വാട്ട്സാപ്പില്ലാതെ... ( കഥ : പുഷ്പമ്മ ചാണ്ടി )

Published on 09 November, 2021
വാട്ട്സാപ്പില്ലാതെ...  ( കഥ : പുഷ്പമ്മ ചാണ്ടി )
ശബ്ദമുണ്ടാക്കാതെ, അവൾ  പതുക്കെ അപ്പനും അമ്മച്ചിയും ഉറങ്ങുന്ന മുറിയിലേക്കു കയറി. അപ്പന്റെ കൂർക്കംവലി നല്ല ഒച്ചയിൽ കേൾക്കാം. അമ്മയും നല്ല ഉറക്കത്തിലാണ്.   ലൈറ്റ് അണച്ചശേഷം പുറത്തേയ്ക്കിറങ്ങു
മ്പോൾ അമ്മ ചോദിച്ചു , " നീ ഇതുവരെ ഉറങ്ങിയില്ലേ..? നേരം പാതിരാ കഴിഞ്ഞുകാണുമല്ലോ.. "
മറുപടി പറയാതെ നടക്കുമ്പോൾ അമ്മ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.  ഫോണിൽ നോക്കിയപ്പോൾ മണി പതിനൊന്നിരുപത്.
കുഞ്ഞൂഞ്ഞിനെ ശല്യം ചെയ്യാതെ പതുക്കെ കട്ടിലിന്റെ ഓരം ചേർന്നു കിടന്നു. എന്തൊക്കെയോ ചിന്തകൾ മനസ്സിലേക്ക് വന്നതിനെ ആട്ടിപ്പായിച്ചുകൊണ്ട്  ഉറങ്ങാൻ ശ്രമിച്ചു.  വിചാരമണ്‌ഡലം ദീപ്തമായാൽ പിന്നെ ഉറങ്ങാൻ സാധിക്കില്ല. രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കണം .
ആനി, അപ്പച്ചന്റേയും അമ്മച്ചിയുടേയും 
കൂടെയാണു താമസം.. കുഞ്ഞൂഞ്ഞെന്ന പോൾ പീറ്റർ, പട്ടണത്തിൽ ഒരു സർക്കാർ ഓഫീസിൽ ഹെഡ് ക്ലർക്കാണ്.  രാവിലെ ഏഴരയോടെ ട്രെയിൻ പിടിച്ചാലേ സമയത്തിന് ഓഫീസിൽ എത്താൻ സാധിക്കൂ .
ആനിക്കു രാവിലെ ഒരു മാരത്തോൺ ഓട്ടമാണ്. കുഞ്ഞൂഞ്ഞിന് രാവിലെ കഴിക്കാൻ ഉണ്ടാക്കണം , ഉച്ചക്കുള്ളതു പൊതിയണം, അത് കഴിഞ്ഞ്, അപ്പന്റേയും , അമ്മയുടേയും കാര്യം നോക്കണം. അവർക്കുള്ള മരുന്ന് .. അപ്പച്ചന് ഇൻസുലിൻ കുത്തിവെക്കണം.. അതെല്ലാം കഴിഞ്ഞു നിലത്തിരിക്കാൻ ഉച്ചയ്ക്ക് രണ്ടു മണിയാകും. മക്കളിൽ   മകന്  ബാഗ്ലൂരിലാണു ജോലി, മകൾ പോണ്ടിച്ചേരിയിൽ നഴ്സിംഗിനു പഠിക്കുന്നു. . മോള് കൂടെയുള്ളപ്പോൾ സഹായിക്കും, മകനും സഹായം ചോദിച്ചാൽ പറ്റില്ല എന്ന് പറയില്ല. 
രാവിലെ കുഞ്ഞൂഞ്ഞിനെ യാത്രയയച്ച് ഗേറ്റ് അടച്ചപ്പോൾ, അടുത്ത വീട്ടിലെ അമ്മച്ചി പള്ളിയിൽ പോയിട്ട് വരുന്നു.
"എന്താ എന്റെ ആനി നീ ഞായറാഴ്ച പോലും പള്ളിയിൽ വരാത്തത് ?
"രാവിലെ ഒരു മണിക്കൂർ, കൂടുതലുറങ്ങാൻ പറ്റുന്നത് അന്നാണ്. എൻ്റെ പങ്കപ്പാടൊക്കെ ഈശോയ്ക്കറിയാം. "
ചുമ്മാതല്ലല്ലോ, അമേരിക്കയിൽ നിന്നും മാസം മാസം കാശ് അയച്ചു തരുന്നില്ലേ.. ?
ഇവരോട് ഇതിനു മറുപടി പറയാൻ നിന്നാൽ ടെൻഷനടിച്ചിന്ന് തലവേദന വരുമെന്ന കാര്യം ഉറപ്പാണ്..
അല്ല ഇനി ചേട്ടനും അനുജത്തിയും പൈസ അയച്ചു തന്നില്ലെങ്കിലും താൻ അപ്പനേയും അമ്മയേയും നോക്കും.. മൂത്ത ആങ്ങള കല്യാണം കഴിച്ചിരിക്കുന്നത് കുഞ്ഞൂഞ്ഞിന്റെ പെങ്ങളെയാണ്.  അവര്  വർഷങ്ങളായി അമേരിക്കയിൽ . പിന്നെ തന്റെ  അനുജത്തിയും അവിടെത്തന്നെ.  തനിക്കും അവിടെയൊക്കെ പോയി താമസിക്കാൻ മോഹമുണ്ടായിരുന്നു .. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം..? പ്രീഡിഗ്രിക്കു രണ്ടു പേപ്പർ പോയി.   അന്നത് എഴുതി യെടുക്കാൻ തോന്നിയില്ല. മടി തന്നെ കാരണം.. അതിന്റെ ഫലം, ഇപ്പോൾ പലിശയും കൂട്ടു പലിശയും ചേർത്ത് അനുഭവിക്കുന്നു. പക്ഷേ.. അങ്ങനെ ചിന്തിക്കുന്നത് തെറ്റല്ലേ.. ? താൻ ഇല്ലായിരുന്നെങ്കിൽ അപ്പച്ചനേയും, അമ്മച്ചിയേയും ആര് നോക്കിയേനെ...? ഹോം നഴ്സുമാർ, അല്ലെങ്കിൽ വല്ല വൃദ്ധസദനോം.. അവർക്കു ഭാഗ്യമുണ്ട്, അല്ല  ദൈവത്തിനതൊക്കെ 
നേരത്തെ അറിയാം.. അങ്ങേരതൊക്കെ മുൻകൂട്ടി കണ്ടു...
സത്യത്തിൽ ഒന്നു പ്രാർത്ഥിക്കാൻ കൂടി നേരമില്ല, അമ്മച്ചി പറയും, "സന്ധ്യാപ്രാർത്ഥന മുടക്കരുതേ" എന്ന്.
പക്ഷേ ഒരിക്കൽ ആനി, ദൈവം അവളോട് പറയുന്നത് കേട്ടു.
മോളെ, ആനീ.. നീ എന്താണ് കരുതുന്നത്.. നിന്നെ ഞാൻ കാണുന്നില്ലെന്നോ..? നിന്നെ അറിയുന്നില്ലെന്നോ..? നിനക്കിപ്പോഴും അറിയില്ല.. എനിക്ക് നിന്നോടുള്ള വല്ലാത്തയൊരു സ്നേഹത്തെ കുറിച്ച്.. , നീ പള്ളിയിൽ പോയില്ലെങ്കിലും, കുമ്പസാരിച്ചില്ലെങ്കിലും, കുർബാന കൈക്കൊണ്ടില്ലെങ്കിലും, എനിക്ക് പ്രിയപ്പെട്ടവൾ തന്നെ.  
നിന്നോടുള്ള എൻ്റെ  സ്നേഹത്തേക്കുറിച്ച് ഞാൻ ബോദ്ധ്യപ്പെടുത്താതെ തന്നെ നിനക്ക് അറിയാമല്ലോ..
കർത്താവ് അങ്ങനെ
അറിയിച്ചതിൽപ്പിന്നെ ആനി പ്രാർത്ഥനയെപ്പറ്റിയും, കൊന്ത ചൊല്ലുന്നതിനെപ്പറ്റിയും ഓർത്തു മനഃപ്രയാസപ്പെടാറില്ല. ചിന്തകളെ അതിന്റെ വഴിക്കു വിട്ടിട്ട് അവൾ അടുക്കളയിലേക്കു കയറി.
അപ്പന് ഷുഗർ കുറെ ദിവസമായി കൂടുതലാണ്. ഒരുതരം വാശിയാണ്.. ഭക്ഷണത്തിൽ തീരെ നിയന്ത്രണമില്ല. അമ്മയ്ക്ക് തന്റെ കഷ്ടപ്പാടറിയാം. അതുകൊണ്ട് 
ഒരാഗ്രഹവും പറയാറില്ല. ആഴ്ചയിൽ മൂന്ന് പ്രാവശ്യം വരുന്ന സുഗതച്ചേച്ചി , മുറ്റം അടിച്ചു തരും, പിന്നെ വീട് തുടച്ചു കടയിൽ നിന്നും വല്ലതും വാങ്ങാനുണ്ടെങ്കിൽ അതും. പാവം.. അതിനും വയ്യാ.  പിന്നെ, തൻ്റെ പെടാപ്പാട് കണ്ടിട്ടാണ് വരുന്നത്..
അപ്പനാണെങ്കിൽ ഒരാഴ്ചയായി, താറാവ് കറിയും അപ്പവും കഴിക്കാനുളള മോഹം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെയെങ്ങും താറാവ് കിട്ടില്ല, കുഞ്ഞൂഞ്ഞിനോടു പറഞ്ഞു മടുത്തു. ട്രെയിനിൽ അതൊക്കെ വാങ്ങിക്കൊണ്ട് വരാൻ ബുദ്ധിമുട്ടാണെന്ന്..
ഇന്ന് സുഗതച്ചേച്ചി വരുമ്പോൾ ചോദിക്കണം,
മനസ്സിൽ ഓർത്തതും ചേച്ചി എത്തി. 
" ചേച്ചി ഇവിടെയെങ്ങാനും താറാവ് കിട്ടുവോ.. "
" എന്താ ഇപ്പോൾ താറാവ്. , വല്ല വിരുന്നുകാരും ഉണ്ടോ.. ? അമേരിക്കക്കാര്  വരുന്നോ.. ?
"അതൊന്നുമല്ല , അപ്പച്ചൻ കുറേ ദിവസമായി പറയുന്നു, താറാവ് കഴിക്കണമെന്ന്..
ഇവിടെ കോൾഡ് സ്റ്റോറേജിൽ കിട്ടില്ല, ഒരു വീട്ടിലുണ്ട്. ഞാനൊന്ന് ചോദിക്കട്ടെ.   പക്ഷേ.. അതിനെ നമ്മൾത്തന്നെ വൃത്തിയാക്കേണ്ടിവരും..
ഞാൻ സഹായിക്കാം.."  .
ഫോൺ നിർത്താതെ മണിയടിച്ചു കൊണ്ടിരുന്നു.
ചേട്ടനാണ്.., എല്ലാ ദിവസവും വിളിക്കും. സ്ഥിരം ചോദ്യങ്ങൾ..
അപ്പച്ചന് ഷുഗർ എങ്ങനെ..?
ഭക്ഷണം നന്നായി കഴിക്കുണ്ടോ..?
അമ്മച്ചി എന്തെടുക്കുന്നു.. ?
ഫോൺ അവരുടെ കൈയ്യിൽ കൊടുക്കണോ എന്ന് ചോദിച്ചാൽ, 
വേണ്ടായെന്ന് പറയും..  ചേട്ടനോട് സംസാരിച്ചു കഴിയുമ്പോൾ നാത്തൂനും അതേ ചോദ്യങ്ങൾ തന്നെ ചോദിക്കും.
ഫോൺ വെച്ചു തിരിഞ്ഞപ്പോൾ അനുജത്തി,
അവളോടും മറുപടി പറഞ്ഞു കഴിഞ്ഞപ്പോൾ  അമ്മച്ചിയുടെ ഇളയ  അനുജത്തിയുടെ വിളി..
ആനി ഫോണെടുക്കാതെ അടുക്കളിയിലേക്കു നടന്നു.
ഈ വാട്സാപ്പിൽ ഫോൺ വിളിക്കാൻ സാധിച്ചതോടെ, തൻ്റെ കഷ്ടകാലവും തുടങ്ങി.എല്ലാവരും ഏതു നേരത്തും ഫോൺ ചെയ്തു കൊല്ലുകയാണ്.
തൻ്റെ കാര്യം ആർക്കും അറിയേണ്ട..
അത് ചെയ്തോ , ഇത് ചെയ്തോ , അമ്മയേയും അപ്പനേയും ചെക്കപ്പിനു കൊണ്ടുപോകുന്നത് മറക്കരുത് .. അങ്ങനെ നൂറു കൂട്ടം പണി പറയും.  അതും പോരാഞ്ഞിട്ട്, കല്യാണം, മരിച്ചടക്ക്....
അങ്ങനെ ഒന്നിനും പോകാതിരിക്കരുത്. ഞങ്ങളെ നീയാണ് പ്രതിനിധീകരിക്കേണ്ടത്.. ."
ശ്വാസം വിടുന്നത് താനേയങ്ങു നടക്കുന്നതു കൊണ്ട് അറിയുന്നില്ല.. .
ഉറക്കംപോലും തന്നോട് പറഞ്ഞു തുടങ്ങി, "നിനക്ക് കുറച്ചു സമയംകൂടി എന്റെകൂടെ ചിലവഴിച്ചു കൂടേയെന്ന് ..
പണിയെല്ലാമൊതുക്കി.. അപ്പച്ചനും അമ്മച്ചിക്കും ഭക്ഷണം കൊടുത്തിട്ട് വെറുതെയൊന്നു  കിടന്നതാണ്.. കണ്ണടച്ചുപോയി... ഫോൺ ബെൽ അടിക്കുന്നത് കേട്ടപ്പോൾ കണ്ണു തുറന്നു.
കുഞ്ഞൂഞ്ഞാണ്...വല്ലതും വാങ്ങിക്കാനുണ്ടോയെന്ന് ചോദിക്കാൻ.   മെഡിക്കൽ ഷോപ്പിൽ പോകണം.പിന്നെ വേറെയൊന്നും ഓർമ്മവന്നില്ല..
കാപ്പിയിട്ടു , മാരി ബിസ്ക്കറ്റുംകൊണ്ട് മുറിയിലെത്തിയപ്പോൾ അപ്പനതു വേണ്ടപോലും..
എനിക്ക് ഇലയട വേണം.. ഗോതമ്പാണെങ്കിലും മതി ... എന്നായി അപ്പൻ.
പെട്ടെന്നത് അടുപ്പിൽ വെച്ചപ്പോൾ പിന്നെയും ഫോൺ അമ്മയുടെ അനുജത്തി..
എൻ്റെ ആനീ... 
ഞാനെത്ര നേരമായി നിന്നെ വിളിക്കുന്നു , നീ എന്താ ഫോൺ എടുക്കാഞ്ഞത്.. "
എൻ്റെ തിരക്ക് അറിയില്ലേ , പണിയായിരുന്നു ..
ഒരഞ്ചു മിനിറ്റ് എന്നോടു മിണ്ടാൻ നിനക്ക് സമയം ഇല്ലേ..? എൻ്റെ ചേച്ചിയുടെ കാര്യം അറിയാനല്ലേ വിളിച്ചത്.. !
അഞ്ചു മിനിറ്റിൽ നിൽക്കില്ല. എന്തൊക്കെയോ ചോദിച്ചു, ഒരുവിധത്തിൽ ഉത്തരം പറഞ്ഞുകഴിഞ്ഞപ്പോൾ അപ്പന്റെ വിളി..
ആനിയേ... അട വെന്തില്ലേ.. ?"
അപ്പൻ വിളിക്കുന്നുവെന്നും പറഞ്ഞു ഫോൺ വെച്ചിട്ടു അടയുമായി അപ്പന്റെ അടുത്തേക്ക് പോയി..
രാത്രിയിലും ചേട്ടന്റെ ഫോൺ വിളി വന്നു..
അന്നു രാത്രിയിൽ ആനി തൻ്റെ ഫോണിലെ വാട്സ് ആപ് നീക്കം ചെയ്തു.
എന്നിട്ടവൾ തന്നോടു തന്നെ പറഞ്ഞു 
ഇനി വാട്സാപ്പിൽ വിളിക്കുന്നത് കാണട്ടെ .. 
തനിക്കു കുറച്ചു നേരം കൂടി ഉറങ്ങാൻ സമയം കിട്ടും. ആവശ്യമുള്ളവർ അല്ലാതെ വിളിക്കട്ടെ.
ഈ ബുദ്ധി എന്താ തനിക്കു നേരെത്തെയങ്ങു തോന്നാഞ്ഞത്?
രാവിലേയും വൈകുന്നേരവും അന്വേഷിക്കുന്നത് നിന്നു .  
രാത്രിയിൽ പത്തു മണിയോടെ ഉറങ്ങാൻ സാധിച്ചതിന്റെ സന്തോഷത്തിൽ അവൾ കുഞ്ഞൂഞ്ഞിനോടു ചേർന്നു കിടന്നു. എത്ര നാളായി, ഇങ്ങനെ ഭർത്താവുറങ്ങുന്നതിനു മുൻപേ വന്നു കൂടെ കിടന്നിട്ട്...
അയാൾ കൈയെടുത്ത് ചുറ്റിപ്പിടിച്ചപ്പോൾ അതുവരെയില്ലാത്ത ഇണക്കത്തോടെ അവൾ ചുരുണ്ടു കൂടി..
Samgeev 2021-11-09 22:37:54
Good story
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക