Image

സഞ്ചരിക്കുന്ന കഥകൾ (പുസ്തകാവലോകനം: സുധീർ പണിക്കവീട്ടിൽ)

Published on 16 November, 2021
സഞ്ചരിക്കുന്ന കഥകൾ (പുസ്തകാവലോകനം: സുധീർ പണിക്കവീട്ടിൽ)
(ശ്രീ ശൂരനാട് രവി രചിച്ച 101 റെഡ് ഇന്ത്യൻ നാടോടിക്കഥകൾ)


നവംബർ മാസം അമേരിക്കയിലെ പൂർവ്വനിവാസികളുടെ (റെഡ് ഇന്ത്യൻസ്) പൈതൃകമാസമായി ആദരിക്കുമ്പോൾ അവരുടെയിടയിൽ പ്രചാരത്തിലിരുന്ന നാടോടിക്കഥകളിലൂടെ ഒന്നു സഞ്ചരിക്കുക ഒരു വിനോദവും അതേസമയം വിജ്ഞാനപ്രദവുമാണു.

പുരാണങ്ങളിലെ കഥകളും നാടോടിക്കഥകളും ഏറെ സാമ്യമുള്ളതായി തോന്നാം. രണ്ടിന്റെയും ഉദ്ദേശ്യം മനുഷ്യരേ സദാചാരനിരതരാക്കുകയും തെറ്റും ശരിയും പറഞ്ഞുകൊടുത്തു നേർവഴിയിലേക്ക് നയിക്കുകയുമാണ്. നാടോടി കഥകൾ നമുക്ക് കൂടുതൽ വിശ്വസനീയമായി തോന്നുന്നത് അതിനു  പുരാണങ്ങളോളം കാലപ്പഴക്കമില്ലെന്നുള്ളതുകൊണ്ടായിരിക്കാം. മലയാള സാഹിത്യരംഗത്ത് ബാലസാഹിത്യത്തിനു അമൂല്യമായ സംഭാവനകൾ നൽകിയ  ശ്രീ ശൂരനാട് രവി ബാലകൃതികൾക്ക് പുറമെ കുട്ടികൾക്കായി കൊച്ചു കൊച്ചു ഗാനങ്ങളും, കഥകളും വിദേശകൃതികളുടെ വിവർത്തനങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ നൂറ്റിയൊന്ന് നാടോടിക്കഥകൾ എന്ന പുസ്തകം പേര് സൂചിപ്പിക്കുന്നപോലെ കഥകളാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ രസം പകരുന്നവയാണ് കഥകൾ.  പുനരാഖ്യാനം എന്നാണു പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ കഥകൾ നിലവിൽ ഉണ്ടായിരുന്നവയാണ് എന്ന് മനസ്സിലാക്കാം. അതുകൊണ്ട് ഇതു വിദേശഭാഷയിൽ നിന്നു നേരിട്ടുള്ള വിവർത്തനമാണോ എന്നറിയില്ല. മൂല ഗ്രൻഥത്തെകുറിച്ച് പുസ്തകത്തിൽ സൂചനയില്ല.

ഈ കഥകൾ റെഡ്ഇന്ത്യൻസിന്റെ ആണെങ്കിൽ തീർച്ചയായും ആരോ മലയാളഭാഷയിലേക്ക് മുൻപ് പരിഭാഷ ചെയ്തുകാണും. അങ്ങനെ ലഭിച്ച കഥകളെ ശ്രീ രവി തന്റേതായ ഭാവനയും ഭാഷയും കലർത്തി രചിച്ചതാവാം. പുസ്തകത്തിൽ ഇതേപ്പറ്റി പറയുന്നില്ല. എന്നാൽ റെഡ്‌ ഇന്ത്യൻസ് എന്ന് സൂചിപ്പിക്കുന്നതുകൊണ്ട് ഈ കഥകൾ അമേരിക്കയിലെ റെഡ് ഇന്ത്യൻസിൽ നിന്നും ഉണ്ടയായതാണെന്നു അനുമാനിക്കാം. തന്നെയുമല്ല  ഓരോ കഥകളും ഏതേതു ഗോത്രത്തിൽ നിന്നാണെന്നു അനുബന്ധമായി കൊടുത്തിട്ടുണ്ട്. ഓരോ ഗോത്രക്കാരുടെയും കഥകളിൽ നിന്നും അവർ വച്ചുപുലർത്തിയിരുന്ന വിശ്വാസങ്ങളും ചിന്തകളും നമുക്ക് മനസ്സിലാക്കാം.

കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിനു മുൻപ് അവിടെ താമസിച്ചിരുന്ന സമൂഹത്തെ റെഡ്ഇന്ത്യൻസ്  എന്നു വിളിക്കുകയായിരുന്നുവെന്നു നമുക്കറിയാം. അവരുടെ ജീവിതവും, സംസ്കാരവും, ഭാഷയുമെല്ലാം ചരിത്രത്തിലൂടെ നമ്മൾ അറിയുന്നു. എന്നാൽ അവരുടെ നാടോടിക്കഥകളിലൂടെ നമുക്ക് അവരെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. അവരുടെ ഭാഷയും ആചാരങ്ങളും വിശ്വാസങ്ങളും തലമുറകളിലേക്ക് പകരാൻ അവർ കഥകൾ മെനഞ്ഞുണ്ടാക്കി കാണും. ചുറ്റുമുള്ള പുഴകളും, കുന്നുകളും മരങ്ങളും അവരുടെ ഭാവനകളെ നിറം പിടിപ്പിച്ചുകാണും.

ഭാരതീയരുടെയും യൂറോപ്പുകാരുടെയും കഥകൾ എല്ലാം തുടങ്ങിയിരുന്നത് ഒരു രാജ്യത്ത് ഒരു രാജാവും രാജ്‌ഞിയുമുണ്ടായിരുന്നു, അല്ലെങ്കിൽ പണ്ട് പണ്ട് എന്നൊക്കെയായിരുന്നെങ്കിലും ഈ പുസ്തകങ്ങളിലെ കഥകൾ അങ്ങനെയല്ല തുടങ്ങുന്നത്. ഇവരുടെ കഥകളിൽ കൂടുതലായും പക്ഷികളും, മൃഗങ്ങളും, പിന്നെ പ്രകൃതിയും കഥാപാത്രങ്ങളാണ്.  ഈ പുസ്തകത്തിലെ ഒന്നാമത്തെ കഥ തുടങ്ങുന്നത് "മൂങ്ങയും അണ്ടക്കാക്കയും ഉറ്റ ചങ്ങാതിമാരായിരുന്നു."  ഇതിലെ എഴുപത്തിമൂന്നാമത്തെ കഥയുടെ ആരംഭം ഇങ്ങനെ "പണ്ടുകാലത്ത് പക്ഷികളും മൃഗങ്ങളും മനുഷ്യരെ തിന്നാണ്‌  വിശപ്പടക്കിയത്." പിന്നെ മനുഷ്യർക്ക് ബുദ്ധിവച്ചപ്പോൾ അവർ പക്ഷികളെയും  മൃഗങ്ങളെയും  തിന്നു വിശപ്പടക്കാൻ തുടങ്ങി.  ചുറ്റുപാടുമുള്ള പരിസ്ഥിതികളിലൂടെ എങ്ങനെ പൂർവികർ  കടന്നുവന്നുവെന്നു പുതിയ തലമുറയെ അറിയിക്കുക്കുകയെന്ന ഉദ്ദേശ്യം ഈ കഥകളിൽ  കാണാം.

ഈ കഥകൾ വായിക്കുമ്പോൾ നമ്മൾ ആ കഥകളുടെ ലോകത്താണെന്ന ഒരു പ്രതീതിയുളവാകുന്നു. ചില കഥകൾക്ക് അനുബന്ധമുള്ളപ്പോൾ ചിലതെല്ലാം ഒരു കഥയും കഥാപാത്രങ്ങളുമായി അവസാനിക്കുന്നു. കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളിലെ അപരിചിതത്വമാണ് കഥകൾ റെഡ് ഇന്ത്യൻസിന്റെയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത്. അല്ലെങ്കിൽ ഈസോപ്പ് കഥകളെപോലെ തന്നെയാണ് അനുഭവപ്പെടുക.

പക്ഷികളും മൃഗങ്ങളും സംസാരിക്കയില്ല അവർക്ക് മനുഷ്യരോളം ബുദ്ധിയില്ലെന്നൊക്ക നാം അറിയുമ്പോഴും അവരെ കഥാപാത്രമാക്കി രചിച്ചിട്ടുള്ള ഈ പുസ്തകത്തിലെ കഥകൾ കൗതുകപൂർവ്വം വായിച്ചുപോകാവുന്നതാണ്. കഥ നൽകുന്ന പാഠങ്ങളും അതിലെ   കഥാഗതിയും നമ്മെ രസിപ്പിക്കുന്നത് എഴുത്തുകാരന്റെ ശൈലിയും ഭാഷപ്രയോഗവും തന്നെ. പക്ഷിമൃഗാദികൾ മാത്രമല്ല സൂര്യനും ചന്ദ്രനുമൊക്കെ കഥാപാത്രങ്ങളാണ്. ചന്ദ്രനെ കുടത്തിൽ അടച്ചുവെച്ച് എന്നും കറുത്ത വാവാക്കിയ  വൃദ്ധ കഞ്ഞിവയ്ക്കുമ്പോൾ അവർ കാണാതെ കഞ്ഞിയിൽ ആവശ്യത്തിലധികം  ഉപ്പു ചേർത്തു അവരെ കൊണ്ട് വെള്ളം കുടിപ്പിച്ച് അവർ വെള്ളം കുടിക്കാൻ ആറ്റുവക്കിലേക്ക് പോകുമ്പോൾ ചന്ദ്രനെ രക്ഷപ്പെടുത്തുന്ന കഥയിൽ വായനക്കാരന്റെ ആകാംക്ഷ പരീക്ഷിക്കുന്നുണ്ട്. ഇത്തരം കഥകളിലെല്ലാം തിന്മ തോൽക്കുകയും നന്മ ജയിക്കുകയുമാണെങ്കിലും എഴുത്തുകാരൻ കഥയ്ക്ക് കൂടുതൽ മാനം നൽകി ഇടക്കൊക്കെ വളച്ചൊടിച്ച് നമ്മെ ഉത്കണ്ഠാകുലരാക്കുന്നു. തിന്മയുടെ ചതിയിൽ നന്മപ്പെട്ടുപ്പോയി അയ്യോ കഷ്ടം എന്ന് നമ്മൾ ചിന്തിക്കുമ്പോൾ അതാ കഥക്ക് പുതിയ പരിവേഷം കിട്ടുന്നു.ചിലപ്പോൾ ഒരു പുതിയ കഥാപാത്രം പ്രത്യക്ഷപ്പെടുന്നു അല്ലെങ്കിൽ കഥ നയിച്ചിരുന്ന നായകനോ  നായികയോ വിവേകമുദിച്ചപോലെ തന്ത്രങ്ങൾ മെനഞ്ഞു ആപത്തിൽ നിന്നും രക്ഷപ്പെടുന്നു. ശ്രീ രവി കഥയിലെ അത്തരം സന്ദർഭങ്ങളെ രസാവഹമായി അവതരിപ്പിക്കുകയും അതിലൂടെ ഒരു സന്ദേശം പകരാൻ ശ്രമിക്കുകയും ചെയ്തിരിക്കുന്നത് കാണാം.

പക്ഷികളും മൃഗങ്ങളും സംസാരിക്കുന്ന ലോകം. അവർ തമ്മിലുള്ള അസൂയ, ചതി, പകപോക്കൽ എല്ലാം മനുഷ്യരുടേതുപോലെ തന്നെ വിശ്വസീനയമാകുംവിധം അവതരിപ്പിക്കുന്നതിലാണ് എഴുത്തുകാരന്റെ വിജയം. നാടോടി കഥകളുടെ പ്രത്യേകത അവ തലമുറകളായി പറഞ്ഞുവന്നതുകൊണ്ട് ധാരാളം കൂട്ടിച്ചേർക്കലുകൾ അതു പറയുന്നയാളിന്റെതായിട്ടുണ്ടാകും. ശ്രീ ശൂരനാട് രവിയും കഥകളിൽ അദ്ദേഹത്തിന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. കുട്ടികൾക്ക് താല്പര്യമുണ്ടാക്കുന്ന ഗാനങ്ങളും സന്ദർഭോചിതമായി ചേർത്തിട്ടുണ്ട്.

പുനരാഖ്യാനങ്ങൾ വളരെ ശ്രദ്ധിച്ചുചെയ്യേണ്ട സാഹിത്യപ്രവർത്തനമാണു. ചില നാടോടിക്കഥകൾ പലരും പുനരാഖ്യാനം ചെയ്തുകാണും. അത്തരം കഥകൾ സ്വീകരിക്കാതിരിക്കയാണ് ഉത്തമം. എപ്പോഴും മൗലികമായ ഒരു കഥ തിരഞ്ഞെടുക്കുന്നതു ക്രിയാത്മകമായി അതിനെ വികസിപ്പിക്കാൻ സഹായിക്കുന്നു. ശ്രീ ശൂരനാട് രവിയുടെ ഈ പുസ്തകത്തിലെ കഥകൾ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ ആവിഷ്കാരം അത്തരത്തിലായിരുന്നവെന്നു ഊഹിക്കാം.

പ്രായഭേദമെന്യേ ഈ കഥകൾ റെഡ് ഇന്ത്യൻസ് എന്ന സമൂഹത്തിന്റെ ജീവിതത്തിലേക്കും അവരുടെ സംസ്കാരത്തിലേക്കും തുറക്കുന്ന ഒരു വാതായനമായി ഇത് വായിക്കുന്നവർക്കനുഭവപ്പെടും. നന്മതിന്മകളുടെ സംഘർഷണങ്ങൾ ജീവിതത്തെ മോശമായി ബാധിക്കുമ്പോൾ കഥാപാത്രങ്ങൾ എങ്ങനെ അതിനെയെല്ലാം അതിജീവിക്കുകയും നന്മയുടെ സ്വാധീനത്താൽ വിജയിക്കുകയും ചെയ്തുവെന്ന ദൃഷ്ടാന്തങ്ങൾ വായനക്കാരന് ലഭിക്കുന്നു. വാസ്തവത്തിൽ വളരെ രസകരമായി വായിച്ചുപോകാവുന്ന ഈ കഥകൾ കുട്ടികളുടെയും വലിയവരുടെയും കലാപരമായ വാസനകളെയും, പ്രത്യുൽപ്പന്നമതിത്വത്തെയും അഭിവൃദ്ധിപ്പെടുത്തുന്നു. സരളമായ ഭാഷയും കഥാപാത്രങ്ങളുടെ സംഭാഷണശൈലിയും ആകര്ഷണീയമാക്കാൻ കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത് പ്രകടമാണ്. കുട്ടികളുടെ ജാഗരൂഗത ക്ഷണികമായതുകൊണ്ട് അവർക്ക് ഉത്സാഹം പകരുന്നവിധത്തിലുള്ള വിവരണങ്ങൾ  നൽകുന്നതിൽ ഗ്രന്ഥകർത്താവ് ശ്രദ്ധിച്ചിട്ടുള്ളതായി കാണാം.

നമ്മൾ കേട്ടിരിക്കുന്ന ആമയും മുയലും കഥ ഇതിൽ വ്യത്യസ്തമായി പറഞ്ഞിട്ടുണ്ട്. ഇതിൽ ആമയും നീർനായയും കുളത്തിന്റെ മറുകരയിലേക്ക് നീന്തിയെത്താനുള്ള പന്തയം വയ്ക്കുന്നു. പക്ഷെ ആമ     നീർനായയുടെ വാലിൽ കടിച്ചുതൂങ്ങികൊണ്ട് അക്കരേക്ക് നീന്തുന്നു. സഹികെട്ട് നീർനായ വാല് പൊക്കിയടിച്ചു. ആമ നിഷ്പ്രയാസം അക്കരെയെത്തി.എതിരാളിയുടെ വാളിന്റെ ശക്തികൊണ്ടും വേണ്ടിവന്നാൽ കാര്യം നേടാം. അതൊരു പുതിയ കാര്യമല്ലേ? (പുറം 303).
കഥകൾ സമാപിക്കുമ്പോൾ ആ കഥ നൽകുന്ന സാരോപദേശം സംക്ഷിപ്തമായി കൊടുത്തിരിക്കുന്നത് കുട്ടികൾക്ക് വളരെ പ്രയോജനകരമാണ്. "ബുദ്ധി ഉണ്ടെങ്കിൽ ഏതു ആപത്തിൽ നിന്നും രക്ഷപ്രാപിക്കാം,( പുറം 40 ) കൊല ഒന്നിനും പരിഹാരവുമല്ല. ഒന്നിനെയും കൊന്നുകൂടാ. (പുറം 37) ചെറിയവർക്ക് പല വലിയ കാര്യങ്ങളും ചെയ്യാൻ കഴിയുന്നുണ്ട്. (പുറം 56) എപ്പോഴും കഥയറിഞ്ഞേ പറയാവു, കഥ അറിയാതെ ഒന്നും പറഞ്ഞു നശിക്കരുതല്ലോ. നാശം നാക്കിൽ നിന്നാണ്. (പുറം 66) കണ്ടെത്തുക എല്ലാം ഭൂമിയിലുണ്ട്, അല്ലെങ്കിൽ പ്രപഞ്ചത്തിൽ കണ്ടെത്തൽ ഒരു വലിയ തപസ്സാണ്. കണ്ടെത്തുക, കീഴടക്കുക. (പുറം 74 ) ദീർഘനാൾ ജീവിച്ചിരിക്കണമെന്നു കൊതിക്കരുത്. ജീവിതം വളരെ ചുരുങ്ങിയതും നശിക്കുന്നതുമാണ്. പാഠം" ജീവിതം നശ്വരമാണ്. (പുറം 17) ഇങ്ങനെ നൂറ്റിയൊന്ന് കഥകളും ഓരോ പാഠങ്ങൾ നൽകുന്നു.
മൃഗങ്ങളുടെ കൗശലബുദ്ധിയും ചിലപ്പോൾ ചെയ്യുന്ന മണ്ടത്തരങ്ങളും നമ്മുടെ കൗതുകം വർദ്ധിപ്പിക്കുന്നു. കഥകൾ തീരുംവരെ അടങ്ങാത്ത ജിജ്ഞാസ നിലനിർത്താൻ കഴിയുന്നത് എഴുത്തുകാരന്റെ മികവ് തന്നെ.നൂറ്റിയൊന്ന് കഥകളുടെ ലോകത്തേക്ക് എല്ലാ വായനക്കാർക്കും സ്വാഗതം. കുട്ടികൾക്കും മുതിർന്നവർക്കും വായനാനുഭൂതി നൽകുന്ന ഈ പുസ്തകം ആമസോണിൽ ലഭ്യമാണ്.

ശൂരനാട് രവി. മാതാപിതാക്കൾ പി പരമുപിള്ള, കെ ഭവാനി 'അമ്മ (റിട്ടയേർഡ് ടീച്ചർ LPS ഇഞ്ചക്കാട്. ഭാര്യ ചെമ്പകക്കുട്ടി 'അമ്മ (റിട്ടയേർഡ് ഹെഡ്മിസ്ട്രസ് JMTTI )മക്കൾ ഡോക്ടർ ആർ ഇന്ദുശേഖർ (ആയുർവേദ ഫിസിഷ്യൻ, സിംഗപ്പൂർ/മലേഷ്യ) ഡോക്ടർ ഗൗരി (മെഡിക്കൽ ഓഫീസർ, ISM, ഗവണ്മെന്റ് ഓഫ് കേരള. സി.ആർ. ശ്രീലേഖ (സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ജനറൽ ഇലക്ട്രിക്) വേണു ജി നായർ. (സീനിയർ പ്രൊഡക്ട് മാനേജർ ഫോർഡ് മോട്ടോർ കമ്പനി), സി ആർ ശ്രീലക്ഷ്മി (സീനിയർ അപ്ലികേഷൻ എഞ്ചിനീയർ, സ്റ്റേറ്റ് ഓഫ് മിഷിഗൺ) രാജേഷ് നായർ (സോഫ്റ്റ്‌വെയർ എഞ്ചിനീയർ JNL) ചെറുമക്കൾ തേജസ്സ്, നിരഞ്ജൻ, സാന്ദ്ര,  അശ്വിൻ , നികിത.

മണ്ണടി സ്‌കൂളിൽ അദ്ധ്യാപകനായിരുന്നു. 1998 ഇൽ വിരമിച്ചു,. ഓണപ്പന്ത്, കിളിപ്പാട്ടുകൾ, ഭാഗ്യത്തിലേക്കുള്ള വഴി, പൊങ്കൽപ്പാട്ട്, അക്ഷരമുത്ത്, എന്നിവയ്ക്കപ്പുറമെ തമിഴിൽ നിന്നു പല നാടോടിക്കഥകളും മലയാളത്തിലേക്ക് തർജ്ജിമ ചെയ്തിട്ടുണ്ട്. എഡ്വിൻ ആർനോൾഡിന്റെ "ലൈറ്റ് ഓഫ് ഏഷ്യ" ക്ഷേമേന്ദ്രന്റെ "ബോധിസത്വാപദാനകല്പലത"    എന്നിവ വിവർത്തനം ചെയ്തു. വിദേശസാഹിത്യകൃതികൾ മികവോടെ പരിഭാഷ പെടുത്തി. വളരെ തന്മയത്വത്തോടെ നാടോടിക്കഥകൾ പരിഭാഷ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് വിവർത്തന ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.  1989 ഇൽ അരിയുണ്ട എന്ന കൃതിക്ക് ബാലസാഹിത്യത്തിനുള്ള എൻ സി ഇ ആർ ടി നാഷണൽ അവാർഡ് ലഭിച്ചു. 2018 ഇൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ "സമഗ്രസംഭാവന പുരസ്കാരം" ലഭിച്ചു. 2018 ഇൽ അന്തരിച്ചു.

ശുഭം

Join WhatsApp News
Sreelekshmi 2021-11-16 17:04:41
Well done 👍. Thank you so much
Chempakam 2021-11-18 14:01:19
Very good write up. Thank you 🙏
Sandra 2021-11-18 14:02:23
Great work 👌👌👌
Sudhir Panikkaveetil 2021-11-18 15:11:36
വായിച്ചതിനും അഭിപ്രായങ്ങൾ എഴുതിയതിനും എല്ലാവര്ക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക