Image

സേവ് ദി ഡേറ്റ്: നിങ്ങൾ ഈ കല്യാണ ദിവസം ഒന്നോർക്കണേ (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 30)

Published on 30 October, 2021
സേവ് ദി ഡേറ്റ്: നിങ്ങൾ ഈ കല്യാണ ദിവസം ഒന്നോർക്കണേ (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 30)

പണ്ട് കാലത്ത് ഒക്കെ രാത്രിയിൽ ആയിരുന്നുവെത്രെ കല്യാണം. രാത്രി, വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിന്റെ നടുവിലെ വലിയ വരമ്പിൽ കൂടി, റാന്തൽ വിളക്കുകളുടെ വെളിച്ചത്തിൽ വരനും കൂട്ടരും വന്നെത്തും.വീട്ടു മുറ്റത്ത് ഒരുക്കിയ ചെറിയ പന്തലിൽ വെള്ളവും, കരിമ്പടവും വിരിച്ചു, കത്തിച്ചു വച്ച നിലവിളക്കിന്റെ പ്രഭയിൽ ലാളിത്യമുള്ള വേഷഭൂഷാദികളോടെ വധു നമ്രശിരസ്‌കയായി ഇരിക്കും.രാത്രിയുടെ തണുത്ത നിശബ്ദതയെ ഭേദിച്ച് മംഗലത്തിന്റെ വായ്ക്കുരവ ഗ്രാമത്തിന്റെ ഊടുവഴികളിൽ അലയടിക്കും.ഈ കല്യാണകാലങ്ങളിൽ ആണ്,ആദ്യത്തെ കുഞ്ഞുണ്ടായതിന് ശേഷമാണ് ഞാൻ എന്റെ ഭർത്താവിനെ നേർ വെളിച്ചത്തിൽ ഒന്നു കണ്ടതെന്നും, പിന്നെയും കുറെ കാലം കഴിഞ്ഞാണ് നേരെ നാലു വാക്ക് ഒന്നു മിണ്ടിയതെന്നും അമ്മൂമ്മമാർ അഭിമാന പുരസരം പറഞ്ഞിരുന്നത്.

പകൽ വെളിച്ചത്തിലേക്ക് മാറിയത് കൊണ്ടാണോ കല്യാണത്തിന് മോടി കൂടിയത്, അതോ മോടി കൂട്ടാൻ വേണ്ടി കല്യാണം പകലത്തേക്ക് മാറ്റുകയായിരുന്നുവോ എന്തോ ?നിറമുള്ള വസ്ത്രങ്ങളും, പൊന്നിന്റെ പകിട്ടും ,സദ്യയും ഒക്കെയായി കല്യാണങ്ങൾ പകൽപ്പാതിയിലേക്ക് മാറി.നാട്ടി നിർത്തിയ കവുങ്ങിൻ കാലിന്റെ തുഞ്ചത്ത് കെട്ടിയുറപ്പിച്ച കോളാമ്പികൾ ആയിരുന്നു കല്യാണ വീടിന്റെ അടയാളം. കല്യാണത്തലേന്നാൾ ഉച്ച തൊട്ട് കോളാമ്പി പാടി തുടങ്ങും.

സദ്യ ഒരുക്കാൻ വേണ്ടി പിൻമുറ്റത്ത് ഒരു കുഴി അടുപ്പുണ്ടാക്കുന്ന പണിയുണ്ട്.ഏതാണ്ട് ഒരാഴ്ച്ച നീളുന്ന ശ്രമപ്പെട്ട പണിയാണ്. നല്ല കൈവശവും, പരിചയവും ഉള്ളവർക്ക് മാത്രമേ നേരെ ചൊവ്വേ കത്തുന്ന കുഴിയടുപ്പ് ഉണ്ടാക്കാൻ പറ്റൂ.അന്ന്, നാട്ടിൻപുറങ്ങളിൽ 'കുഴിയടുപ്പ് സ്‌പെഷ്യലിസ്റ്റു'കൾ ഉണ്ടായിരുന്നു. അവരുടെ മേൽനോട്ടത്തിൽ ആണ് ചെറുവാല്യക്കാർ കുഴിയടുപ്പ് പിടിക്കുക.അത്യാവശ്യം ആഴമുള്ള ഒരു കുഴിയിലേക്ക് ചെന്നെത്തും വിധം, വശങ്ങളിൽ നിന്ന് വിറക് കടത്താൻ പറ്റുന്ന മൂന്ന് തുളകൾ.അടുപ്പ് കത്തിച്ചു കഴിഞ്ഞാൽ പിന്നെ വിറക് കേറ്റുന്നത് ഈ തുളകളിലൂടെ ആണ്.കാറ്റ് പിടിക്കില്ല എന്നതായിരുന്നു ഈ തുളയടുപ്പുകളുടെ ഗുണം.പായസവും, ചോറും ഒക്കെ ഈ കുഴിയടുപ്പുകളിൽ ആണ് വയ്ക്കുക.തീ അണഞ്ഞു  ഒരു ദിവസം കഴിഞ്ഞാൽ പോലും കുഴിയടുപ്പിൽ ചൂട് ഉണ്ടാകും.കുട്ടികളും, ചിലപ്പോൾ വലിയവരും അറിയാതെ ചെന്ന് അതിൽ വീഴാതെ നോക്കേണ്ടതുണ്ട്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ കേരളത്തിൽ ഗൾഫ് ബൂം അതിന്റെ പാരമ്യത്തിൽ എത്തിയ കാലത്ത് ആണ് കേരളത്തിലെ കല്യാണപന്തലുകളിൽ വീഡിയോ വെളിച്ചങ്ങൾ കത്താൻ തുടങ്ങിയത്.തോളത്ത് ഇട്ട ടവലിൽ ക്യാമറ വച്ച് ഒറ്റക്കണ്ണിലൂടെ നോക്കി, മുന്നോട്ട് നീങ്ങുന്ന വീഡിയോഗ്രാഫറെ അനുഗമിച്ചു പാള വിശറി പോലുള്ള വെളിച്ചം ഉയർത്തി പിടിച്ച് സഹായി കൂടെ ഉണ്ടാകും.അന്ന് വരെ കല്യാണ വീടുകളിൽ മിന്നി തിളങ്ങിയ , മധ്യവയസ്ക്കരായ സ്റ്റിൽ ഫോട്ടോഗ്രാഫർമാരെ പാടെ നിഷ്പ്രഭരാക്കി കൊണ്ട് ചെറുപ്പക്കാരായ വീഡിയോഗ്രാഫർമാർ കല്യാണ വീടുകളിലെ സൂപ്പർ താരങ്ങൾ ആയി.സദ്യ ഉണ്ണുന്നതിന്റെ ഇടക്ക് പൊടുന്നനെ വെളിച്ചത്തിൽ കുളിച്ചവർ, വായിലേക്ക് ഇട്ടത് ഇറക്കണോ, വേണ്ടയോ എന്ന് പരുങ്ങി.കല്യാണത്തിന്റെ അന്ന് ഉച്ചതിരിഞ്ഞ് ചുരിദാറിലേക്ക് മാറിയ വധുവും, പാന്റും, ഷർട്ടും ഇട്ട വരനും വീഡിയോക്കാരന്റെ നിർദ്ദേശം അനുസരിച്ചു പാടത്ത് കൂടെയും, പറമ്പിലൂടെയും നടന്നു.ചിലപ്പോൾ, ചിലപ്പോൾ മാത്രം നാണിച്ചും, മടിച്ചും ഒന്നു കൈ ചേർത്തു പിടിച്ചു, അല്ലെങ്കിൽ തോളിൽ ഒന്ന് കൈ വച്ചു.പറമ്പിന്റെ അതിരുകളിൽ നിൽക്കുന്ന സ്ത്രീകൾ ചിരിച്ചു.കുട്ടികൾ നാളെ താനും ഒരു വീഡിയോമാൻ ആകുമെന്ന് സ്വപ്നം കണ്ടു.

ഏറ്റവും പുതിയ ഹിറ്റ് പാട്ടിന്റെ ചടുല താളത്തിൽ കൂട്ടുകാർക്കും, കസിൻസിനും ഒപ്പം നൃത്തം ചവിട്ടിക്കൊണ്ട് ആരവത്തോടെ വിവാഹപന്തലിലേക്ക് കടന്ന് വരുന്ന പുതുപുത്തൻ തലമുറയ്ക്ക് കൂട്ടായി, പണ്ട് വ്രീളയാൽ മുഖം കുനിച്ചു, നിലത്ത് നോക്കി മാത്രം  കല്യാണദിവസം നിന്ന അമ്മൂമ്മമാർ ഉണ്ട്-ഞങ്ങൾക്ക് ഒരവസരം കിട്ടിയിരുന്നു എങ്കിൽ ഞങ്ങൾ പൊളിച്ചേനെ എന്നും പറഞ്ഞു കൊണ്ട്.പഴയ സങ്കൽപ്പങ്ങളെ ധൈര്യത്തോടെ തകർത്ത് തങ്ങളുടെ വ്യക്തിത്വത്തെ അഭിമാനത്തോടെ അണിയുന്ന പെണ്കുട്ടികൾ ഒരു കണ്ണു കുളിർപ്പിക്കുന്ന കാഴ്ചയാണ്.

തന്റെ കയ്യിൽ ഇരിക്കുന്ന റിമോട്ട് കൊണ്ട് ആകാശത്ത് പറക്കുന്ന ഡ്രോൺ ക്യാമറയെ നിയന്ത്രിക്കുന്ന ടെക്കി പയ്യൻ ആണ് പണ്ടത്തെ വീഡിയോമാന്റെ സ്ഥാനത്ത്.

ഏറ്റവും ഭംഗിയുള്ള, പുതുമയുള്ള ലൊക്കേഷനുകൾ തിരഞ്ഞെടുത്ത്, സിനിമാ ചിത്രീകരണങ്ങളെ തോൽപ്പിക്കുന്ന സാങ്കേതിക മികവോടെ, കലാപരമായി, ദിവസങ്ങൾ എടുത്ത് പൂർത്തിയാക്കുന്ന സേവ് ദി ഡേറ്റ്, പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുകൾ.വിവാഹം ഒരു 'സംഭവം' ആക്കണം എന്ന വാശിയോടെ നടത്തുന്ന പുതുമക്ക് വേണ്ടിയുള്ള തിരച്ചിൽ.

ഒരു പക്ഷെ കണ്ടിട്ട് , മിണ്ടിയിട്ട്, പരിചയപ്പെട്ടിട്ട് അധികം ദിവസങ്ങൾ ആയിട്ടില്ലാത്ത, ഒരുമിച്ചു ജീവിച്ചു തുടങ്ങിയിട്ടില്ലാത്ത 'നിയുക്ത' വധൂവരന്മാർ സേവ് ദി ഡേറ്റ് വീഡിയോയുടെ പരിപൂർണ്ണതക്ക് വേണ്ടി അഗാധ പ്രണയം അഭിനയിക്കുന്നു.

വിവാഹ ദിവസം അവസാനിക്കുന്നിടത്തു ഒരു പുതിയ ജീവിതം ആരംഭിക്കുന്നു.എല്ലാ ചമയങ്ങളും അഴിച്ചു വച്ച് രണ്ട് മനുഷ്യ ജീവികൾ പരസ്പരം അറിയാൻ തുടങ്ങുന്നു.ക്യാമറയ്ക്ക് മുന്നിൽ കാഴ്ച്ച വച്ച പ്രണയം ജീവിതത്തിൽ സഫലീകരിക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കാൻ തുടങ്ങുന്നു.

എത്ര മുറിഞ്ഞു കൂടി, എത്ര പൊള്ളി ആറി ,എത്ര ശൈത്യങ്ങൾ കടന്നാൽ ആണ് പ്രണയത്തിന്റെ ഋതു തുടങ്ങുക.വിവാഹം കഴിക്കുന്നത് വളരെ എളുപ്പമാണ്, എന്നാൽ പ്രണയികൾ ആകുക എന്നത് ദുഷ്കരവും...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക