HOTCAKEUSA

ചോര കവിട്ടുന്ന പേന (കവിത: അശോക് കുമാർ കെ)

Published on 04 November, 2021
ചോര കവിട്ടുന്ന പേന (കവിത: അശോക് കുമാർ കെ)
കവിയൊടുവിലെഴുതി
വച്ചിട്ട് പോയി ...
തലക്കെട്ടിലെ
രണ്ടക്ഷരം.

മക്കൾ മൂന്നു പേർ
എന്റെ ചുറ്റിലും

കുപ്പായത്തിന്റെ
ചുരുളിലെവിടെയെങ്കിലും
വിശപ്പു മറക്കുവാനൊരു
മുട്ടായിയുണ്ടോ...

മടിച്ചു മടിച്ചു നിന്നവൾ
മൂത്തവൾ.
പ്രായമൊരുപാട്
താണ്ടിയവൾ
മാരനൊരുവൻ
വരണമാല്യമേന്തി
പണമാരായാതെ
വരുമോയെന്ന്
മിഴിവാർത്ത് വാർത്ത്
നോക്കുന്നു....

ചിത്രമൊരു പാട്
വരച്ചു വരച്ചു ചിരിച്ചവൻ
രണ്ടാമൻ
ഒരു ചക്കരക്കുട്ടൻ..
ചോക്ലേറ്റ് കൊതിച്ചു
കൊതിച്ചു തെരയുന്നു ....

ഇളയവൻ
കണ്ണിലൊരു
നിറവും പിറക്കാത്തവൻ
ശബ്ദവീചികളിൽ
കാതുകൂർപ്പിച്ചിരിക്കുന്നവൻ......

മരണം
കാവലിരിക്കുമൊരു കട്ടിലിൽ
ഭക്ഷണത്തിന്റെ രുചിമറന്ന
മുകുള നാവിൽ
മക്കളേ
എന്നു വിളിക്കുവാൻ
ഇഴ ചേരാത്ത വാക്കുകളുമായി
മിഴി പാതിയടഞ്ഞു
കിടക്കുമൊരമ്മ...

തിര പതഞ്ഞ് പതഞ്ഞ്
കരകയറുന്നു.

കാറ്റ് വീശിവീശി
കൊടുങ്കാറ്റാകുന്നു...

മാരി പെയ്ത് പെയ്ത്
മഹാമാരിയാകുന്നു.

കവി  കവിട്ടിയ വാക്കുകൾ
രക്ത നിലങ്ങളാകുന്നു..

അവസാന രക്ത തുള്ളികൾ എഴുതിയത്
രണ്ടക്ഷരം ..,
വിഷം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക