Image

കിണർ (കവിത : അശോക് കുമാർ.കെ)

Published on 15 November, 2021
കിണർ (കവിത : അശോക് കുമാർ.കെ)
ഞാൻ,
കിണർ വട്ടത്തിലൊരു
വല നെയ്തിട്ടു.
രാത്രി തീരുന്നതിൻ മുൻപ്.

നെയ്ത വല തെളിഞ്ഞതും
നൂല് വീടായതും
ഞാനൊരു
ചിലന്തിയായതിനാലോ...

കരഞ്ഞു കൊണ്ടൊരു
കൂട്ടുകാരൻ
കിണർപാലത്തിൻ
പടിയിറങ്ങുന്നു...
ജീവിതം മേപ്പോട്ട്
കെട്ടിവച്ചൊരു
പാലത്തിന്റെ
പടിയിറങ്ങുന്നു ....

കരനെല്ലും കൊയ്തു
പത്തായത്തിൽ കൊടുത്ത്
പിടിനെല്ല് മാത്രം വാങ്ങി
പാടം മടങ്ങിയൊരു
മണിക്കൂട്ടി മരിച്ചുപോയ
കിണറിൽ ............

കാട്ടു കഴുകൻ
ഇരുട്ടിന്റെ
ഘോരാരവം മുഴക്കുന്നു..

പാലമരം
പ്രേതമണത്തിന്റെ
കാറ്റിൽ ലയിച്ചു
വീശുന്നു ......

ഞാനൊരു നിഴലായി
നെല്ലിപ്പടിയിലിഴയവേ..
സൂര്യ കിരണമൊരു
ചിലന്തിയായി
കിണറുമൂടി ചിരിപ്പൂ.....


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക