HOTCAKEUSA

ഫെയ്‌സ്‌ ബുക്ക്‌ അഥവാ മുഖപുസ്‌തകം (ജോര്‍ജ്‌ നടവയല്‍)

Published on 04 July, 2012
ഫെയ്‌സ്‌ ബുക്ക്‌ അഥവാ മുഖപുസ്‌തകം (ജോര്‍ജ്‌ നടവയല്‍)
നേരുള്ള മുഖമേ, മുഖ പുഷ്‌പമേ.....;
നിന്നില്‍ ലയിക്കാത്ത ശൃംഗാരമുണ്ടോ?
നിന്നില്‍ കുലുങ്ങാത്ത ഹാസ്യമുണ്ടോ?
നിന്നില്‍ തുടിക്കാത്ത കരുണമുണ്ടോ?
നിന്നില്‍ ത്രസ്സിക്കാത്ത രൗദ്രമുണ്ടോ?

നിന്നില്‍ ജ്വലിക്കാത്ത വീരമുണ്ടോ?
നീ കെടുത്താത്ത ഭയങ്ങളുണ്ടോ?
നീയകറ്റാത്ത ജുഗുപ്‌സയുണ്ടോ?
നീ കൂറാത്തത്ഭുതമുണ്ടോ?
നീ പകരാത്ത ശാന്തിയുണ്ടോ?

നേരുള്ള മുഖമേ, മുഖപുഷ്‌പമേ...... ;
നീയണിയാത്ത ചിരിശലഭമുണ്ടോ?
നീ പകരാത്ത തേന്‍ കണമുണ്ടോ?
നീ പൊഴിക്കാത്ത മൊഴിമുത്തുണ്ടോ?
നീ കണ്ണീരണിയാത്ത സാന്ത്വനമുണ്ടോ?

നേരുള്ള മുഖമേ, മുഖപുഷ്‌പമേ...... ;
മാംസത്തിന്‍ മാംസമാണു നീ,
രക്തത്തിന്‍ രക്തമാണു നീ,
ഇന്ദ്രിയങ്ങള്‍ക്കിന്ദ്ര ജാലവും നീ,
ആത്മാവിന്‍ നേര്‍ക്കണ്ണാടിയും നീ.

നേരുള്ള മുഖമേ, മുഖ പുഷ്‌പമേ.....
മുഖം കുത്തി വീണുപോയല്ലോ
സുഖമോലുമക്കാലമൊക്കെയും,
നരക നഖപ്പാടുകള്‍ പോറി
വികൃതമിക്കാലത്തിന്‍ ദുര്‍മുഖം.

മുഖച്ചായങ്ങള്‍ തേച്ചൊരുക്കിയും
മുഖമ്മൂടികള്‍ ചേലിലണിഞ്ഞും
മുഖമ്മാറ്റശസ്‌ത്രക്രിയകള്‍ ചെയ്‌തും
പൊയ്‌മുഖപ്പാവകളായും
മുഖം കെട്ട പ്രവാസമായും

ദുര്‍ക്കണിക്കെണികളായും
വായിക്കനാവാത്ത പുസ്‌തകം പോലെ
`ഫെയ്‌സ്‌ ബുക്കില്‍' പടരുന്നു മുഖങ്ങള്‍.
എങ്ങെങ്ങെന്‍ ദേവിതന്‍ സുന്ദര മുഖം?

എങ്ങെങ്ങെന്‍ ദേവാ നിന്‍ ലാവണ്യ വദനം?
എങ്ങേശു മുഖം, എങ്ങെന്‍ കന്യാ മേരീമുഖം?
എങ്ങെങ്ങു ഗാന്ധി, എങ്ങെങ്ങമ്മത്തെരേസ്സ?
കാലമേ; നിന്റെ ക്രൂരമാം
വണിക്‌ വിളയാട്ടത്തിലമര്‍ന്നല്ലോ
നിഷ്‌കള വദനങ്ങളൊക്കെയും;
ആ നിര്‍മ്മല കന്യാ തനയന്റെ സുന്ദരാനനം
മാറൂന്നൂ പന്തിരണ്ടാണ്ടുകള്‍ തോറും
യൂദാസിനെ വരയ്‌ക്കാന്‍ കാവ്യ ചിത്രകാരന്നിദം യുഗം.

മുഖപുസ്‌തകങ്ങള്‍ക്കായ്‌ മിന്നുന്ന ഫ്‌ളാഷുകള്‍,
ചലച്ചിത്ര നിരകള്‍, വഴിയോര നഗ്ന ചിത്രങ്ങല്‍,
മുഖ പരസ്യങ്ങളിലെ വശീകരണച്ചിരികള്‍,
ഫെയിസ്‌ ബുക്കിദാനീം സര്‍വ സംവേദക.

`പേഴ്‌സോണയെന്നാല്‍ മുഖം മൂടിയെന്നല്ലോ,
മുഖം മൂടാതെങ്ങനെയുണ്ടാ കും പേഴ്‌സണാലിറ്റികളെന്നായീ
ബിസ്സിനസ്സ്‌ മന:ശാസ്‌ത്ര പണ്ഡിത ശ്രേഷ്‌ഠര്‍;
കച്ചവടമായാജാലം തരും
`റോളര്‍കോസ്റ്റര്‍' കുതിപ്പില്‍ തല മന്ദിച്ചു നാം,
മുഖ പുസ്‌തകങ്ങളിലെ സോമരസ്സാസ്സുര പടങ്ങളായി നാം.

കണ്ണില്‍ പിടിക്കുന്നീലാ അയല്‍ക്കരനേം സോദരനേം
നേരുകള്‍ ശീര്‍ഷാസനങ്ങളില്‍;
ഇനിയുള്ള കാലം മുഖം തലകീഴേയെന്നോ.......
മരണക്കല്ലറകളിലേ നാം
മുഖം മൂടാറുള്ളൂ എന്നു മറന്നൂ നാം.

എങ്കിലും ഓമലേ നീയേലും കൂടുമോ
നമുക്കാ പഴയ സുന്ദര മുഖ കാലത്തെ
പെറുമൊരു പുസ്‌തകത്താളിലെ
മയില്‍ പീലിയാകാന്‍, മഴവില്ലാകാന്‍..
ഫെയ്‌സ്‌ ബുക്ക്‌ അഥവാ മുഖപുസ്‌തകം (ജോര്‍ജ്‌ നടവയല്‍)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക