Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 17

Published on 09 October, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 17
ആമോദിനി അപർണയെ ആ ഫോട്ടോ  കാണിച്ചപ്പോൾ , അവൾക്കും ചിരി അടക്കാൻ സാധിച്ചില്ല .
" നിനക്കായി മാധവിനോടന്ന് വഴിക്കിട്ടപ്പോൾ അയാൾ പറഞ്ഞത് എനിക്ക് ഓർമയുണ്ട്, നിന്റെ മുഖം കാണാൻ പോലും അയാൾക്ക്‌ ഇഷ്ടം അല്ലെന്ന് , എത്ര പെട്ടെന്നാണ് മനുഷ്യരുടെ സ്വഭാവം മാറുന്നത്.  സത്യത്തിൽ എന്തിനാണ് അയാൾ അന്ന് അങ്ങനെ ഒരു തീരുമാനം എടുത്തത് ?
"ഞാനും അതാണ് പലപ്പോഴും ഓർക്കുന്നത് , ഉത്തരം കിട്ടാത്ത ചോദ്യം " ആമോദിനി പറഞ്ഞു .
' ഇന്നലെ അത് ചോദിച്ചപ്പോൾ , ഒഴിഞ്ഞു മാറി , ഇനി ഇഷ്ടമുള്ളപ്പോൾ പറയെട്ടെ " ഉത്തരമില്ലാത്ത ചോദ്യത്തിന്റെ  കുരുക്ക് കെട്ടഴിഞ്ഞു വീഴ്ത്തും ഒരു നാൾ .
പ്രണയത്തിന്റെ പരകോടിയിൽ മാധവ് ചുവന്ന ലിപികളിൽ എഴുതിയ 
വരികളിൽ ചിലപ്പോഴെല്ലാം ചുടുനിണം പൊടിയാറുണ്ട്. 

അപർണ അത്താഴം കഴിച്ചിട്ടേ പോകാവൂ എന്ന് മൗസുവിനു ഒരേ നിർബന്ധം . തനിക്കും അവളുടെ സാമീപ്യം ആവശ്യമായി തോന്നി .
മൗസൂ തമാശ ആയിട്ട് പറഞ്ഞു 
"അമ്മക്കു  ഒരു കാര്യം കേൾക്കണോ ? അച്ഛനെ  കുശുമ്പ് പിടിപ്പിക്കാൻ ഞാൻ ഒരു കാര്യം പറഞ്ഞു "
" എന്താണ് ?" അപർണയാണ് ചോദിച്ചത് .
"അമ്മയുടെ  പഴയ ക്രഷ് , ചൈൽഡ്ഹുഡ് ഫ്രണ്ട് ഇവിടെ ചെന്നൈയിൽ ഉണ്ടെന്നു ഞാൻ  പറഞ്ഞു "
" ആര് അനിരുദ്ധോ ?"
" അതെ "
" എന്നിട്ടു അച്ഛൻ  എന്ത് പറഞ്ഞു "
'കുറച്ചു ജലസ് ആയെന്നു തോന്നി. ആ അങ്കിൾ നമ്മുടെ വീട്ടിൽ വന്നോ എന്ന് ചോദിച്ചു "
അപർണക്കും ആമോദിനിക്കും ചിരി അടക്കാൻ സാധിച്ചില്ല , താൻ മാധവിൽ നിന്നും പിരിഞ്ഞിട്ട് വർഷം എത്ര ആയി .. എന്നിട്ടും പൊസ്സസ്സീവ്നെസ് , അതിനു ഒരു  കുറവുമില്ല .
സ്ത്രീകളാണ് അസൂയാലുക്കൾ എന്ന് പൊതുവെ പറയുമെങ്കിലും , പുരുഷന്മാരും ഒട്ടും പുറകിലല്ല .
നീയില്ലാതെ ഞാനില്ല, ഞാനില്ലാതെ നീയില്ല , നമ്മൾ ഒന്നാണ് എന്നൊക്കെ പറഞ്ഞുനടന്ന ഒരു കാലം. 
ഇന്ന് നമ്മളില്ല , നീയും , ഞാനും മാത്രം. പക്ഷെ മുഴവനായിട്ടു നീയും ഞാനും എന്നു പറയാനും സാധിക്കുന്നില്ല. ചുറ്റിപ്പിണഞ്ഞങ്ങ് കിടക്കുകയാണ് .
അല്ലെങ്കിൽ ഈ മാധവും  വർഷങ്ങൾ കാണാഞ്ഞ , ഓർമ്മയിൽ നിന്നുപോലും പോയിമറഞ്ഞ  അനിരുദ്ധും എങ്ങനെ പിന്നെയും ഇങ്ങനെ ചുറ്റിപറ്റി നിൽക്കും !

അത്താഴം കഴിഞ്ഞു മൗസൂ അവളുടെ മുറിയിലേക്ക് പോയപ്പോൾ അപർണ ഒരു കാര്യം പറഞ്ഞു. താൻ അത് പ്രതീക്ഷച്ചതാണ് എന്നാലും അവൾ അത് പറഞ്ഞു കേൾക്കുമ്പോൾ ഒരു സന്തോഷമാണ് .
" വർമ്മാജി എന്നെ പ്രൊപ്പോസ് ചെയ്തു "
" പാട്ടും  അമ്പലത്തിലെ സംഗീതക്കച്ചേരിയും ഒക്കെ ..
ഞാൻ ഇത് പ്രതീക്ഷിച്ചു "
" സത്യം മോദിനി , ഞാൻ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു വഴിത്തിരിവ് തീരെ ഓർത്തില്ല , നീ അന്ന് അയാളുടെ കാര്യം പറഞ്ഞപ്പോൾതന്നെ , അയാളോടൊരു മമത തോന്നി.. പക്ഷേ കല്യാണം, അതൊന്നും ചിന്തിച്ചേ ഇല്ല "
" പറ .. പറ എല്ലാം വിശദമായിട്ട് " ഒരു കൗമാരക്കാരിയുടെ ഔല്‍സുക്യം ആമോദിനിയിൽ തെളിഞ്ഞു .." ഞങ്ങളു തമ്മിൽ പതിനഞ്ചു വയസ്സിന്റെ എങ്കിലും വ്യത്യാസം ഉണ്ട് . പക്ഷേ അതെനിക്ക് ഒട്ടും തോന്നിയില്ല . കാഴ്ചയിൽ മാത്രമേ ഈ ഗാംഭീര്യം ഉള്ളു , ആളൊരു പാവമാണ് "
അവൾ തുടർന്നു..
ജീവിതത്തിൽ ആദ്യമായിട്ടാണ് , നീ ഒഴിച്ചാൽ ഒരാൾ ഇത്രയും സ്നേഹവും , കരുതലും  എന്നോട് കാണിക്കുന്നത് .
" രാവിലെ വിളിച്ചിട്ടു ബ്രേക്‌ഫാസ്റ് കഴിച്ചോ , ഇല്ലെന്നു പറഞ്ഞാൽ,പോയിക്കഴിക്കു , ഞാൻ പിന്നെ വിളിക്കാം .. അല്ലെങ്കിൽ വയ്യെന്ന് പറയുമ്പോൾ , ഡോക്ടറുടെ അടുത്ത് കൊണ്ടുപോകട്ടെ എന്ന് ചോദിയ്ക്കാൻ , വരാൻ പറ്റില്ല എന്നറിയാമെങ്കിലും  വരാൻ നോക്കാം എന്ന് പറയാൻ ..മഴ തിമിർത്തു പെയ്യമ്പോൾ , ഈ മഴയിൽ ഒരു ഡ്രൈവ് പോയിരുന്നെങ്കിൽ എന്ന് , സമയത്തു ഭക്ഷണം കഴിക്കാത്ത ദിവസം തമാശക്കാണെങ്കിലും ശാസിക്കാൻ .. സത്യത്തിൽ അതൊക്കെ ഒരു പുരുഷനിൽനിന്നും എനിക്കാദ്യമാണ്.. "

അപർണ പറഞ്ഞ കാര്യങ്ങൾ എത്ര സത്യമാണ് . ലൈംഗിക ബന്ധത്തിലുപരി, ഒരു പെണ്ണ് , ഈ ചെറിയ പരിഗണനകളല്ലേ  ആഗ്രഹിക്കുന്നത് ! നമ്മളെ കരുതുന്ന ഒരാൾ ... നമ്മുടെ കൂടെ ഉണ്ടെന്നു തോന്നിക്കുന്ന  ഒരാൾ . ഹൃദയത്തിന്റെ ഉള്ളറകളിലെവിടെ നിന്നോ താഴ്ന്ന സ്വരത്തിൽ ആരോ..ഒരാൾ  നമ്മുടെ പേര് വിളിക്കുമ്പോൾ തോന്നുന്ന സന്തോഷം .
"എന്തിനാ അപർണ ഇനി കാത്തിരിക്കുന്നത് , കഴിയുന്നതും വേഗം അത് നടത്തിക്കൂടെ ?"
' അമേരിക്കയിൽ നിന്നും മകൾ വരും , മകന്റെ കാര്യം ഉറപ്പില്ല.
അച്ഛന് കൂട്ടായിട്ടു ഒരാൾ വരുന്നത് മകൾക്കും സന്തോഷം .. ഏറ്റവും വലിയ കാര്യം , അമ്മയെക്കൂടി വർമ്മാജിയുടെ വീട്ടിലേക്കു കൊണ്ടുപോകാൻ പുള്ളിക്ക് ആഗ്രഹമുണ്ട് "
" അത് നന്നായി "
" അദ്ദേഹത്തിന് മനസ്സിലായി , അമ്മയില്ലാതെ ആ വീട്ടിൽ എനിക്ക് സമാധാനം കിട്ടില്ല എന്ന് "
" അപർണ , നമ്മുടെ മാതാപിതാക്കളെ കരുതുന്ന ഒരാൾ  ജീവിതത്തിലേക്ക് വരുന്നത് , അതൊരു ഭാഗ്യം തന്നെയാണ് "
" സത്യത്തിൽ അമ്മയോടുള്ള എന്റെ സമര്‍പ്പണം, അതാണ് എന്നെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം "
" നീയും ഞാനും , ഒരേ ജനുസ്സിൽ പെട്ട സ്ത്രീകൾ ആണെന്നാണ് വർമ്മാജി പറഞ്ഞത് "
" ആയിരിക്കും , അതാണല്ലോ , ഇത്രയും വർഷം സന്തോഷത്തിലും , സങ്കടത്തിലും നമ്മൾ ഒന്നിച്ചു മുൻപോട്ടു പോയത്.. "

അപർണ പോയിക്കഴിഞ്ഞപ്പോൾ ചിന്തകൾ പിന്നെയും മാധവിലേക്കു തിരിഞ്ഞു .
പങ്കുവച്ച സ്വപ്‌നങ്ങൾ , കഥകൾ , പകർന്ന  ചുംബനങ്ങൾ, വരിഞ്ഞു മുറുക്കിയ പരിരംഭണം, പകർന്ന ചൂടുള്ള  നിശ്വാസം , എത്രയെത്ര 
രാവോർമ്മകൾ.. എത്ര തിരസ്കരിക്കപെട്ടാലും , അതൊന്നും ഇല്ലായിരുന്നു എന്ന് സമ്മതിക്കാൻ പറ്റില്ലല്ലോ. ഒന്നും മറക്കാൻ സാധിക്കുന്നില്ല .. മറവിയിലേക്ക് തള്ളിവിട്ടിട്ടും
പിന്നേം പിന്നേം വിട്ടുപോകാതെ  തിരികെ കയറി വരുന്ന
ചിലതുണ്ട്.. അതിങ്ങിനെ , തന്നെ  കെട്ടി വരിഞ്ഞുമുറുക്കി
ശ്വാസം മുട്ടിക്കും..

ഉറക്കത്തിലേക്കു പതിയെ വീഴാൻ തുടങ്ങിയപ്പോൾ , ഫോൺ ബെൽ  അടിക്കാൻ തുടങ്ങി..മാധവാണ്..
" മുംബൈയിൽ എത്തിയെന്നു പറയാൻ വിളിച്ചതാണ് , മൗസൂ ഉറങ്ങിയെന്നു തോന്നുന്നു , ഫോൺ എടുത്തില്ല.. മോദിനി ഉറങ്ങിയായിരുന്നോ "
" ഉറങ്ങിത്തുടങ്ങിയിരുന്നു "
" സോറി , ഞാൻ നാളെ വിളിക്കാം. ഫോൺ വെക്കുന്നതിനു മുൻപേ പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു ..
" ഐ മിസ്സ് യു "

ഇനിയും നടന്നുതീർക്കേണ്ട  വഴിത്താരകളിൽ
പൂത്തുനിൽക്കാൻ വെമ്പുന്ന  വാകമരങ്ങൾ .. ഇനിയുമൊരു പ്രണയ
സമാഗമത്തിനായി കാതോർക്കുയാണോ ?
ഇന്നെന്നിലൊരു വസന്തം , ഋതുക്കളുടെ കാലഗതിയിൽ  ജീർണിച്ചു തുടങ്ങിയിരിക്കുന്ന ഹൃദയം .. അതിലേക്കു വീണ്ടും രക്തപ്രാവാഹം ... പിടിച്ചുനില്ക്കാൻ സാധിക്കണേ .. ഇത് മാധവിന്റെ ഏകാന്തതയുടെ തിരിച്ചറിവാണ്.. ഏകാന്തത എല്ലാവർക്കും  തിരിച്ചറിവാണ്.. ജീവിതത്തിൽ പലരും  നമ്മുടെ  ആരായിരുന്നു ,  അവർക്ക് നാം എന്തായിരുന്നു എന്നുള്ള തിരിച്ചറിവ് .. അതിലേക്കു വീണ്ടും വലിച്ചിഴക്കപ്പെടുകയാണോ താൻ .. താൻ പോലും അറിയാതെ ....
കൂടുകൂട്ടാനൊരുങ്ങിയ ഉറക്കം ചിറകടിച്ചു പോയി...
തുറന്ന കണ്ണുകളോടെ മുറിയുടെ ഇരുളിൽ എന്തൊക്കെയോ തിരഞ്ഞ് ആമോദിനി കിടന്നു ...
          തുടരും ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക