Image

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 21 )

Published on 06 November, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 21 )
ആമോദിനിയുടെ ചോദ്യത്തിന് മുൻപിൽ നിസ്സഹായനായി മാധവ് ഇരുന്നു .
കുറെ നാളായി , ഞാൻ നിന്നോട് ഇതു പറയുവാൻ തയ്യാറെടുക്കുകയായിരിന്നു..അതെ അറിയാനുള്ള അവകാശം നിനക്കുണ്ട് , ഇത് കേട്ടിട്ട് നീ എന്നെ വിധിക്കരുത്  പ്ളീസ്..
എന്തായിരിക്കും ഇയാൾ പറയാൻ പോകുന്നത് എന്നോർത്ത് ആമോദിനിക്ക്  പേടി തോന്നി .
നിന്റെ ഔദ്യോഗികമായ ഉയർച്ചയിൽ എനിക്കുണ്ടായ അസൂയയിൽ നിന്നാണ് എല്ലാം ആരംഭിച്ചത് . ഒരേ സമയം ഒന്നില്‍കൂടുതല്‍ പ്രവൃത്തികൾ ചെയ്യാനുള്ള നിന്റെ കഴിവ് , വീടും  കുടുംബവും  ജോലിയും നീ നന്നായി കൊണ്ടുപോയി ..
അത് ഒരു തെറ്റല്ലല്ലോ ..
തെറ്റല്ല .
ഈ മൾട്ടിടാസ്കിങ് , തുടരെ കിട്ടിയ പ്രൊമോഷൻസ് .. പെട്ടെന്നായിരുന്നു നിന്റെ ഉയർച്ച , അത് എന്നെ വല്ലാതെ അസ്വസ്ഥനാക്കി .
നല്ല മാർക്കോടെ എഞ്ചിനീയറിംഗ് പാസ്സായി ക്യാംപസ് സെലക്ഷൻ വഴി ജോലി കിട്ടിയ എനിക്ക് , ജോലിയിൽ അത്ര ഉയർച്ച ഉണ്ടായില്ല. പണം വന്നിരുന്നു എന്നതൊഴിച്ചാൽ , വല്ലാത്ത ഒരു മുഷിപ്പ് അനുഭവപ്പെട്ടു .
വെറും എം .കോം പഠിച്ച നീ പെട്ടെന്നാണ് ഉന്നതങ്ങളിൽ എത്തിയത് . അസൂയ  അല്ലാതെ എന്ത് പറയാൻ ... മാധവ് വേഗംവേഗം പറഞ്ഞു കൊണ്ടിരുന്നു..
അസൂയ  മാത്രമേ ഉണ്ടായിരുന്നുള്ളൂ ?
അല്ല , ഞാൻ ഹോങ്കോങ്ങിൽ ഒരു പ്രോജക്ടിന് പോയപ്പോൾ , അവിടെ ഒരു സ്ത്രീയെ പരിചയപ്പെട്ടു .

ആമോദിനിയുടെ ഹൃദയമിടിപ്പ് കൂടി വന്നു .നെഞ്ചിൽ എന്തോ ഒരു നോവ് പടർന്നുപടർന്ന് ഹൃദയം പല കഷണങ്ങളായി മുറിഞ്ഞപോലെ .
ആമോദിനിയുടെ വിഷണ്ണമുഖം മുറിയുടെ അരണ്ട വെളിച്ചത്തിൽ മാധവ് കണ്ടു . 
നീ വിചാരിക്കുന്ന പോലെ ഒന്നുമില്ല . അവരുടെ പ്രസരിപ്പും  സൗന്ദര്യം എന്ന് പറയാൻ സാധിക്കില്ല , ഡ്രസ്സ് സെൻസ്, ചടുലത  അങ്ങനെ ഏതെല്ലാമോ  എന്നെ ആകർഷിച്ചു .
ഒരു സ്മാർട്ടായ സ്‌ത്രീ .
കഷ്ടിച്ച്  മൂന്ന് മാസം ആ ബന്ധം തുടർന്നു എന്ന് പറയാം.തിരികെ ഞാൻ മുംബൈക്ക് വന്നു ..
വന്ന ഉടനെ  എന്നെ തള്ളിപ്പറഞ്ഞു .. കൂർത്ത നോട്ടത്തോടെ ആമോദിനി വാക് ശരമെയ്തു..
അങ്ങനെ അല്ല , ഞാൻ നിന്നെ അവരുമായി താരതമ്യം ചെയ്തു അതാണ് സത്യം..

മാധവിന്റെ കരണം  നോക്കി ഒന്നു പൊട്ടിക്കാനാണ് ആമോദിനിയ്ക്കപ്പോൾ തോന്നിയത് .. ദേഷ്യവും സങ്കടവും അടക്കി, ഒരു ഗ്ലാസ് വെള്ളമെടുത്തു കുടിച്ചു അവൾ .
പിന്നെ എന്തു പറ്റി?
ഒരാവേശത്തിന് ഞാൻ നിന്നോട് പിരിഞ്ഞു പോകാൻ പറഞ്ഞു . സത്യത്തിൽ അവരുമായി ഒരു ജീവിതം ഞാൻ സ്വപ്നം പോലും കണ്ടില്ല,അങ്ങനെ സംഭവിച്ചു..
നീ ഒട്ടും ആകർഷകമായി വസ്ത്രധാരണം ചെയ്യുന്നില്ല എന്ന് തോന്നി..
അതെ മറ്റു സ്ത്രീകളിൽ ആകര്‍ഷണം തോന്നുമ്പോൾ , സ്വന്തം ഭാര്യയിലെ കുറവ് കാണുന്നത്  സ്വാഭാവികമാണ്..
മോദിനി പ്ളീസ്, ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ 
നമ്മൾ ചില വഴികളിൽ കൂടി നടക്കുമ്പോൾ , നേരെ പോകേണ്ടതിനു പകരം ദിക്കറിയാതെ ഇടത്തോ , വലത്തോ കാണുന്ന വഴിയിൽ മാറിപ്പോയാൽ എങ്ങനെ ഇരിക്കും ?
തിരിച്ചു നേർവഴി എടുത്തേ പറ്റൂ ..

മാധവിന്റെ ന്യായികരണം ആമോദിനിയെ സന്തോഷിപ്പിച്ചില്ല . ഓരോ ഉദാഹരണങ്ങൾ ചമയ്ക്കുന്നു.
ചില സ്വപ്നങ്ങൾക്ക് ഒരു ഉറക്കത്തിന്റെ ആയുസ്സ് മാത്രമേ ഉണ്ടാകൂയെന്ന് പറയുന്നതു പോലെയാണ് ചില ബന്ധങ്ങൾക്കും .. മാധവ് തുടർന്നു.
മാധവ് എന്നോട് തുറന്നു പറഞ്ഞതിൽ സന്തോഷം , നിങ്ങൾ  ചെയ്തത് ഞാനാണ് ചെയ്തിരുന്നത് എങ്കിൽ നിങ്ങൾ എങ്ങനെ എടുത്തിരിക്കും ?
അയാൾ ഉത്തരം പറയാതെ ആമോദിനിയെ നോക്കി .
ആണാണെങ്കില്‍ ചെളി കാണുന്നിടത്തു ചവിട്ടും,  വെള്ളം കാണുന്നിടത്ത് കഴുകും, പണ്ട് എപ്പോഴും കേട്ടിരുന്ന ഒരു വാചകം ആണ് .
അല്ല ഈ ചെളിയിൽ ചവിട്ടാൻ നിങ്ങളൊക്കെ നോക്കി നടക്കുകയാണോ ?
ഒന്ന് ചോദിക്കട്ടെ  ആ സ്ത്രീ സമ്മതിച്ചിരിന്നെങ്കിൽ നിങ്ങൾ അവരെ ജീവിത പങ്കാളി ആക്കുമായിരുന്നോ ?
ഉറപ്പില്ല .. സത്യം , നടന്ന കാര്യങ്ങൾ എനിക്ക് മായ്ക്കാൻ സാധിക്കില്ല.
ക്ഷമ ചോദിക്കാനേ സാധിക്കൂ , പക്ഷെ ഒരു കാര്യം ഉറപ്പാണ് , ഞാൻ നിന്നെ ശരിക്കും സ്നേഹിക്കുന്നു , ഈ കാര്യം എനിക്ക് മറച്ചു വെക്കാമായിരുന്നു . വേറെ എന്തെങ്കിലും ഒരു കള്ളം പറയാമായിന്നു . ഞാൻ അത് ചെയ്യാത്തത് , ഇനി നിന്നിൽ നിന്നും ഒന്നും ഒളിച്ചു വെക്കരുതെന്നു കരുതിയാണ് ..
ഒരിക്കലെങ്കിലും വഴി തെറ്റാത്തവർ ഉണ്ടാകുമോ ?

അവൾ മറുപടി പറയാതെ ചോദിച്ചു 
നാളെ എത്ര മണിക്കാണ് ഫ്ലൈറ്റ് ?
ഉച്ചക്ക് രണ്ടു മണി ..
നേരം ഇത്രയും ഇരുട്ടിയില്ലേ , ഇന്നിനി ഹോട്ടലിൽ തിരികെ പോകേണ്ട എന്നുണ്ടെങ്കിൽ ഇവിടെ കിടക്കൂ , രാവിലെ പോകാം .
യുദ്ധത്തില്‍ തോറ്റ യോദ്ധാവ്‌ നടന്നു നീങ്ങുന്ന പോലെ മാധവ് മുറിയിലേക്ക് പോയി .
വാതിൽ ചാരുന്നതിനു മുൻപേ പതിഞ്ഞ സ്വരത്തിൽ " ഗുഡ് നൈറ്റ് " പറഞ്ഞു .

ഇനി തീരുമാനം തന്റേതാണ് , ആമോദിനിയ്ക്ക് ആശ്ചര്യം തോന്നി.. വിചാരിച്ചപോലെ അത്ര ഉലച്ചില്ല മാധവിന്റെ ഏറ്റുപറച്ചിൽ . മനസ്സിന്റെ കോണിൽ ഒരു സങ്കോചം ഉണ്ടായിരുന്നു . മറ്റൊരു സ്ത്രീ തങ്ങൾക്കിടയിൽ ഉണ്ടായിരിക്കും എന്ന് .
പക്ഷെ ഇതിലും ഭീകരമായിട്ടാണ് അതിനെ സങ്കല്പിച്ചത്. അന്തരാത്മാവിൽ  പലപ്പോഴായി അടഞ്ഞുകൂടിയ വേദനയുടെ അവശിഷ്ടങ്ങൾ , അത് എപ്പോഴൊക്കെയോ അലിഞ്ഞു പോയിരുന്നിരിക്കാം.. ഇപ്പോൾ ഇളകിമറിയുന്ന വികാര ഭാരങ്ങളില്ല . ഉലച്ചു കൊണ്ടിരിക്കുന്ന ഏതോ വിചാരങ്ങൾ മാത്രം .
കല്യാണം കഴിഞ്ഞു തൊട്ടു വരുന്ന നാളുകൾ എല്ലാവരും ഓർക്കും .
നമ്മുടെ പങ്കാളിയെ , 
നമ്മളെ പൂർണ്ണമായും പരസ്പരം മനസ്സിലാക്കിയെന്നും അവർ നമ്മളെ  ഒരിക്കലും വിട്ടു പോകില്ലെന്നും . പക്ഷെ കാലം തെളിയിക്കും അത് അങ്ങനെ തന്നെ ആണോ എന്ന് ?
ഇനിയും മാധവ് തന്നെ കബളിപ്പിക്കുമോ ? ഇല്ല താൻ ഇനി അതിനു നിന്നു കൊടുക്കില്ല ..  അയാളെപ്രതി ഒഴുക്കിയ കണ്ണുനീരത്രയും , അത് പകർന്നുതന്ന വേദനയത്രയും , തനിക്കു ശക്തിയാണ് പ്രദാനം ചെയ്തത് .
ഇനി ഒഴിക്കാൻ കണ്ണുനീരില്ല , വേദനിക്കാൻ ശക്തിയുമില്ല ...

പെട്ടെന്ന് ഒരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല . സമയമുണ്ട്.. പതുക്കെ മതി എല്ലാം..
തന്റെ ജീവിതം മറ്റൊരാളുടെ  നിബന്ധനകള്‍ പ്രകാരം മാത്രമായി മാറ്റില്ല ഇനി ഒരിക്കലും . തനിക്കിപ്പോൾ  ഇഷ്ടമുള്ളത്  ആരെയാണെന്നു ചോദിച്ചാൽ തന്നെ സ്നേഹിക്കുന്ന തന്നെ മാത്രമാണ് . ഈ ഒറ്റപ്പെടലാണ് അത്  പഠിപ്പിച്ചത് .
ആവോളം സമയം എടുത്ത് ഒരു തീരുമാനം മാധവിനോട് പറയാം .

മാധവ് ഉറങ്ങുന്ന മുറിയുടെ അടഞ്ഞുകിടക്കുന്ന വാതിലിലേക്ക് നോക്കി ഏറെ നേരമിരുന്നിട്ട് ആമോദിനി എഴുന്നേറ്റു..
മാധവ് ഉറങ്ങിയിട്ടുണ്ടാവുമോ..?
അങ്ങനെ പെട്ടെന്നുറങ്ങാൻ കഴിയുമോ മാധവിന്..
അടഞ്ഞ വാതിലിനപ്പുറത്ത് അയാള്‍  തന്നെയും നോക്കി ഉറങ്ങാൻ കഴിയാതെ നിൽക്കുന്നുണ്ടാവും എന്ന് ആമോദിനിയ്ക്ക് തോന്നി..
                   തുടരും ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക