മര്‍ഡര്‍ ഇന്‍ മാള്‍ട്ട -6 (അവസാന ഭാഗം: ജോസഫ് ഏബ്രഹാം)

Published on 26 September, 2021
മര്‍ഡര്‍ ഇന്‍ മാള്‍ട്ട -6 (അവസാന ഭാഗം: ജോസഫ് ഏബ്രഹാം)
രാംനോസ്കിയുടെ ഫോണില്‍ കാള്‍ വന്നു. ഫോര്‍ട്ട്‌ അല്‍മേഡയില്‍ നിന്നും ലെഫ്റ്റനന്റ് മേജര്‍  ഡാന്‍ പവറിന്റെ വിളിയായിരുന്നു. കേസിന്‍റെ അതുവരെയുള്ള പുരോഗതികള്‍ രാംനോസ്കി  ബോസിനു ബ്രീഫ് ചെയ്തു.

“സര്‍, ഹിറ്റ്‌മാന്‍ ആരാണെന്നു ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അയാളൊരു കൂലിക്കാരന്‍ മാത്രമാകണം. ഒരു സ്ട്രോങ്ങ്‌ കേസ് ബില്‍ഡപ്പ്  ചെയ്യണമെങ്കില്‍  ചില അന്താരാഷ്ട്രബന്ധങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്  അതിനുള്ള അനുമതി നല്കണം”

“അതു നമ്മുടെ വിഷയമല്ല”

“സര്‍”

“യെസ്, ഇറ്റ്‌ ഈസ്‌ വാട്ട്‌  ഇറ്റ്‌ ഈസ്‌.  ഞാന്‍ എന്തു പറഞ്ഞുവോ  അതാണ് അതിന്‍റെ അര്‍ത്ഥം.”

“പക്ഷെ”

“ഇല്ല നിങ്ങളുടെ അവിടുത്തെ ദൌത്യം പൂര്‍ത്തിയായി. ഉടന്‍ തിരിച്ചെത്തി  റിപ്പോര്‍ട്ട്‌   ചെയ്യുക”

മറു തലയ്ക്കല്‍ ഫോണ്‍ കട്ട് ചെയ്തതിന്റെ ശബ്ദം രാംനോസ്കിയുടെ  ചെവിയില്‍ വ്യക്തമായി കേട്ടു.


കേസിലെ പ്രതികള്‍ ആരൊക്കെയെന്നു വ്യകതമായി.  അതിനുള്ള തെളിവുകള്‍ കൈവശമായി. കേസിലെ മുഖ്യ സൂത്രധാരകന്‍ എന്നു സംശയിക്കുന്ന ജോര്‍ജിനു സ്ഫോടനം  നടക്കുന്നതിനു ഏതാനും  ദിവസം മുന്‍പ്  ചില ഫോണ്‍ വിളികള്‍  വന്നിരുന്നു. ഇന്റെനെറ്റ് ഉപയോഗിച്ചു വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സെര്‍വറുകളില്‍ നിന്നുള്ള വിളികള്‍ ആയതിനാല്‍ കൃത്യമായ ഇടം കണ്ടെത്തുവാന്‍ എളുപ്പമായിരുന്നില്ല.  ഫോണ്‍ വിളികള്‍   ഒരു രാജ്യത്തെ സെര്‍വറില്‍ നിന്നു തുടങ്ങുകയും സംസാരത്തിനിടയില്‍ വിളികള്‍  വിവിധ രാജ്യങ്ങളിലെ സെര്‍വറുകളിലൂടെ റീറൂട്ട് ചെയ്യപ്പെടുകയും ചെയ്തു. വിളി അവസാനിക്കുന്നത്‌ മറ്റൊരു രാജ്യത്തെ സെര്‍വറില്‍!.

എജന്റ്  രാംനോസ്കിക്കു ഫോര്‍ട്ട് അല്‍മേഡയിലെ  സൈബര്‍ വിദഗ്ദര്‍ക്ക് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍  രണ്ടു പേര്‍ ആയിരുന്നു വിളിച്ചിരുന്നതെന്നും  ഒരാള്‍ മലേഷ്യയില്‍ നിന്നും മറ്റൊരാള്‍ പാരീസില്‍ നിന്നുമാണ് ജോര്‍ജിനെ വിളിച്ചതെന്നും വ്യക്തമായി.

ഫ്രാന്‍സിനും  മലേഷ്യയ്ക്കും  ഈ കേസിലുള്ള ബന്ധം വീണ്ടും രാംനോസ്കി  ലെഫ്റ്റനന്റ് മേജര്‍  ഡാന്‍ പവറിന്റെ  അറിയിച്ചെങ്കിലും“യുവര്‍ മിഷന്‍ ഈസ്‌ അക്കംപ്ലിഷ്ഡ്.  കം ബാക്ക് ഇമ്മീഡിയറ്റ്” എന്ന  കര്‍ശന ഉത്തരവാണെ ത്തിയത് .


ഇന്‍സ്പെക്ടര്‍  കീത്ത് ആര്‍നോള്‍ഡ്  കോടതി മുന്‍പാകെ ഹാജരായി. കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവരെ അറസ്റ്റു ചെയ്യാനും അവരുടെ വീടുകളും സ്ഥാപനങ്ങളും  റെയ്ഡ്  ചെയ്യാനും. കോടതിയില്‍ നിന്നും വാറണ്ട്  ലഭിക്കേണ്ടതുണ്ട്.

അടച്ചിട്ട കോടതി മുറിയില്‍  ജഡ്ജി  ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡിന്‍റെ  വാദങ്ങള്‍ കേള്‍ക്കാനിരുന്നു.  ഇന്‍സ്പെക്ടറും  സഹായി ഡപ്യൂട്ടിയും  കേസിന്റെ ഫയലുകള്‍  തുറന്നു

യുവര്‍ ഓണര്‍ ,

“ഈ രേഖകളില്‍ പറയുന്ന ഫോണുകളും, കൂട്ടത്തില്‍ 8824 എന്ന നമ്പറില്‍ അവസാനിക്കുന്ന ഫോണും സംഭവം നടക്കുന്നതിനു രണ്ടാഴ്ചകള്‍ക്ക് മുന്‍പ്  ദേശായി താമസിക്കുന്ന പ്രദേശത്ത്  പല പ്രാവശ്യം  വന്നു പോയിട്ടുണ്ട്.

 “ഈ ഫോണുകളില്‍ ഉപയോഗിച്ച സിം കാര്‍ഡുകള്‍ 6 മാസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയെങ്കിലും   ആക്ടിവേറ്റു ചെയ്തത്  സംഭവത്തിനു  രണ്ടു മാസം മുന്‍പ് മാത്രമാണ്.

“ഇതെല്ലാം കാണിക്കുന്നത്  പ്രതികള്‍  കുറച്ചുകാലമായി ദേശായിയെ പിന്‍ തുടരുകയായിരുന്നു.  യുവര്‍ഓണര്‍, അങ്ങിനെയൊരു നിഗമനത്തില്‍ എത്താനുള്ള കാരണങ്ങള്‍ ഇനി പറയുന്നതാണ്;

സംഭവം നടന്ന ഒക്ടോബര്‍ പതിനാറു വെളുപ്പിന് സിം 8 8 2 3 ദേശായി താമസിക്കുന്നിടത്തെ ടവര്‍ ലൊക്കേഷനില്‍  എത്തിയിട്ടുണ്ട്
ട്രിഗര്‍ ഉപകരണത്തില്‍ ഉണ്ടായിരുന്ന സിം 3 7 5 2  അന്നേദിവസം വെളുപ്പിന് ഒന്നേ നാല്‍പ്പതു മണിക്കാണ്  ‘ഓണ്‍’ ചെയ്തതായി കാണുന്നത്.  അതായതു ആ സമയത്തായിരിക്കണം   കാറില്‍ ബോംബു പിടിപ്പിച്ചത്.  ആ സമയം   സിം 8823  അതേ സ്ഥലത്തു തന്നെ ഉണ്ടായിരുന്നു
സംഭവം നടക്കുന്ന സമയത്ത് സിം 8823 സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.  അതില്‍ നിന്നും ഒന്നര മിനിറ്റ് ദൈഘ്യമുള്ള  ഒരു വിളി സിം  4 3 6 6 എന്ന ഫോണിലേക്ക് പോയിട്ടുണ്ട്
ഈ സമയത്താണ് ആ ഫോണില്‍ നിന്നും ഒരു ടെക്സ്റ്റ്‌ മെസ്സേജ് ട്രിഗര്‍ ഉപകരണത്തിലേക്ക്  അയയ്ക്കപ്പെട്ടതും  സ്ഫോടനം  ഉണ്ടാകുന്നതും.
സിഗരറ്റില്‍ നിന്നും കിട്ടിയ ഡി .എന്‍. എ ആല്‍ഫ്രെഡ് ഓര്‍ജിയുടെതെന്നു തെളിഞ്ഞിട്ടുണ്ട്. സിഗരറ്റ്കുറ്റി കിട്ടിയ സ്ഥലത്ത് നിന്നും നോക്കിയാല്‍ വ്യക്തമായും ദേശായിയുടെ വീടും  അവിടെയുള്ള നീക്കങ്ങളും നിരീക്ഷിക്കാന്‍ പറ്റും.

“ഇതില്‍ നിന്നും അനുമാനിക്കാവുന്നത്‌  ആല്‍ഫ്രെഡ് ഓര്‍ജി മിസ്റ്റര്‍ ദേശായിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും  ആ വിവരം സഹോദരനായ ജോര്‍ജു ഓര്‍ജിയെ യഥാസമയം അറിയിക്കുകയും  അയാള്‍ കൃത്യസമയത്ത് ബോബ് പൊട്ടാനുള്ള ‘അസ്സാള്‍ട്ട് മെസ്സേജു’ അയാളുടെ കൈവശം ഉണ്ടായിരുന്ന സിം  4 3 6 6  നമ്പര്‍ അടങ്ങിയ  ഫോണില്‍ നിന്നും അയച്ചുകൊണ്ട്  സ്ഫോടനം നടത്തിയെന്നുമാണ്.

ആയതുകൊണ്ട്  പ്രതികളെ അറസ്റ്റുചെയ്തു ചോദ്യം ചെയ്യാനും  അവരുടെ വീടുകളും സ്ഥാപനങ്ങളും പരിശോധിക്കാനുമുള്ള വാറണ്ട്  ഉത്തരവാകണം.”

ജഡ്ജി കേസ് ഫയലുകള്‍ മറിച്ചു നോക്കി.  അദ്ദേഹം   ഇന്‍സ്പെക്ടര്‍  ആര്‍നോള്‍ ഡിന്റെ നേര്‍ക്കു ചോദ്യങ്ങള്‍  ചോദിച്ചു.

“മിസ്ടര്‍ ഇന്‍സ്പെക്ടര്‍, കൊലപാതകം നടത്താന്‍ ആരാണ് ഏര്‍പ്പാട് ചെയ്തത്? അല്ലെങ്കില്‍ സംശയിക്കപെടുന്നവര്‍ക്ക് കൊല്ലപ്പെട്ട  മിസ്ടര്‍ ദേശായിയോട് എന്തങ്കിലും വിരോധം? ”

“യുവര്‍ഓണര്‍, ഫോണ്‍ സന്ദേശങ്ങള്‍ ഡീ കോഡ് ചെയ്തിപ്പോള്‍ മലേഷ്യയിലെ  ക്വലാലംപൂരിലെ  കന്തസ്വാമി എന്നൊരാള്‍ ജോര്‍ജു ഓര്‍ജിയുമായി  ബന്ധപ്പെട്ടിരുന്നു.  അയാളാണ്   മിസ്റ്റര്‍ ദേശായിയെ  വകവരുത്താനുള്ള ജോലി ഏല്‍പ്പിച്ചതെന്നാണ് മനസ്സിലായത്.  പ്രതികളെ ചോദ്യം ചെയ്താല്‍  അതു കൂടുതല്‍ വ്യക്തമായി മനസ്സിലാകും”

 “ചോദ്യം ചെയ്താലും പ്രതികള്‍ക്ക് മറുപടി നല്‍കാതെ നിശബ്ദരായി ഇരിക്കാനുള്ള  അവകാശം മാള്‍ട്ടയുടെ നിയമ വ്യവസ്ഥയില്‍ ഉണ്ടെന്നു അറിയാമോ?”

“അറിയാം”

“താങ്കള്‍ പറയുന്ന ഈ കന്തസാമിയെക്കുറിച്ച് മലേഷ്യന്‍ പോലീസിനോട്  അന്വോഷിച്ചിരുന്നോ ?”

“അപ്പോഴേക്കും അയാള്‍ കൊല്ലപ്പെട്ടു”

“കന്തസാമിയും കൊല്ലപ്പെട്ട ദേശായിയും തമ്മില്‍ ബന്ധം?”

“യുവര്‍ ഓണര്‍, അതും കൂടുതലായി അന്വോഷിക്കേണ്ടതുണ്ട് ”

“പ്രതികളെ അറസ്റ്റു ചെയ്യുവാന്‍ തക്ക എന്തുതരം പ്രാഥമിക തെളിവാനുള്ളത് ?”

“യുവര്‍ഓണര്‍, പ്രതികള്‍ക്കെതിരെ സാഹചര്യതെളിവുകളുണ്ട്.  കൃത്യത്തിനുപയോഗിച്ച ഫോണുകള്‍ കടലില്‍ നിന്നും മുങ്ങിയെടുത്തു.  സംഭവ സമയം ഹാര്‍ബറില്‍  ആല്‍ഫ്രഡ്  ഓര്‍ജിയുടെ സഹോദരനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ്  ജോര്‍ജു ഓര്‍ജി  പഴയ ഹാര്‍ബറില്‍ ‘മായ’ എന്ന ഒരു നൌകയില്‍ ഉണ്ടായിരുന്നു. അത് തെളിയിക്കാന്‍  CCTV  ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്.  കൂടാതെ ആ സമയം അയാളുടെ പേരിലുള്ള സാംസങ്ങ് ഫോണിന്‍റെ  ടവര്‍ ലൊക്കേഷനും അതു ശരിവയ്ക്കുന്നുണ്ട്.  അസാള്‍ട്ടു മെസ്സേജു അയച്ച ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ അവിടെ തന്നെ ആയിരുന്നു. ആ ഭാഗത്തെ കടലിന്റെ അടിയില്‍ നിന്നുമാണ് ആ ഫോണും  കണ്ടെത്തിയത്”

“അതുകൊണ്ട്   കുറ്റകൃത്യവുമായി  അയാളെ  ബന്ധിപ്പിക്കാമെന്നാണോ?”

“അതല്ല യുവര്‍ ഓണര്‍,  സ്ഫോടനം നടന്ന ഉടനെ അയാളുടെ ഫോണില്‍ നിന്നും ഒരു സുഹൃത്തിന് ഒരു വിളി പോയി.  തെളിവ് നിയമപ്രകാരം കണക്കിലെടുക്കാന്‍ പറ്റിയ  ഒരു ‘കൃത്യാനന്തര പെരുമാറ്റരീതി’ ആയിരുന്നത്.  ഇന്നൊരു വലിയ മീനിനെ കിട്ടി എന്നായിരുന്നു സന്ദേശം”

“അതൊരു മീന്‍ തന്നെ ആയിക്കൂടെ?

“ഇവര്‍ക്ക് ദേശായിയെ അറിയില്ല അയാളുമായി ശത്രുതയുമില്ല. ഇനി ഇവരെ ആരെങ്കിലും കൂലിക്ക് എടുത്തെങ്കില്‍  അതിനു നിങ്ങളുടെ  പക്കല്‍ തെളിവുമില്ല.

“ഇവര്‍ക്ക്  ആരെങ്കിലും പണം കൈമാറിയതായി തെളിവുണ്ടോ ?”

 “യുവര്‍ഓണര്‍, അത് പനാമയിലെ ഏതെങ്കിലും ഓഫ്‌ഷോര്‍ അക്കൌണ്ടിലേക്ക് വയര്‍ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടാകും”

“അതില്‍ ഉറപ്പില്ല?”

“ഇപ്പോള്‍ തെളിവില്ല”

“യുവര്‍ ഓണര്‍,  ഈ കേസിനി അന്വോഷിക്കണമെങ്കില്‍  ഫ്രാന്‍സ്, മലേഷ്യ ഇന്ത്യ എന്നീ രാജ്യങ്ങള്‍ സഹകരിക്കണം. ഇതില്‍ ഇന്ത്യയുടെ  നിലപാടാണ് മുഖ്യം. അവരുടെ പൌരനാണ് കൊല്ലപ്പെട്ടത്”

“നോക്കൂ മിസ്ടര്‍. ആര്‍നോള്‍ഡ്, ഇതൊന്നും നടക്കുന്ന കാര്യമല്ല. താങ്കള്‍ അതെല്ലാം മറന്നേക്കൂ.  താങ്കള്‍ പറഞ്ഞ ഈ രാജ്യങ്ങളെ  നമുക്ക്  എതിര്‍ ചേരിയിലാക്കാന്‍ കഴിയില്ല. അവര്‍ക്കീ അന്വോഷണത്തില്‍ താല്പര്യമില്ലെങ്കില്‍  നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല, കൊല്ലപ്പെട്ടത് നമ്മുടെ പൌരനല്ല.

“നോക്കൂ, ഇന്‍സ്പെക്ടര്‍ താങ്കള്‍ കരുതുന്നപോലെ സംശയിക്കപ്പെടുന്നവര്‍ തന്നെയാണ്   കുറ്റകൃത്യം ചെയതതെന്ന വസ്തുത ഞാനും കരുതുന്നു.  പക്ഷെ അതിനുതക്ക തെളിവില്ല.  ചിലപ്പോഴെങ്കിലും നീതിയും നിയമവും നിസഹായരായി നോക്കിനില്‍ക്കേണ്ടിവരും. പിന്നെ ജനാധിപത്യത്തില്‍ ജനങ്ങളുടെ താല്‍പര്യമാണു പ്രധാനമെന്നാണല്ലോ സങ്കല്പം. ഇവിടെ ജനങ്ങള്‍ക്ക്‌ ഈ കാര്യത്തില്‍ താല്പര്യമില്ല എന്നുകരുതിക്കോളൂ.

“താങ്കള്‍ ഈ കേസ് സോള്‍വ് ചെയ്യാന്‍ പറ്റാത്ത കേസുകളുടെ കൂട്ടത്തില്‍, അങ്ങിനെ, അന്വോഷണം മരവിപ്പിച്ച കേസുകളുടെ കൂട്ടത്തില്‍ പെടുത്തിയേക്കൂ. എന്നെങ്കിലും ആര്‍ക്കെങ്കിലും അന്വോഷിക്കണമെന്നു തോന്നിയാല്‍ അങ്ങിനെ നടക്കട്ടെ.  ഒരു പക്ഷെ സത്യം ഒരുനാള്‍  തെളിവുമായി പുറത്ത് വരുമായിരിക്കും. താങ്കളുടെ ജോലിക്ക് ഉലച്ചില്‍ വരാതെ ഞാന്‍ നോക്കിക്കൊള്ളാം”

കോടതിയില്‍ നിന്നും പുറത്ത് വരുമ്പോള്‍ ഇന്‍സ്പെക്ടര്‍ ആര്‍നോള്‍ഡ് ശബ്ദം താഴ്ത്തി എന്തോ പുലമ്പുന്നത് കൂടെയുള്ളവര്‍ കേട്ടു.

“ കുറുക്കനാണവന്‍”

ഇന്‍സ്പെക്ടര്‍ ആരെക്കുറിച്ചാണ്  പറയുന്നതെന്നറിയാതെ ഡപ്യൂട്ടിമാര്‍ പരസ്പരം മുഖത്തേയ്ക്കു നോക്കി.

 അന്നാദ്യമായി ഇട്ടിരുന്ന യൂണിഫോമോടെയാണ്   ഇന്‍സ്പെക്ടര്‍  ആര്‍നോള്‍ഡ് ബാറില്‍ എത്തിയത്.  നിശബ്ദനായി അയാള്‍ മദ്യപിച്ചു. മദ്യം അയാളുടെ ബോധത്തെ മയക്കാതെ മാറിനിന്നപ്പോള്‍ ഗ്ലാസില്‍ നിറഞ്ഞിരുന്ന *ബാജ്ട്ര(Bajtra) അയാള്‍ ഗ്ലാസ്സോടെ തറയിലേക്കു വലിച്ചെറിഞ്ഞു.  ചില്ലുടയുന്ന ശബ്ദം കേട്ട്  എത്തി നോക്കിയവരുടെ ഇടയിലൂടെ ഒന്നും മിണ്ടാതെ തലയും താഴ്ത്തി അയാള്‍ പുറത്തേക്ക് നടന്നു.

പബ്ലിക്‌  ടി വി  പ്രൈം ടൈം വാര്‍ത്ത..

ഇപ്പോള്‍ കിട്ടിയത്.

“ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രദേശായി വധക്കേസില്‍ മാള്‍ട്ട പോലീസ് അന്വോഷണം അവസാനിപ്പിച്ചു.

“അന്താരാഷ്ട്ര തലത്തില്‍തന്നെ   പ്രശസ്തനായിരുന്ന  പത്രപ്രവര്‍ത്തകന്‍ ദേശായിയുടെ മരണത്തിനു പിന്നിലെ അദൃശ്യശക്തികള്‍ ഏതെന്നു അറിയാന്‍ ഈ രാജ്യം അതിയായി ആഗ്രഹിച്ചിരുന്നു.

“ ദേശീയ സര്‍ക്കാര്‍ അന്വോഷണത്തിനു വേണ്ട എല്ലാ സഹകരണങ്ങളും മാള്‍ട്ട സര്‍ക്കാരിനു വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തിന്റെ സല്‍പ്പേരിനു നേരെ ഈ അവസരമുപയോഗിച്ചുകൊണ്ട്  ചിലര്‍ ചെളിവാരി എറിഞ്ഞിരുന്നത് മാന്യ പ്രേക്ഷകര്‍ ഓര്‍ക്കുമല്ലോ.

“ഇന്ത്യന്‍ പൌരനായ ദേശായിയുടെ മരണത്തിനു  പിന്നില്‍ ഏതു ഉന്നതര്‍ ആയാലും  നടപടി എടുക്കുമെന്ന് രാജ്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. മാള്‍ട്ട പോലീസ് അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗമായ എഫ് ബി ഐയുടെ  സഹായത്തോടെ വിദഗ്ധമായി അന്വോഷണം നടത്തിയെങ്കിലും  ശ്രീമാന്‍ ദേശായിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ അവര്‍ എത്തുകയാണുണ്ടായത് .

“കാറിന്‍റെ ഡ്രൈവര്‍ സീറ്റിനടിയില്‍ ബോബ് വച്ച് ഡ്രൈവിങ്ങിനിടയില്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കുടുംബ കലഹമാണ് സംഭവത്തിനു കാരണമെന്നു, മിസിസ്  ദേശായിയുടെ വഴിവിട്ട ജീവിതമാണ്  ജീവനൊടുക്കാന്‍ കാരണമെന്നും  പോലീസ് കരുതുന്നു ..................”
(അവസാനിച്ചു)
Sabu Mathew 2021-09-26 21:38:46
കഥയിലുമുപരി ഒരു യാഥാർഥ്യമാണ്. ഒരു കേസ് എത്ര കഷ്ട്ടപ്പെട്ടു ഒരു പോലീസ് ഓഫീസർ തെളിയിച്ചാലും അവസാനം അതയാൾക്കു നിരാശയോടെ ഉപേക്ഷിക്കേണ്ടിവരും കാരണം ഭരണകൂടത്തിനു ആ കേസിലെ പ്രതികളെ പുറം ലോകത്തിനു വെളിപ്പെടുത്തുവാൻ താല്പര്യം ഉണ്ടാകില്ല. കഥയുടെ അന്ത്യം തിന്മക്കുമേൽ നിയമം വിജയിക്കുമെന്ന് കരുതിയിരുന്നു. ഇവിടെ അസത്യം വിജയിച്ചു, അതൊരു യാഥാർഥ്യമെങ്കിലും നീതി പ്രതീക്ഷിച്ച എന്നിലെ വായനക്കാരൻ ദുഃഖിതനായി. കൊലപാതകിയെ പിടികൂടണമെന്നേ സാമാന്യ ജനത്തിന്റെ മോഹത്തിന് പലപ്പോഴും യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ വിഷമം തോന്നും
എം എൻ നമ്പ്യാർ 2021-09-27 01:58:14
'സത്യാനന്തര കാലം ' ഇത് ബാലൻ കെ നായന്മാരുടെ കാലം. അമിത് ഷാ പ്രതിയായ കേസിൽ വിധി പറയേണ്ട ജസ്റ്റിസ് ദൂരൂഹ സാഹചര്യത്തിൽ മരിച്ചു അന്യോക്ഷണം വേണമെന്ന് ബന്ധുക്കൾ വേണ്ടാന്ന് കോടതി . വെറുതെ ഉത്തരവിട്ടു. കഴിഞ്ഞ മാസം രാവിലെ നടക്കാൻ ഇറങ്ങിയ ഒരു ജില്ലാ ജഡ്ജിയെ വണ്ടി ഇടിപ്പിച്ചു കൊന്നു . നാട്ടിൽ നുണകൾ മാത്രം നടക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക