കൊറോണക്കാലം ( കഥ: സജ്ന സമീർ)

Published on 17 November, 2021
കൊറോണക്കാലം ( കഥ: സജ്ന സമീർ)
അനുവിന് കാര്യങ്ങൾ മനസ്സിലായി വരാൻ സമയമെടുത്തു.
അച്ഛനാണ് ആദ്യം പനി വന്നത്.
ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആണ്.
അച്ഛൻ വീട്ടിൽ ഒരു മുറിയിൽ തളക്കപ്പെട്ടു.
അസുഖമായവരെ പരിചരിക്കുക എന്നതൊക്കെ പഴയ രീതിയാണ്‌.
പുതിയ കാലം
 പുതിയ വൈറസ്.
 അസുഖം വന്നാൽ പകരാൻ സാധ്യതയുള്ളതിനാൽ  ഒറ്റക്കിരിക്കാനാണ് എല്ലാവരും പറയുന്നത്.

കാര്യങ്ങൾ കൂടുതൽ ദുസ്സഹമായത് അമ്മയ്ക്കും പനി വന്നപ്പോഴാണ്.
അമ്മയും അച്ഛനും ഒറ്റപ്പെട്ടു.
'ആ പെണ്ണിനും ഇനി ഉണ്ടാവോ'എന്ന വല്യമ്മയുടെ ദീർഘനിശ്വാസം അനുവിനെ വീട്ടിൽ ഒറ്റപ്പെടുത്തി.

അവളെ കാണുന്നിടത്തു നിന്ന് അപ്പുവിനെ വല്യമ്മ വലിച്ചുകൊണ്ടുപോയപ്പോഴാണ് അവൾക്ക് കരച്ചിൽ വന്നത്.
തനിക്കും കൂടെ പനി  വരാൻ അവൾ ആഗ്രഹിച്ചു.
അടുത്തവീട്ടിലെ അനന്തുവിന്റെ അച്ഛൻ 'ഇനി ഇങ്ങോട്ടൊന്നും  വരാൻ നിൽക്കണ്ടാട്ടാ'എന്ന് അവിടെനിന്ന് വിളിച്ചു പറയുന്നത് കേട്ടപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല.

വൈകിട്ട് ഉമ്മറത്തേക്ക് വെറുതെ ഒന്ന് പോയതാ അപ്പോഴേക്കും  അനന്തുവിന്റെ വീടിന്റെ വാതിൽ അടയുന്ന ശബ്ദം കേട്ടു.
ഒന്ന് നോക്കിയാലും പകരുമോ ഈ അസുഖം.
കാര്യം പകരുമോ എന്ന് പേടിച്ചാകും എന്നാലും ഇത്തിരി സ്നേഹത്തോടെയൊക്കെ പെരുമാറിക്കൂടെ.
അതുകണ്ടാണ് അവൾ നടുങ്ങിയത്.

അച്ഛനും അമ്മയ്ക്കും ഭക്ഷണം കൊടുക്കാൻ വല്യമ്മയ്ക്കു മടി.
അവൾ അവർക്കുള്ള ഭക്ഷണം വാതിലിന് അരികിൽ കൊണ്ട് വെച്ചു അമ്മയെ വിളിച്ചു പറഞ്ഞു.
അമ്മയോട് ഇടപഴകാൻ അവൾക്ക് ഒരു പേടിയും തോന്നിയില്ല.
പനി വരാൻ അവൾ ആത്മാർത്ഥമായി അവൾ ആഗ്രഹിച്ചിരുന്നു.
അമ്മയാണ് പറഞ്ഞത് അവിടെനിന്നു മാറി നിൽക്കാൻ.
മുത്തശ്ശി കിടക്കുന്ന കട്ടിലിനടുത്തേക്ക് അവളെ വിളിച്ചു.
ആ മിനുമിനുത്ത വയറിൽ കെട്ടിപ്പിടിച്ചു കിടക്കാൻ അവൾക്ക് കൊതി തോന്നി.
അവൾ പക്ഷെ വാതിലിന് ചാരെ നിന്ന് നോക്കിയുള്ളൂ.

"നാരായണ..
ന്തൊരു കലികാലാ ഇത്,
ന്റെ കുട്ടി ഇങ്ങട് വാ"
അവൾ മുത്തശ്ശിക്ക് അരികിലേക്ക് പോയില്ല.
“ഹോ ഒന്ന് വേഗം പനി വന്നെങ്കിൽ”അവൾക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല. വീട്ടിൽ അവൾ ഒറ്റപ്പെട്ടു.
എല്ലാം എത്ര പെട്ടെന്നാണ് മാറിയത്.

തമ്മിൽ അകന്ന് നിൽക്കാൻ ശ്രമിക്കുന്നു എല്ലാവരും.
സ്വന്തം ജീവനാണ് എല്ലാർക്കും വലുത്.
അതിൽ കവിഞ്ഞൊരു വിട്ടു വീഴ്ചക്ക് ആരും തയ്യാറല്ല.
ദിവസങ്ങൾക്ക് ശേഷം അമ്മയും അച്ഛനും അസുഖം മാറി പുറത്തിറങ്ങി.
വൈറസിന് അനുവിനെ പിടിക്കാഞ്ഞിട്ടാണോ എന്തോ അവൾക്ക് പനിച്ചില്ല.
പക്ഷെ വല്യമ്മയെ പനി പിടികൂടി.
'അസത്ത് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടന്ന് മനുഷ്യനെ വലച്ചു വല്യമ്മ അനുവിനെ നോക്കി പുലമ്പി.
വല്യമ്മ മുറിയിലടക്കപ്പെട്ടു.
വല്യമ്മ റൂമിലായ കാരണം അപ്പു തനിച്ചായി.
അനു അവന്റെ കാര്യങ്ങൾ എല്ലാം നോക്കി.
വല്യമ്മയെ പരിചരിക്കുന്നതിലും അവൾ മടികാണിച്ചില്ല.
അവൾക്കറിയാമായിരുന്നു സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല.
ശരിയായ ആത്മസംതൃപൃതി ലഭിക്കുന്നത് താൻ കാരണം മറ്റൊരാൾ സന്തോഷിക്കുന്നത് കാണുമ്പോഴാണ്.

'വൈറസ്സാണെങ്കിലും ആരൊക്കെ പിടികൂടണം എന്ന് അതിന് നന്നായി അറിയാം'മുത്തശ്ശി ആത്മഗതം  പറഞ്ഞു.


കൊറോണക്കാലം ( കഥ: സജ്ന സമീർ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക