Image

ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)

Published on 16 October, 2021
ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)
കുഞ്ചാണനും , കുഞ്ചിരിയും  ബോട്ടിൽ നിന്ന് ഇറങ്ങി .ഉടനെത്തന്നെ അടുത്തെത്തിയ വറീത് തലയുഴിഞ്ഞ്   എന്തോ പറയാൻ ശ്രമിക്കുകയാണ്.
പക്ഷേ  ശബ്ദം പുറത്തു വരുന്നില്ല
അത്ര പരിഭ്രമിക്കേണ്ട കാര്യമെന്തോ നടന്നിരിക്കുന്നു. കുഞ്ചാണനു മനസ്സിൽ തോന്നി
"എന്താണ്ടാ ?"
കരയിലിറങ്ങിയ കുഞ്ചാണൻ അവനോട് ചോദിച്ചു
"അത് "... "അത്"
അയാൾ പരുങ്ങി നിന്നു

അപ്പോഴാണ്  ഉടുമുണ്ട് മുട്ടൊപ്പം കയറ്റി ക്കുത്തി ,ജയഭാരതി എന്ന് ഇരട്ടപ്പേരിൽ ചെക്കൻമാർ വിശേഷിപ്പിക്കുന്ന താമരച്ചേരിൻ്റെ സുന്ദരി
ചിരുതേയി
 ഓടി വരുന്നത്  കണ്ടത് .
അവളുടെ കാലിലെ പാദസരമണികൾ കൂട്ടത്തോടെ കരഞ്ഞു .നിതംബം വരെ നീണ്ട മുടി ഓട്ടത്തിനനുസരിച്ച് നൃത്തം വച്ചു .ആകെ വിയർത്തൊലിച്ച് അവൾ
കുഞ്ചിരിയ്ക്കടുത്തേക്ക് ചെന്നു

"ൻ്റെ ഏടത്ത്യേ ..
ങ്ങളെങ്ങനെ സയ്ക്കും ദ് ?"


"എന്താടീ ...?"

പരിഭ്രമിച്ച കുഞ്ചീരി  ഒച്ച അല്പം ഉയർത്തി ചോദിച്ചു

"മ്മളെ ചെക്കൻ  പുളവൻ
 ദേ ആ സരസപ്പെണ്ണിനെ മങ്ങലം കയ്ച്ച് കൊണ്ടന്ന ട്ക്കുന്നു"

ഇടി വെട്ടിയ പോലെ കുഞ്ചീരി ...ഠിം...

താങ്ങിയിരുത്തി താമരക്കായലിലെ തെളിനീര് മുഖത്തു തളിച്ച് ഇളനീരു വെള്ളം കൊടുത്ത് സമാധാനിപ്പിച്ച് ചിരുതേയി അവരെ സഹതാപപൂർവം നോക്കി തുടർന്നു

ഇപ്പ ഒരു മണിക്കൂറായീ ണ്ടാവും .കൂടെ ഒന്നു രണ്ട് ചങ്ങായിമാരും ഉണ്ടായി നീം .പട്ടണവാസികളാണ് പരിസ്ക്കാരം കണ്ടാ.
നി പ്പ പറഞ്ഞ്ട്ട് ന്താ?
"വരീം ..കുടീ പോവാമ്മക്ക്
ന്നിട്ട് ആലോയ്ക്കാം"

"ഞാനില്ലൻ്റെ ചിരുതേയ്യേ
ഓള് ള്ള വീട്ട് ക്ക്"
കുഞ്ചിരി തീർത്തു പറഞ്ഞു

"അയ്ന് ഓള് ങ്ങളെ കളപ്പെരേലല്ലെ"
"ങ്ങളെ കുടീലല്ലാലൊ"
ചിരുതേയി പറഞ്ഞു

ഒന്നും മിണ്ടാതെ ബോട്ടുജെട്ടിക്കടുത്തുള്ള കാത്തിരിപ്പു ബഞ്ചിൽ തലയും താഴ്ത്തിയിരിക്കുന്ന കുഞ്ചാണനെ അപ്പോഴാണ് അവർ ശ്രദ്ധിച്ചത്

"നോക്കീ ..പോവാമ്മക്ക്
മ്മള് ദണ്ണപ്പെട്ട് ട്ട് എന്താ കാര്യം ?"

അവർ പെട്ടെന്ന് മനോനില വീണ്ടെടുത്ത് തളർന്നിരിക്കുന്ന ഭർത്താവിൻ്റെ അടുത്തെത്തി

"വെറ്തെല്ലാ ഓൻ കളപ്പെര നന്നാക്കാൻ ഇത്ര ഉത്സാഹം കാണിച്ചത് "

അവർ മനസ്സിൽ പറഞ്ഞു

കഴിഞ്ഞ മാസമാണ് അത് ഇളക്കി മേഞ്ഞതും നിലം സിമൻറിട്ടതും ,പുതിയ ജനലും വാതിലും വച്ചതും

"കളപ്പെര്ക്ക് എന്തിനാണ്ടാ ജനലും വാതിലും ?"

അന്ന്  അതിശയപ്പെട്ട് ചോദിച്ചത് കുഞ്ചീരി ഓർത്തു

"നേരാക്കി കിടക്കട്ടെ
ൻ്റെ ആടിനേം പയ്യിനേം നോക്കണ  ചെക്കൻ മങ്ങലം കഴിഞ്ഞ് വന്നാ ഓനും കെട്ട്യോൾക്കും പാർക്കാലൊ"
"ഒന്നു രണ്ട് പങ്കേം വച്ചു ഞാം"
"ആ കക്കൂസും, കുളിമുറീം കൂടി നേരാക്കണം"

അവൻ പറഞ്ഞത് ഓർത്ത് ആ ദമ്പതികൾ അവരുടെ വീട്ടിലേക്ക് നടന്നു...

എത്ര മാന്യമായാണ് മകൻ ആ മാതാപിതാക്കളെ വിഡ്ഢികളാക്കിയത്
താമരച്ചേരിൻ്റെ ആകാശത്ത് പതിവിനു വിപരീതമായി കറുത്ത മേഘക്കൂട്ടങ്ങൾ പെയ്യാൻ മടിച്ച് കനത്തു നിന്നു

ഇരുട്ടിൻ്റെ മറപറ്റി താമരപ്പൂവുകൾ തളർന്നു മയങ്ങി .ഇളം കാറ്റിന്ന കമ്പടിയിൽ തണുപ്പ് അരിച്ചിറങ്ങി. കായൽപ്പക്ഷികളുടെ ചിറകടികൾ പതിയെപ്പതിയെ ഒതുങ്ങി .അവയും ചേക്കേറിക്കഴിഞ്ഞു

കുഞ്ചാണനും കുഞ്ചീരിയും കമ്പിളിപ്പുതപ്പിനടിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു

അപ്പുറം കളപ്പുരയിൽ വിളക്കുകൾ നേരത്തെ തന്നെ കണ്ണടച്ചിരുന്നു

 പരസ്പരം ഒന്നും ഉരിയാടാതെ ദീർഘനിശ്വാസങ്ങളുമായി ആ ദമ്പതിമാർ  ഏതോ യാമത്തിൽ ഉറക്കം പിടിച്ചു

കാലം താമരച്ചേരിൽ ഒരു പുതിയ ചിത്രം വരച്ചു ചേർത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക