. മൃദുലമായ സോഫായിൽ കുറേനേരം തളർന്നിരുന്നു. ശരീരം വിറച്ചു. തൊണ്ട വരണ്ടു. അരമണിക്കൂർ കഴിഞ്ഞുകാണും, ഭാര്യ ഒരുകപ്പ് ചായ കൊണ്ടുവന്ന് ടീപോയിയിൽ വച്ചു. പെട്ടെന്ന് നടന്നുപോയി. മുഖത്തോടുമുഖം നോക്കിയില്ല. ഇരുപതുകൊല്ലത്തെ ദാമ്പത്യം അടിച്ചേല്പിച്ച വിഴുപ്പുഭാരങ്ങളിൽ ഒന്നാണ് ആ ചായസല്ക്കാരം. ഇതുവരെ പണിതുയർത്തിയ ചില്ലുകൊട്ടാരങ്ങൾ ഒരുനിമിഷംകൊണ്ട് പൊട്ടിത്തകരുന്നതുപോലെ ജോൺ മത്തായിക്ക് തോന്നി.

തിരി്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.
അതിരാവിലെ കാർ സ്റ്റാർട്ടുചെയ്യുമ്പോൾ ഭാര്യ മൗനം ഭഞ്ജിച്ചു.
“എങ്ങോട്ടാ?”
മറുപടി പറഞ്ഞില്ല. വേഗം കാറോടിച്ചുപോയി.

പെൻഷൻപറ്റിപ്പിരിഞ്ഞ ഒരു ഹൈക്കോടതിജഡ്ജി ജോൺ മത്തായിയുടെ കസിനാണ്. ജഡ്ജിയച്ചായൻ പറഞ്ഞു.
“ഇതൊക്കെ മിക്കവാറും എല്ലാ വലിയ വീടുകളിലും സംഭവിക്കുന്നതാ. അവൾക്ക് ഒരു വാണിംഗ് കൊടുത്തുവിട്ടേയ്ക്ക്. അല്ലെങ്കിൽ നാറ്റക്കേസാ.”
“വല്ലവന്റെയും വിഴുപ്പ് ഞാൻ ചുമക്കണോ?”
“നിനക്കത്ര നിർബന്ധമാണെങ്കിൽ ഒരു ഒളിക്യാമറാ ഫിറ്റ് ചെയ്യൂ. പക്ഷേ ആരും അറിയരുത്. ഒരുപക്ഷേ നിന്റെ സംശയമായിക്കൂടെന്നില്ല.”

ഒളിക്യാമറാ പകർത്തിയ ദൃശ്യങ്ങൾ കണ്ട് ജോൺ മത്തായി എന്ന ഭർത്താവുദ്യോഗസ്ഥൻ ഞെട്ടി. വലിയ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനായ ജോൺമത്തായിയുടെ ഏറ്റവും അടുത്ത വൃത്തങ്ങളിലേയ്ക്ക് വാർത്ത വ്യാപിക്കുവാൻ തുടങ്ങി. അടക്കം പറച്ചിലുകൾ ശബ്ദാതീതവേഗത്തിൽ സഞ്ചരിക്കാൻ തുടങ്ങി. കേട്ടവർ കേട്ടവർ ഞെട്ടി. ചിലർ മൂക്കത്തു വിരൽവച്ചു.

ഇരുപതുവർഷങ്ങൾക്കുമുമ്പ് അന്ത്രയോസ് തിരുമേനി വാഴ്ത്തിത്തന്ന മിന്നാണ് അവളുടെ കഴുത്തിൽ തൂങ്ങിക്കിടക്കുന്നത്. അതിന്റെ ഇഴകൾ മരണത്തെക്കാളും ശക്തിയുള്ളതാണ്. അതു പൊട്ടിച്ചെറിയാൻ പറ്റുകയില്ല.
അന്ത്രയോസ് തിരുമേനി ചൊല്ലിയ മംഗല്യസൂക്തങ്ങൾ ജോൺ മത്തായിയുടെ മനസ്സിൽ തികട്ടിവന്നു.

“ജാതിയിൻ പുത്രി നീയേ സുന്ദരി
ബഹുസുന്ദരി
ശ്ലോമോൻ രാജൻ തിരുസഭയാം
നിന്നെ-വർണ്ണിക്കുന്നു

തേൻകട്ടകൾ നിൻ-അധരം പൊഴിക്കുന്നു
അങ്കികൾ സുഗന്ധി-നീസാൻ
കുസുമം പോൽ

സുന്ദരിസഭയെ നിന്നിൽ
മാലിന്യം-ഇല്ലേതുമേ
മ്ശിഹാരാജൻ തൻ കുരിശാൽ
നിന്നെ-കാത്തീടുന്നു”

“നിന്റെ വലതുവശത്തുനില്ക്കുന്ന ഈ വധു തേജസ്വിനിയും പരിപാവനയുമായ വിശുദ്ധസഭയുടെ ഉപമാനമാണ്. തികഞ്ഞ സ്നേഹത്തോടെ അവളെ സ്വീകരിക്കുക.”
വിശുദ്ധ കൂദാശയുടെ ഒടുവിൽ അദ്ദേഹം കല്പിച്ചു.
“മരണം നിങ്ങളെ വേർപിരിക്കുന്നതുവരെ വേർപിരിയരുത്.”

ആഗ്നേയശിലയിൽ അഗ്നിയംഗുലികൾ കൊണ്ട് ആഴത്തിൽ ആലേഖനം ചെയ്യപ്പെട്ട കല്പനയാണത്. ജോൺമത്തായി പേടിച്ചരണ്ടു. വിശുദ്ധമായ മംഗല്യച്ചരടുകൾ ഇന്ന് വ്യഭിചാരത്തിന് സാക്ഷിയാവുന്നു. കഴുത്തിൽ കുരുക്കുവീണ തെരുവുനായയെപ്പോലെ അയാൾ മോങ്ങി.
ഒരു വെള്ളിയാഴ്ച പ്രഭാതത്തിൽ ജോൺ മത്തായി അറസ്റ്റുചെയ്യപ്പെട്ടു. മസിലുള്ള ഒരു പോലീസുകാരനാണ് ജോൺ മത്തായിയെ കസ്റ്റടിയിലെടുത്തത്. കുറ്റകൃത്യങ്ങൾ പലതാണ്. ഇൻഡ്യൻ പീനൽകോഡിന്റെ വിവിധവകുപ്പുകൾ അയാളുടെമേൽ ചാർത്തപ്പെട്ടു. വലിയ കമ്പനിയുടെ വലിയ ഉദ്യോഗസ്ഥനായ ജോൺ മത്തായിയുടെ അറസ്റ്റ് ടെലിവിഷൻ ചാനലുകൾ ആഘോഷിക്കുകയാണ്.
“ഇവിടെ ഒരു സ്ത്രീയാണ് ഇരയാക്കപ്പട്ടിരിക്കുന്നത്. ഇരയെന്നുമാത്രമേ ഞാൻ പറയുകയുള്ളു. ഇരയുടെ പേർ വെളിപ്പെടുത്താൻ കഴിയുകയില്ല. ഇൻഡ്യൻ ശിക്ഷാനിയമം 228-എ വകുപ്പനുസരിച്ച് ഇരയാക്കപ്പെട്ട വനിതയുടെ പേർ പറയാൻ പാടില്ല.”
ടെലിവിഷൻ അവതാരകൻ ചാനലിന്റെ സായംകാല സംവാദം ആരംഭിച്ചു.  
“ഇൻഡ്യൻ പീനൽ കോഡ് അഥവാ ഭാരത ശിക്ഷാനിയമം ഒരു സ്ത്രീയ്ക്ക് എല്ലാ സുരക്ഷിതത്വവും വാഗ്ദാനം ചെയ്യുന്നുണ്ട്. അതെല്ലാം കാറ്റിൽ പറത്തി ഒരു നരാധമൻ ഒരു വനിതയുടെ അന്തസ്സും അഭിമാനവും പിച്ചിച്ചീന്തിയിരിക്കുന്നു. കേട്ടുകേൾവിയില്ലാത്ത ഒരുസംഭവം ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളത്തിൽ സംഭവിച്ചിരിക്കുന്നു. സംഭവമിതാണ്. ഒരു വനിതയുടെ കിടപ്പുമുറിയിൽ അവളുടെ ഭർത്താവെന്നു പറയപ്പെടുന്ന നരാധമൻ ഒളിക്യാമറാ ഫിറ്റുചെയ്ത് അവളുടെ സ്വകാര്യനിമിഷങ്ങൾ പകർത്തിയിരിക്കുന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണ്. സ്ത്രീയോടുള്ള അനീതി അവർ സഹിക്കുകയില്ല.”
ടെലിവിഷൻ അവതാരകന്റെ നീതിബോധം ഉണർന്നു. ചർച്ചയിലെ പങ്കാളികൾ അയാളുടെ ആത്മരോഷത്തിൽ പങ്കുചേർന്നു.
ഒരു നിയമപണ്ഡിതൻ
പെൻഷൻപറ്റിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ
സാമൂഹ്യപ്രവർത്തക
സ്ത്രീശക്തി എന്ന സംഘടനയുടെ യുവപ്രതിനിധി
ഒരു ആത്മീയാചാര്യൻ
ഇവരാണ് സംവാദത്തിൽ പങ്കെടുക്കുന്ന പാനലിസ്റ്റുകൾ. അവരെല്ലാം ഒറ്റക്കെട്ടാണ്. ‘അവൾക്കു’ നീതികിട്ടണം.

നിയമജ്ഞൻ സംസാരിക്കുവാൻ തുടങ്ങി. നീതിബോധംകൊണ്ട് അയാളുടെ കണ്ണുകൾ ചുവന്നിരുന്നു.
“ഇവിടെ അക്ഷന്തവ്യമായ ഒരു കുറ്റകൃത്യം നടന്നിരിക്കുന്നു. ഒരു സ്ത്രീയുടെ സ്വകാര്യതയിലേയ്ക്ക് ഒരു നരാധമൻ ഉളിഞ്ഞുനോക്കുന്നു. ക്രിമിനൽ ലാ അമെന്റ്മെന്റ് നിയമം 2013 അനുസരിച്ച് ജാമ്യം ലഭിക്കാൻ അർഹതയില്ലാത്ത കുറ്റമാണ് ഭർത്താവെന്നു പറയുന്ന മനുഷ്യൻ ചെയ്തിരിക്കുന്നത്. ഇൻഡ്യൻ ശിക്ഷാനിയമം സെക്ഷൻ 345-ഡി അനുസരിച്ച് അയാൾ അഞ്ചുവർഷത്തിൽ കുറയാത്ത തടവുശിക്ഷ അർഹിക്കുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.”
“അയാൾ ഭർത്താവല്ലേ? അപ്പോൾ അവളുടെ സ്വകാര്യത ഒരുവിധത്തിൽ അയാൾക്കവകാശപ്പെട്ടതല്ലേ?”
ടെലിവിഷൻ അവതാരകന്റെ ആ ചോദ്യത്തിന് മറുപടി നല്കിയത് സാമൂഹ്യപ്രവർത്തകയാണ്.

അവർ പറഞ്ഞു.
“ഒരു സ്ത്രീയുടെ സ്വകാര്യത അവളുടേതു മാത്രമാണ്. അവളുടെ സ്കാര്യനിമിഷങ്ങൾ ആരുമായി പങ്കുവയ്ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവൾക്ക് മാത്രമാണ്.ആസ്വകാര്യതയിൽ മറ്റൊരാൾ, അയാൾ ആരുമായിക്കൊള്ളട്ടെ, അതിക്രമിച്ചുകയറാൻ പാടില്ല. ഇവിടെ ഭർത്താവ് അവളുടെ അവകാശത്തിന്മേൽ കയ്യേറ്റം നടത്തിയിരിക്കുന്നു. അയാൾ കുറ്റക്കാരനാണ്. കുറ്റവാളി ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ കുറ്റവാളിക്ക് ലഭിക്കണം.”

അടുത്ത ഊഴം സ്ത്രീശക്തിയുടെ പ്രതിനിധിക്കായിരുന്നു. അവർ യുവതിയാണ്. ആക്ടിവിസ്റ്റ് ആണ്, വാചാലയാണ്. അവരുടെ വാക്കുകൾക്ക് ശക്തമായ പ്രഹരശേഷിയുണ്ട്.
അവർ മൊഴിഞ്ഞു.
“ചില മതങ്ങൾ അനുശാസിക്കുന്നത് ‘ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളത്’ എന്നാണ്. സ്ത്രീ സ്വകാര്യസ്വത്താണോ? അവൾക്കൊരു വ്യക്തിത്വമില്ലേ? വിവാഹം ഒരു കോൺട്രാക്റ്റാണ്. ഒരു കോൺട്രാക്റ്റുമാത്രം. അതൊരു തീറാധാരമല്ല. അനിയന്ത്രിതമായ ഒരവകാശവും ഈ കോൺട്രാക്റ്റുവഴി ഭർത്താവിന് വന്നുചേരുന്നില്ല.ഏതുനിമിഷവും ‘അവളുടെ’ ഇംഗിതമനുസരിച്ച് റദ്ദുചെയ്യപ്പെടാവുന്ന ഒരുഉടമ്പടി മാത്രമാണ് വിവാഹം. നൂറ്റാണ്ടുകൾക്കുമുമ്പ് ഏതോ മതഗ്രന്ഥത്തിൽ എഴുതിവച്ചിരിക്കുന്ന ആഭാസങ്ങൾ പാലിക്കാൻ ‘അവൾക്ക്’ ബാദ്ധ്യതയില്ല.വിവാഹം ഒരു നുകമാണെന്നു തോന്നുന്ന നിമിഷത്തിൽ അതെടുത്തെറിയാൻ അവൾക്ക് കഴിയണം. അതിനാണ് നിയമവ്യവസഥ.”

പെൻഷൻപറ്റിയ പോലീസ് ഉദ്യോഗസ്ഥൻ സഹപ്രസംഗകരുടെ അഭിപ്രായങ്ങൾ ശരിവച്ചു. അദ്ദേഹം തുടർന്നു.
“ഇവിടെ ബഹുമാനപ്പട്ട വക്കീൽ പറഞ്ഞതുകൂടാതെ ശിക്ഷാർഹമായ പല കുറ്റങ്ങളും ഭർത്തവായ ഈ ‘മഹാൻ’ ചെയ്തിരിക്കുന്നു.
ഇൻഫർമേഷൻ ടെക്ക്നോളജി നിയമം 2000-ന്റെ 66-ഇ സെക്ഷൻ പ്രകാരം ഒരു സ്ത്രീക്കെതിരായി സൈബർകുറ്റം നടത്തിയിരിക്കുന്നു. പ്രതി ഡിജിറ്റൽ സിസ്റ്റം ഉപയോഗിച്ച് ഇര അറിയാതെ അവളുടെ സ്വകാര്യനിമിഷങ്ങൾ പകർത്തിയിരിക്കുന്നു. ഒരു വിധത്തിലും അവ കാണാൻ ഇര അനുവദിക്കാത്ത അയാൾ ഇരയുടെ മാന്യതയ്ക്കും അതിലുപരി സ്ത്രീത്വത്തിനുമെതിരായി അക്ഷന്തവ്യമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. ഇൻഡ്യൻ തെളിവ് നിയമം 53എവകുപ്പ് പ്രകാരം ആ മനുഷ്യൻ ശിക്ഷാർഹനാണ്.”

പ്രഗത്ഭനായ വക്കീൽ വീണ്ടും ഇടപെട്ടു. അയാൾ വാചാലനായി.
“ഇവിടെ കുറ്റം ചെയ്തത് ഇരയുടെ ഭർത്താവ് മാത്രമല്ല. വലിയൊരു ഉപജാപകസംഘവും ഈ കുറ്റകൃത്യത്തിന് പിന്നിലുണ്ട്. ഇൻഡ്യൻ ശിക്ഷാനിയമം 120-ബി വകുപ്പനുസരിച്ച് ഉപജാപകം (Conspiracy) ഒരു കുറ്റകൃത്യമാണ്. ആ കുറ്റത്തിൽ റിട്ടയേർഡ് ജഡ്ജിയും ഒളിക്യാമറ സ്ഥാപിച്ച കമ്പനിയുമെല്ലാം കുറ്റക്കാരാണ്.”

സരസനായ ടെലിവിഷൻ അവതാരകൻ ഒരു ചോദ്യംകൂടി ഉന്നയിച്ചു.
“ഒരു് സ്ത്രീ അവളുടെ സ്വകാര്യനിമിഷങ്ങൾ അവളുടെ ഭർത്താവല്ലാത്ത ഒരാളുമായി പങ്കുവയ്ക്കുന്നു. ഭർത്താവ് അപ്രതീക്ഷിതമായി അയാളുടെ വീട്ടിലേയ്ക്കു വരുന്നു, ഭാര്യയുടെ സ്വകാര്യനിമിഷങ്ങൾ കാണുന്നു. ഇൻഡ്യൻ ശിക്ഷാനിയമം 345-സി അനുസരിച്ച് അയാൾ ഒരു ഉളിഞ്ഞുനോട്ടക്കാരൻ അഥവാ പീപ്പിംഗ് ടോം (Peeping Tom) ആയി മാറുന്നു. ശിക്ഷാർഹമായ കുറ്റമാണത്. അതൊഴിവാക്കാൻ അയാളെന്തു ചെയ്യണം?”

ഉത്തരം പറഞ്ഞത് ഗുരു ദേവാനന്ദയാണ്. സമുദായഭേദമെന്യേ ആദരിക്കപ്പെടുന്ന  ആത്മീയാചാര്യനാണദ്ദേഹം. അദ്ദേഹം പറഞ്ഞു.
“ഏകദേശം എൺപത് വർഷങ്ങൾക്കുമുമ്പ് ഇതുപോലൊരു സംഭവം നമ്മുടെ രാജ്യത്ത് നടന്നു.ഉത്തര ഭാരതത്തിലാണു സംഭവം.രാജഭരണം നടക്കുന്ന കാലം. രാജകല്പന കരിങ്കല്ലുപോലും പിളർക്കും. സർക്കാരിന്റെ വളരെ ഉയർന്ന ഒരുദ്യോഗസ്ഥനായിരുന്നു പരമേശ്വർ മാധവരായർ. ദിവാൻജിയുടെ ഏറ്റവുമടുത്ത സുഹൃത്തും വിശ്വസ്ഥനുമായിരുന്നയാൾ. ഒരുദിവസം മാധവരായർ ഹജൂർ കച്ചേരിയിൽ നിന്ന് അല്പം നേരത്തേ വീട്ടിലെത്തി. വീടിന്റെ മുറ്റത്തൊരു ആഡംബരകാർ കിടക്കുന്നതുകണ്ട് മാധവരായർ ഞെട്ടി. കാർ ആരുടേതാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. രാജ്യം ഭരിക്കുന്ന മഹാരാജാവിന്റെ കാറായിരുന്നത്. അക്കാലത്ത് രാജ്യത്ത് ചുരുക്കം പേർക്കുമാത്രമേ ആഡംബരകാർ സ്വന്തമായിട്ട് ഉണ്ടായിരുന്നുള്ളു. നേരേ ഭവനത്തിലേയ്ക്കു ചെല്ലുന്നതാപത്താണ്. ഒരുപക്ഷേ തല അധികനാൾ കഴുത്തിന് മുകളിൽ കാണുകയില്ല. മാധവരായർ പെട്ടെന്ന് തീരുമാനമെടുത്തു. ഏകമകൾ മുറ്റത്തെ മാഞ്ചുവട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടു. മാധവരായർ സ്വന്തം കാർ വേഗത്തിൽ നിരത്തിൽ കൂടി ഓടിച്ചുപോയി. ഭാഗ്യം, മകൾ കണ്ടില്ല. കാർ നേരെ ചെന്നുനിന്നതു ജഗദ്ഗുരുവിന്റെ വിശ്വപ്രേമാനന്ദമഠം ആശ്രമത്തിലാണ്. ഗുരു സദ്ഗുണാനന്ദഭാരതിയാണ് അന്നത്തെ മഠാധിപതി. മാധവരായർ ഗുരുവിന്റെ പാദപീഠത്തിൽവീണ് സർവ്വസംഗപരിത്യാഗിയായി സന്യാസജിവിതത്തിന് സമർപ്പിച്ചു. അദ്ദേഹമാണ് പിന്നീട് സദ്ഗുരു വിശ്വതേജസ്സാനന്ദഭാരതിയായി ലോകം ബഹുമാനിച്ച യതിവര്യൻ.
അതുകൊണ്ട് ഭർത്താക്കന്മാർ സദ്ഗുരുവിന്റെ മാതൃക പിന്തുടരുക. സ്ത്രീകളുടെ സ്വകാര്യതയെ മാനിക്കുക. അതവരുടെ അവകാശമാണ്. അവരുടേതു മാത്രമാണത്.”

സരസനായ ടെലിവിഷൻ അവതാരകൻ പറഞ്ഞു.
“ഏതായാലും ഇപ്പോൾ ആശ്രമങ്ങളിൽ സ്വാമിമാരുടെയും ധ്യാനകേന്ദ്രങ്ങളിൽ ഭക്തന്മാരുടെയും എണ്ണം കൂടി വരുന്നുണ്ട്.
ലോകോ സമസ്താ സുഖിനോഭവന്തു!”

Facebook Comments

Comments

 1. American Mollakka

  2021-09-03 21:00:51

  അസ്സലാമു അലൈക്കും സഞ്ജീവ് സാഹിബ്. കഥ ഞമ്മക്ക് പെരുത്ത് ഇസ്റ്റം ആയി. മാഡം മത്തായിമാരെ ഞമ്മക്ക് പരിചയമുണ്ട്. ഞമ്മടെ അത്തറിന്റെ മണം ബേണം എന്ന് ചിലർ പറയാറുണ്ട്. ഇങ്ങള് അതൊക്കെ കഥയാക്കി നാട്ടാരെ അറിയിക്കല്ലേ സാഹിബ്. ഇങ്ങടെ എയ്തിന് ഒരു സലാം. ഞമ്മള് ഹൂറിമാരെ നോക്കി നടക്കുമ്പോൾ ഇനി മുതൽ ഇങ്ങളെ ശ്രദ്ധിക്കാം. അപ്പൊ വീണ്ടും കാണാം.

 2. Sreedevikrishnan

  2021-09-03 01:11:14

  Samjev’s story was interesting as it points out the various amendments of the penal code and how tv channel panelists twist them and talk in support An interesting story which keeps you engaged

 3. Samgeev

  2021-08-31 21:28:30

  Thank you very much, Mr.Sudhir Panikkaveettil for your good comments.

 4. Sudhir Panikkaveetil

  2021-08-31 18:15:19

  നിയമങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ പുതപ്പിച്ച് നിർത്തി. അതേസമയം സ്വാമിമാർ ഉണ്ടാകുന്ന പിന്നാമ്പുറ കഥകളിൽ രതിയുടെ സ്വാധീനം. രതിയും ഭക്തിയും വേര്പിരിയാത്ത ചങ്ങാതിമാർ. ചിലപ്പോൾ എഴുത്തുകാർ കൊട്ടാര വിദൂഷകന്മാരെപോലെ സദസ്സിനെ രസിപ്പിക്കുന്ന. ശ്രീ സഞ്ജീവ് സാർ നന്മകൾ നേരുന്നു

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചിരാത് (കഥ: മേഘ നിശാന്ത് )

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

തോണിക്കാരിയിൽ പെയ്ത മഴ (കവിത: ഡോ. അജയ് നാരായണൻ)

വലത്തു ഭാഗത്തെ കള്ളൻ (കഥ: വെന്നിയോൻ ന്യുജേഴ്സി)

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

നിത്യകല്യാണി (കഥ: റാണി.ബി.മേനോൻ)

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

വിശക്കാതിരുന്നെങ്കിൽ! (സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

View More