Image

പായലും പോളയും കൊണ്ട് പാചകവാതകം: ആൻസി സാജൻ

Published on 08 September, 2021
പായലും പോളയും കൊണ്ട് പാചകവാതകം: ആൻസി സാജൻ
കുമരകം മലരിക്കലെ ആമ്പൽ വസന്തം കാണാൻ പോയിരുന്നു. കണ്ണെത്താ ദൂരത്തോളം വെള്ളം നിറഞ്ഞ പാടത്ത് പറ്റമായി കുങ്കുമം വാരിവിതറിയ പോലെ ആമ്പൽപൂക്കളുടെ കാഴ്ച. എന്നാൽ ഇത്തവണ ആമ്പൽചെടികൾക്കും പൂക്കൾക്കുമിടയിൽ പായലും പോളയും കുറെയിടങ്ങളിലായി വിസ്തൃതിയിൽ വളർന്ന് ഓളം തല്ലി നടക്കുന്ന കാഴ്ചയും കണ്ടു. ഈ പാഴ് വളർച്ച കൊണ്ട് അത്രയും ഭാഗങ്ങളിൽ ആമ്പലിന് എത്തി നോക്കാൻ പോലും കഴിഞ്ഞിട്ടില്ല. നിറഞ്ഞു നിൽക്കേണ്ട ആ കുങ്കുമത്താലത്തിൽ പോള കടന്നു കയറി ആധിപത്യം സ്ഥാപിച്ചിരിക്കയാണ്. കായലിലും തോടുകളിലും പാടശേഖരങ്ങളിലുമെല്ലാം ഈ കളവളർച്ച പടർന്നു കേറുന്നു. കുമരകത്തെ റിസോർട്ടുകളിൽ ഭുരിഭാഗത്തിന്റെയും പിൻവശം അതിരിടുന്നത് വേമ്പനാട്ടുകായലാണ്. അതാണ് സന്ദർശകരെ ആകർഷിക്കുന്നതും. മനോഹരമായ അണിയിച്ചൊരുക്കലോടെ പരിപാലിക്കുന്ന റിസോർട്ടിന്റെ പുറകുവശത്ത് സ്വന്തം ജെട്ടിയും ഹൗസ് ബോട്ടിനടുക്കാൻ തക്ക സൗകര്യങ്ങളുമുണ്ടാകും. എന്നാൽ അവിടമൊക്കെ ഇപ്പോൾ പായലും പോളയും തിങ്ങി വളർന്ന് ചാഞ്ചക്കമാടുകയാണ്. തങ്ങളുടെ ഭാഗം ഭംഗിയാക്കാൻ ഈ കായൽ പോളയെ തള്ളിയും ഉന്തിയും അതിർത്തി കടത്തി നിർത്താൻ ഓരോ റിസോർട്ടും ശ്രദ്ധ വെക്കുന്നുണ്ടുതാനും.

ഇതൊക്കെ പറഞ്ഞു വരുന്നതെന്തെന്നാൽ ഈ പായലിനെ ഉപയോഗപ്പെടുത്തി പാചകത്തിനുള്ള ഗ്യാസ് ഉണ്ടാക്കാൻ കഴിയുമെന്നു കാണിച്ചു തന്ന് സോഷ്യൽ മീഡിയയിൽ ഉപകാരപ്രദമായൊരു വീഡിയോയുമായി വന്ന പ്രീതി എന്ന ചേർത്തലക്കാരി വീട്ടമ്മ പറയുന്നത് കൂടുതൽ ശ്രദ്ധ നേടട്ടെ എന്ന വിചാരത്തോടെയാണ്. സർക്കാരോ ഏതെങ്കിലും ഏജൻസിയോ ഏറ്റെടുത്ത് വലിയ തോതിൽ നടപ്പിൽ വരുത്തിയാൽ പാചകവാതകത്തിന്റെ കഴുത്തറുപ്പൻ വിലക്കയറ്റത്തെയും അതുപോലെ കായലിലെ ജൈവസമ്പത്തിന് പോള വരുത്തുന്ന ഭീഷണിയെയും തടഞ്ഞു നിർത്താൻ കഴിയും . ഇനിയതല്ല ഓരോ വീട്ടിലും ഇത്തരത്തിൽ ടാങ്കുകൾ സ്ഥാപിച്ച് പോളയും മറ്റ് അനാവശ്യ വിളകളും കൊണ്ട് (വെളിച്ചേമ്പ്, ശീമക്കൊന്നയില തുടങ്ങിയവ ) വീട്ടാവശ്യത്തിനുള്ള പാചകവാതകം ഉൽപാദിപ്പിച്ച് ഉപയോഗിച്ചാൽ റോക്കറ്റ് പോലെ കേറുന്ന സർക്കാർ ഗ്യാസിന്റെ മേൽക്കോയ്മയെ പുഷ്പം പോലെ അവഗണിക്കാനും കഴിയും.

ഒരു കിലോ പോള ചെറുതായി മുറിച്ച് പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ടാങ്കിനുള്ളിൽ നിക്ഷേപിച്ചാൽ പിറ്റേന്ന് ഒരു മണിക്കൂർ ഉപയോഗത്തിനുള്ള ഗ്യാസ് ലഭിക്കുമെന്നാണ് പ്രീതി വീഡിയോയിൽ പറയുന്നത്. ശക്തമായ ജ്വാലയോടെയുള്ള ഫലപ്രദമായ ഉപയോഗമാണ് ഇതുകൊണ്ട് ലഭിക്കുന്നതെന്ന് നമുക്ക് വീഡിയോ വഴി കാണാം. ഇതിലും കൂടിയ തോതിൽ പായൽ നിക്ഷേപത്തിന് സൗകര്യങ്ങളൊരുക്കിയാൽ കൂടുതൽ അളവിൽ പാചകവാതകം ലഭ്യമാകും. റിസോർട്ടുകൾക്കും മറ്റ് ഹോട്ടലുകൾക്കുമൊക്കെ ഈ സംവിധാനം പരീക്ഷിക്കാവുന്നതാണ്. അതുപോലെ വലിയ പദ്ധതികൾക്ക് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാതെ പറ്റുന്നത്ര വീടുകളിൽ ഇത് സ്ഥാപിച്ചാൽ വീട്ടാവശ്യത്തിനുള്ള ഗ്യാസ് മറ്റ് ചിലവുകളൊന്നും കൂടാതെ ഏവർക്കും ലഭ്യമാവുകയും ചെയ്യും. പോളവാരലും ശേഖരണവും വിതരണവുമൊക്കെ പുതിയ തൊഴിലവസരം തുറക്കുകയും ചെയ്യും. കൂടുതൽ വിദഗ്ധമായ കണ്ടെത്തലുകളും മാർഗ്ഗരേഖകളും നൽകാൻ പ്രാപ്തമായ ശാസ്ത്രീയ സമീപനങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.


പായലും പോളയും കൊണ്ട് പാചകവാതകം: ആൻസി സാജൻപായലും പോളയും കൊണ്ട് പാചകവാതകം: ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക