Image

തെംസിന്റെ കരയിൽ ... (അമേരിക്കൻ കുടിയേറ്റകുറിപ്പുകൾ-10: ഷാജു ജോൺ)

Published on 04 September, 2021
തെംസിന്റെ കരയിൽ ... (അമേരിക്കൻ കുടിയേറ്റകുറിപ്പുകൾ-10: ഷാജു ജോൺ)

'സൂര്യനസ്തമിക്കാത്ത  സാമ്രാജ്യം ......!'   ഗ്രേറ്റ്  ബ്രിട്ടൻ എന്ന ഇംഗ്ളണ്ടിനെക്കുറിച്ച്  ചരിത്രപുസ്തകത്തിലെ തങ്കലിപികളിൽ എഴുതി വച്ചിട്ടുള്ള വിശേഷണം  ഹൈസ്‌കൂൾ കാലഘട്ടത്തിൽ തന്നെ  ചെവിയിൽ  ഉറഞ്ഞുകുടിയിട്ടുള്ളതാണ്. സാമൂഹ്യപാഠം പഠിപ്പിച്ചിരുന്ന അധ്യാപകന്റെ  ഇഷ്ടപെട്ട രണ്ടു വാക്കുകൾ ആയിരുന്നു ...'ഹിറ്റ്ലർ' എന്നതും  'സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം' എന്ന തിളങ്ങുന്ന  വിശേഷണവും. അവസരം കിട്ടുന്ന എവിടെയും ഈ വാക്കുകൾ അദ്ദേഹം പ്രയോഗിക്കുമായിരുന്നു. അപ്പോൾ , അദ്ദേഹത്തിന്റെ മുഖത്ത് ഒരു തരം വീരഭാവം  വിരിയും,  കൊമ്പൻ മീശ മുകളിലേക്കുയരും  ....ആ മീശയുടെ ചലനങ്ങളാണ് ഈ വാക്കുകളെ  ആഴമായി എന്റെ  ഉള്ളിൽ പതിപ്പിച്ചു വച്ചത്.

ഖത്തറിന്റെ തലസ്ഥാനമായ  ദോഹയിൽ നിന്നുള്ള ഞങ്ങളുടെ അടുത്ത യാത്ര, ആ സാമ്രാജ്യത്തിലേക്ക് ആയിരുന്നു. തെംസ് നദിക്കരയിലുള്ള  ലണ്ടനിലേക്ക്, അവിടേക്ക്  പോകുവാനുള്ള  ടെർമിനലിൽ  ഞങ്ങളെത്തി. വിമാനം കയറുന്നതിനു മുൻപുള്ള പരിശോധനകൾ എല്ലാം മുറക്ക് തന്നെ നടന്നു. പാസ്പോർട്ട് കണ്ടുകിട്ടിയ സന്തോഷം  സുഹൃത്തിന്റെ മുഖത്ത് തെളിഞ്ഞു നിന്നിരുന്നു  . പാസ്സ്പോർട്ടുകൾ എല്ലാം   ഒരു ചെറിയ ബാഗിലാക്കി  ഞങ്ങൾ കാൺകെ സുഹൃത്ത്,  അയാളുടെ ഹാൻഡ്ബാഗിൽ വച്ചു .....അപ്പോഴും അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു , ഒരു കാരണവശാലും ഇനി യാത്രരേഖകൾ നഷ്ടപ്പെടുത്തരുത് എന്ന ദൃഢത ആ  മുഖത്ത് നിഴലിച്ചിരുന്നു,  
 
ഖത്തർ എയർവെയ്സിന്റെ വിമാനത്തിൽ തന്നെയാണ്  ലണ്ടനിലേക്ക്  പറക്കേണ്ടിയിരുന്നത്.  ഞങ്ങൾ തയ്യാറെടുത്തു........ നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം  ഉയർന്ന്  പൊങ്ങിയത്  പോലും അറിഞ്ഞിരുന്നില്ല , ആ കുറവ് ദോഹയിൽ നികത്തണമെന്നു ഉറച്ചു   ..... പറന്നുയരുന്നതിന്റെ മാസ്മരികത മനസ്സിന്റെ ഉള്ളിൽ അനുഭവഭേദ്യമാക്കണം. ഞാൻ പുറത്തേക്കു തന്നെ നോക്കിയിരുന്നു, രാത്രി ഏറെ വൈകിയതിനാൽ പുറത്ത് മറ്റൊന്നും കാണുവാൻ ഉണ്ടായിരുന്നന്നില്ല. നെടുകെയും കുറുകെയും വരച്ചിട്ട രേഖകൾ  പോലെ റൺവേയിലെ വിളക്കുകൾ തെളിഞ്ഞിരിക്കുന്നു. കയ്യിൽ, മെഴുകുതിരി പോലെയുള്ള ഒരു തരം ചുവന്ന വെളിച്ചം വരുന്ന സ്റ്റിക്കുമായി ഗ്രൗണ്ട് സ്റ്റാഫ് വിമാനത്തിന് വഴി കാണിക്കുന്നു. വളരെ സാവധാനം വിമാനം മുന്നോട്ടു  നീങ്ങി....

ഇതിനിടയിൽ,  അറേബ്യൻ ഹൂറിമാർ, സുരക്ഷാ കാര്യങ്ങളെ കുറിച്ച് അംഗവിക്ഷേപങ്ങളുമായി  ക്ലസ്സെടുത്തുകൊണ്ടിരുന്നു   ......വിമാനത്തിൽ ജീവവായു എങ്ങനെ ലഭ്യമാകും?  വിമാനം വെള്ളത്തിൽ പോയാൽ  പോയാൽ  എങ്ങനെ രക്ഷാകവചങ്ങൾ ഉപയോഗിക്കണം ?  പുറത്തേക്കു  ഏതു വാതിലുകളിലൂടെ രക്ഷപ്പെടണം.....? തുടങ്ങി നിരവധി വിവരണങ്ങൾ.

കഥകളിയാട്ടം പോലെയുള്ള അവരുടെ ക്‌ളാസ് കഴിഞ്ഞപ്പോൾ സത്യത്തിൽ  എനിക്ക് മനസ്സിൽ  ചിരിയാണ് വന്നത് ..ഇത് വല്ലതും നടക്കുന്ന കാര്യമാണോ.......? പറക്കേണ്ടത്  ആർത്തലാക്കുന്ന മഹാസമുദ്രങ്ങൾക്കും , മഞ്ഞ്  മൂടിയ പർവ്വതങ്ങൾക്കും മുകളിലൂടെയാണ്, താഴേക്ക് പോയാൽ എവിടെ രക്ഷപെടാൻ ? ദിനപത്രങ്ങളിലെ മുൻപേജുകളിൽ ഒരുപക്ഷെ  ഞങ്ങളുടെ പേരുകൾ കാണും അത്രമാത്രം  .....!  പക്ഷെ , പിന്നീട് ന്യൂയോർക്കിനു സമീപം ഹഡ്‌സൺ നദിയിൽ വിമാനം വീണതും 150 നു മുകളിൽ യാത്രക്കാർ പൈലറ്റിനെയും എയർഹോസ്റ്റസുമാരുടേയും  അവസരോചിതമായ ഇത്തരം  ഇടപെടലുകൾ മൂലം  രക്ഷപെട്ടതുമെല്ലാം പിന്നീടൊരിക്കൽ  വായിച്ചപ്പോളാണ്, ഇക്കാര്യങ്ങൾ പുച്ഛിച്ചു തള്ളിയ എന്നോട് തന്നെ ഒരു തരം അവജ്ഞ തോന്നിയത്.  

 എയർഹോസ്റ്റസുമാർ അവരുടെ ക്‌ളാസ് കഴിഞ്ഞു  തങ്ങളുടെ സീറ്റുകളിൽ പോയിരുന്നു. ഇരയെ അകലെ കണ്ട സിംഹത്തെപ്പോലെ  സാവധാനം നീങ്ങിയിരുന്ന  വിമാനം പെട്ടെന്ന് ശൗര്യം പൂണ്ടു.. ..   അതിന്റെ ശക്തി മുഴുവൻ എടുത്ത്  ഗർജ്ജിക്കുവാൻ തുടങ്ങി, ആ അലർച്ചയോടൊപ്പം വിമാനത്തിന്റെ സീറ്റുകളിൽ  വിറയൽ അനുഭവപ്പെടാൻ തുടങ്ങി ...ആ വിറയൽ എന്റെ ഉള്ളിലേക്കും പടർന്നു കയറി.  ഒരു നിമിഷം.......,  ഇരയെ കീഴടക്കിയ  മൃഗരാജനെപ്പോലെ , കണ്ണടച്ചു തുറക്കുന്നതിനു മുൻപ്   വിമാനം ആകാശത്തെത്തി .... വിറയൽ നിന്നു ......, ശാന്തം, സുന്ദരം ... ഏതാണ്ട് നാല്പത്തഞ്ചു ഡിഗ്രി ചരിഞ്ഞ്   ഞങ്ങളെല്ലാം ഇരുന്നു, ചെവികളിൽ ശക്തമായ സമ്മർദ്ദം അനുഭവപ്പെട്ടു ....  ഉയരങ്ങളിൽ  എത്തുന്നത് വരെ അത്   തുടർന്നു അവസാനം നീർക്കുമിളകൾ പൊട്ടുംപോലെ ഒരു ചെറുശബ്ദത്തോടെ പൊട്ടി ആ സമ്മർദ്ദം ഇല്ലാതായി .

എന്റെ കണ്ണുകൾ അപ്പോഴും  വിമാനജാലകത്തിനു പുറത്തുള്ള കാഴ്ചകളിലേക്ക് ആയിരുന്നു. ചുറ്റും ഇരുട്ട് മാത്രം. താഴെ
 ദോഹ പട്ടണത്തിലെ മിനാരങ്ങൾക്കു സ്വർണ്ണവർണ്ണം നൽകി നിയോൺ വിളക്കുകൾ  പ്രകാശിക്കുന്നു......ക്രമേണ ആ  വെളിച്ചവും നഷ്ടപ്പെട്ട് ഞങ്ങൾ ഇരുളിന്റെ ആത്മാവിലേക്ക് പറന്നു ......

ഉറക്കം കണ്ണുകളിൽ വരുന്നതെയില്ല. സമയം കളയുവാൻ  മുൻപിലെ സീറ്റിനു പുറകിലുള്ള  ടീവി സ്‌ക്രീനുകളെ  ആശ്രയിച്ചു.... കുറച്ചു സമയം കഴിഞ്ഞതോടു കൂടി സ്ഥലകാല ബോധ്യങ്ങൾ തീരെ നഷ്ടപ്പെട്ടു, ഏതു ദിവസ്സമാണെന്നോ ? സമയമെന്തായെന്നോ ? അറിയുവാൻ കഴിയാത്ത അവസ്ഥ ....! ഉരുണ്ട ഭൂമിയുടെ ആകാശത്തിലെവിടെയോ ആയിരുന്നു ഞങ്ങൾ  ...... കടന്നുപോകുന്ന  രാജ്യങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകൾ  ടി വി   സ്‌ക്രീനുകളിലൂടെ തെളിയുമ്പോൾ ഏതോ ഒരു തരം  ഉൾപുളകമായിരുന്നു ... കാണുവാൻ കൊതിയുള്ള  എത്രമാത്രം രാജ്യങ്ങൾക്കു മുകളിലൂടെ ആണ് ഞാൻ പോകുന്നത്...!

അയ്യായിരത്തി അഞ്ഞുറു കിലോമീറ്ററിനപ്പുറം പറക്കണമായിരുന്നു,  ഏഴര-എട്ടു മണിക്കൂർ സമയം ഒറ്റയിരുപ്പിൽ ഇരിക്കുക.   ആ ബോറടി മാറ്റിയത് സിനിമകൾ ആയിരുന്നു. മലയാളമടക്കമുള്ള  ധാരാളം പുതിയ സിനിമകൾ ഉണ്ടായിരുന്നു . ഏതാണ്ട് മുന്ന് സിനിമകളോളം  കണ്ടു ..പിന്നെ ഉറങ്ങി ... ലണ്ടനിൽ ഇറങ്ങുന്നു എന്ന പ്രഖ്യാപനമാണ് അവസാനം  ആശ്വാസം നൽകിയത്. ...പത്തു മിനിറ്റിനകം താഴെ വർണ പ്രപഞ്ചം തൂകിയുള്ള ലണ്ടൻ നഗരത്തെ കൺ കുളിർക്കെ കണ്ടു. അവിടെ എന്റെ കണ്ണുകൾ  തിരഞ്ഞത്  തെംസ് നദിയിലെ ഓടങ്ങളും,  ബക്കിങ്ങാം കൊട്ടാരവും , ടവർ  ബ്രിഡ്ജും ഒക്കെ ആയിരുന്നു, പക്ഷെ അവയെല്ലാം, ആ വർണ വെളിച്ചത്തിനുള്ളിൽ എവിടെയോ  ഒളിച്ചിരിക്കുകയായിരുന്നു......

അരമണിക്കൂറിനകം ഞങ്ങൾ ലണ്ടൺ എയർപോർട്ടിൽ ഇറങ്ങി. ടെര്മിനലിലേക്കു  നടക്കുമ്പോൾ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു , "ഈ എയർപോർട്ടിൽ , വലിയ പ്രശനങ്ങളില്ലാതെ  കടന്നു പോകണേ  ...!"

ലണ്ടൻ വിമാനത്താവളം  വളരെ തിരക്കേറിയ ഒരു സ്ഥലമാണ്. തിങ്ങി നിറഞ്ഞ യാത്രക്കാർ, എവിടെ നോക്കിയായാലും ജനങ്ങൾ ഇടിച്ചിറങ്ങി മുന്നോട്ടു പോകുന്നു... ചിലർ  ശ്വാസമെടുക്കാതെ  ഓടുന്നു ... വഞ്ചിനാട് എക്സ്പ്രസ്സ്  എറണാകുളം റയിൽ വേ സ്റ്റേഷനിൽ എത്തിയ  പ്രതീതി .... ഞങ്ങളും ആ ഒഴുക്കിനൊത്ത് മുന്നോട്ടു പോയി. ലണ്ടൻ വരെയുള്ള ബോർഡിങ് പാസ് മാത്രമേ കിട്ടിയിട്ടുള്ളു അത് കൊണ്ട് അടുത്ത  വിമാനത്തിനുള്ള  കൗണ്ടർ അന്വേഷിക്കുവാൻ തുടങ്ങി...കുറച്ചു സമയത്തിനു ശേഷമാണ് മനസിലായത് ,ആ ടെർമിനലിൽ നിന്നും ട്രയിനിൽ കയറി അടുത്ത ടെർമിനലിൽ എത്തണം എന്നത് , ഏതാണ്ട് അര മണിക്കൂർ സമയം വേണ്ട യാത്ര  .... ലണ്ടൻ എയർപോർട്ടിൽ നാലു  മണിക്കൂർ സമയം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. ഇതൊക്കെ തിരഞ്ഞുപിടിച്ചപ്പോൾ തന്നെ ഒരു മണിക്കൂർ കഴിഞ്ഞു ..ഒരു വിധത്തിൽ ഞങ്ങളുടെ ടെർമിനൽ കണ്ടു പിടിച്ചു അങ്ങോട്ട് നടന്നു .

സെക്യൂറിറ്റി പരിശോധന, പാസ്പോര്ട്ട്, വിസ  ചെക്കിങ് തുടങ്ങിയ കലാപരിപാടികൾ അവിടെയും തുടങ്ങി .കൗണ്ടറിൽ വെളുത്തു സുന്ദരനായ സായിപ്പ് ആയിരുന്നു. അദ്ദേഹം ചോദിച്ചു ? "നിങ്ങളുടെ ലഗേജുകൾ ....?"

അപ്പോഴാണ് ഉള്ളിൽ നിന്ന് തീക്കനൽ പോലെ എന്തോ കയറിവന്നത്, "ഞങ്ങൾ ലഗേജ് എടുത്തിരുന്നില്ല .....!"

 കൊച്ചിയിലെ കൗണ്ടറിൽ  'ബാലൻസിൽ വയ്‌ക്കു...'  എന്ന് പറഞ്ഞ സുന്ദരി, ലഗേജുകൾ എല്ലാം ലണ്ടനിൽ ക്ലിയർ ചെയ്ത് എടുക്കണം എന്ന് പറഞ്ഞിരുന്നത് ചെവിയിൽ ഓടിയെത്തി.

"ഇനി തിരിച്ചു പോകാനോ ....? അതും ഈ തിരക്കിനുള്ളിൽ ...." കാഴ്ചകൾ കണ്ടു നാലു വഴിക്കും ഓടുന്ന കുട്ടികളെ ചേർത്ത് പിടിക്കുന്നതിനിടയിൽ സുഹൃത്തുക്കൾ ചോദിച്ചു

"പോകാതെ തരമില്ല  ...." ഇതുപറയാനെ എനിക്ക് കഴിഞ്ഞുള്ളു

കൗണ്ടറിലെ വെളുത്ത സായിപ്പിനോട് വിവരങ്ങൾ പറഞ്ഞ്  ഞങ്ങൾ പത്ത് അംഗ സംഘം വീണ്ടും  പുറകിലേക്ക് നടക്കുവാൻ തുടങ്ങി ... പുറകിലേക്കുള്ള ട്രെയിനിൽ  കയറി ..വന്നിറങ്ങിയ സ്ഥലത്ത് തന്നെ വന്നുനിന്നു. വീണ്ടും അവിടെ നിന്ന് ബാഗേജ് ക്ലെയിം എന്നെഴുതിയ സ്ഥലത്തെത്തി. അവിടെ ഞങ്ങളുടെ ഇരുപതു പെട്ടികൾ  ബാഗേജ് കൺവേയറിൽ  കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു   ....

അവയെല്ലാം ഭാരപ്പെട്ടു പൊക്കിയെടുത്തു പുറത്തുവച്ചു. ഇനി കസ്റ്റംസ്  ക്ലീയർ  ചെയ്യണം. എയര്ഹോസ്റ്റസ് സുന്ദരി തന്ന കസ്റ്റംസ് ക്‌ളിയറൻസ് സ്ലിപ്പിനെപ്പറ്റി അപ്പോഴാണ് ഓർമ്മ വന്നത്...വിമാനത്തിൽ വച്ച് അത് പൂരിപ്പിച്ച് കയ്യിൽ വച്ചിരുന്നു.  നീളമുള്ള ആ പേപ്പറിൽ എന്തെല്ലാം സാധനങ്ങൾ ഞങ്ങളുടെ  പെട്ടിക്കകത്തു ഉണ്ടെന്നും ,എത്രരൂപയുടെ മുതലാണ് ഇതെന്നും തുടങ്ങി.. നിരവധി  ചോദ്യങ്ങൾ ഉണ്ടായിരുന്നു  .... ഞാൻ വെറും  നിർധനൻ ആണെന്നും, അതിൽ പറഞ്ഞിരിക്കുന്ന ഒന്നും കൊണ്ടുപോകുന്നില്ല എന്നും പൂരിപ്പിച്ചാണ് കസ്റ്റംസ് ഡിക്ലറേഷൻ സ്ലിപ് മടക്കി പോക്കറ്റിൽ ഇട്ടത്.    പോക്കറ്റിൽ കിടന്ന് ചുളുങ്ങിപ്പോയ , ആ പേപ്പറുമായി ഞാൻ കസ്റ്റംസ് ഓഫീസറുടെ മുന്നിൽ എത്തി.

പെട്ടിയുടെ വലിപ്പവും ഭാരവും കൊണ്ടായിരിക്കണം അവർ എല്ലാ പെട്ടികളും തന്നെ തുറന്നു നോക്കി. പിന്നെ പറയണോ ...? ഞങ്ങളുടെ പെട്ടിക്കകത്ത്, സ്വന്തം പാടത്ത് കൃഷി ചെയ്തുണ്ടാക്കിയ  നാടൻ കുത്തരി, കറുപ്പിന്റെ ഏഴഴകുള്ള കുടമ്പുളി, മരചക്കിൽ ആട്ടിയ എള്ളെണ്ണ  തുടങ്ങി സുമതി അരയത്തി സ്പെഷ്യൽ  ഉണക്കച്ചെമ്മീൻ വരെ ഉണ്ടായിരുന്നു, വറപൊരി സാധനങ്ങൾ വേറെയും  'ഇതൊന്നും അമേരിക്കയിൽ  കിട്ടൂല്ല  മോനെ ....' എന്ന് പറഞ്ഞു 'അമ്മ പ്രത്യേകമായി എടുത്ത് വച്ചതാണ് .

 മേപ്പടി വിഭാഗത്തിൽ പെട്ട ഒരു  സാധനങ്ങളും ഇല്ല എന്നെഴുതിയിരുന്ന കസ്റ്റംസ് ഡിക്ലറേഷൻ ഫോറത്തിൽ നോക്കി  ലണ്ടനിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻ ചിരിച്ചു ..... ' ഒരു ശരാശരി ഇന്ത്യൻ യാത്രക്കാരന്റെ ബാഗേജുകളിൽ, ഇതും, ഇതിനപ്പുറവും  ഉണ്ടാകും' എന്ന ധ്വനി ആ ചിരിയിൽ ഉണ്ടായിരുന്നു. അദ്ദേഹം വളരെ മാന്യമായി ഞങ്ങളോട്  പറഞ്ഞു "സർ ഇതൊന്നും കൊണ്ടുപോകാൻ കഴിയില്ല ..... ....."

എനിക്ക് ലണ്ടനിലെ കസ്റ്റംസ് ഓഫീസറോട് സങ്കടത്തോടൊപ്പം ബഹുമാനവും  തോന്നി . അമ്മ തന്നുവിട്ട സാധനങ്ങൾ കളയണമല്ലോ എന്ന സങ്കടമായിരുന്നെങ്കിൽ, ജീവിതത്തിൽ ആദ്യമായി ഒരു ഉയർന്ന ഉദ്യോഗസ്ഥൻ, എന്നെ  'സർ'എന്ന് വിളിച്ചതിലായിരുന്നു ബഹുമാനം  . ആത്മാർത്ഥത ഇല്ലാതെ , കാര്യം കാണുവാൻ വേണ്ടി മാത്രം  'സർ ' എന്ന് വിളിക്കുന്ന നമ്മുടെ നാട്ടിൽ നിന്നും, തന്നിൽ നിന്ന് താഴെയുള്ളവരെ പോലും  എങ്ങനെ ബഹുമാനിക്കണം എന്ന് പറഞ്ഞുതന്ന വാക്കുകൾ. വിദേശത്തുനിന്നു പഠിച്ച ആദ്യപാഠം.... .

കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെ 'അമ്മയുടെ  വിശേഷപ്പെട്ട സമ്മാനങ്ങൾ'  എല്ലാം തന്നെ  ഒരു  കറുത്ത ബാഗിലാക്കി  ട്രാഷിൽ  എറിഞ്ഞു ....ഏതാണ്ട് പത്തു കിലോയോളം ഭാരം  കുറഞ്ഞ ബാഗുകളുമായി  ഞങ്ങളെല്ലാവരും വീണ്ടും ട്രയിനിൽ കയറി ....ട്രയിൻ നിന്ന ഉടനെ ഇറങ്ങി ഓടുവാൻ തുടങ്ങി ....അപ്പോഴാണ്  ഈ എയർപോർട്ടിൽ കാലു കുത്തിയപ്പോൾ ആളുകൾ ഓടുന്നതിന്റെ രഹസ്യം പിടികിട്ടിയത്.

ഞങ്ങളുടെ സമയം മുഴുവൻ നഷ്ടപ്പെട്ടിരുന്നു. അടുത്ത ഫ്ലൈറ്റ് പോകുവാൻ അര മണിക്കൂർ മാത്രം.ഓട്ടത്തിനൊടുവയിൽ ഞങ്ങൾക്ക് പോകേണ്ട ടെർമിനലിൽ എത്തി ..അവിടെ വീണ്ടും ബാഗുകൾ കൊടുത്ത് അവരുടെ പരിശോധന കഴിഞ്ഞ് ബോർഡിങ് പാസ്സ് കിട്ടിയപ്പോഴേക്കും, വശങ്ങളിലുള്ള ടീവി സ്‌ക്രീനിൽ തെളിഞ്ഞു......'ഹ്യൂസ്റ്റണിലേക്കുള്ള ഗേറ്റ് തുറന്നിരിക്കുന്നു .....'

ലണ്ടനിൽ നിന്നും വിമാനം പറന്നുയർന്നപ്പോഴും  എന്റെ കണ്ണുകൾ താഴേക്ക്  ആയിരുന്നു ,,, വെള്ളി വെളിച്ചം വിതറി ലണ്ടൻ പട്ടണം തിളങ്ങി നിന്നു  ...  തെംസ് നദിയിലൂടെ വള്ളങ്ങളും,  ബോട്ടുകളും പോകുന്നുണ്ടായിരിക്കണം ..... ബക്കിങ്ങാം കൊട്ടാരവും, ടവർ  ബ്രിഡ്ജുമെല്ലാം  അപ്പോഴും വെളിച്ചത്തിനുള്ളിൽ എവിടെയോ ആയിരുന്നു .  അകലുംതോറും ആ വെള്ളിവെളിച്ചവും  നഷ്ടമായി ....യാത്രക്കാരിൽ അധികവും  മയക്കത്തിലേക്ക് വീണു ..ഒപ്പം ഞാനും.

(തുടരും ..)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക