Image

വേലക്കിടയിലെ അത്യാഹിതം (ഇള പറഞ്ഞ കഥകൾ-15 , ജിഷ യു.സി)

Published on 24 November, 2021
വേലക്കിടയിലെ അത്യാഹിതം (ഇള പറഞ്ഞ കഥകൾ-15 , ജിഷ യു.സി)

താമരച്ചേരിൽ പ്രധാനമായി നടക്കുന്ന രണ്ട് ആഘോഷങ്ങളാണ് മുത്തപ്പൻകാവിലെ വേലയും മുത്തണിക്കുന്നിലെ ദേവിയുടെ ആണ്ടു പൂജയും. രണ്ടിനും ഉത്സവ പ്രതീതിയിൽ താമരച്ചേര് ദിവസങ്ങൾക്കു മുൻപേ ഒരുക്കം തുടങ്ങും. താമരച്ചേരിൽ നിന്ന് കല്യാണം കഴിച്ച് പോയ പെണ്ണുങ്ങൾ ഈ രണ്ടിനും കുടുംബസമേതം എത്തും
വീടുകളിൽ പലതര ഭക്ഷണ ഗന്ധവും ശബ്ദകോലാഹലവും ,നിറയും .

ആണുങ്ങളും ,പെണ്ണുങ്ങളും അവരവരുടെ തരക്കാരൊത്ത് സന്തോഷിക്കും .
ബോട്ടുകളിൽ കയറി പട്ടണത്തിൽപ്പോയി പുതുവസ്ത്രവും  സാധനങ്ങളും വാങ്ങി വരും

കുട്ടിക്കൂട്ടങ്ങൾ താമരക്കായൽക്കരയിൽ കൂട്ടം ചേർന്നു കളിക്കും
പട്ടണത്തിൽ നിന്നും തിരിച്ചു വരുന്ന ബോട്ടുകൾ നോക്കി  കാത്തു നിൽക്കും.
ബലൂണും ,വളയും ,പൊരിയും മുറുക്കുമായി വാണിഭ സംഘം ഇറങ്ങി വരുമ്പോൾ അവർ സന്തോഷത്തോടെ ആർപ്പുവിളിക്കും

കുട്ടികളുടെ പണക്കുടുക്ക പൊട്ടിക്കുന്നതും ഈ രണ്ട വസരങ്ങളിലാണ്

മുത്തപ്പൻ്റെ വേല തുലാം മാസത്തിൽ ഭരണി നാളിൽ ആണ്.
തുലാവർഷം ചതിക്കൂലാ
മുത്തപ്പൻ്റെ വേല കയിഞ്ഞേ പെരുമയപെയ്യൂ

എന്ന് താമരച്ചേര് വിശ്വസിച്ചു .എന്തോ ഇതുവരെയും അങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്തു

 കുഞ്ചാണൻ്റെ വീട്ടിൽ പെങ്ങൾ നാണിക്കുട്ടിയും കുടുംബവും വേലക്ക് നാല് ദിവസം മുൻപു തന്നെ എത്തിയിട്ടുണ്ട് .

 വേലക്ക് പുളവ മകളുടെ കൈ നിറയെ കുപ്പിവളയിട്ടു കൊടുത്തു.
നിറമുള്ള വളകൾ ആ അഞ്ചു വയസ്സുകാരിയുടെ കൊഞ്ചലിനൊപ്പം ചിരിച്ചു
അമ്മയുടെ തലമുടി പാരമ്പര്യം കിട്ടിയ അവളുടെ നീണ്ട മുടിയിഴകൾ സരസ രണ്ടായി പിന്നി റിബൺ വച്ച് കെട്ടിക്കൊടുത്തു
നെറ്റിയിൽ ചുവന്ന ചാന്തുപൊട്ടു തൊട്ട് പുള്ളിപ്പാവാടയിട്ട് അവൾ വേല കാണാൻ തയ്യാറായി

"കുഞ്ചാ പോവാമ്മക്ക്
കോമരത്താമ്മാര് തുള്ളി തൊടങ്ങി"
"ആന താമരക്കൊളത്തിന്ന് കുളിച്ച് വരുണ്ടാവും വേം
പോകാമ്മക്ക്"
അവൾ കുഞ്ചയുടെ കയ്യു പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു

കോമരങ്ങൾ ഉറഞ്ഞു തുള്ളി മേളം മുറുകി നെറ്റിമുറിഞ്ഞ് ഒഴുകിയിറങ്ങിയ ചോര ഒഴുകി കോമരങ്ങളുടെ മുഖം ഭീകരമായി .

ശബ്ദമാനമായ ആ അന്തരീക്ഷത്തിൽ മറ്റൊരത്യാഹിതം താമരച്ചേരിൽ ഉണ്ടായത് ആരുമറിഞ്ഞില്ല

സരസ മകളെ ഒരുക്കിപ്പറഞ്ഞയച്ച് വീട്ടിലുള്ള പണികൾ തീർത്ത് വേല കാണാൻ കുഞ്ചീരിക്കൊപ്പം വേല കാണാൻ പോകാനൊരുങ്ങുകയായിരുന്നു

കുഞ്ചിരി ആട്ടിൻ കൂട്  അടച്ചില്ലേ എന്ന് നോക്കാനായി തൊടിയിലേക്കു പോയി

 തിരിച്ചു നടക്കുമ്പോൾ
കാലിൽ എന്തോ കുത്തിയപോലെ തോന്നി .

വല്ല കുറ്റിയും കുത്തിതാവും
എന്ന് സ്വയം പറഞ്ഞ്
അവർ നേരെ  പണിതീരാത്ത കിണറ്റിൻ കരയിലേക്ക് നടന്നു.
തൊട്ടിയിലെ വെള്ളത്തിൽ കാൽ കഴുകി കുഞ്ചീരി കിണറ്റിൻ്റെ ഉള്ളിലേക്ക് ഏന്തി നോക്കി

പെട്ടെന്ന് തല പെരുക്കും പോലെ
ആകെ ഒരു പരവേശം
കയറിൽപിടിച്ച പിടി മുറുകുന്നില്ല.

അവർ നേരെ പണിതീരാത്ത കിണറിലേക്ക് മറിഞ്ഞു വീണു


വേലക്ക് പോകാനൊരുങ്ങിയ സരസ  അമ്മയെ അന്വേഷിച്ച് വീട്ടിനകത്തും പുറത്തും നടന്നു .

വഴിയേ പോകുന്ന കുട്ടമണിയും ,തങ്കയും അവളെക്കണ്ട് കാത്തുനിന്നു

"ടീ സരസേ നീ വര്ണ്ടോ?"

"ങ്ങള് നടക്കീം
അമ്മ എടേ നോക്കട്ടെ ഞാം"

"കുഞ്ചീര്യേടത്തിക്കൊ പോയീ ണ്ടാവും
നാണ്യേ ട്ത്തിൻ്റെ ഒപ്പം
"ജ്ജ് വാതില് പൂട്ടി പോന്നാളാ"
കുട്ടി മണി പറഞ്ഞു

"ന്നാ ഞാം തുണി മാറ്റാം പോയ പ്പൊം
അമ്മ നാണ്യമ്മായി ൻ്റൊപ്പം പോയി ണ്ടാവും ലെ"
സരസ വാതിൽ പൂട്ടി അവർക്കൊപ്പം നടന്നു

കിണറിൽ മരണത്തോട് മല്ലടിച്ച് കിടക്കുകയായിരുന്നു കുഞ്ചീരി
എന്നത് ആരും അറിഞ്ഞതുമില്ല.

വേല കഴിഞ്ഞ് എല്ലാവരും മനസ്സുനിറഞ്ഞ് അവരവരുടെ പാർപ്പിടങ്ങളിലേക്ക്  മടങ്ങി
കയ്യിൽ പൊരി പാക്കറ്റും ,മുറുക്കും ,പാവക്കുട്ടിയുമായി ഇള കുഞ്ചീരിയെ വിളിച്ച് അകത്തു കയറി

"കുഞ്ചീ നോക്കീം ങ്ങള്
ഈ പാവക്കുട്ടിനെ"

അവൾ മുത്തശ്ശിയെ വിളിച്ച് വീടു മുഴുവൻ നടന്നു.

കുഞ്ചിരിയെ കാണാതായത് വേല ആലസ്യത്തിൽ കിടന്നുറക്കമായ മറ്റാരും അറിഞ്ഞില്ല .

"കുഞ്ചേ
കുഞ്ചിഏടെ?"

ഉറക്കം പിടിച്ചു തുടങ്ങിയ കുഞ്ചാണനെ കുലുക്കി വിളിച്ച് ഇള ചോദിച്ചു

"ഓള് ആവ്ടെ എവ്ടെങ്കിലും ണ്ടാവും"

ഉറക്കച്ചടവിൽ പറഞ്ഞൊപ്പിച്ച് അയാൾ വീണ്ടും ഉറങ്ങി

"അമ്മാ ..ൻ്റെ കുഞ്ചിഏടെ?
ങ്ങള് കണ്ടോ ?"

മകൾ പറഞ്ഞപ്പോഴാണ് സരസ അതിലേക്ക് ശ്രദ്ധ തിരിച്ചത്

നേരം ഇരുണ്ടു വന്നിരിക്കുന്നു മഴ കനത്ത് വരുന്നുണ്ട് .പെട്ടെന്ന് കൊള്ളിയാൻ മിന്നി ഇടിമുഴങ്ങി
തുള്ളിക്കൊരു കുടം കണക്ക് മഴ തിമർത്തുപെയ്തു
ഇതുവരെയും താമരച്ചേര് കാണാത്തത്ര ഭയാനകമായ മഴ
വിളവെടുപ്പിന് പാകമായ താമരപ്പൂക്കൾക്കു മുകളിൽ കൃഷിക്കാരൻ്റെ പ്രതീക്ഷകൾക്കു മേലേ കരിനിഴൽ വീഴ്ത്തിക്കൊണ്ട് മഴ പെയ്തു കൊണ്ടേയിരുന്നു

കുഞ്ചാണ ഭാര്യയുടെ തിരോധാനം താമരച്ചേര് അറിയാൻ പിറ്റേന്ന് പുലർച്ചെയായി

വീടും പറമ്പും അരിച്ചുപെറുക്കി നിരാശനായി പുളവ മഴ നനഞ്ഞ് തണുത്തു വിറച്ച് ഇറയത്ത് ഇതികർത്തവ്യ ഥാ മൂഢനായി നിന്നു.

തുടർന്ന് താമരച്ചേര് ഒന്നിച്ച് തിരച്ചിൽ തുടർന്നു
മഴ അപ്പോഴും പെയ്തു നിർത്തിയിരുന്നില്ല

പട്ടണത്തിലെ പോലീസിന് അന്വേഷണത്തിന് അപേക്ഷ കൊടുക്കാൻ പോയ പുളവ എങ്ങനെയൊക്കെയോ വീടണഞ്ഞു
മഴ മാറാതെ അന്വേഷണം നടക്കില്ല എന്ന മറുപടിയിൽ വേദനയൊതുക്കി അയാൾ.. ഒരു അടയാളം പോലും ബാക്കി  വയ്ക്കാതെ പോയ് മറഞ്ഞ പെറ്റമ്മയെ ഓർത്ത് നീറി നീറിക്കഴിഞ്ഞു

കായലിലും ചുറ്റുപാടും കൊങ്ങൻമുടി .താമരച്ചേരിൻ്റെ കിണറുകൾ നിറഞ്ഞു കവിഞ്ഞു
കുഞ്ചിരിയുറങ്ങിയ പുതുകിണറിലും വെള്ളം നിറഞ്ഞു .
താഴെ ചെളിയിൽ പൂണ്ട കുഞ്ചീരിയെ മാത്രം പുറം ലോകത്തിന് കണ്ടെത്താനായില്ല
മഴ താണ്ഡവം തീർത്ത് താമരച്ചേരിൽ നിന്ന്  പിൻമാറാൻ  ദിവസങ്ങളെടുത്തു .
ശേഷിപ്പുകളായി നിറവെള്ളക്കെട്ടുകളും ,നിറജലാശയങ്ങളും ബാക്കിയാക്കിയാണ് ആ മഴ പിൻവാങ്ങിയത്

മഴ മാറി നിന്നു .പുതുവെയിലിൽ താമരക്കായലിലെ താമരപ്പൂക്കൾ ചിരിതൂകി
കുഞ്ചിരി തിരോധാനത്തിന് തുമ്പു തേടി പട്ടണപ്പോലീസ് സംഘം എത്തി. താമരച്ചേരിലെ മുക്കും മൂലയും പരതി

ഐക്കോരയെപ്പോലെ
അവൾ തിരിച്ചുവരാനായി പത്രപ്പരസ്യം കൊടുത്തു നോക്കി

പക്ഷേ ... ഒരു തുമ്പും കിട്ടിയില്ല..

കുഞ്ചിരി തിരോധാനം കുഞ്ചാണൻ്റെ മാനസികനില മാറ്റിത്തുടങ്ങി.
അയാളുടെ കവടികളും ,മഷിനോട്ടവും ഭാര്യയുടെ തിരോധാനത്തിന് പരിഹാരം പറഞ്ഞില്ല. വീണ്ടും വീണ്ടും കവുടികൾ കളങ്ങളിൽ വീണെങ്കിലും കുഞ്ചിരിയുറങ്ങുന്നിടം കണ്ടെത്താനായില്ല . ഊണും ,ഉറക്കവും താളം തെറ്റി ,മരുന്നുകളുണ്ടാക്കുന്നതിൽൽ ശ്രദ്ധ കുറഞ്ഞു .ഇളക്കൊപ്പമുള്ള സവാരികൾ കുറഞ്ഞു .അവസാനം കുഞ്ചീരിയില്ലാത്ത താമരച്ചേരിൽ നിന്ന് പെങ്ങൾ നാണിക്കുട്ടിക്കൊപ്പം കുഞ്ചാണൻ പടിയിറങ്ങി.

"മനസ്സു നേരാവട്ടെ
ന്ന്ട്ട് കൊണ്ടോരാ ഞാം"

പുളവയെ സമാധാനിപ്പിച്ച് നാണിക്കുട്ടി പറഞ്ഞു
കുഞ്ചാണൻ പോകുന്നത് സരസക്കും വിഷമമുണ്ടാക്കി

"അപ്പൻ കൂടെക്കൂടെ അമ്മ നെ വിളിക്കും.
കുളിക കുടിക്കാം ബെള്ളത്തിനും  കണ്ണടക്കുമായി
ഞാം ചെന്നാ ന്നെ  സൂഷിച്ച് നോക്കി ചോയ്ക്കും"

"അമ്മന്ത്യേ ടീ പെണ്ണേ?
ഓള്പ്പയും ന്നോട് കെറുവിച്ച് ആടെ നിന്നോട്ടെ"
സരസ നാണിക്കുട്ടിയോട് പറഞ്ഞ് മേൽ മുണ്ടുകൊണ്ട്   കണ്ണു തുടച്ചു

"ജ്ജ് വെസ മിക്കണ്ട ബളേ
മനസ് നേരായാ
അമ്മായി അപ്പനെ തിരിയെ കൊണ്ടോരാ"

സരസയെ സമാധാനിപ്പിച്ച് നാണിക്കുട്ടി പറഞ്ഞു

പക്ഷേ ...
ഇളയെ സമാധാനിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല

"വാണ്ട നാണ്യമ്മായീൻ്റൊപ്പം കൊണ്ടോണ്ട ൻ്റെ കുഞ്ചനെ"

അവൾ കരഞ്ഞു പറഞ്ഞു

"ൻ്റെ ഓളേ..
  ജ്ജ് ഷ്ക്കൂളി പോയാ പിന്നെ അൻ്റെ കുഞ്ച ഒറ്റക്കാവൂലേ.
അൻ്റെ പള്ളിക്കൂടം പൂട്ടട്ടെ കുഞ്ചനെ ഞാം കൊണ്ടോരാ "

നാണിക്കുട്ടി അവളെ സമാധാനിപ്പിച്ചു

ഒടുവിൽ സ്കൂളിൻ്റെ പേരും പറഞ്ഞ്  അവളെ സമാധാനിപ്പിച്ചു.

അങ്ങനെ വർഷങ്ങളോളം ജീവിച്ച താമരച്ചേരിൻ്റെ മണ്ണിൽ നിന്ന് കുഞ്ചാണൻ  അകന്നുപോയി

കാലം കടന്നു പോയി .അനുസ്യൂതം തുടരുന്ന കാലപ്രയാണത്തിൽ ഓർമ്മകളും , മറവികളും ബാക്കി വച്ച് താമരച്ചേരിൻ്റെ പുതിയ പ്രഭാതങ്ങൾ പുലർന്നു കൊണ്ടിരുന്നു
ഒടുവിൽ...
വർഷങ്ങൾക്കു ശേഷം കുഞ്ചാണൻ പതിനൊന്ന് മണിയുടെ തീവണ്ടിയിൽ താമരച്ചേരിലേക്ക് മടങ്ങി വരുകയാണ്.

 നമുക്കൊപ്പം  ഇളപറയും കഥകൾ കേൾക്കാൻ .....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക