Image

കണക്കുകൂട്ടലുകളുമായെത്തിയ കുറുപ്പ് : ആൻസി സാജൻ

Published on 20 November, 2021
കണക്കുകൂട്ടലുകളുമായെത്തിയ കുറുപ്പ് : ആൻസി സാജൻ
കേരള പോലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിന് ലോങ് പെൻഡിങ് ആയി നീക്കിവെക്കപ്പെട്ടതാണ് സുകുമാരക്കുറുപ്പ് പ്രതിസ്ഥാനത്തുള്ള ചാക്കോ വധക്കേസ്. കുറുപ്പ് മരിച്ചോ ജീവിക്കുന്നുണ്ടോ എന്ന് ഇനിയും തീർച്ചപ്പെടുത്താനാവാത്ത ആ നാണക്കേടിന്റെ ഏട് വീണ്ടും ചർച്ചകളിൽ നിറയ്ക്കുന്ന ചലച്ചിത്രമാണ് ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പായെത്തുന്ന 'കുറുപ്പ് ' .
സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയുടെ കുപ്രസിദ്ധ ചരിത്രമറിയുന്ന കേരളക്കര ദുൽഖറിന്റെ കുറുപ്പും ചർച്ചയാക്കുന്നത് സ്വാഭാവികം. സിനിമയിറക്കിയവർ ഉറ്റുനോക്കുന്നതും ഈ ചർച്ചകളും കഥകളും എത്രത്തോളം വളർന്നു പോകുന്നുവെന്നുമായിരിക്കും. 
37 വർഷമായി മലയാളി മനസ്സിനെ ഭാരപ്പെടുത്തുന്ന നിഗൂഢതയാണ് , കുത്സിതനും കുതന്ത്രനും വിപരീത ബുദ്ധിയുടെ കുറുകുറുക്കനുമായ (പുപ്പുലി എന്ന് പറയും പോലെ ) സുകുമാരക്കുറുപ്പ് എന്ന കുറ്റവാളി.ഇൻഷുറൻസ് തുക നേടി സുഖിമാനായി ജീവിക്കാൻ അയാളൊരുക്കിയ കെണിയിൽപെട്ട്  ജീവൻ വെടിഞ്ഞ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോ എന്ന പാവപ്പെട്ട മനുഷ്യനെ ഏവരും മറന്നെന്നിരിക്കും  ( കെണി എന്നു പേരുള്ള മമ്മൂട്ടി ചിത്രമായിരുന്നു ചാക്കോയുടെ കൈയിലെ ഫിലിം പെട്ടിയിൽ എന്ന് പറയപ്പെടുന്നു. ); എന്നാൽ മായാവിക്കഥ പോലെ നമ്മെ വട്ടം കറക്കി വിലസുന്ന ഓർമ്മയാണ് കുറുപ്പിന്റേത്. അക്കാരണത്താൽ തന്നെ,
യഥാർത്ഥ കുറ്റകൃത്യത്തിന്റെ  അന്വേഷണാത്മക ത്രില്ലർ എന്ന് ഈ ദുൽഖർ സിനിമയെ വിശേഷിപ്പിക്കാം.

 'കുഞ്ഞിക്ക ' എന്ന് ആരാധകർ വിളിക്കുന്ന ദുൽഖറിന്റെ ആദ്യ ചിത്രമായ 'സെക്കന്റ് ഷോ'യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിനെയും അണിയിച്ചൊരുക്കിയത്. ഊഹാപോഹങ്ങളും ഉപകഥകളും നിറഞ്ഞ സുകുമാരക്കുറുപ്പ്ചരിതം , ക്രൈം നടന്ന സമയം മുതൽ നാട്ടിൽ പ്രചാരത്തിലുണ്ട്. സിനിമ റിലീസ് ആയപ്പോഴും കുറുപ്പെന്ന അവതാരത്തിന്റെ മിസ്റ്റിക് സ്റ്റോറീസ് തുടരുന്നു . ഇതൊക്കെ ഉള്ളിലിട്ടുകൊറിച്ചു കൊണ്ട് പടം കാണാനെത്തുന്നവരെ ഇരുത്തി ബോധ്യപ്പെടുത്തേണ്ട ബാധ്യതയും സംവിധായകന്റെ ചുമലിലുണ്ട്. ആ കഥകൾക്കും പോലീസ് ഭാഷ്യങ്ങൾക്കും ഉള്ളിൽ നിന്നുകൊണ്ടു തന്നെയാണ് സിനിമ വളരുന്നത്. പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതിൽ സംവിധായകൻ വിജയിച്ചു എന്ന് പറയാം.
കുറുപ്പ് കേസിനു പുറകെ ഏറെക്കാലം അന്വേഷണവുമായി നടന്ന കൃഷ്ണദാസ് എന്ന പോലീസ് ഓഫീസറുടെ റിട്ടയർമെന്റ് പാർട്ടിയിലാണ് സിനിമയുടെ തുടക്കം. ഓർമ്മകളിലൂടെ, ഡയറിക്കുറിപ്പുകളിലൂടെ പത്രവാർത്തകളിലൂടെ , പിന്നെ പലരുടെയും ചിന്തകളിലൂടെയാണ് കുറുപ്പിനെ വരച്ചുകാട്ടുന്നത്. ഇതെല്ലാം ചേരുമ്പോൾ ഇയാൾ ആരായിരുന്നു എന്ന ചോദ്യത്തിനുത്തരമായി. യഥാർത്ഥ സംഭവവുമായി കഥയെ ഒത്തുചേർത്തു കൊണ്ടുപോവുകയാണ് സംവിധായകൻ. കുറുപ്പ് തികഞ്ഞ ഒരു ക്രിമിനലായതെങ്ങനെയെന്നും പ്രേക്ഷകന് പിടി കിട്ടുന്നുണ്ട്. പോലീസിന്റെ അന്വേഷണം പോകുന്ന വഴിയിലൂടെ സിനിമാസ്വാദകനും സഞ്ചരിക്കുന്നു. കുറുപ്പിന്റെ സഹജമായ ക്രിമിനൽ മനസ്സും സാഹസികതയും പകരാൻ ദുൽഖർ പരിശ്രമിച്ചത് ചിത്രത്തിനു നേട്ടമാണ്. പോലീസ് ഓഫീസർ കൃഷ്ണദാസായി വരുന്ന ഇന്ദ്രജിത്തും ഷൈൻ ടോം ചാക്കോയുടെ പിള്ളയും ശ്രദ്ധേയമായി. ശോഭിത ധുലി പാല (മൂത്തോനിലെ നായിക )  കുറുപ്പിന്റെ ഭാര്യയായെത്തുന്നു. വിജയ രാഘവൻ , സണ്ണി വെയ്ൻ, സുരഭി ലക്ഷ്മി, ബാലചന്ദ്രൻ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കൊല്ലപ്പെടാൻ മാത്രമായി വരുന്ന ടൊവിനൊയും കൊല്ലപ്പെട്ടവന്റെ ഭാര്യയായി അനുപമ പരമേശ്വരനും സിനിമയിലുണ്ട്.
സുകുമാരക്കുറുപ്പ് സംഭവത്തിനു ശേഷം ഏറെ വൈകാതെയിറങ്ങിയ കുറുപ്പ്സിനിമയാണ് സാജ് പിക്ചേഴ്സിന്റെ NH.47 (1984) . ടി.ജി.രവിയാണതിൽ കുറുപ്പായി വരുന്നത്. സുകുമാരനായിരുന്നു അന്ന് ചാക്കോ ആയത്. ആ സിനിമയുടെ തുടക്കത്തിൽ 'ഇതൊരു സാങ്കല്പിക കഥ'യാണെന്ന് എഴുതിക്കാട്ടുന്നുണ്ട്. പാപ്പനംകോട് ലക്ഷ്മണന്റെ തിരക്കഥയിലൂടെയാണ് NH - 47 നീണ്ടു പോകുന്നത്. തിരശ്ശീലയിൽ , നിങ്ങളുടെ ഇഷ്ടതാരങ്ങൾ എന്നെഴുതിക്കാട്ടുന്ന ഈ ചിത്രത്തിന്റെ സംവിധാനം , ലിസ പോലുള്ള ഭയാനക പ്രേത സിനിമകൾ വഴി പ്രശസ്തനായ ബേബി. അന്ന് അത്രയൊന്നും ഹിറ്റാകാതിരുന്ന ആ ചിത്രമിപ്പോൾ യൂട്യൂബിൽ  കാണുന്നുണ്ട് ആസ്വാദകർ എന്നതും കൗതുകം തന്നെ.അടൂർ ഗോപാല കൃഷ്ണന്റെ 'പിന്നെയും' സുകുമാരക്കുറുപ്പിന്റെ  കഥയാണ് . ഫിലിം ഫെസ്റ്റിവലുകളിൽ എത്തിനോട്ടം നടത്തിയെങ്കിലും ജനം കാണാത്ത സിനിമയായിരുന്നു അത്.
പുതിയ 'കുറുപ്പിന്റെ നിർമ്മാതാവായിരുന്നിട്ടും OTT വഴിയുള്ള സാമ്പത്തികസുരക്ഷ നോക്കാതെ തീയേറ്ററിൽ പടമെത്തിച്ച ദുൽഖറിന് അഭിനന്ദനം പറയുന്നുണ്ട് സിനിമാലോകം. തീയേറ്ററിൽ കുറച്ചു ദിവസം പടമോടിയാൽ മുകൾത്തട്ട് മുതൽ കടലക്കച്ചവടക്കാരനും ബ്ലാക്കിൽ ടിക്കറ്റ് വിൽക്കുന്നവനും വരെ വരുമാനമുണ്ടാവും എന്ന് വലിയ നിലയിൽ ആശ്വസിക്കുന്ന സമയമാണിത്. ഒത്തിരിപ്പേരുടെ അധ്വാനവും ശ്രമവുമുണ്ട് സ്ക്രീനിൽ തെളിയുന്ന ഓരോ സിനിമയ്ക്ക് പിന്നിലും. ഗ്യാരണ്ടിയുള്ള അഭിനേതാക്കളും മറ്റ് സന്നാഹങ്ങളുമായെത്തുന്ന സിനിമകൾ തീയേറ്റർ വഴി ഇപ്പോൾ ജനം കാണുമ്പോൾ അതും ഒരു ഗുണമാണ്. 
ഏതായാലും ഈ അനിശ്ചിത കാലഘട്ടത്തിലെത്തുന്ന സിനിമകളിൽ ചരിത്ര പ്രാധാന്യമുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളും വലിയ അളവിൽ കാശിറക്കി സമൂലക്കൂട്ടുകളോടെയെത്തിയ സുകുമാരക്കുറുപ്പ് 'ചരിത്രാഖ്യായിക'യുമൊക്കെ സിനിമാ വ്യവസായത്തെ സംരക്ഷിച്ചു നിർത്തുമെങ്കിൽ അതും ഒരു നന്മയാണ്.
ഏതായാലും 37 വർഷമായി കേരളത്തിലെ പോലീസിനെ ഇട്ട് വട്ടം കറക്കുന്ന ഒരു കുറ്റവാളി , മരിച്ചാലും ജീവിച്ചിരുന്നാലും ജനങ്ങൾക്കിടയിൽ വീണ്ടും ഉത്ഥാനം ചെയ്തിരിക്കുകയാണിപ്പോൾ. കഥകളും ഉപകഥകളുമായി കുറുപ്പ്ചരിതം നാട്ടാരുടെ ഗൗരവപ്പെട്ട ചർച്ചകളിലും കൊച്ചു വർത്താനങ്ങളിലും നിറയുന്നു. മാധ്യമങ്ങൾക്കും എഴുതാനും പറയാനും ഏറെക്കിട്ടി. എവിടെയൊക്കെയോ കുറുപ്പുണ്ടായിരുന്നു അല്ലെങ്കിൽ എന്നോ മരിച്ചു , അങ്ങനെ കഥകളെത്ര. സിനിമ കാണാൻ എന്തായാലും കുറുപ്പെത്തും അല്ലെങ്കിൽ അയാൾ വന്നു സിനിമ കണ്ടു കഴിഞ്ഞു .. അങ്ങനെ കഥകളെത്രയാണ് തകർത്തോടുന്നത് !

നാട് മുഴുവൻ ചർച്ചയിൽ മുഴുകാനും മാത്രം പ്രമാദമായൊരു വിഷയം കണ്ടെത്തി സിനിമയാക്കി തീയേറ്ററിലെത്തിച്ച എല്ലാ പിന്നണിബുദ്ധികളും വിജയിച്ചു നിൽക്കുന്നു 'കുറുപ്പി'ന്റെ കാര്യത്തിൽ. നാളുകൾക്കു ശേഷം തീയേറ്ററുകളിലുയരുന്ന ആരവങ്ങൾ സിനിമയെ മൊത്തം രക്ഷിച്ചു നിർത്തട്ടെ.
കണക്കുകൂട്ടലുകളുമായെത്തിയ കുറുപ്പ് : ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക