Image

പാമ്പും കോണിയും : നിർമ്മല - നോവൽ - 66

Published on 02 October, 2021
പാമ്പും കോണിയും : നിർമ്മല - നോവൽ - 66
നാട്ടിലെ വീടുവിറ്റാൽ എന്തു കിട്ടുമെന്ന് ജോയിക്ക് ഒരു രൂപവും ഇല്ലായിരുന്നു. എന്നാലും ഇട്ടിട്ട് എന്തു പ്രയോജനം. അതുകൊണ്ട് വിൽക്കാൻ തന്നെ ജോയി തീരുമാനിച്ചു. ജിമ്മി ഒന്നും പറയില്ലല്ലോ എന്നോർത്ത് ജോയി അത് വിൽക്കാൻ ഒരാളെ ഏൽപ്പിച്ചു.
വീടുവിൽക്കുന്നതിന്റെ കണക്കുകൾ പറയാൻവേണ്ടി ജിമ്മിയെ വിളിപ്പിച്ചതായിരുന്നു ജോയി. ജിമ്മി പണിയിച്ച വീട്, അതിലെ ഓരോ ഇഷ്ടികയും ഓരോ കമ്പിയും ജിമ്മിക്കിയാം. പക്ഷേ, ആ ഇഷ്ടികയും കമ്പിയുമൊക്കെ ജോയിയുടെ പണംകൊണ്ടു വാങ്ങിയതായിരുന്നു. ഒന്നും തന്റേതായിരുന്നില്ലെന്ന് ജിമ്മി ഒരിക്കൽകൂടി തിരിച്ചറിഞ്ഞു.
ജിമ്മിക്ക് ഉഷയുടെ വീട്ടിൽ അതിഥിയായി കൂടുന്നത് തീരെ ഇഷ്ടമായിരുന്നില്ല. നാട്ടിൽ പോകുമ്പോഴൊക്കെ അവനു ശ്വാസംമുട്ടും. നാട്ടിലെ വീട്ടിൽ താമസിക്കുന്നതു വെറുതെ സ്വപ്നം കണ്ടിരുന്നു ജിമ്മി.
അന്ന് ഒരു പെഗ്ഗുപോലും കുടിക്കാതെ, ഒരു ബിയറുപോലും മൊത്താതെ ജിമ്മി പറഞ്ഞു.
- ജോയിച്ചായന്റെ പണക്കൊതികൊണ്ട് അമ്മേ നാട്ടിൽപോലും കൊണ്ടുപോയില്ല , അമ്മയ്ക്ക് നാട്ടിൽ കിടന്നു മരിക്കാനായിരുന്നു ഇഷ്ടം !
ജോയി തരിച്ചിരുന്നു.
- നിനക്കു കൊണ്ടു പോകാൻ മേലാരുന്നോടാ?
അയാൾ അലറി .
- എനിക്കതിനുള്ള പാങ്ങില്ലാതെ പോയി
ഈ പാങ്ങും കീങ്ങുമൊന്നും ചുമ്മാതിങ്ങു വരത്തില്ല. പന്ത്രണ്ടാമത്തെ വയസ്സിൽ ഞാൻ ചുമക്കാൻ തുടങ്ങിയതാ ഈ ഭാരം അറിയാമോ !
- കുറെക്കാലമായി കേൾക്കുന്നു ഭാരത്തിന്റെ കണക്ക്! വെള്ളത്തിൽ തള്ളിയിട്ടു കൊല്ലുന്നതായിരുന്നു ഇതിലും ഭേദം.
ജിമ്മി വേദനയോടെ പറഞ്ഞു.
- ജിമ്മീ.
ജോയിയുടെ ശബ്ദം നിന്നുപോയി.
- എന്നെ ചുമക്കാൻ ഞാൻ ആവശ്യപ്പെട്ടോ. ഞാനത്രയ്ക്കു ഭാരം ആയിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ എവിടെയെങ്കിലും ഓടിപ്പോയേനെ അച്ചാച്ചാ .
- എനിക്കൊന്നും വേണ്ട, ചുമട്ടുകൂലിയായി അച്ചാച്ചൻതന്നെ എടുത്തോ. ഇനി എത്ര ലക്ഷംകൂടി ഞാൻ കടപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചാൽ എങ്ങനെയെങ്കിലും തന്നുതീർക്കാം ചുമട്ടുകൂലി .
അതു പറഞ്ഞ് ജിമ്മി വളരെ സാവകാശത്തിൽ ഇറങ്ങിനടന്നു.
അമ്മച്ചി അവന്റെ ഹൃദയത്തിലിരുന്നു കുത്തിക്കുത്തി നോവിച്ചു.
- അമ്മച്ചിക്കുവേണ്ടി ഞാനൊന്നും ചെയ്തില്ലല്ലോ!
മക്നാസ്റ്റീസിലെ ഉയർന്ന സ്റ്റൂളിലിരുന്ന് അവൻ മാർട്ടീനിയിലെ ഒലിവിനോടു സങ്കടം പറഞ്ഞു.
- അമ്മയ്ക്കു കൂട്ടുണ്ടായിരുന്നതു നീയല്ലേ. ചേട്ടൻ ഇരതേടി പോയപ്പോൾ . ത്രികോണഗ്ലാസ്സിലെ ഒലിവ് അവനെ ആശ്വസിപ്പിച്ചു. ജിമ്മി ഒലിവിനെ കുത്തിയെടുത്ത് സ്നേഹത്തോടെ മുത്തംവെച്ചു.
തളർന്നുപോകുന്ന ശരീരത്തെ ജോയി മെല്ലെ സോഫയിലേക്ക് ചാരിവെച്ചു. കൈ പൊക്കി ഒന്നു കൊടുക്കാൻ അവൻ കുട്ടിയല്ലല്ലോ!
ജോയി ഹൈസ്കൂളിൽ എത്തിക്കഴിഞ്ഞ് പലചരക്കുസാധനങ്ങളുടെ വില അമ്മച്ചിക്ക് അറിയാമായിരുന്നോ എന്ന് ജോയിക്ക് ഇടയ്ക്കു സംശയംതോന്നും. ഒരിക്കൽ കടയിൽ പോയിവന്ന് ജോയി പറഞ്ഞു:
- ഉള്ളിക്കു വെല കൂട്ടിയമ്മച്ചീ.
- ആന്നോ മോനേ . ഇന്നാ നീ ഈ കാപ്പിവെള്ളം കുടിക്ക്.
ഉള്ളിക്ക് എത്ര വിലകൂടി എന്ന് അമ്മച്ചി അന്വേഷിക്കാറില്ല.
- എന്റെ കാപ്പി എന്ത്യേ അമ്മച്ചീ ?
ജിമ്മി കളിനിർത്തി ഓടിവരും.
- നിനക്കും കാപ്പി വേണോ, ജോയിമോൻ സാധനോം എടുത്തോണ്ടു ക്ഷീണിച്ചതല്യോ ന്നോർത്ത് ഞാൻ ഒരു ഗ്ലാസ്സേ ഒണ്ടാക്കിയൊള്ളല്ലോടാ. ഇപ്പം ഒണ്ടാക്കാം.
ജോയി ഒരിറക്കു കാപ്പികുടിച്ചിട്ട് , അമ്മയുടെ ബുദ്ധിമുട്ടൊഴിവാക്കാൻ ബാക്കി ജിമ്മിക്കു കൊടുക്കും.
- എനിക്കു വേണ്ടാ ഈ ചൂടത്ത് ഇന്നാടാ ജിമ്മീ.
ഒരു ഗ്ലാസ്സിൽനിന്ന് ഒരു പാത്രത്തിൽ നിന്ന് , ഒരമ്മയിൽനിന്ന് , ഒരു കട്ടിലിൽനിന്ന് ജീവിതം അവരെ വാർത്തെടുത്തത് അങ്ങനെയാണ്.
അവനിപ്പോൾ ചോദിക്കുന്നു.
- അച്ചാച്ചനെന്താ എന്നെക്കൂടി അന്നു കടയിൽ കൊണ്ടുപോകാതിരുന്നത് ? സാധനങ്ങളുടെ വിലയും പൈസയുടെ കണക്കും അച്ചാച്ചൻ തന്നെയായിട്ടു സൂക്ഷിച്ചുവെച്ചതെന്തിനാ ? ആരേം വിശ്വാസമില്ല. മറ്റാരും എന്നോളം മിടുക്കനല്ലെന്ന വിചാരം !
- പെൻസിലിന്റെ മുന ഒന്ന് ഒടിഞ്ഞാൽ എനിക്കു പേടിയായിരുന്നു. എന്തിനാ മുന ഒടിച്ചത് എന്നാ ആദ്യത്തെ ചോദ്യം ! എന്നും എല്ലാം ഞാൻ മന:പൂർവം ചെയ്തതാണെന്ന വിധത്തിലല്ലേ അച്ചാച്ചൻ പറയുന്നത്. പേന കളഞ്ഞോ, ഇത് ഒടിച്ചോ , അതു നശിപ്പിച്ചോ !
ഒന്നും ഒരിക്കലും എളുപ്പമായിരുന്നില്ലല്ലോയെന്ന് ജോയി ഓർത്തു. നെറ്റിയിൽ നെടുകേ വരകൾ വീണുകിടപ്പുണ്ട്. അമേരിക്കയിൽ വന്നുപെട്ടിട്ടും പല ജോലികളിലായി വർഷങ്ങൾ കഷ്ടപ്പെട്ടതൊന്നും ജിമ്മിക്കറിയില്ല. എപ്പോഴും ഒറ്റയ്ക്കായിരുന്നു. ബന്ധുക്കളാരുമില്ലാതെ. കുട്ടികളെയും കൊണ്ട് ഏറെ ക്ലേശങ്ങൾ സഹിച്ചിട്ടുണ്ട്. ജിമ്മിക്ക് എല്ലാം എളുപ്പത്തിൽ.
ജോയിക്ക് കടുത്ത തലവേദന തോന്നി. സാലിയെ വിളിക്കാൻ ബുദ്ധിമുട്ടി ജോയി സോഫയിലേക്കു ചരിഞ്ഞു.
                         തുടരും ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക