Image

ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)

Published on 31 October, 2021
ഫോമാ വില്ലേജിന് കോടിയുടെ ഭൂമി നൽകി, തറക്കല്ലിട്ടു-ജോസിനും  ആലിസിനും ഭാഗ്യ ദിനം (കുര്യൻ പാമ്പാടി)
കൊല്ലം ജില്ലയിൽ പത്തനാപുരത്തിനു എട്ടു കി മീ അകലെ പാണ്ടിത്തിട്ടയിൽ ജോസ് പുന്നൂസിനും ഭാര്യ  ആലീസിനും ഒക്ടോബർ 31 അസുലഭ ഭാഗ്യത്തിന്റെ ദിനം. ഇരുപതു വർഷം മുമ്പ് ഇതേ ദിനത്തിലാണ് ഇരുവരും ഹ്യുസ്റ്റണിൽ വിമാനം ഇറങ്ങുന്നത്.
 
 
ഫോമാ വില്ലേജ് ശിലാസ്ഥാപനം ധനമന്ത്രി കെഎൻ ബാലഗോപാൽ നിർവഹിക്കുന്നു. മുൻമന്ത്രി ഗണേശ് കുമാർ, ജോസ് പുന്നൂസ്,  ആലിസ്, അനിയൻ ജോർജ്
 
 നാല്പത്തഞ്ചു വയസ്സിന്റെ ചെറുപ്പവുമായി ഇന്ത്യൻ സേനയുടെ നഴ്സിങ് സർവീസിൽ ലെഫ് കേണൽ പദവിയിലെത്തിയ ആലീസുമായി   ടെക്സസ്സിലേക്കു കുടിയേറിയ  ജോസ് കഠിനാദ്ധ്വാനം കൊണ്ട് പടവുകൾ ചവുട്ടിക്കയറി. ഹ്യൂസ്റ്റനിൽ അമിഗോ കാർണസെറിയ ആൻഡ് ഫുഡ് മാർക്കറ്റ്  എന്ന സൂപ്പർ മാർക്കറ്റിന്റെ ഉടമയായി.
 
 അന്തരിച്ച സ്റ്റാർ സിംഗർ സോമന്റെ പുത്രിക്ക്  രണ്ടുലക്ഷം രൂപസഹായം
 
ജോസിന്റെ അഞ്ചു സഹോദരങ്ങൾ കൂടി ഹ്യുസ്റ്റണിൽ സ്ഥിരതാമസമുണ്ട്--ലീലാമ്മ വർഗീസ്, വത്സമ്മ രാജൻ, ബോസ് പുന്നൂസ്, സൂസന്നാമ്മ, സാബു പുന്നൂസ്. എല്ലാവരുടെയും മക്കളും മക്കളുടെ മക്കളുമായി ഒരു പട തന്നെ--32 പേർ.  
 
ജോസ് പുന്നൂസും ആലീസും ഹ്യുസ്റ്റണിൽ
 
പബ്ലിക്ക്  ഹെൽത്തിൽ മാസ്റ്റേഴ്സ് ഉള്ള ജെസ്ലിൻ, പീഡിയാട്രിക്സിലും നിയോനേറ്റൽ  കെയറിലും സ്പെഷ്യലൈസ് ചെയ്ത ഡോ. ജിഷ എന്നീ രണ്ടു പുത്രിമാർ. അപ്പോഴാണ് ജന്മനാട്ടിൽ ഫോമാ എന്ന ഫെഡറേഷൻ മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് എന്ന സംഘടനയുമായി ഒത്തു ചേരുന്നത്.
 
തലവൂർ പഞ്ചായത്തിന്റെ പാണ്ടിത്തിട്ട വാർഡിൽ ക്രിസ്തുരാജ റോമൻ കത്തോലിക്കാ പള്ളിയുടെ തൊട്ടരികിൽ വാങ്ങിയ ഒരേക്കർ സ്ഥലം ഫോമാ കേരളത്തിൽ പണിയുന്ന  പുതിയ ഗ്രാമീണ ഭവന പദ്ധതിക്കു  ദാനം ചെയ്യുന്നത് അങ്ങിനെയാണ്.  എങ്ങിനെവന്നാലും ഒരുകോടിരൂപ വിലവരും.  വീടുകളുടെ ശിലാസ്ഥാപനം കേരള ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ  ഞായറാഴ്ച നിർവഹിച്ചു.
 
എട്ടുലക്ഷം രൂപയുടെ 15  വീടുകൾ പണിയാനാണ് പ്ലാൻ.   നാട്ടിലെ വിധവകൾ, അശരണർ , ആലംബഹീനർ തുടങ്ങിയവരെ കണ്ടെത്തി വീടുകൾ ദാനം ചെയ്യണമെന്ന ഗണേഷ് കുമാറിന്റെ നിർദേശം സ്വീകാര്യമാണെന്ന് ഫോമാ പ്രസിഡണ്ട് അനിയൻ ജോർജ് അറിയിച്ചു. നിർമ്മാണ ചെലവ് സ്പോൺസർഷിപ്പിലൂടെ സമാഹരിക്കും. ഇതിനകം പലരും ഓരോ വീട് ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
 
 
യുഎസ് കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ 80-ലേറെ മലയാളി അസോസിയേഷനുകൾ കോർത്തിണക്കി 2008-ൽ ആണ്  ഫോമാ രൂപവൽക്കരിക്കുന്നത്. ഇതിനകം ജന്മനാടിന്റെ ദുരിതങ്ങൾ അകറ്റാൻ നിരവധി പദ്ധതികളിൽ പങ്കാളികളായി. പ്രളയബാധിത മേഖലയിൽ തൂണുകളിൽ കെട്ടിപ്പൊക്കിയ വീടുകളുടെ ഒരു ഗ്രാമം പത്തനംതിട്ട ജില്ലയിൽ തിരുവല്ലക്കടുത്ത് കടപ്ര വില്ലേജിൽ നിർമ്മിച്ചുനൽകി.
 
ഫോമാ പ്രസിഡണ്ടും ന്യൂജേഴ്സിയിൽ റിയൽ എസ്റ്റേറ്റ്ബിസിനസുകാരനുമായ മല്ലപ്പള്ളി സ്വദേശി അനിയൻ ജോർജ്, പത്തനാപുരം എംഎൽഎയും മുൻ മന്ത്രിയുമായ കെബി ഗണേഷ് കുമാർ, കൊടിക്കുന്നിൽ സുരേഷ് എംപി,  ഫോമാ ജോയിന്റ് ട്രഷറർ   ബിജു തോണിക്കടവിൽ,  വില്ലേജ് പ്രോജക്ട് കോഓർഡിനേറ്റർ ജോസഫ് ഔസോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങു്.
 
പത്തനാപുരം ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് എ.  ആനന്ദവല്ലി, തലവൂർ  പഞ്ചായത്ത് പ്രസിഡണ്ട് കലാദേവി, വാർഡ് മെമ്പർ പ്രെയ്‌സൺ ഡാനിയേൽ തുടങ്ങിയവരും പങ്കെടുത്തു.
 
 പാണ്ടിക്കാട് വാർഡിൽ മെമ്പർമാരായിരുന്ന അമ്മയും മക്കളും--സാറാമ്മ, സേവ്യർ, അനു സേവ്യർ
 
ഐഡിയ സ്റ്റാർ സിംഗർ ആയി ശോഭിച്ചു യുഎസ് ഉൾപ്പെടെ നിരവധി നാടുകളിൽ പരിപാടികൾ അവതരിപ്പിച്ചു അകാലത്തിൽ മരണമടഞ്ഞ സോമദാസിന്റെ പെണ്മക്കൾ  ഗൗരി, ലക്ഷ്‌മി, ധന്യ, ദിയ എന്നിവരുടെ വിദ്യാഭ്യാസത്തിനായി എട്ടുലക്ഷം രൂപയുടെ ധനസഹായം ചടങ്ങിൽ വിതരണം ചെയ്തു.
 
ജോസ് പുന്നൂസിന്റെ ബന്ധുവും അയൽക്കാരനും  വാർഡിലെ മുൻ മെമ്പറുമായ സേവ്യർ കടകംപള്ളി എല്ലാറ്റിനും മുൻപന്തിയിൽ ഉണ്ടായിരുന്നു.  സേവ്യറും അമ്മ സാറാമ്മയൂം ഭാര്യ അനുവും പാണ്ടിത്തിട്ട വാർഡിൽ മെമ്പർമാർ ആയിരുന്നു.
 
സേവ്യറിന്റെ ജ്യേഷ്ടൻ ജേക്കബ് തോമസ് കുവൈറ്റിൽ നിന്ന് യുഎസ് സന്ദർശിച്ചപ്പോൾ  ജോസ് ആയിരുന്നു ആതിഥേയൻ. കെന്നഡി എയർപോർട്ടിൽ നിന്ന് സ്വീകരിച്ച് ന്യുയോർക്കും വാഷിങ്ങ്ടണും ബഫലോയും നയാഗ്രാ വെള്ളച്ചാട്ടവും കാണിച്ച ശേഷം ഹ്യുസ്റ്റൻ വരെ കാറോടിച്ച് കൊണ്ടുപോയി.
 
സിബി എന്ന സേവ്യറും ഭാര്യ അനുവും  ഏകമകൻ നിയമ ബിരുദധാരി  ടോമും എത്തിയാലും  അതേപടി സ്വീകരിക്കും. സേവ്യറുടെ പിതാവ് തോമസ്  പുത്തൂർ  ഗവ, സ്‌കൂൾ   ഹെഡ് മാസ്റ്റർ ആയിരുന്നു. മുത്തശ്ശൻ കൊച്ചീക്കൻ ജേക്കബ് പാണ്ടിത്തിട്ട, പട്ടാഴി, മഞ്ഞകാല, ഞാറക്കാട്  മലങ്കര സുറിയാനി പള്ളികളുടെയും തലവൂർ സർവിസ് സഹകരണ  ബാങ്കിന്റെയും സ്ഥാപകൻ ആയിരുന്നു.
 
(ചിത്രങ്ങൾക്കു കടപ്പാട് : സേവ്യർ കടകംപള്ളി)
 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക