Image

ഗാര്‍ഡിയന്‍സ് ഓഫ് ദ ഡാര്‍ക്ക് സ്‌കൈ -(കുഞ്ഞൂസ്)

Published on 22 September, 2021
ഗാര്‍ഡിയന്‍സ് ഓഫ് ദ ഡാര്‍ക്ക് സ്‌കൈ -(കുഞ്ഞൂസ്)
ഇരുട്ട് കണ്ടിട്ട് എത്ര കാലമായിട്ടുണ്ടാകും? ഓര്‍മ്മയിലൊക്കെ അങ്ങനെയൊന്നു പരതിയിട്ടു അറ്റമില്ലാത്ത രാത്രി പോലെ എങ്ങുമെത്താതെ പോയി. അല്ലെങ്കില്‍ത്തന്നെ രാത്രിയെ പേടിയല്ലേ നമുക്ക്! കഥകളിലെല്ലാം രാത്രി അല്ലെങ്കില്‍ ഇരുട്ട് എന്നും പേടിപ്പിക്കുന്നതായിരുന്നു... അതിനാല്‍, എപ്പോഴും ഇരുട്ടില്‍  വെളിച്ചം നിറച്ചു വെച്ചു. അങ്ങനെയങ്ങനെ ഇരുട്ടിനെ മറന്നു, അല്ലെങ്കില്‍ വെളിച്ചത്തില്‍ ഒളിപ്പിച്ചു. 

മോള്‍ക്കു നക്ഷത്രങ്ങളുടെ കഥകള്‍ പറഞ്ഞു കൊടുക്കുമ്പോഴാണ്  ആകാശത്തില്‍ കാണാതായ നക്ഷത്രങ്ങളെക്കുറിച്ചാലോചിച്ചത്. എപ്പോഴും വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നില്ക്കുന്ന നഗരാകാശത്തില്‍ നിന്നും പോയ്മറഞ്ഞ നക്ഷത്രങ്ങളെ തേടാന്‍ തുടങ്ങിയത്.  

അങ്ങനെയാണ് ഒന്റാരിയോയിലെ 'ഇരുണ്ടകാശസംരക്ഷിതമേഖല' യെക്കുറിച്ചറിയുന്നത്. രാത്രിയും രാത്രിയാകാശവും നക്ഷത്രങ്ങളും... കൗതുകമായി നിറയാന്‍ തുടങ്ങി... ലോകത്തിലെ ആദ്യത്തെ 'ഇരുണ്ടകാശസംരക്ഷിതമേഖല' യാണ് ടോറന്‍സ് ബാരെന്‍സ്. ടൊറന്റോയില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്രാദൂരത്തില്‍ വിണ്‍ഗംഗ! 

പ്രപഞ്ചം കണ്മുന്നില്‍ നിറഞ്ഞു തെളിയുന്ന അതിമനോഹരമായ കാഴ്ചയിലേക്കാണ് ആദ്യതവണ തപ്പിത്തടഞ്ഞെത്തിയത്. ആദ്യം കിട്ടിയ പാറപ്പുറത്തു തന്നെയിരുന്നു, അല്ല, കിടന്നു. മലര്‍ന്നു കിടന്ന് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണുമ്പോള്‍ ഉള്ളില്‍ തുളുമ്പിയ സന്തോഷം, കണ്‍പീലികളില്‍ തങ്ങി നിന്നു. അത്ഭുതങ്ങളിലേക്കു കണ്ണു മിഴിച്ച മോള്‍, തിരിച്ചെത്തി നക്ഷത്രപഠനങ്ങളിലേക്കു ഊളിയിട്ടു. 

ഇത്തവണത്തെ യാത്ര ഹാര്‍വെസ്റ്റ് മൂണ്‍ ദിനത്തിലായിരുന്നു. 
വീണ്ടും അവിടെയെത്തിയപ്പോള്‍  മനസ്സു ശാന്തമായിരുന്നു. പകല്‍ വെളിച്ചത്തില്‍ ചുറ്റുമുള്ള കാടുകളും തടാകവുമൊക്കെ കാണാനായി. സൂര്യന്‍ മെല്ലെമെല്ലെ തടാകത്തിനപ്പുറത്ത് മറയുന്നതും ചന്ദ്രന്‍ മരത്തിനു പുറകില്‍ പ്രശോഭയോടെ ഉദിച്ചുയരുന്നതും ശാന്തമായിരുന്നു കണ്ടു. ഇത്തവണ ഞങ്ങള്‍ അവിടെ പൂര്‍ണ്ണചന്ദ്രനെയാണ് കണ്ടത്. ശരിക്കും   സെപ്റ്റംബര്‍ 20 നായിരുന്നു പൗര്‍ണ്ണമി. എങ്കിലും തലേന്നും ഒട്ടും ശോഭ കുറയാതെ നിലാവ് പരന്നൊഴുകിയിരുന്നു. സെപ്റ്റംബറിലെ പൗര്‍ണ്ണമി, വിളവെടുപ്പ് പൗര്‍ണ്ണമി എന്നാണ് കാനഡയില്‍ അറിയപ്പെടുന്നത്. സൂര്യാസ്തമയത്തിനു ശേഷമാണ് നിലാവുദിക്കുന്നതെന്നു പറയുമെങ്കിലും ടോറന്‍സില്‍ ഒരു വശത്ത് സൂര്യാസ്തമയവും മറുവശത്ത് ചന്ദ്രോദയവുമായിരുന്നു കണ്ടത്. ഒരേ സമയം, അസ്തമയസൂര്യന്റെ കുങ്കുമവര്‍ണ്ണവും നിലാവിന്റെ പൊന്‍ശോഭയും നിറഞ്ഞ അവര്‍ണ്ണനീയ മുഹൂര്‍ത്തം!  ക്യാമറയില്‍ പകര്‍ത്തിയെങ്കിലും കണ്ട കാഴ്ചയോടു നീതി പുലര്‍ത്താനായില്ല ആ ചിത്രങ്ങള്‍ക്ക്... 

ഇതോടെ വസന്തകാലത്തില്‍ നിന്നും ശരത്കാലത്തിലേക്കുള്ള സൂര്യയാനത്തിന്റെ തുടക്കമായി. ഈ വര്‍ഷം അത് സെപ്റ്റംബര്‍ 22 നാണ്. അന്ന്, രാത്രിയും പകലും തുല്യനീളമായിരിക്കും.

 ഈയവസരത്തില്‍ തന്നെയാണ് ചൈനക്കാരുടെ പ്രസിദ്ധമായ മിഡ് - ഓട്ടം ഫെസ്റ്റിവല്‍ അഥവാ ശരത്ക്കാല ഉത്സവം. ചന്ദ്രന്റെ തെളിച്ചവും പൂര്‍ണ്ണതയും ഒരുമയുടെ പ്രതീകമായാണ് ചൈനക്കാര്‍ കാണുന്നത്. പങ്കുവയ്ക്കലിനും പ്രണയത്തിനും പൊരുത്തപ്പെടുത്തലിനുമുള്ള സമയം കൂടിയാണ് അവര്‍ക്കിത്.  ഈ ദിവസങ്ങളില്‍ കുടുംബങ്ങള്‍ ഒത്തുകൂടുകയും സുഹൃത്തുക്കളെ  സന്ദര്‍ശിക്കുകയും വിളക്കുകള്‍ കത്തിക്കുകയും  സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഈ സമയത്തെ ഒരു പ്രധാന വിഭവമാണ് മൂണ്‍ കേക്ക്. താമരയോ പയറോ അരച്ചതും മധുരവും മധ്യത്തില്‍ മുട്ടയുടെ മഞ്ഞക്കരുവും നിറച്ചതാണ് മൂണ്‍ കേക്ക്. പേരില്‍ത്തന്നെയുണ്ടല്ലോ അവ ചന്ദ്രനെപ്പോലെയാണെന്ന്... ഉത്സവാഘോഷത്തില്‍ പരസ്പരം കൈമാറുന്ന മധുരവും മൂണ്‍ കേക്കു തന്നെ. 

ആദ്യകാലത്തു ചൈനീസ് സുഹൃത്തുക്കള്‍ തന്ന മൂണ്‍ കേക്ക് കഴിക്കാനാവാതെ വിഷമിച്ചിട്ടുണ്ട്. പിന്നെപ്പിന്നെ, നടുവിലെ മഞ്ഞക്കരു കളഞ്ഞിട്ടു കഴിച്ചു നോക്കിയപ്പോള്‍ കുഴപ്പമില്ലായിരുന്നു. അതില്‍ത്തന്നെ, പയറു കൊണ്ടുള്ളതാണ് നമ്മുടെ രുചിമുകുളങ്ങള്‍ക്കു പിടിച്ചത്. 

 സെപ്റ്റംബറിലെ പൗര്‍ണ്ണമിക്ക് കാനഡയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലും ഏറെ പ്രാധാന്യമുണ്ട്. ഗോത്രവര്‍ഗ്ഗക്കാരിലെ  (Native American Tribes) ഒരു വിഭാഗം യവം വിളവെടുക്കുന്നതിനാല്‍ ബാര്‍ലി മൂണ്‍ എന്നു വിളിക്കുമ്പോള്‍ അണ്ടിപ്പരിപ്പു ശേഖരിക്കുന്ന മറ്റൊരു വിഭാഗം 'നട്ട് മൂണ്‍' എന്നും സെപ്റ്റംബറിലെ പൗര്‍ണ്ണമിയെ വിളിക്കുന്നു. ഉദിച്ചു വരുന്ന ചന്ദ്രന്‍ വളരെ വലിപ്പമുള്ളതും തിളക്കമുള്ളതും ആയതിനാല്‍ ചില ഗോത്രങ്ങള്‍ ബിഗ് മൂണ്‍ എന്നും വിളിച്ചു. 

ടോറന്‍സ്, 1997 മുതല്‍ സംരക്ഷിത മേഖലയാണെങ്കിലും ക്യാമ്പ് ഫയറും കൂടാരമുണ്ടാക്കലുമൊന്നും നിരോധിച്ചിട്ടില്ലായിരുന്നു. എന്നാല്‍, വിനോദസഞ്ചാരികളുടെ തിരക്കുകളും ബഹളങ്ങളും കാരണം, കഴിഞ്ഞ വര്‍ഷം അവയൊക്ക പൂര്‍ണ്ണമായും  നിരോധിച്ചു. ടോറന്‍സില്‍ മനുഷ്യനിര്‍മ്മിതമായ വെളിച്ചങ്ങള്‍ പാടെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. വഴിവിളക്കുകളോ ഫ്‌ലഡ് ലൈറ്റുകളോ മറ്റു കൃത്രിമ പ്രകാശങ്ങളോ ടോറന്‍സില്‍ ഇല്ല. അവിടെ പ്രപഞ്ചമാണ് നമുക്കു വഴികാട്ടിയാകുന്നത്. ആദ്യം ഇരുട്ടില്‍  തപ്പിത്തടയുമെങ്കിലും പെട്ടെന്നു തന്നെ കണ്ണുകള്‍ ആ ഇരുട്ടിനോടു പൊരുത്തപ്പെടും. പിന്നെ മറ്റെല്ലാം നിഷ്പ്രഭമാകും. ആകെയുള്ളത് നക്ഷത്രങ്ങളുടെ വെളിച്ചത്തിന്റെ വെളിച്ചം മാത്രം ...  സംരക്ഷിതപ്രദേശമായതിനാല്‍ അടുത്തൊന്നും വീടുകളും അവയിലെ വെളിച്ചങ്ങളുമില്ല. ആ ഇരുട്ടിലും പ്രകൃതിയിലും ഇരിക്കുമ്പോഴാണ്  എന്തെല്ലാം കൃത്രിമപ്രകാശങ്ങളാലാണ്  നമ്മള്‍ ഈ പ്രപഞ്ചത്തെ  മലിനപ്പെടുത്തിയിരിക്കുന്നതെന്ന് ചിന്തിച്ചു പോകുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക