HOTCAKEUSA

ഒരു ക്ളാസിക്കിന് വേണ്ടി എൺപതാണ്ടത്തെ തപസ്യ, ഒടുവിൽ മധുവിന് നിർവൃതി (കുര്യൻ പാമ്പാടി)

Published on 04 December, 2021
ഒരു ക്ളാസിക്കിന് വേണ്ടി എൺപതാണ്ടത്തെ തപസ്യ, ഒടുവിൽ മധുവിന് നിർവൃതി (കുര്യൻ പാമ്പാടി)

ന്യൂജേഴ്‌സി ആസ്ഥാനമായ മെയ് ഡൻ ഫോം  കമ്പനിയുടെ ബ്രായാണ് വൈക്കം മധുവിനെ മനോരമയിൽ ജേർണലിസ്റ്റ്  ആക്കിയതെന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. ചെറുപ്പത്തിൽ പത്തുവർഷം ബോംബെയിലായിരുന്നു. കെ.സി. കോളജിൽ പഠിച്ച് ബിരുദവും  സിദ്ധാർഥ് കോളജ് ഓഫ് ജേർണലിസത്തിൽ നിന്ന് ഡിപ്ലോമയും നേടി കേരളത്തിലേക്ക് മടങ്ങിയ അദ്ദേഹം ആദ്യം ജോലിക്കു കയറിയത് മലയാള മനോരമ കോട്ടയം ഹെഡ് ഓഫീസിൽ പരസ്യ വിഭാഗത്തിലാണ്. 

എന്നെന്നും ഹരിതാഭം  ജീവിതം--വൈക്കം മധു

അർദ്ധനഗ്നയായായ പെൺകുട്ടി മാറുമുതൽ  മുട്ടറ്റം വരെ  ടവ്വൽ ചുറ്റി നിൽക്കുന്ന ചിത്രം ഉൾപ്പെട്ടതു  കാരണം ബിനാക്ക  ടാൽക്കം പൗഡറിന്റെ പരസ്യം മനോരമ നിരാകരിച്ച കാലം ഉണ്ടായിരുന്നു. അമേരിക്കൻ ബ്രാൻഡ് ആയ മെയ് ഡൻഫോം ബ്രാസിയർ ഇന്ത്യയിലേക്കു വന്നപ്പോൾ ചിന്താഗതിക്ക് മാറ്റം വന്നു,  ഇംഗ്ലീഷിലാണ് മാറ്റർ. അത് മലയാളത്തിലാക്കണം. സീനിയർ വിവർത്തകൻ റിട്ട. അദ്ധ്യാപകൻ ആൻഡ്രൂസ് സാറിനു "ഇലാസ്റ്റിസിറ്റി ഓഫ് ദി കപ്സ്" എന്ന പ്രയോഗം കീറാമുട്ടിയായി. അപ്പോഴാണ് പുതിയ റിക്രൂട്ട് മധു "ഇലാസ്റ്റികത" എന്ന പദവുമായി  രക്ഷക്കെത്തിയത്. 

നാഗാലാൻഡിലെ കൊഹിമയിൽ   

സംഗതി ചീഫ്എഡിറ്ററുടെ മുമ്പിൽ വരെ എത്തി. അദ്ദേഹം മധുവിനെ വിളിപ്പിച്ചു കാര്യങ്ങൾ ചോദിച്ചു. ദീർഘവീക്ഷണമുള്ള അദ്ദേഹം  എഡിറ്റോറിയൽ വകുപ്പിലേക്ക് മാറാൻ മധുവിന് വിരോധമുണ്ടോ എന്നന്വേഷിച്ചു. നൂറു വട്ടം സമ്മതം. 1967 ൽ അങ്ങിനെ വൈക്കം മധു മനോരമ പത്രാധിപ സമിതിയിൽ അംഗമാകുന്നു. 37 വർഷത്തെ  സേവനത്തിനു ശേഷം അസിസ്റ്റന്റ് എഡിറ്ററായി വിരമിച്ചു. 

ഭൂട്ടാനിലെ  തിംഫുവിൽ  പാർലമെന്റിനു മുമ്പിൽ, ഒപ്പം ലേഖകൻ

പുതിയ പുതിയ പദങ്ങൾ  സ്വീകരിച്ച് മലയാള ഭാഷ പ്രത്യേകിച്ചു മലയാള പത്രഭാഷ വികാസ പരിണാമങ്ങളിലൂടെ കടന്നു പോകുന്നതിനു അമ്പതു വർഷം സജീവ സാക്ഷിയായി മധു. ഞങ്ങളൊന്നിച്ച് ഒരേ ഡെസ്കിൽ  ജോലിചെയ്തവരാണ്. പെൺകുട്ടികളെ റിക്രൂട്ട്  ചെയ്തു ഇറ്റലിയിലെ കന്യാസ്ത്രീ മഠങ്ങളിലേക്ക്  അയക്കുന്നതു വിവാദമായപ്പോൾ 'നൺ റണ്ണിങ്'  എന്ന പ്രയോഗം വന്നു. "ഞങ്ങൾക്കു  നൺ റണ്ണിങ്ങിലല്ല പീപ്പിൾ  റണ്ണിങ്ങിലാണ് പ്രാവീണ്യം" എന്ന് എയർ ഇന്ത്യയിടെ വൻ പരസ്യ ബോർഡുകൾ നിരന്നു. "പെൺവാണിഭം" എന്ന എന്റെ പ്രയോഗം പതഭാഷയിൽ ലബ്ധപ്രതിഷ്‌ഠമായപ്പോൾ  എന്നെ  അഭിനന്ദിച്ച ആളാണ് മധു. 

പ്രകാശനം: തോമസ് ജേക്കബ്, ചങ്ങമ്പുഴ ഹരികുമാർ, പ്രസന്നകുമാർ. എബ്രഹാം കുര്യൻ  

പത്രങ്ങളിലും റേഡിയോയിലും ടിവിയിലും വരുന്ന ഭാഷാ സ്ഖലിതങ്ങൾ--ചിലതൊക്കെ  ആന മണ്ടത്തരങ്ങൾ-- ശേഖരിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു മധുവിന്. പതിനഞ്ചു വർഷം നീണ്ട ഗവേഷണ പഠനത്തിന് ശേഷം ഭാഷയിലെ കുത്ത്, കോമ, കോളൻ, സെമികോളൻ  തുടങ്ങിയ  എണ്ണമറ്റ   അടയാളങ്ങളുടെ അത്ഭുതലോകത്തെപറ്റി മധു എഴുതിയ 'ഇടയാളം' എന്ന പുസ്തകം മാസങ്ങൾ കൊണ്ട് വിറ്റു പോയി എന്നത്  നവമാധ്യമങ്ങളുടെ അതി പ്രസരകാലത്ത് ഒരത്ഭുതമായി അവശേഷിക്കുന്നു. ഒരുപക്ഷെ ഭാഷയെ സ്നേഹിക്കുന്നവരുടെ എണ്ണം വർധ്ധിക്കുന്നുണ്ടാവാം. 

പോർക്കളത്തിൽ--റോമിലെ കൊളോസിയം, പിസയിലെ ഗോപുരം 

ഭാഷയുടെ വളർച്ചക്ക് അര നൂറ്റാണ്ടു കാലം നിശബ്ദ സേവനം സേവനം ചെയ്ത ആളെന്ന  നിലയിൽ മധുവിന്റെ  'ഇടയാളം' ഒരു ക്ലാസ്സിക് ആണ്. ഫുൾസ്റ്റോപ്പു മുതൽ ഇമോജി വരെ കൈകാര്യം ചെയ്തു. ആയിരത്തോളം പേജ് വരുന്ന ടെക്സ്ററ്  മധുതന്നെ കമ്പ്യുട്ടറിൽ കമ്പോസ് ചെയ്തു.  ഊണും ഉറക്കവുമില്ലാതെ അദ്ധ്വാനിച്ചു.  വിവരണങ്ങൾ  ക്രോഡീകരിച്ച് ഒതുക്കിയെടുക്കാൻ ഞാൻ സഹായിച്ച കാര്യം പുസ്തകത്തിന്റെ ആമുഖത്തിൽ മധു  സ്മരിക്കുന്നു.  

 ജർമ്മനിയിലെ ഹോപ്സ്റ്റണിൽ, തൊട്ടടുത്ത് ജോസ് മാത്യു; ഹൈഡൽബെർഗ് യൂണിവേഴ്‌സിറ്റി

മഹാകവി ചങ്ങമ്പുഴയുടെ പൗത്രനും എംജി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായ ഹരികുമാർ ചങ്ങമ്പുഴയെക്കൊണ്ട് അവതാരിക എഴുതിക്കാൻ  ഞങ്ങൾ ഒന്നിച്ചാണ്‌ പോയത്. പ്രസാധനം ആരെ ഏൽപ്പിക്കണമെന്ന ചുഴിഞ്ഞു ആലോചിച്ചു. ഒടുവിൽ കോട്ടയത്തെ ചിരപരിചിതമായ  ഡിസി ബുക് സിനെ സമീപിച്ചു.  വിദഗ്ധരെക്കൊണ്ട് വായിപ്പിച്ചശേഷം അവർ അറിയിച്ചു "ഞങ്ങൾ ഇത് പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു."

ആദ്യപുസ്തകത്തിനു അംഗീകാരം. മധു ഏഴാംസ്വർഗത്തിലെത്തിയെങ്കിലും ആഹ്ളാദം പുറത്തറിയിക്കാതെ നടന്നു. പക്ഷെ ഒന്നേമുക്കാൽ വർഷം കഴിഞ്ഞിട്ടും പുസ്തകം ഇറങ്ങിയില്ല. അവരുടെ മറ്റു പുസ്തകങ്ങൾ നിരനിരയായി വന്നു കൊണ്ടിരുന്നു. മലയാളത്തിലെ സർവകാല റിക്കാർഡ് ഭേദിച്ച ബെന്യാമിന്റെ 'ആട് ജീവിതം' വായിച്ച് നിരാകരിച്ച ചരിത്രം ഉണ്ടല്ലോ ഡിസി ബുക്സിന്. 

ഭാഷയുടെ മഹാചാര്യൻ വി.ആർ. പ്രബോധചന്ദ്രൻ നായർ

ആ പുസ്തകം കയ്യോടെ സ്വീകരിച്ചതും നൂറു എഡിഷനുകളിലായി ലക്ഷം പ്രതികൾ ഇറക്കി റിക്കാർഡ് സൃഷ്ട്ടിച്ചതും തൃശൂരിലെ ഗ്രീൻ ബുക്സ് ആണ്. "ആടുജീവിതം ഞങ്ങളെയും ബെന്യാമിനെയും രക്ഷപ്പെടുത്തി," ഗൾഫിൽ ജീവിച്ചു അനുഭസ്ഥനായ ഗ്രീൻബുക്സ് ഉടമ  കൃഷ്ണദാസ് ഒരിക്കൽ എന്നോട് പറഞ്ഞു. അത് സത്യമാണെന്നു പന്തളത്തിനടുത്ത് കുളനടയിലെ വീട്ടിൽ വച്ച് ബെന്യാമിൻ എന്നോട് സമ്മതിക്കുകയും ചെയ്തു. 

കുടുംബം: ദിലീപൻ, ഗോവിന്ദൻ, മധു, രാധാമണി

ഒടുവിൽ ആയിരത്തോളം പേജ്   വെട്ടിച്ചുരുക്കി 502  പേജാക്കി നവമാധ്യമകാലത്തെ നിറസാന്നിധ്യമായ ഇമോജിയെക്കുറിച്ചുള്ള അദ്ധ്യായം ഒഴിവാക്കി പുറത്തിറക്കിയത് മനോരമബുക്ക്സ്. ഇത്രയും പേജുള്ള സ്ഥിതിക്ക് കട്ടിയുള്ള ഹാർഡ് കവർ വേണ്ടിയിരുന്നു. സ്പേസ് ഒട്ടും വിടാതെ ഒന്നിന്  പിറകെ ഒന്നായി അധ്യായങ്ങൾ. ഭാഷാ പോഷിണി പോലും പേജ് കല്പനയിൽ  മെച്ചപ്പെട്ടു എന്നോർക്കുക. ഒരു   ക്ലാസിക് കൃതി ക്ലാസ്സിക്  ആവണം എന്നാണെന്റെ പക്ഷം  

ഒരുവർഷത്തിനുള്ളിൽ രൂപകല്പനയിലും അച്ചടിയിലും മികച്ചു നിൽക്കുന്ന രണ്ടാമതൊരു പുസ്തകം  മധുവിന്റെതായി പുറത്തിറങ്ങി-- 'ഒരു രാജാവിനെ കൊല്ലുന്നതെങ്ങനെ' എന്ന ജനപ്രിയ ശീർഷകത്തോടെ. ബോംബെ ജീവിതം മുതൽ നാട്ടിലും മറുനാട്ടിലും വിദേശത്തും വായിച്ചും പഠിച്ചും നേരിട്ടനുഭവിച്ചറി
ഞ്ഞതുമായ സംഭവങ്ങൾ കോർത്തിണക്കിയ 171 പേജുള്ള പുസ്തകം, 18 അധ്യായങ്ങൾ. 

കൂടപ്പിറപ്പുകൾ--മധു, ജ്യേഷ്ടൻ വൈക്കം വിവേകാനന്ദൻ, സഹോദരി പ്രൊഫ. സുശീലാ ദേവി; പോയകാലം: മധു-രാധ

വിഷയങ്ങൾക്കും വൈവിധ്യം. നമുക്ക് വണങ്ങാൻ കോവിഡമ്മ, വെളിച്ചെണ്ണയിൽ വറുത്തെടുത്ത വിപ്ലവം, മാർക്കേസിനെ തുണച്ചത്, ഭാര്യയുടെ മുടിയുണക്കി,  താലിബാൻ നാട്ടിലെ പെൺവണ്ടി,  ഏതൻലേക്കു ഒരു ജംപ് സീറ്റ്, ഹംസക്ക തിരിച്ചു കൊടുത്തത് ഒരു മഹാനദി,  സ്ലൊവീനിയക്കാരി, നീയാണ് പെണ്ണ് എന്നിങ്ങനെ.  ചിത്രങ്ങളും രേഖാചിത്രങ്ങളും. പുരസ്കാരങ്ങൾ നേടിയിട്ടുള്ള എബ്രഹാം കുര്യന്റെ ലിവിങ് ലീഫ് പബ്ലിഷേഴ്സ് പ്രസാധകർ. 

മധുവും ഞാനും ഒന്നിച്ച് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഭൂട്ടാനിലും പര്യടനങ്ങൾ നടത്തിയിട്ടുണ്ട്. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിൽ അച്ഛൻ എം.കെ.കൃഷ്ണപിള്ളക്ക്  കൃഷിയും പലചരക്കു കടയും ഉണ്ടായിരുന്നു. മധുവിന്റെ കൗമാരം അവിടെ ആയിരുന്നു. പശ്ചിമഘട്ട മലനിരകളിലോ ഹിമാലയത്തിലോ ഹൈക്കിങ്ങിനു പോകാൻ എക്കാലവും മോഹം. ഏക്കലോഗ് എന്ന ഗ്രീൻ കൂട്ടായ്‍മക്കു നീണ്ടകാലം ചുക്കാൻ പിടിച്ചിരുന്നു. അക്ഷരശ്ലോക മത്സരങ്ങളിൽ നിറ സാന്നിധ്യം.  

ഒന്നാംതരമായി പാചകം ചെയ്യും. ഒരിക്കൽ ആലപ്പുഴയിൽ നല്ല ദോശ കിട്ടുമെന്ന് പറഞ്ഞു എന്നെ  കിലോമീറ്ററുകൾ  നടത്തിച്ചു. ഫിലിം ഫെസ്റ്റിവലുകളിൽ നിത്യ സന്ദർശകൻ. വാൾമാർട്ട്, കൊക്കോകോള തുടങ്ങിയ ആഗോള കുത്തകകളോട് നിരന്തരം പോരാടുന്ന ആൾ.  വീണ്ടുമൊരു അങ്കത്തിനു ബാല്യം. മനസുകൊണ്ട് ചെറുപ്പം.  

ഭാഷയോടും അടയാളങ്ങളോടുമുള്ള പ്രണയം ബോംബേ ജീവിതകാലത്ത് തന്നെ തുടങ്ങിയതാണെന്നു മധു പറയുന്നു. ആൻഡ് എന്നതിന് പകരം ഉപയോഗിക്കുന്ന എമ്പർസാൻഡ്‌ എന്ന  പ്രതീകം & എങ്ങിനെ, എവിടെ ജനിച്ചു എന്നന്വേഷിച്ചു നടന്നു. ആഹാരശാല, ദോശക്കട തുടങ്ങിയവ പേരുകൊണ്ട് അദ്ദേഹത്തിന് പ്രിയപ്പെട്ട ഭക്ഷണ ശാലകളാണ്. അര നൂറ്റാണ്ടായിട്ടും പുതുമ നശിക്കാത്ത  ബേക്കർ ശൈലിയിൽ പണിത വീടിനു പേര് കിങ്ങിണി. മണിനാദം കേൾപ്പിക്കാൻ ചരട് കോർത്ത ഓട്ടുമണി തൂക്കിയിട്ടുണ്ട് പൂമുഖത്ത്.

ഭാഷ വളരുന്നത് തെരുവിലെ സാധാരണക്കാരിലൂടെയാണെന്നു മധു സാക്ഷ്യപ്പെടുത്തുന്നു. അവർ പറഞ്ഞു പറഞ്ഞു പരത്തുന്ന പദങ്ങൾ  ക്രോഡീകരിച്ച് ചിട്ടപ്പെടുത്തുന്ന ജോലിയാണ് ഭാഷാശാസ്ത്രജ്ഞന്മാർ നിർവഹിക്കുന്നത്. പൊതുവേദികളിൽ പാടിപ്പതഞ്ഞ  പദങ്ങളെന്നു വിശേഷിപ്പിച്ചു കൊണ്ടാണ് ഓക്സ്ഫോർഡ് നിഘണ്ടു ഇന്ത്യൻ പദങ്ങൾ ഉൾപ്പെടെയുള്ള  പുതിയ വാക്കുകളുമായി പുതിയ പതിപ്പുകൾ ഇറക്കുക. 

'ഇടയാളം' മധുവിന്റെ ആദ്യ പുസ്തകം ആണെങ്കിലും ജ്യേഷ്ടൻ വൈക്കം വിവേകാനന്ദൻ വളരെ മുമ്പേ നടന്നു. മഹാപ്രഭു, ഭരതഹൃദയം എന്നിവക്ക് ശേഷം 88 എത്തിയപ്പോൾ 'ശ്യാമസുന്ദരം' എന്ന   ആത്മകഥാപരമായ നോവൽഎഴുതി. ഡി.എച്ച്. ലോറൻസിന്റെ സൺസ് ആൻഡ് ലവ്വേഴ്‌സ് വിവർത്തനം 'പുത്രൻമാരും കാമിനികളും' ഉൾപ്പെടെ ഡസൻ  രചനകൾ. ധാരാളം വായനക്കാർ.    

'ഇടയാള'ങ്ങളിലെ മധു കാര്യമാത്രപ്രസക്തമായി ഭാഷാചരിത്രം വിശകലനം ചെയ്യുന്ന ആളാണ്. ലളിത സുന്ദരമായ മലയാളത്തിൽ കാര്യങ്ങൾ പറഞ്ഞുപോകുന്നു. രണ്ടാമത്തെ പുസ്തകത്തിലെ ഭാഷ  സരസ മധുരമാണ്. കുഞ്ചനെയും സഞ്ജയനെയും വികെഎന്നിനെയും ഓർമ്മിപ്പിക്കുന്ന ആക്ഷേപഹാസ്യം. എന്നാൽ ഖുഷ്‌വന്ത് സിംഗ് പറയും പോലെ  "വിത്ത് മാലിസ് ടുവേർഡ്‌സ് നൺ". ഉദാത്തമായ നർമ്മബോധത്തോടെ  ജീവിതത്തെ നോക്കിക്കാണാനുള്ള കഴിവ് ആദ്യന്തം കാണാം.
 
ആദ്യ പുസ്തകം ഇറക്കാൻ എൺപതാണ്ടു വരെ  വരെ കാത്തിരുന്നയാളാണ് മധു. രാജ്യസമാചാരം എന്ന ആദ്യത്തെ മലയാള പത്രം ഇറക്കിയ ഹെർമൻ ഗുണ്ടര്ട്ടിന്റെയും ആദ്യത്തെ അച്ചടിയന്ത്രം നിർമ്മിച്ച ജോഹാൻസ് ഗുട്ടൻബർഗിന്റെയും നാടായ ജർമനി 1997 ൽ സന്ദർശിച്ചു. ഉഗ്‌മ എന്ന യൂണിയൻ ഓഫ് മലയാളി അസോസിയേഷൻസ് സംഘടിപ്പിച്ച ലോക മലയാളി സംഗമമായിരുന്നു അവസരം. 635 വർഷം പഴക്കമുള്ള ഹൈഡൽബെർഗ്  യൂണിവേഴ്‌സിറ്റി  കണ്ടു, പ്രാന്തത്തിലുള്ള വീസ്ലോക്കിൽ  രണ്ടാഴ്ച താമസിച്ചു. കൂടെയുണ്ടായിരുന്നത്  ദീപിക എക്സിക്യുട്ടിവ് എഡിറ്റർ ജോസ് മാത്യൂ.

അച്ചടിഗവേഷണത്തിനായി ചേർത്തലക്കടുത്തുള്ള  'അച്ചകം' എന്ന സ്ഥലത്തെ മണ്ണും കൊല്ലം ലത്തീൻ ബിഷപ്പിന്റെ അരമനയോട് ചേർന്ന 'അച്ചുകൂടം പറമ്പും' തെരഞ്ഞു. ഇറ്റലിയിലെ വെനീസിൽപോയി ചൈനീസ് അച്ചടിയെപ്പറ്റി മാർക്കോപോളോ രേഖപ്പെടുത്തിയ വിവരങ്ങൾ പരതി. ആദ്യകാല പ്രിന്ററും പബ്ലിഷറുമായ ആൽഡസ് മനുഷ്യസിന്റെ സംഭാവനകൾ മനസിലാക്കി. പോക്കറ്റ് ബുക്ക് ആദ്യമായി കൊണ്ടുവന്ന  ആളാണ് മനുഷ്യസ്‌. ഫ്ളോറൻസിൽ മൈക്കൽ ആഞ്ജലോയുടെ ഡേവിഡ് ശിൽപവും  ഗ്രീസിലെ ഏതൻസിൽ അക്രോപൊളിസും കണ്ടു നാം ഒന്നുമല്ലല്ലോ എന്ന് വിസ്‌മയം പൂണ്ടു. 

 മലയാളത്തിലെ ഏറ്റവും വലിയ ഭാഷാ പണ്ഡിതൻ പ്രൊഫ. വി.ആർ. പ്രബോധ ചന്ദ്രൻ നായർ (83) എഴുതി: "മലയാളത്തിലെ മഹത്തായ  കൃതി" എന്ന്.   (അദ്ദേഹത്തിന്റെ ബൃഹദ്  കൃതി 'ഭാഷാശാസ്ത്ര നിഘണ്ടു' നിരാകരിച്ചതും ഡിസി ബുക്ക്സ് തന്നെ. ഭാഷാ ഇന്സ്റ്റിറ്റിയൂട് പ്രസിദ്ധീകരിച്ചു.)

"അക്ഷരങ്ങൾ, വാക്കുകൾ,  വാക്യങ്ങൾ,   ഖണ്ഡികകൾ, അധ്യായങ്ങൾ, ഉൾപ്പടെ പുസ്തകങ്ങളിൽ കാണുന്ന വിവിധഭാഗങ്ങൾ--ഇവയിലോരോന്നിലും തെളിയുന്ന ഇട (സ്പേസ്) എന്ന വിചിത്ര പ്രതിഭാസത്തിനു മുന്നിൽ മധു വിടർന്നുകൊണ്ടേയിരിക്കുന്ന കണ്ണുകളോടെ ഏറെനേരം നിന്നതിൻ  ഫലമാണ് അടയാളങ്ങളുടെ അത്ഭുതലോകം എന്ന വിപുലനത്തോടെ പ്രത്യക്ഷപ്പെടുന്ന ഇടയാളം എന്ന ഗ്രൻഥനാമം”, കലാകൗമുദിയിൽ ഡോ. പ്രബോധചന്ദ്രൻ നായർ എഴുതി.

 "പത്രഭാഷയിൽ വാർന്നു വീണ, വലുപ്പത്തിലും മൂല്യത്തിലും കനപ്പെട്ട, ഒരു പുസ്തകമാണ് ഇടയാളം. എഴുത്തുകാരനാവണമെന്നാഗ്രഹിക്കുന്ന പത്രപ്രവർത്തകരും ഗ്രന്ഥകർത്താക്കളും ഗവേഷകരും നിഘണ്ടു നിർമ്മാതാക്കളും ഉൾപ്പെടെ ഏവർക്കുമീ പുസ്തകം പ്രയോജനപ്പെടും." 

ഏതായാലും  ഭാഷാസ്നേഹികൾ 'ഇടയാളം'  വാങ്ങുന്നു. സെർവാന്റസ് പറഞ്ഞത് പോലെ "പുഡ്ഡിംഗ് തിന്നാലല്ലേ അറിയൂ അതിന്റെ മധുരം!" അങ്ങിനെ വായിച്ചറിഞ്ഞ ഒരാൾ അദ്ധ്യാപികയും എഴുത്തുകാരിയുമായ എസ്‌.കെ. ശ്രീദേവിയാണ്.  ദുബൈ ആസ്ഥാനമായ  'തസറാക്' എന്ന ഓൺലൈൻ മാസികയിൽ പുസ്തകത്തിനെക്കുറിച്ച്  അവർ ആസ്വാദനം എഴുതി അടുത്ത ലക്കത്തിൽ നീണ്ട ഒരു അഭിമുഖവും.   

"ലോകം  ഉറങ്ങുമ്പോൾ ഇമപൂട്ടാതെ കണ്ണുതുറന്നിരിക്കുന്ന പത്രപ്രവർത്തകരെപ്പോലെ, രാത്രിയുടെ അവസാന യാമങ്ങൾ വരെ പുസ്തകവായനയുടെ ലോകത്തേക്ക് ഊളിയിട്ടിറങ്ങുന്നവർക്കും നിശബ്ദ സാന്നിധ്യമാണ് ഈ പുസ്തകം.  കേരള  ഭാഷാനവീകരണ ചരിത്രത്തിൽ 'ഇടയാളം' ഒരു അടയാളം ആകുമെന്നതിൽ സംശയം ഇല്ല," ശ്രീദേവി പറയുന്നു. 

ആ മാധുര്യം നുണയാൻ നല്ല വായനക്കാരിയായിരുന്ന അമ്മ വൈക്കം കിഴക്കേ ഉണ്ണിയിൽ ലക്ഷ്മികുട്ടിയമ്മ ഇല്ലാതെപോയി. വൈക്കം ഏറ്റുമാന്നൂർ വീട്ടിൽ ഇ. എൻ. രാധാമണി അമ്മ ഭാര്യ. കോട്ടയത്തെ സഞ്ജു, ബാംഗ്ലൂരിൽ സോണി മുൻ എൻജിനീയർ ദിലീപൻ,   ദുബൈയിൽ എമിരേറ്റ്സ് ഉദ്യോഗസ്ഥൻ ഗോവിന്ദൻ എന്നിവർ മക്കൾ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക