Image

ദൂരയാത്രകൾ (കഥ: രമണി അമ്മാൾ)

Published on 11 November, 2021
ദൂരയാത്രകൾ (കഥ: രമണി അമ്മാൾ)
"എടേ...നമുക്ക്  രണ്ടുപേർക്കും മാത്രമായി ഒരു സവാരിപോയാലോ..!...
അങ്ങു ദൂരെ ഏതെങ്കിലും ദിക്കിലേക്ക് ഒരിടത്തും വണ്ടി നിർത്താതെ.. 
തിരിച്ചുവരവില്ലാത്ത സവാരി.  "
"അപ്പോൾ..നമ്മുടെ
കുട്ടികളോ.."
"എങ്കിൽ അവരേയും കൂട്ടാം..."
"അപ്പോൾ വീടും, വസ്തുവകകളും, നമ്മുടെ സമ്പാദ്യങ്ങളുമൊക്കയോ..?."
"അല്ലെങ്കിൽ വേണ്ട...കുട്ടികളെന്തു
പിഴച്ചു... അവരെങ്ങനെയെങ്കിലും ജീവിച്ചോളും.."
"എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്.."
ഇത്രയും കാലം സത്യസന്ധതയോടെയാ
ണു ജീവിച്ചത്...  
മനസ്സാ വാചാ അറിയാത്ത കാര്യങ്ങളിലാണ് എന്റെ പേരുകൂടി വലിച്ചിഴയ്ക്കപ്പെടുന്നത്..."
രാത്രി ഒരുപാട് ഇരുട്ടിയിരിക്കുന്നു.. 
ഇന്നിനി ആൾ ഉറക്കത്തിലാഴുമെന്നു തോന്നുന്നില്ല.. 
തന്നോടു ചേർന്നുകിടന്നാണീ പുലമ്പലുകൾ..!
കുട്ടികൾ സുഖനിദ്രയുടെ പുതപ്പിനുളളിലാണ്..
രാത്രിയിലാണ് ഒടുക്കമില്ലാത്ത ആലോചനകൾ മുഴുവൻ
ഇരച്ചുപാഞ്ഞെത്തുന്നത്..
തനിക്കും സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നില്ല..
ഒന്നു മയങ്ങിയുണരുമ്പോൾ മുറിയിൽ ലൈറ്റുണ്ടാവും....
ബഡ്ഡിൽ എഴുന്നേറ്റിരുന്നും ഗാഢമായ ആലോചനയിലായിരിക്കും ദിനകർ..
"എന്തുപറ്റി...?"
"എനിക്കുറക്കം വരുന്നില്ലടേ...
കടന്നലുകുത്തുന്നതുപോലെ ഓരോരോ ചിന്തകൾ.."
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളും ദിനകറിന് ഉറക്കമില്ലാത്ത
രാത്രികളായിരുന്നു..
അടുത്തിടെ പണിപൂർത്തിയായി ഉദ്ഘാടനം നടന്ന പാലം
പൊട്ടിപ്പൊളിയാൻ തുടങ്ങിയെന്ന്..  
പാലംപണിയിൽ വൻ അഴിമതി ആരോപണം ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ബഹളം, ജുഡീഷ്യൽ അന്വേഷണം വേണമെന്ന മുറവിളി. 
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബന്ധുവിന്റെ 
കൺസ്ട്രക്ഷൻ കമ്പനിക്കാണ് പാലംപണിയുടെ ടെന്റർ കൊടുത്തിരുന്നത്..
ഔദ്യോഗികതലത്തിൽ ഒത്തുകളികൾ നടന്നിട്ടുണ്ടാവണം...
വർക്ക്ബിൽ ആഡിറ്റുചെയ്തപ്പോൾ ചില പൊരുത്തക്കേടുകൾ ദിനകറിന്റെ ശ്രദ്ധയിൽപ്പെട്ടത് ചൂണ്ടിക്കാട്ടിയപ്പോൾ കണ്ണടച്ചു
പാസ്സാക്കിയേക്കാനായിരുന്നു മേലധികാരിയുടെ വാക്കാലുളള നിർദ്ദേശം..
അന്വേഷണം വരുന്നുവെന്നു കേട്ടപ്പോൾ മുതലുളള വേവലാതിയാണ് ദിനകറിന്...
പേടിക്കേണ്ട ഒരുകാര്യവുമില്ലെന്ന്
എത്ര പറഞ്ഞിട്ടും....അരിശവും സങ്കടവും വന്നുപോവുകയാണ്..
"നിങ്ങൾക്കുറക്കം
വരുന്നില്ലെങ്കിൽ വേണ്ട. ഞാനൊന്നുറങ്ങിക്കോട്ടെ..
ഓഫീസിൽ പിടിപ്പതു ജോലിയുണ്ടെനിക്ക്...
ലൈറ്റൊന്ന് ഓഫ് ചെയ്യൂ..പ്ളീസ്....."
ദിനകർ ഒരുപോള കണ്ണടച്ച ലക്ഷണമില്ല....
ചിന്തകളുടെ ഭാരംപേറി
ഉറക്കമില്ലാതെ കനത്ത കൺപോളകൾ.. 
ഇതിങ്ങനെ തുടർന്നുപോയാൽ...!
പണ്ടേ ആളിങ്ങനെയാണ്.  
കുറച്ചെന്തെങ്കിലും മതി..
ഓഫീസിൽ പോകാനുളള ഒരുക്കം തുടങ്ങിക്കഴിഞ്ഞു..
അവിടെച്ചെന്നിരുന്നിട്ടും ചിന്തിച്ചു തലപുകയ്ക്കാറുണ്ടാവുമോ..
ഇടയ്ക്കുവരുന്ന  ഫോൺകാളുകൾ അറ്റന്റുചെയ്യുന്നുണ്ട്..
രാവിലത്തെ തിരക്കിനിടയിലും താൻ  ദിനകറിനെ ശ്രദ്ധിച്ചു..
" ആരോപണങ്ങൾ
തെളിയിക്കപ്പെട്ടാലേ ഒരാളു കുറ്റവാളിയാവൂ..
ആവശ്യമില്ലാത്ത  ടെൻഷനെന്തിനാ.."
"നീ  നിന്റെ പണി എന്താന്നുവച്ചാൽ ചെയ്യ്.."
ദിനകർ കയർത്തു..
ചിന്തകളുടെ ഭാരം കുറഞ്ഞാൽ എല്ലാത്തിനുമൊരു പരിഹാരമായേക്കും..
എങ്ങനെയതു സാധ്യമാക്കാമാക്കാം..
തന്റെ ആലോചനകളും കാടുകയറിപ്പോവുകയാണിപ്പോൾ..
അറിഞ്ഞുകൊണ്ട് കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെടുന്നവരെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ച് തലയ്ക്ക് പെരുപ്പും ഭാരവും കൂടി വരുന്നു..
ജീവിതം തന്നതിനൊക്കെ പകരമായിട്ടാവുമോ ഇത്തരം ആധികൾ ...!
മക്കളുടെ മുഖമോർക്കേ വ്യസനം നിറഞ്ഞ അലിവോടെ അവൾ നിന്നു..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക