Image

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ -4: ജോസഫ് ഏബ്രഹാം)

Published on 12 September, 2021
മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ -4: ജോസഫ് ഏബ്രഹാം)
എജെന്റ് ഡേവിസ് ഫോര്‍മാന്‍  തന്‍റെ കണ്ടെത്തലുകള്‍ വിശദീകരിച്ചുകൊണ്ട്  തുടര്‍ന്നു

“സ്ഫോടനം നടത്താന്‍ ഉപയോഗിച്ച തരത്തിലുള്ള   ഇത്തരം സിം കാര്‍ഡുകള്‍ ഹോബികള്‍ക്കായി ഉപയോഗിക്കുന്നതാണ്  അതുകൊണ്ട് തന്നെ അതൊന്നും ആരുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്യാറുമില്ല എന്നാണ് മനസ്സിലാക്കുന്നത്‌”

“ഗുഡ് ജോബ്‌   ഗൈസ്”

“താങ്ക് യൂ മിസ്ടര്‍  രാംനോസ്കി”

“അപ്പോള്‍ ഇനി എന്താണ് അടുത്ത നീക്കം മിസ്റ്റര്‍  രാംനോസ്കി. നമ്മുടെ വഴികള്‍ അടയുകയാണോ?”

ഇന്‍സ്പെക്ടര്‍    ആര്‍നോള്‍ഡ് ആശങ്കപ്പെട്ടു.   

“സര്‍, ടെലിഫോണ്‍ ലിസ്റ്റുകള്‍  വരാതെ ഇനി ആ വഴികള്‍  തുറക്കില്ല. അതുവരുന്നത്‌ വരെ നമുക്ക് മറ്റു ചില സാധ്യതകള്‍ നോക്കാം. താങ്കളുടെ നിഗമനത്തില്‍ ഈ കൊലപാതകത്തിനു എന്തെങ്കിലും പ്രാദേശികമായ  മോട്ടീവ്  ഉള്ളതായി തോന്നുന്നുണ്ടോ”

“ഇല്ല ഞങ്ങള്‍ അത് ആദ്യമേ നോക്കിയിരുന്നു. കൊല്ലപ്പെട്ട മിസ്റ്റര്‍ ദേശായിക്ക്  മാള്‍ട്ടയിലെ എന്തെങ്കിലും കാര്യത്തില്‍ താല്പര്യം ഉള്ളതായി തോന്നിയിരുന്നില്ല. അയാള്‍ അധികസമയവും വീടിനുള്ളില്‍ തന്നെയായിരുന്നു.                     പലവ്യഞ്ജനങ്ങള്‍ വാങ്ങാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഷോപ്പിങ്ങിനോ മാത്രമേ അയാള്‍ പുറത്തിറങ്ങിയിരുന്നുള്ളൂ.   മിക്കവാറും തന്നെ ഷോപ്പിംഗുകള്‍   മിസിസ് ദേശായി തനിയെ കാറോടിച്ചു പോയി ചെയ്തിരുന്നതായാണ്  മനസ്സിലാക്കാന്‍ കഴിഞ്ഞത്”.

“ഒകെ  സര്‍, മറ്റെന്തൊക്കെയാണ്   മിസ്റ്റര്‍.  ദേശായിയെകുറിച്ചുള്ള വിവരങ്ങള്‍ എന്നു ദയവായി പറയാമോ?”

 “മിസ്റ്റര്‍. ദേശായി  ഫ്രീലാന്‍സ്  ജേര്‍ണലിസ്റ്റായാണ്   ജോലി ചെയ്യുന്നത്.  പല അന്താരാഷ്ട്ര പത്രങ്ങളിലുമായാണ് എഴുതാറ്. വാഷിങ്ങ്ടണ്‍ പോസ്റ്റിലും ചില ബ്രിട്ടീഷ്‌ പത്രങ്ങളിലും ഇന്ത്യന്‍ പത്രങ്ങളിലും എഴുതാറുണ്ട്.   ബ്ലോഗെഴുത്താണ്   മറ്റൊരു  പ്രധാന മേഖല. വിവാദമായ പല വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും നടത്തിക്കൊണ്ടിരുന്നത്  സ്വന്തം ബ്ലോഗ്‌ വഴിയാണ്. അതുകൊണ്ട് തന്നെ അദേഹത്തിന്റെ ബ്ലോഗ്‌ പലപ്പോഴും സൈബര്‍ ക്രിമിനലുകളുടെ ആക്രമണത്തിനു ഇരയായിരുന്നു.

“ഒരിക്കല്‍ അദ്ദേഹം തന്‍റെ ബ്ലോഗ് സൈബര്‍ ക്രിമിനലുകള്‍ ഹാക്ക്‌ ചെയ്തുവെന്ന പരാതിയുമായി സിറ്റിയിലെ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ചില അസര്‍ബജാന്‍ ഹാക്കര്‍മാരാണ്  അത് ചെയ്തതെന്നെ കണ്ടെത്തല്‍ നടത്താന്‍ മാത്രമേ ഞങ്ങള്‍ക്കായുള്ളൂ. പിന്നീട്  അദ്ദേഹം അത്തരം പരാതികളുമായി വന്നിട്ടില്ല. അത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ സൈബര്‍ വിദഗ്ദരായ ധാരാളം സുഹൃത്തുകള്‍ അദ്ധേഹത്തിനുണ്ട്.

“ അന്താരാഷ്ട്ര അന്വോഷണാത്മക പത്രപ്രവര്‍ത്തക സംഘവുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം ആയതിനാല്‍   മിസ്റ്റര്‍ ദേശായിക്ക് വാര്‍ത്തകള്‍ കിട്ടുന്നതിനുള്ള  ധാരാളം ഉറവിടവും ഉണ്ടായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഴിമതികളും കൊള്ളരുതായ്മകളും  ആയിരുന്നു അയാളുടെ മുഖ്യവിഷയം ”

“അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ മാള്‍ട്ടയില്‍ അയാളുടെ ശരീരം മാത്രം.  മനസു ഇന്ത്യയിലായിരുന്നു”

“എക്സാക്റ്റിലി മിസ്ടര്‍ രാംനോസ്കി. താങ്കള്‍ അത് കൃത്യമായി മനസ്സിലാക്കി. അയാളുടെ മനസ് എവിടെ അര്‍പ്പിച്ചോ അവിടെത്തന്നെയാണ് അയാളുടെ ശത്രുക്കളും.”

 “മിസിസ്. ദേശായി എങ്ങിനെ? അവര്‍ക്കേതോ വെള്ളക്കാരന്‍ പയ്യനുമായി അടുപ്പമുണ്ടെന്നു ചില ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നിരുന്നതായി കേട്ടിരുന്നു”

“ഹോ! അപ്പോള്‍ താങ്കള്‍ അതും കേട്ടോ?. അതില്‍ യാതൊരു കാര്യവുമില്ല അതൊരു പാവം പയ്യന്‍. ഇവിടെ ഒരു കഫറ്റീരിയയില്‍ ജോലി ചെയ്യുന്നു. മിസിസ്. ദേശായി ഷോപ്പിങ്ങിനു പോകുമ്പോള്‍ അവിടെ പോയി ‘ഹോട്ട് ലാട്ടെ’ കുടിക്കുന്ന പതിവുണ്ട്.  അങ്ങിനെ അവര്‍ തമ്മില്‍ പരിചയമായതാണ്. സ്ഥിരമായി കടയില്‍ വരുന്ന ഒരു കസറ്റമറോടുള്ള സൌഹൃദം.

“ഇന്ത്യാക്കാര്‍ക്കു വലിയ   ലൈംഗീക ദാരിദ്ര്യമാണെന്ന് തോന്നുന്നു.  ആണും പെണ്ണും തമ്മില്‍ കണ്ടാല്‍ അതു സെക്സിനു മാത്രമെന്നാണ് അവരുടെ വിചാരം. പാവം വിഡ്ഢികള്‍ ”

ഇന്‍സ്പെക്ടര്‍  ആര്‍നോള്‍ഡ്  ഉറക്കെ ചിരിച്ചു

“താങ്കള്‍ ഒരു നല്ല രസികന്‍ കൂടിയാണ് ഇന്‍സ്പെക്ടര്‍”

ചിരിയില്‍ പങ്കു ചേര്‍ന്നുകൊണ്ട്   ഏജന്റു രാംനോസ്കി പറഞ്ഞു.

“മിസ്റ്റര്‍ ദേശായിയുടെ മരണം ഇന്ത്യയില്‍ വലിയ വിവാദത്തിനു വഴിയിട്ടിരിക്കുകയാണല്ലോ.   ഇന്ത്യന്‍ സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടെന്നാണ്  പലരുടെയും ആക്ഷേപം. താങ്കള്‍ക്ക്  എന്തു തോന്നുന്നു  ഇന്‍സ്പെക്ടര്‍ ?”

“എനിക്ക് നേരിട്ട് അറിവൊന്നുമില്ല. ഇന്ത്യ മാള്‍ട്ടയുടെ  സുഹൃത്ത് രാജ്യമാണ്.  ധാരാളം ഇന്ത്യക്കാര്‍ അവരുടെ പണം ഇവിടെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നുമുണ്ട്. ഈ  വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനു വിഷമം ഉണ്ടാകാതെ കേസ് തീര്‍പ്പാക്കണം എന്നതാണ്  മാള്‍ട്ട സര്‍ക്കാര്‍ നയം.

“പക്ഷെ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര അന്വോഷണ പത്രപ്രവര്‍ത്തകരും,  ആംനസ്റ്റി   ഇന്റര്‍നാഷണലും  ഇടപെടുകയും അവര്‍ യു എന്‍  ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് പരാതി കൊടുക്കുകയും ചെയ്തു.  അങ്ങിനെയാണ് താങ്കള്‍  ഇവിടെ എത്തിയതും കേസില്‍ എനിക്ക് ചുമതല കിട്ടിയതും.”

“രഹസ്യ നിക്ഷേപങ്ങളെക്കുറിച്ചുള്ള പനാമപേപ്പറിലെ ഇന്ത്യാക്കാരുടെ പേരുവിവരം ചോര്‍ത്തി പുറത്താക്കിയത് മിസ്റ്റര്‍ ദേശായി ആയിരുന്നല്ലോ,  അതിനെ തുടര്‍ന്ന് എന്തെങ്കിലും ഭീഷിണിയുള്ളതായി അറിയുമോ?”

“ഇല്ല. സിനിമാക്കാരും രാഷ്ട്രീയക്കാരും വ്യവസായികളുമായ ഇരുന്നൂറില്‍ അധികം അതിസമ്പന്നരായ  ഇന്ത്യക്കാര്‍ അതില്‍ ഉണ്ടെങ്കിലും  അതിലൊന്നും ഇന്ത്യന്‍ സര്‍ക്കാരിനു യാതൊരു  താല്‍പര്യവും ഉണ്ടായിരുന്നില്ല.  കുറച്ചുദിവസം പത്രങ്ങളില്‍ വാര്‍ത്തകള്‍, കള്ളപ്പണം തിരികെ കൊണ്ടുവരും എന്ന് പറഞ്ഞുള്ള പ്രസ്താവനകള്‍, അതിന്‍റെ പേരില്‍ നോട്ടുകളുടെ നിരോധനം അതോടെ കഴിഞ്ഞു എല്ലാം.

“പക്ഷെ ഒരു ആയുധ ഇടപാടില്‍ വലിയ അഴിമതി നടന്നുവെന്ന വെളിപ്പെടുത്തല്‍ വന്നതോടെ ഇന്ത്യയിലെ ഒരു വിഭാഗം ആളുകളും ചില വ്യവസായികളും  മിസ്റ്റര്‍ ദേശായിക്ക്  എതിരായി. പാരീസിലെ ചില ആയുധ ഇടനിലക്കാര്‍ ഇയാളെ വകവരുത്താന്‍  സാധ്യതയുണ്ടെന്ന് പറഞ്ഞു ഇന്റര്‍പോള്‍ മുന്നറിയിപ്പ് തന്നിരുന്നു. അന്നു കുറച്ചുകാലം ഞങ്ങള്‍ കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്നു.  ഈ അടുത്തകാലത്ത് ആ ആയുധ ഇടപാടിന്റെ രണ്ടാം ഘട്ടവും പൂര്‍ത്തിയായതോടെ ആ പ്രശ്നം പൂര്‍ണ്ണമായും കെട്ടടങ്ങിയെന്നാണ്  തോന്നുന്നത്

“എങ്കിലും മറ്റു ചില നിര്‍ണ്ണായക വിവരങ്ങള്‍ ദേശായിയുടെ കയ്യില്‍  ഉണ്ടായിരുന്നെന്നു ഞങ്ങള്‍ കരുതുന്നു. അതയാളുടെ ലാപ്ടോപ്പില്‍ ഇപ്പോഴും ഉണ്ടെന്നു കരുതുന്നു. അത് പുറത്തിറക്കാന്‍ അയാള്‍ ഉചിതമായ സമയം കാത്തിരിക്കുകയായിരുന്നു.

“പിന്നെ ഈ അടുത്ത കാലത്ത് ഒരു ഭീഷിണി ഉണ്ടായി എന്നു പറയാവുന്നത്  ഒരു ഇന്ത്യന്‍ മന്ത്രി വിദേശയാത്രകളില്‍ പതിവായി വേശ്യാലയങ്ങള്‍ സന്ദര്‍ശിക്കുന്നകാര്യം തെളിവ് സഹിതം ബ്ലോഗില്‍ എഴുതിയപ്പോഴാണ്.

“അന്ന് ധാരാളം ഭീഷിണി കത്തുകളും മെയിലുകളുമൊക്കെ വന്നിരുന്നു. വിവാദത്തില്‍പെട്ട മന്ത്രി ആരോപണം നിഷേധിക്കുകയും, തന്നെ വിശ്വാസമില്ലെങ്കില്‍ പച്ചയ്ക്ക് കത്തിച്ചോളൂ എന്നുപറഞ്ഞു  വിശുദ്ധ പശുവിനെ തൊട്ടു സത്യം ചെയ്തതോടെ  ജനങ്ങള്‍ മന്ത്രിയുടെ  വാക്കുകള്‍ വിശ്വസിച്ചു.  ദേശായിയുടെ, ഇന്ത്യയിലെ വീടിനു ജനക്കൂട്ടം തീയിട്ടു.  അതോടെ അതും കെട്ടടങ്ങി.  അവിടെയും നഷ്ട്ടം  മിസ്റ്റര്‍ ദേശായിക്കാണ്  അതുകൊണ്ടുതന്നെ  അതിന്‍റെ പേരില്‍ മറ്റൊരു  പ്രതികാരം ഉണ്ടാകാന്‍ ഇടയില്ലന്നു കരുതുന്നു.”

രാമചന്ദ്ര ദേശായിയെക്കുറിച്ച് മാള്‍ട്ട പോലീസിനു അറിയാവുന്നത് ഇത്രയുമൊക്കെ തന്നെ ആയിരുന്നു

 “സര്‍ എന്തായാലും നമ്മുടെ മുന്‍പിലുള്ളത്,  ഈ  കൊലപാതകം സോള്‍വ് ചെയ്യുക,  അതിലെ ഹിറ്റ്‌മാനെ പിടികൂടുക എന്നല്ലാതെ അതിനപ്പുറം പോകുവാന്‍   ഇപ്പോള്‍   സമ്മതമില്ല.  അതു താങ്കള്‍ക്കും അറിയാമല്ലോ?”

“അതാണല്ലോ മിസ്റ്റര്‍ രാംനോസ്കി ഞാന്‍ നേരത്തെ പറഞ്ഞത് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ഒന്നും ഉണ്ടാകരുതെന്ന് മാള്‍ട്ട സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്”

ക്വാലാലംപൂര്‍, മലേഷ്യ.

കന്ത സാമിയുടെ  ഫോണടിച്ചു

“വണക്കം കന്തസാമി സര്‍”

“വണക്കം, ചൊല്ലുങ്കോ സര്‍ എന്നാ വിഷയം”

“ന്യൂസ് ലാന്‍ഡില്‍  യതാവത്  കൊണ്ടാക്ട്  ഇരിക്കാസര്‍?”

“നിറയെ ഇരിക്കെ സര്‍, എന്നാ വിഷയം ചൊല്ലുങ്കോ”

അപ്പാര്‍ട്ട്‌മെന്റിന്‍റെ  ഗ്രൌണ്ട് ഫ്ലോറിലെ ചെറിയ കടയില്‍ നിന്നും ഒരു പാക്കറ്റ് ബീഡിയും വാങ്ങി ഫോണില്‍ സംസാരിച്ചു കൊണ്ട്  കന്തസാമി ഏട്ടാമത്തെ നിലയിലേക്കുള്ള   ലിഫ്റ്റ്‌ ബട്ടന്‍ അമര്‍ത്തി. ലിഫ്റ്റില്‍ കയറാന്‍ വേറെ ആരും ഉണ്ടായിരുന്നില്ല. എട്ടാമത്തെ നിലയില്‍ ലിഫ്റ്റ്‌ കാത്തിരുന്നവര്‍,  ലിഫ്റ്റിന്‍റെ തുറന്ന വാതിലിലൂടെ   കന്തസാമിയുടെ ജീവനറ്റ ദേഹം നോക്കിക്കണ്ടു  ഞെട്ടിത്തരിച്ചു.  നെറ്റിയില്‍ ഒരു നാണയവട്ടത്തില്‍  പൊടിഞ്ഞ ചോര അപ്പോള്‍ ഒഴുകി  വരുന്നതേ ഉണ്ടായിരുന്നുള്ളൂ.

(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക