ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ പൂർണ്ണമാകുന്നു ...)

Published on 20 November, 2021
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ പൂർണ്ണമാകുന്നു ...)
വിവാഹ ആഘോഷം തീരെ ചെറിയതോതിൽ മതിയെന്ന് തീരുമാനിച്ചെങ്കിലും കാര്യങ്ങളൊക്കെ ഏകോപിപ്പിക്കുവാൻ മുൻപന്തിയിൽ ആമോദിനി തന്നെ ആയിരുന്നു . ഒന്നിനും ഒരു കുറവും വരാൻ പാടില്ല . അപർണയുടെ അമ്മക്ക് സംസാര ശേഷി നഷ്ടപ്പെട്ടെങ്കിലും എല്ലാ കാര്യങ്ങളും അമ്മയെ ധരിപ്പിച്ചുകൊണ്ടിരുന്നു .
ഇടയ്ക്കിടെ ആ കണ്ണുകൾ നിറയുന്നത് കാണാം.ഈ അൻപതാം വയസ്സിൽ മകൾക്കു മംഗല്യഭാഗ്യം വന്നതിൽ അമ്മ ഒരുപാട് സന്തോഷിക്കുന്നുണ്ടെന്നു മുഖഭാവം വ്യക്തമാക്കി . അപർണയുടെ കല്യാണം ഏറിയ സന്തോഷമായി മനസ്സിൽ നിറഞ്ഞുനിന്നു.

മൗസൂവിനു പുതിയ സ്കൂൾ ഇഷ്ടമായി .ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ അവൾ വന്നു പറയുന്നത് , കൗതുകത്തോടെ ആമോദിനി കേട്ടിരുന്നു . ഇതിനോടകം ഒരു കൂട്ടുകാരിയേയും അവൾക്ക് കിട്ടി . കൽക്കട്ടയിൽ നിന്നും വന്ന ആയുശ്രീ . സ്കൂളിൽ ഒരു ദിവസം രാവിലെ  കൊണ്ട് വിട്ടപ്പോൾ അവളെ മൗസു പരിചയപ്പെടുത്തി . വിടർന്ന ബംഗാളി കണ്ണുകൾ ,  ഇടതൂർന്ന മുടി രണ്ടു വശത്തെയ്ക്കും പിന്നിയിട്ട ഒരു കൊച്ചു സുന്ദരി .  കുട്ടികൾ എത്രപെട്ടെന്നാണ് അവരുടെ ഇടങ്ങൾ രേഖപ്പെടുത്തുന്നത്..ആമോദിനി അത്ര പെട്ടെന്ന് ആരുമായും അടുക്കില്ല.  മൗസൂ നേരെ മറിച്ചാണ് . അവൾ ഒട്ടും സങ്കോചം ഇല്ലാതെ എല്ലാവരുമായും ഇടപഴകും .

അപർണയുടെ കല്യാണത്തിന് ഇനി മൂന്ന് ദിവസം മാത്രം , വർമ്മാജിയുടെ മകൾ അമ്മു നാട്ടിൽ എത്തിയതും അപർണയെ കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ  , അപർണയ്ക്കു തന്നെത്താൻ  അവരോടു സംസാരിക്കാൻ ഒരു മാനസിക പിരിമുറുക്കം . ആദ്യമായിട്ടാണല്ലോ വർമ്മാജിയുടെ കുടുംബത്തിൽ നിന്നും ഒരാൾ അവളെ കാണാൻ വരുന്നത് . 
ആ പെൺകുട്ടി വന്നപ്പോൾ ആമോദിനിയും അവിടെ ഉണ്ടായിരുന്നു . അമ്മയുടെ വേർപാടിന് ശേഷം അച്ഛനെ ഇങ്ങനെ സന്തോഷവാനായി കണ്ടിട്ടില്ല എന്നവൾ പറഞ്ഞു . 
അപർണയെ , ആന്റി, അമ്മ അങ്ങനെ ഒന്നും വിളിക്കില്ല , 
പേര് വിളിച്ചോട്ടെ എന്നവൾ ചോദിച്ചപ്പോൾ ഒരു കൂട്ടുകാരി ആയി കാണാൻ ആണ് ആഗ്രഹമെന്നത് പറഞ്ഞത് വല്ലാത്ത ആശ്വാസം പകർന്നു .
അപർണ്ണയും അമ്മുവും പെട്ടെന്ന് ചങ്ങാതിമാരായി . വളരെ നാളുകളായി പരിചയമുള്ളതുപോലെ അവർ ചിരിച്ചും  കഥകൾപറഞ്ഞും കുറെ സമയം ചിലവഴിച്ചു .

വിവാഹത്തലേന്നാൾ മാധവും എത്തി. നേരെ ഹോട്ടലിലേക്കാണ് പോയത് .
അതൊരു ആശ്വാസമായി തോന്നി ആമോദിനിക്ക് .
വിവാഹം മംഗളകരമായി നടന്നു . അമ്പലത്തിൽ വെച്ച് താലികെട്ടി , മാലയും ചാർത്തി  നേരെ റെജിസ്ട്രേഷൻ ആപ്പീസിലേക്കു വന്നു കല്യാണ രജിസ്റ്ററിൽ ഒപ്പിട്ടു . ആമോദിനിയും  മാധവും സാക്ഷികളായി . ഇളം റോസ് നിറത്തിലെ സാരിയിൽ അപർണ വളരെ സുന്ദരി ആയി പ്രകാശിച്ചു നിന്നു.  മാണിക്യക്കല്ല്‌ പതിച്ച നെക്‌ലസ്‌ അഴകിന് മാറ്റ് കൂട്ടി . തനി നാടൻ വേഷത്തിൽ വർമ്മാജിയും തിളങ്ങി.
ഇത്രയും നാൾ അപർണ കാത്തിരുന്നത് ഈ സുദിനത്തിനു വേണ്ടി  ആയിരിന്നു . അവൾക്ക് ഒരാൾ കൂട്ടായി ഇണയായി  തുണയായി. 

വിവാഹാനന്തര സൽക്കാരവും കേമമായി നടന്നു . എല്ലാം കഴിഞ്ഞു  കാറിലേക്കു കയറുമ്പോൾ അപർണ ചോദിച്ചു . എന്തെങ്കിലും ഒരുത്തരം മാധവിന് കൊടുത്തു കൂടെ ?
അതെ കൊടുക്കണം , നീ ഇപ്പോൾ അതൊന്നും ആലോചിക്കേണ്ട .. സന്തോഷത്തോടെയിരിക്കൂ..
മാധവ് ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ആമോദിനിയുടെ കൂടെ  വീട്ടിലേക്കു വന്നു . നാളെയാണ് തിരികെ പോകുന്നത്.

എൻ്റെ ട്രാൻസ്ഫർ ഏറെക്കുറെ ശരിയായി .
ഒരു മാസത്തിനകം ഓർഡർ ആകും . സ്നേഹത്തിൽ ഉള്ള വിശ്വാസം മുഴുവനായും കളഞ്ഞു പോയിട്ടില്ലെങ്കിൽ , മോദിനി എന്നെ മനസ്സിൽ നിന്നും പൂർണമായും ഇറക്കി വിട്ടിട്ടില്ലെങ്കിൽ ...." മാധവ് പറഞ്ഞു തുടങ്ങി 
മാധവ് സ്നേഹം , വിശ്വാസം  അതൊന്നും അല്ല , അതൊക്കെ എന്നോ എനിക്ക് നഷ്ട്ടമായി , ഞാൻ ആരെയും നിങ്ങൾക്ക് ശേഷം മനസ്സിൽ കുടിയിരുത്തിയിട്ടില്ല . സന്ദർഭവും  സാഹചര്യവും കിട്ടാഞ്ഞിട്ടല്ല , മുൻപേ പറഞ്ഞില്ലേ , അതെല്ലാം പൊയ്‌പോയി , തന്നെത്താൻ  താമസിക്കുന്നതിൽ ഒരു സന്തോഷം കണ്ടെത്തി തുടങ്ങി ഞാൻ..
ഒരു പുനർചിന്തനം ഇല്ലെന്നാണോ ?
ഇപ്പോൾ എനിക്ക് അതിനെപ്പറ്റി ഒന്നും പറയാൻ സാധിക്കില്ല . മൗസുവിന്റെ  കാര്യം ആലോചിക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലുണ്ട് ..
പക്ഷെ അതും മാറും,കാരണം അവൾ മൂന്നോ , നാലോ വർഷത്തിന്  ശേഷം , പഠിപ്പ് , കല്യാണം , അവൾക്ക് അവളുടെ ജീവിതം ഇല്ലേ ?
നഷ്ടപ്രണയത്തിനവസാനം  മനസിൽ അങ്ങനെ ഒരു  ആഗ്രഹം എന്നേക്കുമായി പടിയിറങ്ങിയാൽ , ആ  നഷ്ടപ്പെടലിനെ ,  പ്രണയത്തെ  ഒരിക്കൽ ഉണ്ടായിരുന്ന ആത്മാർത്ഥ പ്രണയമെന്ന പേരിൽ എഴുതിച്ചേർക്കാൻ ആണ് ആമോദിനിക്ക് തോന്നിയത് .

മൗസൂ അച്ഛനെയും കൂട്ടി എന്തോ വാങ്ങാൻ പുറത്തേക്കു പോയി.
ആമോദിനി തന്റെ വരും ദിവസങ്ങൾ എങ്ങനെ എന്നോർത്ത് സോഫയിലിരുന്നു .
കൂടുതല്‍ ഒരാളെ സ്നേഹിക്കുകയെന്നാല്‍ അയാൾക്ക് മാത്രമേ നമ്മളെ 
ആഴത്തില്‍ മുറിപ്പെടുത്താൻ സാധിക്കൂ . നെഞ്ചിൽ അഗാധമായി പതിഞ്ഞ വേദന , കണ്ണിൽ നിന്നും വീണ ഉപ്പുകലർന്ന വെള്ളം നോവിൽ പതിഞ്ഞപ്പോൾ അനുഭവപ്പെട്ട ഒരു നീറ്റൽ ഉണ്ടല്ലോ അതിപ്പോഴും തീർത്തങ്ങു പോയിട്ടില്ല .

ഒരുപാട് നേരത്തെ ആലോചനക്ക് വിരാമമിട്ട് ആമോദിനി ഒരു തീരുമാനത്തിൽ എത്തി .
കുറെ നാളുകൾ  തലയണയിൽ മുഖമമർത്തി ഉറക്കെയുറക്കെ കരഞ്ഞു തീർത്ത വികാരങ്ങളുടെ പെരുമഴ ..
ഇനി ഒരു തുള്ളി കണ്ണുനീർ വാർക്കാൻ സാധിക്കില്ല .. അവസാന തുള്ളിയും ഒഴുക്കിക്കളഞ്ഞു .
മാധവ് വരട്ടെ എല്ലാം പറയാം .. മനസ്സിലുള്ളത് , പിന്നെ അയാളുടെ ഇഷ്ടം പോലെ സ്വീകരിക്കാം , തിരസ്കരിക്കാം ...

മാധവ് വന്നു കുറച്ചു കഴിഞ്ഞപ്പോൾ ആമോദിനി , മൗസുവിനോട് കുറച്ചു സമയം മുറിയിൽ പോകുമോ എന്ന് ചോദിച്ചു 
എനിക്ക് അച്ഛനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് ..
മനസ്സില്ലാമനസ്സോടെ മൗസൂ മുറിയിലേക്ക് പോയി .
മാധവിന്റെ ഹൃദയമിടിപ്പുകളുടെ താളം , ആമോദിനിക്ക് കാതിൽ അനുഭവപ്പെട്ടു .
മാധവ് , മുഖവുര ഇല്ലാതെ പറയാം ,  ട്രാൻസ്ഫർ ആയി വരുമ്പോൾ , മാധവിന് സ്വീകാര്യമാണെങ്കിൽ ഇവിടെ താമസിക്കാം . പക്ഷെ , നിങ്ങൾ വിചാരിക്കുന്നതു പോലെ ഒരു ഭാര്യയുടെ വേഷം ഞാൻ അണിയില്ല . മൗസുവിനു  വേണ്ടി ഒന്നിച്ച് ഈ വീട്ടിൽ , ചിലവുകൾ എല്ലാം നമ്മൾ തുല്യമായി വീതിക്കും..
ഞാൻ മാധവിന്റെ ഒരു നല്ല സുഹൃത്തായിരിക്കും ഇപ്പോഴെത്തെക്ക് . ഒരു പക്ഷെ ഭാവിയിൽ  നമ്മൾക്ക് രണ്ടുപേർക്കും , അല്ല എനിക്ക് മാധവിനെ മറ്റൊരു വിധത്തിൽ കാണാൻ സാധിച്ചാൽ , മാധവിനും അന്ന് അത് സമ്മതമാണെങ്കിൽ നമുക്ക് ആ ദിവസം  അതെക്കുറിച്ച് ആലോചിക്കാം .കുറച്ചു നാളുകൾ ഇങ്ങനെ പോകട്ടെ , ഇപ്പോൾ എൻ്റെ മാനസിക നിലയിൽ എനിക്ക് വേറൊന്നും തീരുമാനിക്കാൻ സാധിക്കുന്നില്ല . കാലം ഒരു പക്ഷെ എൻ്റെ വേദനയുടെ ആഴം നികത്തുമായിരിക്കും . 
ഞാൻ നിങ്ങളെ വെറുക്കുന്നില്ല . എനിക്കതിനാവില്ല , കാരണം അത്രമേൽ ഒരിക്കൽ ഞാൻ നിങ്ങളെ ഇഷപ്പെട്ടിരുന്നു..

ഇത് ഒരുതരം വാശിയല്ലേ മോദിനീ , ഒരു പകരം വീട്ടൽ ?
വാശിയോ , ആരോട് ?
വേദനിപ്പിച്ചിട്ടും  അവഗണിച്ചിട്ടും  ഞാൻ മാധവിനെ എൻ്റെ സുഹൃത്തായി കാണുന്നതും ഒരു കൂരയ്ക്ക് കീഴെ താമസിക്കാൻ തയ്യാറായതും  ഒരിക്കൽ എനിക്ക് തന്ന സ്നേഹത്തിനു പകരമാണ് ..
പിന്നെ തീർച്ചയായും മൗസുവിനു വേണ്ടിയും ..

അയാളുടെ 
ഉത്തരത്തിനു കാത്തു നിൽക്കാതെ ആമോദിനി അടുക്കളയിലേക്കു പോയി .
ചായ ഇട്ടു , അയാൾക്കും ഒരു കപ്പ് കൊടുത്തു .
മാധവ്‌ എന്തോ പറയാൻ ആഗ്രഹിച്ചെങ്കിലും  മൗനം തീർത്ത തടവറയ്ക്കുള്ളിൽ അയാൾ അൽപനേരം പിടഞ്ഞു ...
പിന്നെ പതിഞ്ഞ ശബ്‍ദത്തിൽ പറഞ്ഞു ...
ഞാൻ ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നു .. എനിക്ക് നിന്റെയും മൗസുവിന്റെയും കൂടെ സമയം ചിലവഴിക്കാൻ ആഗ്രഹമുണ്ട് . പിന്നെ ആമോദിനി , നിനക്കു ഒരുപാട് നാളൊന്നും ഈ പറഞ്ഞപോലെ നിൽക്കാൻ സാധിക്കില്ല . കാരണം എൻ്റെ സ്നേഹം കൊണ്ട് ഞാൻ നിന്നെ തിരിച്ചെടുക്കും..
മാധവിന്റെ കണ്ണുകളിൽ ആനന്ദത്തിന്റെ നീർത്തിളക്കമിളകുന്നത് ആമോദിനി നോക്കിനിന്നു.
ഒരു ചെറു പുഞ്ചിരിയോടെ ആമോദിനി മാധവിനോടെന്നപോലെ തന്റെതന്നെ മനസ്സിൽ പറഞ്ഞു.. ഇത് ഞാനാണ് , ആമോദിനി എന്ന ഞാൻ ...!

                                       നോവൽ പൂർണ്ണമാകുന്നു
ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ പൂർണ്ണമാകുന്നു ...)
Reader. 2021-11-21 19:03:42
Hey Madhav, don't even think about living in her house. She will treat you like shit.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക