കോവിഡ് കാലത്തിന്റെ സന്നിഗ്ധതകൾ മറികടക്കാൻ പല രീതിയിലാണ് മനുഷ്യർ പ്രതികരിച്ചു കാണുന്നത്. മുൻപത്തേതിനെക്കാളൊക്കെ ഏറെ സമയം നാം വീട്ടിനുള്ളിൽ കഴിച്ചു കൂട്ടേണ്ടി വരുന്നു. പുറം ലോകത്തിന്റെ തിരക്കുകൾ വിട്ട് വെറുതെയിരിക്കുന്ന സമയം സർഗ്ഗാത്മകമായി ചിലവഴിക്കുന്ന ഒരാളെ നമുക്ക് പരിചയപ്പെടാം.ടെലിവിഷൻ , ഹെൽത്ത് കെയർ , വിദ്യാഭ്യാസരംഗങ്ങളിലെ സംഘാടകനും പ്രവർത്തകനുമാണ് ടി.കെ. വിഭാകർ. ചെന്നൈ വേളാച്ചേരിയിലാണ് താമസം. ഉള്ളിലുറഞ്ഞിരുന്ന വരകളും നിറങ്ങളും പുറത്തേയ്ക്കൊഴുക്കി ചിത്രഭംഗികൾ തീർത്തു കൊണ്ടിരിക്കുകയാണ് വിഭാകർ ഈ സമയത്ത് .
ചിത്രങ്ങളുടെ ഒരു മികച്ച ശേഖരം പൂർത്തിയാക്കിയിട്ടുണ്ട് വിഭാകറിപ്പോൾ. സൈക്ളിസ്റ്റും ഫോട്ടോഗ്രാഫറും അതേസമയം യാത്രകളുടെ ഇഷ്ടക്കാരനുമായ അദ്ദേഹം തികഞ്ഞ കലാകാരനാണ് താനെന്ന് തെളിയിക്കുകയായിരുന്നു. ഇതിനു മുൻപ് ഇത്തരമൊരു ഉദ്യമത്തിന് ശ്രമിക്കാതിരുന്നതെന്തേ എന്ന് നാം അത്ഭുതപ്പെട്ടു പോകും വർണ്ണ സുരഭിലങ്ങളായ ഈ ചിത്രങ്ങൾ കാണുമ്പോൾ.
ആദ്യം കാൻവാസിൽ ഒരു ഓയിൽ പെയിന്റിംഗാണ് വിഭാകർ പൂർത്തിയാക്കിയത്. അത് ഉണങ്ങി വരാനുള്ള അധിക സമയത്തിന് കാത്തിരിക്കാൻ തക്ക ക്ഷമയില്ലാതെ അക്രലിക് പെയിന്റിംഗിലേക്ക് കൈ തൊട്ടു അദ്ദേഹം. അതായിരുന്നു എളുപ്പമെന്ന് തോന്നി എന്ന് വിഭാകർ പറയുന്നു.
വിവിധ വിഷയങ്ങളും കാഴ്ചകളുമാണ് തന്റെ ചിത്രങ്ങളിൽ വിഭാകർ പങ്കു വെക്കുന്നത്. സൗകര്യത്തിന് കിട്ടുന്ന സമയങ്ങളിലെല്ലാം ബ്രഷിൽ ചായം ചാലിച്ച് പുതിയ ചിത്രങ്ങൾ മെനയുകയാണ് വിഭാകർ. കഴിയുന്നത്ര വരച്ച് ഒരു എക്സിബിഷൻ നടത്തുക എന്നതാണ് അദ്ദേഹത്തിന്റെ വലിയ മോഹം.