പുതുചിത്രങ്ങൾ (കഥ: പുഷ്പമ്മ ചാണ്ടി )

Published on 14 September, 2021
പുതുചിത്രങ്ങൾ (കഥ: പുഷ്പമ്മ ചാണ്ടി )
അവൾ ആ  ക്ഷണക്കത്ത്‌ പിന്നെയും നോക്കി . അയാളുടെ ചിത്രപ്രദർശനം ആണ് ടൗൺഹാളിൽ . അടുത്ത ശനിയാഴ്ച രാവിലെ പത്തുമണിക്ക് ഉത്ഘാടനം . 
ആ കാർഡിനൊപ്പം  സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും .
ഈ ഇൻവിറ്റേഷൻ കൈയ്യിൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. വരണം .. വരാതിരിക്കരുത് . സ്നേഹപൂർവ്വം, അഭിജിത് .
ഇനിയും പത്തു ദിവസമുണ്ട് . 
പോകണമോ , വേണ്ടയോ എന്ന് തീരുമാനിക്കാൻ സാധിച്ചില്ല . 
എന്നാലും ആ കാർഡ് ഫ്രിഡ്ജിലെ മാഗ്‌നെറ്റിൽ വെച്ചു .തീയതി മറക്കില്ല .
അത് അങ്ങനെ ഇരിക്കട്ടെ . 
അവസാനമായി അഭിജിത്തിനെ കണ്ടത് , അയാളുടെ വിവാഹത്തിന്റെ അന്നാണ് .അതിനും ഇതുപോലെ ഒരു കാർഡ് വന്നു .
വരണം , വരാതിരിക്കരുത് . ഒരു പക്ഷെ ഒരു  ക്ലോഷർ നിനക്ക് ആവശ്യമാണ് . അതിനു  നേത്രരഞ്ജിനി വരണം .
നേത്ര എന്ന് മാത്രം തന്നെ വിളിച്ചിരുന്ന അയാൾ ആദ്യമായി തന്റെ മുഴുവൻ പേരും എഴുതിയിരിക്കുന്നു. 
പോകേണ്ട എന്ന് തോന്നിയെങ്കിലും , എന്തോ അന്ന് ആ വിവാഹത്തിൽ പങ്കെടുത്തു. സ്റ്റേജിൽ കയറി വധുവരന്മാരെ ആശംസകൾ അറിയിച്ചില്ല. കാണികളുടെയിടയിൽ കുറച്ചു സമയം ഇരുന്നു . ആരും അറിയാതെ , ആരും കാണാതെ അവിടെ നിന്നും അദൃശ്യയായി , പതുക്കെ നടന്നു നീങ്ങി .
അത് കഴിഞ്ഞിട്ട് ഇപ്പോൾ എത്ര വർഷം ആയിക്കാണും .. ഓർമയില്ല . പിന്നെയും എത്ര വർഷങ്ങൾ കഴിഞ്ഞു , അതും ഓർമയില്ല . 
താൻ ഇവിടെ തിരിച്ചെത്തിയത് അയാൾ അറിഞ്ഞിരിക്കുന്നു. 
രാത്രിയിൽ ഭക്ഷണം കഴിഞ്ഞ ശേഷം , പാത്രം സിങ്കിൽ നിക്ഷേപിച്ചിട്ടു , തിരിഞ്ഞ ഹേമന്ത് ആ കാർഡ് നോക്കിയിട്ടു പറഞ്ഞു .
അഭിജിത് മറക്കാതെ ഇൻവിറ്റേഷൻ അയച്ചല്ലോ .
ചോദ്യചിഹ്നത്തിൽ നോക്കിയപ്പോൾ ഞാൻ നിന്നോട് പറയാൻ മറന്നു .. കഴിഞ്ഞ മാസം , നമ്മുടെ ജയ്‌പൂർ ഹോട്ടലിലേക്ക് കുറച്ചു പെയ്ന്റിങ്‌സ് വാങ്ങിയത് ഓർമ്മയുണ്ടോ ? അതിൽ രണ്ടെണ്ണം അഭിജിത്തിന്റെ ആയിരുന്നു . അന്നാണ് അറിഞ്ഞത് അയാൾ നിന്റെ സീനിയർ ആയി ആർട്സ് കോളേജിൽ പഠിച്ച വിവരം .
വളരെ പ്രസിദ്ധനായ ചിത്രകാരൻ . ലാൻഡ്‌ സ്‌കേപ്സ് ഈസ് അമേസിങ് .. ഇവിടെ അയാളുടെ ചിത്ര പ്രദർശനം ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാനാണ് നമ്മുടെ വീട്ടിലെ അഡ്രസ് കൊടുത്തത്.  നിനക്ക് സന്തോഷം ആകുമെന്ന് കരുതി ..
ഇവിടെയും ഒരു ചിത്രകാരി ഉണ്ടേ ...
ഹേമന്ത് ഉറക്കെ ചിരിച്ചു അതിനു നീ  ഇപ്പോൾ ഒന്നും ചെയ്യാറില്ലല്ലോ..
ചിത്രകാരി ആയ മകളെ ഒരു കലാകാരനെക്കൊണ്ട് ഒരിക്കലും വിവാഹം കഴിപ്പിക്കില്ല എന്ന്  ഉറപ്പിച്ചു പറഞ്ഞെങ്കിലും തൻ്റെ കണ്ണുനീരിനു മുൻപിൽ  അച്ഛൻ അതു സമ്മതിച്ചു. തൻ്റെ ഹോട്ടൽശൃംഖല നോക്കി നടത്താൻ പ്രാപ്തിയുള്ള അകന്ന ബന്ധുവായ ഹേമന്ത് ആയിരുന്നു അച്ഛന്റെ മനസ്സിൽ.  പക്ഷെ അഭിജിത്തിന്‌ ആകട്ടെ പലരിൽ   ഒരാളായിരുന്നു താൻ . അതയാൾ തൻ്റെ മുഖത്തു നോക്കി പറയാൻ മടിച്ചില്ല .
അഭിജിത് തന്നെ കൂടെ കൂട്ടില്ല എന്ന് ഉറപ്പിച്ചു  പറഞ്ഞു  .. തൻ്റെ മോഹം പലപ്രാവശ്യം  പറഞ്ഞപ്പോൾ  അയാളുടെ ഉത്തരം  
രണ്ടു സമാന്തരരേഖകൾ ആണ് നമ്മൾ .. നമ്മുടെ സ്വഭാവവും, 
നിന്നെ ഞാൻ വേദനിപ്പിക്കും . പിന്നെ ഒരിക്കൽ നമ്മൾ പിരിയും . അതു വേണ്ട നേത്രാ , നീ ഒരു നല്ല പെൺകുട്ടിയാണ് .
നല്ല പെൺകുട്ടികളെ വിവാഹം കഴിക്കാൻ കൊള്ളില്ലേ?

അയാളുടെ വിവാഹം കഴിയുന്നവരെ , ഓരോ കാരണങ്ങൾ പറഞ്ഞു താൻ കാത്തിരുന്നു .
ഛായാചിത്രകാരന്‍ ആയിരുന്ന അയാൾ 
പ്രകൃതിചിത്രകാരന്‍ ആയത് അറിഞ്ഞിരുന്നില്ല . ഒരു കുടുംബനാഥയായി , ബിസിനസ്സിൽ ഭർത്താവിനെ സഹായിക്കാൻ തുടങ്ങിയപ്പോൾ താൻ തൻ്റെ ഭൂതകാലം മറന്നിരുന്നു .
തന്റെ ആത്മാവിനെ തട്ടിയുണർത്താൻ   അഭിജിത് വേണം എന്ന് എപ്പോഴും മനസ്സ് പറഞ്ഞു. അയാളെപ്പോലെ  ഒരാളല്ല , അയാൾക്ക്  പകരം ഒരാളോ.. അല്ല.. അയാൾ തന്നെ വേണം . അതു തോന്നൽ ആയിരുന്നെങ്കിലും അതിൽ വെറുതെ ഉറച്ചു വിശ്വസിച്ചു .ചിത്രഫലകവും , ആക്രിലിക്‌ ചായക്കൂട്ടുകളും, ഓയിൽ പെയിന്റിംഗ് , 
ഗ്രാഫൈറ്റ്  സ്റ്റിക്‌സ് ,  മഷിക്കൂട്ടുകളും , ഡിപ് ബ്രഷുകൾ  ഇവയെല്ലാം എവിടെ ആണ് വെച്ചിരിക്കുന്നത് എന്ന് പോലും അറിയില്ല .ചായപ്പലക പോലും കൈകൊണ്ടു തൊട്ടിട്ട് വർഷങ്ങൾ ആയി .
രാത്രിയിൽ കിടക്കയിൽ ഹേമന്തിനോട് ചേർന്ന് കിടന്നപ്പോളും കോളേജ് കാലവും , അഭിജിത്തിന്റെ സിഗരറ്റിന്റെ ഗന്ധവും ഓർമയിലേക്ക് വന്നു. പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല. കാലങ്ങൾ കൊണ്ട് എല്ലാം  മാഞ്ഞു പോയിരിക്കുന്നു . തന്നെ സ്നേഹിക്കുന്നു എന്ന്  എപ്പോഴും തോന്നിപ്പിക്കുന്ന ഹേമന്ത്  ,
അയാൾ ജീവിതത്തിലേക്ക് വന്നതിനു ശേഷം  അയാളുടെ മക്കളുടെ അമ്മ ആയശേഷം  മറ്റെല്ലാം പോയ്പ്പോയി , മറവിയിലേക്ക്.
കുറെ വർഷങ്ങൾ..  തന്നെ  തിരയുമ്പോഴൊക്കെ , ചിത്രങ്ങൾ വരയ്ക്കണം എന്ന് തോന്നിയപ്പോൾ വേണ്ടെന്ന് വെച്ചതു പോലും ഓർമകൾ എങ്ങോട്ടോ നയിക്കും  എന്ന് തോന്നിയത് കൊണ്ടാണ് .

പതിവിലും കൂടുതൽ അണിഞ്ഞു ഒരുങ്ങിയാണ്  എക്സിബിഷൻ കാണാൻ എത്തിയത് , ഉദ്‌ഘാടനം കഴിഞ്ഞിരിന്നു , ചിത്രങ്ങൾ നോക്കി കാണുന്ന കുറച്ചുപേർ. പത്രപ്രവര്‍ത്ത കരോട് സംസാരിച്ചു നിൽക്കുന്ന അഭിജിത്തിനെ കണ്ടു , അയാൾ തന്നെ തിരിച്ചറിഞ്ഞില്ല , വജ്രാഭരങ്ങൾ , സിൽക്ക് സാരി , തോളറ്റം വെട്ടിയ മുടി , കയ്യിൽ പ്രാഡയുടെ   വെള്ള ബാഗ് .
പഴയ ചിത്രകാരയുടെ വർണ കോട്ടൺ ചുരിദാറും , തുണി സഞ്ചിയും നീളൻ മുടിയും ഒക്കെ '''' എന്നെ അലമാരയിൽ , ചിത്ര രചനയോടൊപ്പം അടച്ചു പൂട്ടി .
ചിത്രങ്ങൾ എല്ലാം ചുറ്റി നടന്നു കണ്ടു , ജീവനുള്ള ഒരു ചിത്രവും കണ്ണിൽ പെട്ടില്ല , എല്ലാം ആവർത്തന വിരസത അനുഭവപ്പെടുന്നവ , ഇയാളിലെ ചിത്രകാരൻ മരിച്ചുവോ , ചിത്രങ്ങളുടെ താഴെ രേഖപെടുത്തിയ അമിതവില  ഞെട്ടല്‍ ഉണ്ടാക്കി , അഭിജിത് എന്ന പേര് കൊണ്ട് മാത്രം വിൽക്കപെട്ടു പോകുന്ന ചിത്രങ്ങൾ .. ഹേമന്തിനെ പോലുള്ള പണക്കാർ , ആ പേരിനുവേണ്ടി , വലിയ വില കൊടുത്തു  ചിത്രങ്ങൾ വാങ്ങുന്നു . അയാളെ കാണാനോ, സംസാരിക്കാനോ തോന്നിയില്ല , ഇടയ്ക്കിടെ അയാളുടെ കണ്ണുകൾ തന്നിൽ പതിക്കുന്നുണ്ടായിരുന്നു . പോകാൻ തുടങ്ങിയപ്പോൾ അഭിജിത് വേഗത്തിൽ തൻ്റെ അടുത്തേക്ക് നടന്നു വന്നു . താൻ അയാളുടെ ചിത്രം വാങ്ങാൻ പറ്റിയ ഒരു ധനിക ആണെന്ന് കരുതിയിരിക്കും , അടുത്ത് വന്നപ്പോൾ തന്നെ മനസ്സിലായി
"നേത്രരഞ്നിയോ , അകലെനിന്നും മനസ്സിലായില്ല , വരുമെന്ന് പ്രതീക്ഷിച്ചില്ല "
" ഈ പട്ടണത്തിൽ വെച്ചു ഇങ്ങനെ പ്രസിദ്ധനായ ഒരു ചിത്രകാരന്റെ ചിത്ര പ്രദർശനം നടക്കുമ്പോൾ എങ്ങനെ വരാതിരിക്കും ?
സുഖം അല്ലെ ?
കണ്ടിട്ട് എന്ത് തോന്നുന്നു ?
 സന്തോഷമായിരിക്കുന്നു എന്ന് മനസ്സിലായി 
ചിത്രകലയിൽ നിന്നും മുഴുവനായും പിന്മാറിയോ ..?
അങ്ങനെ പറയാം ...
ചിത്രങ്ങളെ പറ്റി അഭിപ്രായം ഒന്നും പറഞ്ഞില്ല "
" അഭിപ്രയാം പറയാൻ മാത്രമുള്ള ചിത്രങ്ങൾ ഒന്നും ഇവിടെ കണ്ടില്ല :
അയാളുടെ മുഖം വല്ലാതെ മങ്ങി .
പക്ഷെ ഹേമന്ത് രണ്ടു ചിത്രങ്ങൾ വാങ്ങിയിരുന്നു .
അതെ ഹോട്ടൽ ലോബിയിലെ ചുവരുകൾ അലങ്കരിക്കാൻ 
" വെനീസ്  ബിനാലെയിൽ ,അല്ലെങ്കിൽ ലോകത്തിലെ തന്നെ പ്രസിദ്ധമായ ആർട് ഗ്യാലറികളിൽ നിങ്ങളുടെ ചിത്രം ഉണ്ടാകുമെന്നു ഞാൻ പ്രതീക്ഷിച്ചു 
പ്രസിദ്ധ ചിത ഗ്യാലറികളിൽ റംബ്രണ്ടിന്റെ എൻ്റെ 'നൈറ്റ് വാച്ച് പോലെയോ അല്ലങ്കിൽ  നിങ്ങൾ ആരാധിച്ചിരുന്ന ജാമിനി റോയിയുടെ പാത പിന്തുടരും എന്ന് കരുതി ...
അവിടെ പടർന്ന നിശബ്ദതയെ അയാൾക്ക് വിട്ടുകൊടുത്തിട്ടു നേത്ര നടന്നു നീങ്ങി . ഉള്ളിൽ അപ്പോൾ തോന്നിയ സന്തോഷത്തിനു അതിരില്ലായിരുന്നു , തൻ്റെ  ആത്മാർത്ഥതയെ ചോദ്യം ചെയ്തു , തൻ്റെ കുടുംബത്തിലെ സാമ്പത്തിക സംരക്ഷണം അയാളെ സ്നേഹിക്കാൻ തന്നെ പ്രാപ്‍തയാക്കുക ഇല്ലെന്നു വിശ്വസിച്ചു. 
അഞ്ചു വർഷത്തിലെ പ്രണയത്തിനു ശേഷം ആണ് അയാൾ അതു  തിരിച്ചറിഞ്ഞത് .  പണം ജീവിക്കാൻവേണ്ട ഒരു ഘടകം കൂടിയാണെന്ന് അയാൾക്ക് ഇന്ന് ബോധ്യം ആയല്ലോ .
നല്ല കല എന്നും ആസ്വദിക്കപ്പെടും , കൂടെ പേരും പ്രശസ്തിയും വരും , അഭിജിത്  നിങ്ങൾ നിങ്ങളുടെ കഴിവിനെ  അനുരഞ്ജനപെടുത്തി . 
രാത്രിയിൽ ഹേമന്തിനോട് ചേർന്ന് കിടക്കുമ്പോൾ പറഞ്ഞു
" ഞാൻ ഇന്ന് അഭിജിത്തിന്റെ ചിത്ര പ്രദർശനത്തിന് പോയിരുന്നു "
" എന്തെങ്കിലും ഇഷ്ടമായത് കണ്ടോ അവിടെ "
" ഈ ഒന്നും കണ്ടില്ല, എനിക്ക് ലാൻഡ്‌സ്‌കേപ്പ് ഇഷ്ടമാണ് പക്ഷെ അയാളുടെ ചിത്രങ്ങളിൽ  ഒന്നിലും ഒരു പുതുമ തോന്നിയില്ല "
രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല , എത്ര കാലം ആയി ഒരു ചിത്രം വരച്ചിട്ടു , ബ്രഷ് കൈയ്യിൽ എടുത്തിട്ട് , അവൾ ശബ്‍ദം ഉണ്ടാകാതെ പതുക്കെ തൻ്റെ പഴയ മുറിയിൽ പോയി , അവിടെ കൂട്ടിയിട്ടിരിക്കുന്ന സാധനകൾക്കിടയിൽ നിന്നും താൻ വരച്ച , ഇനിയും മുഴുമിപ്പിക്കാത്ത ചിത്രങ്ങൾ എല്ലാം പഴയതു ആയിരിക്കുന്നു  , കുറച്ചു നിറം മങ്ങിയിരിക്കുന്നു , മാറാലയും പൊടിയും നിറഞ്ഞിരിക്കുന്നു , ഈസൽ ഒടിഞ്ഞിരിക്കുന്നു .
രാവിലെ വീട്ടിലെ പണികൾ ഒതുക്കിയ ശേഷം അവൾ ചിത്രരചനക്കുള്ള സാധനങ്ങൾ വിൽക്കുന്ന കടയിലേക്ക് പുറപ്പെട്ടു അപ്പോൾ അവളോർത്തു എന്നെ ഉപേക്ഷിച്ചുകൊണ്ട്, ക്യാൻവാസും ബ്രുഷും , കൂടെ ഭാവനയും  എന്നിൽ നിന്നും ഇറങ്ങി, യാത്രയായിട്ട് വർഷങ്ങൾ  കഴിഞ്ഞിരിക്കുന്നു.. തൻ്റെ ആത്‌മാവ്‌ .. അതിന്റെ പരിഭവങ്ങൾ പറഞ്ഞു എന്നും വഴക്കിട്ടത് താൻ കണ്ടില്ല എന്ന് നടിച്ചു , ഇനി അതിനെ പിടിച്ചു നിർത്തിയാൽ ആ നഷ്ടം തന്റേതു മാത്രം ആണ് .... 
അതിനി ഉണ്ടാവില്ല ..വരയ്ക്കണം  തൻ്റെ ചിത്രങ്ങൾ ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കണം . 
അഭിജിത് നിങ്ങൾക്കാണ് നന്ദി പറയേണ്ടത് , 
എന്നെ വീണ്ടും ബ്രഷ് എടുക്കാൻ പ്രേരിപ്പിച്ചത് നിങ്ങളുടെ ഇന്നത്തെ ചിത്രപ്രദർശനം ആണ് ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക