സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മികച്ച സീരിയലിനുള്ള അവാർഡ് കൊടുക്കുന്നില്ല എന്ന ജൂറി പ്രഖ്യാപനവും സാംസ്കാരികവകുപ്പ് മന്ത്രിയുടെ പ്രസ്താവനാപൂർണ്ണമായ അറിയിപ്പുമാണ് ഇത്തവണ ശ്രദ്ധയാകർഷിച്ചത്. സാങ്കേതികമികവും കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയും നവോത്ഥാന ലക്ഷണങ്ങളുമില്ലാതെ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്ന സീരിയലുകളെ അവാർഡ്പടിക്ക് പുറത്താക്കാൻ തീരുമാനിച്ചു എന്നാണ് മന്ത്രി അറിയിച്ചത്.
നന്നായി എന്ന് സീരിയൽ ആസക്തർ പോലും പറഞ്ഞു പോയിരിക്കും. ഭരണ രംഗത്ത് കോവിഡ് വരുത്തുന്ന മ്ളാനതയ്ക്കിടയിൽ സാംസ്കാരിക മന്ത്രി നീട്ടിയടിച്ച് ഗോളാക്കിയ ഒരവസരമാണിത്. കൊള്ളാം..!
കുറെക്കാലമൊക്കെ മുൻപ് (സീരിയലൊന്നും ഇല്ലാതിരുന്നപ്പോൾ ) നമ്മുടെ നാട്ടുമ്പുറങ്ങളിലൊക്കെ അയൽപക്കത്തുള്ളവർ തമ്മിൽ വഴക്കു കൂടുമ്പോൾ പരസ്പരം അസഭ്യങ്ങളും രഹസ്യപുരാണങ്ങളും വിളിച്ചു പറഞ്ഞ് അടി വരെയെത്തുന്ന കലാപരിപാടി മിക്കവാറും ഉണ്ടായിരുന്നു. കാലം പോകെ സാമ്പത്തികമായും സാംസ്കാരികമായുമൊക്കെ കേരളമങ്ങ് വളർന്ന് സ്വന്തം വീട്ടകങ്ങളിൽ മാന്യരായിരിക്കുന്ന ജനതയായി നാം മാറി. എന്നാൽ ആ പഴയകാല കലാരൂപത്തിന്റെ പട്ടുസാരിയും പുട്ടിയുമണിഞ്ഞ വേർഷനാണ് ഇന്ന് സീരിയലുകളായി സ്വീകരണ മുറികളിൽ നിറഞ്ഞാടുന്നത്. അസഭ്യങ്ങളും അവിഹിതങ്ങളും ഒന്നിച്ചിരുന്ന് ആസ്വദിക്കുകയാണ് കുടുംബക്കാരാകെ. സുന്ദരൻമാരും സുന്ദരികളും ചമയങ്ങളും ആടയാഭരണങ്ങളുമണിഞ്ഞ് വിങ്ങിപ്പൊട്ടി, കാറിക്കൂവി, ഗദ്ഗദങ്ങളഴിച്ചു വിട്ട് വീടുകളെ വിറപ്പിക്കുന്നു. കൊടുക്കരുത് അവാർഡ് ... ഒറ്റയെണ്ണത്തിന്.
എന്നാൽ ഒന്നു നോക്കിയേ... ടെലിവിഷൻ പരിപാടികളിൽ അതും സ്വകാര്യ ചാനലുകളിൽ ഏത് ഐറ്റമാണ് നൂറു ശതമാനം കൃത്യതയും കാര്യക്ഷമതയും പുലർത്തുന്നത് ? വാർത്താ അവതരണം പോലും വിശ്വസിക്കാൻ പറ്റുന്ന സ്ഥിതിയിലാണോ..? തൽസമയ റിപ്പോർട്ടിംഗുകൾ രണ്ട്ദിവസം കഴിഞ്ഞൊന്ന് കണ്ടു നോക്കൂ.. മൽസര ബുദ്ധിയും ആക്രാന്തവുമല്ലാതെ സത്യസന്ധത കണി കാണാനുണ്ടോ....?
സന്ധ്യയ്ക്ക് മുതൽ വിരിയുന്ന ചർച്ചകൾ വിടർന്നു പരിലസിക്കുന്നത് ആദ്യമൊക്കെ ഒരു ആകാംക്ഷയും കൗതുകവുമായിരുന്നു. എന്നാലിപ്പോൾ എത്ര പേർ കാണുന്നുണ്ടിതൊക്കെ.
കുട്ടികളുടേതെന്നു പറഞ്ഞ് വരുന്ന പ്രോഗ്രാമുകൾ അങ്ങനെയൊരു നിലവാരമാണോ പുലർത്തി വരുന്നത് ?
സീരിയൽ നടീ നടന്മാരും മിമിക്രി പ്രകടനക്കാരും ടി.വി സ്ക്രീൻ അടക്കിവാഴുകയല്ലേ..പിന്നെ തരം പോലെ സിനിമക്കാരും.
പൊതുവായി പറഞ്ഞാൽ എല്ലാ പരിപാടികളും സിനിമ സീരിയൽ കോമഡിക്കാരുടെ കൈവഴികളല്ലേ. ഇതെല്ലാം ഉൽഭവിക്കുന്നതും ചെന്നുചേരുന്നതും ഒരേ കടലുകളിൽ തന്നെ.
സീരിയലുകൾക്ക് മാത്രം അവാർഡ് നിരസിക്കേണ്ടതില്ലായിരുന്നു. ചന്തിക്ക് നാല് പെടകൊടുക്കുന്നതു പോലെ ഇന്നലെ പറഞ്ഞ വഴക്കൊക്കെ എല്ലാത്തിനും കൊടുത്തിട്ട് ഇവിടിരിപ്പുണ്ട് അവാർഡ് , മേലിൽ സൂക്ഷിച്ചോണം എന്നും വേണേൽ പറയാരുന്നു.
എന്തായാലും കുറെയധികം പേർക്ക് തൊഴിലുറപ്പുള്ള മേഖലയാണ് സീരിയൽ രംഗം. അതിനെ വഷളാക്കാതിരുന്നാൽ പിന്നണിക്കാരേ നിങ്ങൾക്കു തന്നെ നല്ലത്.
സ്ത്രീവിരുദ്ധവും ജീവിതവിരുദ്ധവുമായ ഇക്കണ്ടതൊക്കെ പടച്ചുണ്ടാക്കുന്നത് പുരുഷ പ്രതിഭകളാണ് മിക്കവാറും. അവർക്കാണ് സ്ത്രീജനത്തിന്റെ മനോവ്യാപാരങ്ങൾ കൃത്യമായറിയുന്നത്. അവരങ്ങ് നിശ്ചയിക്കും എങ്ങനെ വേണമെന്ന്.
കാഴ്ചക്കാർ ഭൂരിഭാഗവും പെണ്ണുങ്ങൾ തന്നെയാണെന്നത് എതിർക്കുന്നവരെ കാത്തിരിക്കുന്ന തോൽവിയെന്നതും വിരോധാഭാസം; അനുഭവിക്ക തന്നെ.
അടുത്ത ചലച്ചിത്ര അവാർഡ് പ്രഖ്യാപന വേളയിൽ സിനിമയെക്കുറിച്ചും മന്ത്രിവക ചൂരൽ പ്രയോഗം പ്രതീക്ഷിക്കുന്നു. ഞങ്ങൾ സാധാരണക്കാരൊക്കെ പറഞ്ഞാൽ ആര് കേൾക്കാനാണ് !
കേരളം വളർന്നു വളർന്ന് അമ്മമാർക്ക് ആൺ മക്കളോടൊപ്പം പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതി വരെയെത്തി നിൽക്കുകയാണ്. കൊല്ലത്ത് ഒരു അമ്മയെയും മകനെയും സദാചാര ഗുണ്ടകൾ ആക്രമിച്ചതറിഞ്ഞ് ലജ്ജിച്ചാൽ മാത്രം പോര .
ഇതിനൊക്കെ കാരണം സീരിയലുകളാണോ..? സാംസ്കാരിക വകുപ്പിനല്ല ആഭ്യന്തര വകുപ്പിനാണ് ഇതിന്റെയൊക്കെ ഉത്തരവാദിത്വം. അല്ലേ..?