Image

അന്തകൻ (കവിത: സുഭാഷ് പോണോളി)

Published on 15 November, 2021
അന്തകൻ (കവിത: സുഭാഷ് പോണോളി)

നിന്റെ ഗന്ധം
മുറിച്ചുകടന്നൊരു
കാറ്റ് എന്നിലൊരു അതിർത്തി വരയ്ക്കുന്നു.


ശിംശപ വൃക്ഷശാഖയിലെ മൗനം പുതച്ചൊരില ആത്മാവിന്റെ ചതുരംഗ പലകയിൽ കരുക്കൾ നിരത്തുന്നു.

തലയില്ലാത്ത കാലാളും കുതിരയും
ആനയും
തണുത്തുറഞ്ഞ ജഡാവസ്ഥയിൽ
കടലിനന്നമാവുന്നു.

രാജ്യഭാരത്തിന്റെ പകൽവഴികളിൽ ഒലീവുമരങ്ങൾ കൊഴിച്ചിട്ടയിലകൾ മരിക്കാത്തവന്റെ പച്ചപ്പുകളായി പുനർജ്ജനിക്കുന്നു.

കനിവറ്റവാക്കു മായൊരു കൊടുങ്കാറ്റ് ഇരുട്ടിന്റെ  കടവാവലുകൾ
ക്കൊപ്പം കർണ്ണപുടങ്ങളിൽ പ്രതിധ്വനിച്ച വേദമന്ത്രങ്ങളുടെ ചിത്രം വരയ്ക്കുന്നുണ്ട്.

മടുപ്പിന്റെ വരണ്ട കാണ്ഡത്തിലൊരു സൂര്യൻ
വെന്തുനീറുമ്പോൾ, വെണ്ണീറുകൊണ്ട് നെറ്റിയിൽ അധികാരത്തിന്റെ
കുറിതൊടുന്നു ചിലർ.

മുഷിഞ്ഞചേലയിൽ ഉറുമ്പരിച്ച ദിനങ്ങളിൽ പാപത്തിന്റെ മറവി ചെപ്പിലൊരു കീഴടങ്ങല്ലിന്റെ സൈന്യം ഉറങ്ങി പോകുന്നു.


യോദ്ധാക്കളുടെ ശവക്കല്ലറയിൽ വൈധവ്യം കുടിച്ച സ്ത്രീകളുടെ കണ്ണുനീർ തളംക്കെട്ടുന്നു.

അധികാരത്തിന്റെ
ഉപ്പുഭരണിയിൽ
വെന്തുപോയ ജനം
രാജകൗതുകങ്ങളുടെ പക്ഷിയെ പറപ്പിക്കാൻ പഠിക്കുന്നു.


പാപികൾ ശീൽക്കാരംകൊണ്ട് കാമവെറിയുടെ സമുദ്ര തിരമാലകളെ വെലിച്ചെറിയുമ്പോൾ ആരുടെ
ശിലനാട്ടിയ കണ്ണുകളാണ് ഈറനാവുക.

മുകിൽമേടയിൽ പടർന്നുപന്തലിച്ചൊരു മയൂഖചിത്രം നിന്റെ കൺപീലികളിൽ വിടരാൻകൊതിച്ചു നിൽക്കുന്നുണ്ട്.

പെയ്യാതെ കാത്തുനിന്ന മഴയൊരു മണലാരണ്യത്തിന്റെ ചിതയിൽ
വെളുത്തതൂവൽ കൊഴിയും.

വിഷം കലർന്ന നിശ്വാസവായുവിൽ
വിയർപ്പിന്റെ ക്ഷാര തൻമാത്രകളിൽ
പ്രത്യായയുടെ പക്ഷി
ആകാശം തേടുന്നു.

അളിഞ്ഞു പോയ ഉടുപ്പുമായൊരു
കുഞ്ഞുക്കൈയെന്റെ പേനത്തുമ്പിൽ
അമ്മിഞ്ഞയുടെ രുചി നുണയുന്നു.

ഞാന്നെങ്ങനെ വീണ്ടും പകലുകളുടെ
അന്തകനായി ഗർവ്വിന്റെ ഇരുൾപുതയ്ക്കും...
അന്തകൻ (കവിത: സുഭാഷ് പോണോളി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക