Image

നിര്‍മ്മാതാവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സംവിധായകന്‍

Published on 17 November, 2021
നിര്‍മ്മാതാവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സംവിധായകന്‍
മലബാറിന്റെ സ്വര്‍ണ്ണ ഖനന ചരിത്രം പ്രമേയമാക്കിയ 'തരിയോട്' എന്ന ഡോക്യൂമെന്ററി ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസാണ് തന്റെ സഹോദരിയും തരിയോടിന്റെ നിര്‍മ്മാതാവുമായ ബേബി ചൈതന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ പങ്കുവെച്ചത്. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് വാങ്ങിയ ശേഷമുള്ള ഇരുവരുടെയും ഫോട്ടോയാണ് നിര്‍മല്‍ ആശംസകള്‍ക്കൊപ്പം പങ്കുവെച്ചത്. എന്റെ സഹോദരിയും കാസബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പില്ലറുമായ ബേബി ചൈതന്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ചിത്രത്തിനോടൊപ്പം നിര്‍മല്‍ കൂട്ടിച്ചേര്‍ത്തത്. ഇക്കഴിഞ്ഞ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്സില്‍ തരിയോടിലൂടെ മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാമിനുള്ള അവാര്‍ഡ് ഇരുവരും നേടിയിരുന്നു.


മുമ്പ് ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഡന്‍ ഏജ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി, സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്‌കാരം,  റീല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി അവാര്‍ഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നാലോളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കോണ്ടിനെന്റെല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ തരിയോടിനെ ഫൈനലിസ്റ്റായി തിരഞ്ഞെടുത്തിരുന്നു. ഐ ഫിലിംസ് ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം സെമി ഫൈനലിസ്റ്റായിരുന്നു. യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്‌ലി ഫിലിം ഫെസ്റ്റിവല്‍, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെഷന്‍സ്, ലോസ് ആഞ്ചെലെസിലെ സ്റ്റാന്‍ഡാലോണ്‍ ഫിലിം ഫെസ്റ്റിവല്‍ ആന്‍ഡ് അവാര്‍ഡ്സ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം  തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതേ പശ്ചാത്തലത്തില്‍ നിര്‍മലിന്റെ തന്നെ സംവിധാനത്തില്‍ വരാനിരിക്കുന്ന 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയില്‍ ഭാഗമാകാന്‍ ചില വിദേശ സ്റ്റുഡിയോകളും വിദേശ താരങ്ങളും മുന്നോട്ട് വന്നത് മുമ്പേ വാര്‍ത്തയായിരുന്നു. 


ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സിന്റെ ആദ്യത്തെ ഇന്ത്യന്‍ സിനിമയായ 'വഴിയെ'യാണ് നിര്‍മലിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവും സഹോദരി ബേബി ചൈതന്യയാണ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയാണ് വഴിയെ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക