ആദ്യന്തമാരോ കുറിച്ച,
ജീവിതയാത്രയ്ക്കിടയില്‍,
ആ, മുഖചിത്രമെന്നുള്ളില്‍,
നൊമ്പരപ്പൂവായ് വരച്ചു.
സഞ്ചാര വീഥിയിലന്നെന്‍,
ചാരത്തിരുന്ന കുമാരി,
പുഞ്ചിരിപ്പൂത്തിരി ചിന്നി,
മൗനത്തില്‍ നിന്നുമുണര്‍ത്തി;
അന്യോന്യം ചോദിച്ചറിഞ്ഞ്,
സൗഹൃദം പങ്കിട്ട് ഞങ്ങള്‍,
ഉറ്റവരായെന്ന തോന്നല്‍,
അമ്മയ്‌ക്കൊരമയെപ്പോലെ,
ഏതോ വഴിത്തിരിവെത്തി,
എങ്ങോ പിരിയുന്നവര്‍ നാം,
ജീവിതപ്പുസ്തകം നീര്‍ത്തി,
ആത്മകഥയോതി,യെന്നാല്‍-#ോ
കാതരേ നിന്‍ ജന്മസത്യം,
ശോകാര്‍ദ്രമായ ചരിത്രം,
വാഴ്‌വിലിടയ്ക്കിടയ്‌ക്കേവം,
മാറ്റൊലിക്കൊള്ളുന്നു കാതില്‍.
"ജന്മദാതാക്കളെനിക്ക്-
കേട്ടറിവുള്ളവര്‍ മാത്രം;
കൂട്ടിമുട്ടാതിരുദിക്കില്‍,
പ്രാര്‍ത്ഥന ശക്തിയാക്കുന്നോര്‍;
പാരിടം പാവനമാക്കാന്‍,
സേവനം പുണ്യമാക്കുന്നോര്‍;
രൂപംകൊടുത്തൊരു ജീവന്‍,
ദൂരത്തെറിഞ്ഞു കളഞ്ഞോര്‍;
കാണാതെ വിശ്വസിക്കുന്ന,
ഭാഗ്യവതിയെത്രയീ ഞാന്‍;
നട്ടുനനയ്ക്കാതെയെത്ര,
വിത്തുകള്‍ പൊട്ടിമുളച്ച്,
അമ്മയാം ദൈവമില്ലാതെ,
അച്ഛനാം ദൈവമില്ലാതെ,
പാഴ്മരമാകു,ന്നിവര്‍ക്ക്,
ഓമനപ്പേരാണനാഥര്‍,
കാരുണ്യപ്പൂമരക്കൈയില്‍-
ഞാനുമനാഥ, പരാദം;
താങ്ങും തണലും ചിലര്‍ക്ക്,
വേരറ്റുപോകുവോരേറെ'
മീന്നല്‍ക്കൊടികളക്കണ്ണില്‍
വാക്കിലിടിമുഴക്കങ്ങള്‍;
ഈവഴിയമ്പലം ചുറ്റി-
സത്വം തിരയുന്ന മര്‍ത്ത്യാ-
എത്രയോ തീരാത്ത നഷ്ടം!
കഷ്ട, മനാഥത്വ, മോര്‍ത്താല്‍ ഞാന്‍....
ആത്മാവ് പട്ടടയാകാന്‍,
സൃഷ്ടി നിയോഗമാണെന്നോ?