ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 22

Published on 13 November, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 22
രാവിലെ പതിവുകൾ തെറ്റിക്കാതെ ആമോദിനി തൻ്റെ ജോലികൾ ചെയ്തു . 
മാധവ് ഇനിയും  എഴുന്നേറ്റിട്ടില്ല . അയാൾക്കുള്ള ചായ ഫ്ലാസ്ക്കിൽ ഒഴിച്ചുവെച്ചു .
ദോശമാവ്  ഫ്രിഡ്ജിൽ നിന്നെടുത്തു പുറത്തു വെച്ചു. മൗസുവിനെ വിളിച്ചെഴുന്നേല്പിച്ചിട്ട് താഴേക്കു ചെന്നപ്പോൾ ഫ്ലാസ്കിൽ നിന്നും ചായ, കപ്പിലേക്കു പകർന്നുനിന്ന  മാധവ് പറഞ്ഞു .
മൗസൂവിനെ സ്കൂളിൽ വിട്ടിട്ടു  ഞാൻ ഹോട്ടലിലേക്ക് പോകും .അവിടെ നിന്നും നേരിട്ട് എയർപോർട്ടിലേക്കും.
അച്ഛൻ ഇനി എന്ന് വരും ചെന്നൈക്ക് ? അപ്പോഴേക്കും എണീറ്റു വന്ന മൗസു മാധവിനോട് ചോദിച്ചു.
ഒന്നും പ്ലാൻ ചെയ്തിട്ടില്ല , ഒരു മാസം കഴിഞ്ഞു വരാൻ നോക്കാം . അച്ഛനും മകളും പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
അൻപ് അപ്പോഴേക്കും എത്തി . എന്താണ് പാചകം ചെയ്യേണ്ടത് ..! മൗസുവിനു ലഞ്ചും കൊടുത്തുവിടണം . ആമോദിനിയും അൻപിനു പുറകെ അടുക്കളയിലേക്കു പോയി .

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ  അപ്രതീക്ഷിതമായി അപർണ വന്നു . 
അവളും ഒരു ദോശ പ്ലെയ്റ്റിൽ ഇട്ടു കൂടെ ഇരുന്നു .

ഞാൻ വന്നത് മാധവിനെ, വിവാഹത്തിന് ക്ഷണിക്കാനാണ് ..
എന്നാണ് ?
ഓഗസ്റ്റ് പതിനാറിന് , ചെറിയ ഒരു ചടങ്ങാണ്..വരണം . വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുക്കുന്നുള്ളു..
തീർച്ചയായും വന്നിരിക്കും ..
അപർണയുടെ ക്ഷണം  പെട്ടെന്ന് മാധവിൽ ഒരു പ്രത്യേക സന്തോഷം ഉണർത്തിയെന്ന് ആമോദിനിയ്ക്ക് തോന്നി .
ചെന്നൈ സന്ദർശിക്കാൻ ഒരു അവസരം കൂടി ലഭിക്കുന്നു എന്നതാവാം കാരണം.
ആമോദിനിയും  മാധവും വേണം , സാക്ഷികളായി ഒപ്പിടാൻ ..
ഞാനും നിന്റെ കുടംബത്തിൽ നിന്നും ആരെങ്കിലും പോരേ?
ആമോദിനി
അറിയാതെ ചോദിച്ചുപോയി . ചിലപ്പോൾ അങ്ങനെയാണ് , മനസ്സിലുള്ളത് അറിയാതെ പെട്ടെന്ന് പുറത്തേക്ക് വരും .
അതു കേട്ട് മാധവിന്റെ മുഖം കുറച്ചു വിളറി എന്ന് മനസ്സിലാക്കിയ അപർണ പറഞ്ഞു .
ഇല്ല മോദിനീ , എന്നെങ്കിലും എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു മംഗള കർമ്മം നടന്നാൽ , നിങ്ങൾ രണ്ടുപേരും വേണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു .. സത്യമാണ് . നിങ്ങൾ ഇന്ന് ഒന്നല്ല , എന്നാലും .. അപർണ പറഞ്ഞു നിർത്തിയതും
ഇങ്ങനെ ഒരു അവസരം നോക്കിയിരുന്നതു പോലെ മാധവ് പറഞ്ഞു .
ഉറപ്പായും , അതിനെന്താ ... അപർണയുടെ ആഗ്രഹമല്ലേ?
സത്യത്തിൽ തന്നോട് ചോദിക്കാതെ ഈ തീരുമാനം എടുത്തതിൽ അപർണക്കിട്ടു രണ്ടു പറയാനാണ് ആമോദിനിക്കു തോന്നിയത് .പക്ഷെ അവൾ മൗനം പാലിച്ചു .
മാധവിനെ  ഇപ്പോൾ ഇടയ്ക്കൊക്കെ കാണുമ്പോൾ തോന്നുന്നത് ,
 മൃത്യു അയാളുടെ ആത്മാവിനെ കൊണ്ടുപോയി എന്നാണ് ... 
 ശരീരം കൊണ്ടു മാത്രം ജീവിച്ചിരിക്കുന്നു ..അത്രയ്ക്ക് തളർച്ച അയാളെ  ബാധിച്ചിരിക്കുന്നു. പിന്നെയും കുത്തി മുറിവേൽപ്പിക്കാൻ തോന്നിയില്ല .
മനുഷ്യർ സ്നേഹത്തിനു കൊതിക്കുമ്പോഴാണ് ആത്മാവ് നഷ്ടപ്പെട്ടതുപോലെ തോന്നിപ്പിക്കുന്നത്.

മൗസുവിനെക്കൂട്ടി മാധവ് കാറിൽ കയറി . ഉടനെ കാണാം എന്ന് അപർണയോടു പറഞ്ഞു പുറപ്പെട്ടു . 
കൈവീശുന്ന അയാളുടെ കണ്ണുകളിൽ  നെഞ്ചിൽ പതിഞ്ഞ നോവിന്റെ നിഴലാഴങ്ങൾ  അവൾ കണ്ടു .

മാധവ് പോയതും ആമോദിനി അപർണയുടെ നേരെ തിരിഞ്ഞു.. 
എന്ത് പണിയാ നീ ചെയ്തത് ?
ഒപ്പിടാൻ നിനക്ക് വേറെ ആരെയും കിട്ടിയില്ല ..
അമേദി, അമേദി , ഒന്ന് അടങ്ങടി പെണ്ണേ, എനിക്ക് മാധവിനെ കാണുമ്പോൾ പാവം തോന്നുന്നു ..
എനിക്ക് അങ്ങനെ വലിയ പാവം ഒന്നും തോന്നുന്നില്ല . വേദനിച്ചതത്രയും എനിക്കല്ലേ ?" അവൾ മുഖം കറുപ്പിച്ചു .
നീ ഇങ്ങനെ ഒരു തീരുമാനവും എടുക്കാതെ നിൽക്കുന്നതും ശരിയല്ല ..
ഇനി എന്ത് തീരുമാനം , അയാൾ എന്നെ പിരിഞ്ഞു , വിവാഹമോചിതനായി , പിന്നെ മൗസുവിന്റെ അച്ഛൻ , ആ സ്ഥാനം ഞാൻ കൊടുക്കും ..
തെറ്റ് ചെയ്യാത്ത മനുഷ്യരുണ്ടോ ? മറക്കാൻ പറയില്ല , നീയൊന്നു ക്ഷമിക്കൂ ...
എനിക്ക് അറിഞ്ഞുകൂടാ അപർണാ , ഒരു തീരുമാനത്തിൽ എത്താൻ സാധിക്കുന്നില്ല ..
സമയം എടുത്ത് ആലോചിക്കൂ .. പതുക്കെ മതി .
വീണ്ടും സ്നേഹമെന്ന , കല്യാണം എന്ന അയാളുടെ കെണിയിൽപെട്ട് 
മുറിവേൽക്കണമോ ?
അതിനുത്തരം പറയാതെ , അപർണ  ആമോദിനിയെ കണ്ണെടുക്കാതെ നോക്കിനിന്നു.

മൗസുവിനെ സ്കൂളിൽ വിട്ട ശേഷം മാധവ് വിവരം വിളിച്ചു പറഞ്ഞു .

ഇന്ന് നീ അവധി എടുത്തില്ലേ ? നമുക്കൊന്ന് പുറത്തു പോയാലോ ? എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട് ..അപർണ പറഞ്ഞു..
ഞാൻ അത് പറയാൻ തുടങ്ങുകയായിരുന്നു . നമുക്കൊന്നു പുറത്തേക്ക് പോകാം.
അപർണയും ആമോദിനിയും ചെല്ലുമ്പോൾ
വർമ്മാജി അവർക്കായി സാരിക്കടയിൽ കാത്തു നിന്നിരുന്നു . 
അവർ രണ്ടുപേരും സാരി ഓരോന്നായി തിരയുന്നത്  ആമോദിനി കൗതുകത്തോടെ നോക്കി നിന്നു.
ലൈറ്റ് റോസ് നിറത്തിൽ ഒരു സാരി കാണിച്ചു കൊണ്ട് വർമ്മാജി ചോദിച്ചു ..
ഇത് അപർണക്കു ചേരുമില്ലേ ? 
പണ്ട് കണ്ടിട്ടില്ലാത്ത ഒരു തിളക്കം അപർണയുടെ മുഖത്തും  പടർന്നു. 
വർമ്മാജിക്ക് ഒരു പത്തു വയസ്സ് കുറഞ്ഞത് പോലെ തോന്നി . നമുക്കായി ഒരാൾ , കൂടെ കൂടാൻ ഒരാൾ വരുന്നു എന്ന ചിന്ത എത്ര പെട്ടെന്നാണ് മനുഷ്യരുടെ പെരുമാറ്റത്തിലും ശരീര ഭാഷയിലും  കാഴ്ചയിലും മാറ്റങ്ങൾ വരുത്തുന്നത് .. രണ്ടു കൗമാരക്കാരുടെ സന്തോഷം ആമോദിനി അവരിൽ കണ്ടു .
ഏകാന്തതയിൽ നിന്നും പ്രേമത്തിന്റേതായ  ഒന്നിച്ചുള്ള യാത്രയിൽ തനിച്ചാവാതെ അവർ ഒരാൾക്ക് ഒരാൾ കൂട്ടായിരിക്കട്ടെ .

അപർണ , അവൾ തന്നെ എപ്പോഴും ചേർത്തുപിടിച്ചു .. താൻ പറയുന്നത് ക്ഷമയോടെ കേട്ടിരിക്കും .. മിണ്ടാൻ ഒരാളുണ്ടാവുക... കേൾക്കാൻ ഒരാളുണ്ടാവുക അതാണല്ലോ  സൗഹൃദത്തിന്റെ കാതൽ. 
നമ്മുടെ സമയം ഒരാൾക്ക് നമ്മൾ കൊടുക്കുന്നതും സ്നേഹമാണ് .. അത് അപർണ തനിക്കു വേണ്ടുവോളം തന്നു .
വർമ്മാജിക്കൊപ്പം അപർണയെ സന്തോഷത്തോടെ കാണുമ്പോൾ ചെന്നൈക്ക് താൻ വന്നത് , ഇങ്ങനെ ഒരു ബന്ധം ദൈവം മുൻകൂട്ടി കണ്ടുകൊണ്ടാണെന്നു തോന്നി. അപർണ എപ്പോഴും സന്തോഷവതിയായിരിക്കട്ടെ. അവളുടെ ഹൃദയം ആനന്ദത്താൽ മാത്രം നിരന്തരം തുടിച്ചു കൊണ്ടിരിക്കട്ടെ..
ഒരുവേള വർമ്മാജി വലതുകരം അപർണയുടെ തോളിലേക്കിട്ട് ഗൂഢമായ പുഞ്ചിരിയുമായി അവളെ നോക്കുന്നത് ആമോദിനി ഇടംകണ്ണിട്ടു കണ്ടുനിന്നു..

               അടുത്ത ലക്കത്തോടെ നോവൽ പൂർണ്ണമാകുന്നു..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക