Image

സ്‌നേഹ വിപ്ലവങ്ങളുടെ ഇടയൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് സപ്തതി നിറവിൽ (ഷാജീ രാമപുരം)

Published on 05 December, 2021
സ്‌നേഹ വിപ്ലവങ്ങളുടെ ഇടയൻ ബിഷപ് ഡോ. മാർ ഫിലക്സിനോസ് സപ്തതി നിറവിൽ           (ഷാജീ രാമപുരം)
ന്യൂയോർക്ക് : മാർത്തോമ്മാ സഭാ നോർത്ത്‌ അമേരിക്ക - യൂറോപ്പ്‌ ഭദ്രാസന അദ്ധ്യക്ഷൻ ഡോ .ഐസക്‌ മാർ ഫിലക്സിനോസ് സപ്തതി നിറവിൽ. ആഗോള ക്രൈസ്തവ  മേഖലയിൽ മാർത്തോമ്മാ സഭയുടെ തനിമ തന്റെ ജീവിത ദർശനങ്ങളിലൂടെ പ്രതിഫലിപ്പിക്കുവാൻ ശ്രമിക്കുന്ന ബിഷപ് ഡോ.മാർ ഫിലക്സിനോസ് സഭയ്ക്കും സമൂഹത്തിനും പ്രത്യേകിച്ച് അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി  നിർവ്വഹിച്ച ശുശ്രൂഷകൾ നിരവധിയാണ് . 
 
അശരണരോടും ആലംബഹീനരോടും രോഗികളോടും സഹാനുഭൂതിയോടെ പെരുമാറുന്ന മാർ ഫിലക്സിനോസ് അവരുടെ ഉന്നമനത്തിനാണ് എന്നും പ്രാധാന്യം നൽകിയത് . ചുവന്ന തെരുവിലെ കുട്ടികളുടെ പുനരധിവാസത്തിനായി മുംബൈയിൽ ആരംഭിച്ച നവജീവൻ കേന്ദ്രം , ഹൈറേഞ്ച് മേഖലയിലെ വികസന പദ്ധതികൾ , ലത്തൂർ ഭൂകമ്പ ബാധിത സ്ഥലങ്ങളിൽ നിർവ്വഹിച്ച പുനരധിവാസ പദ്ധതികൾ , മൂന്നാർ റിട്രീറ്റ് സെന്റർ, നിർധന കുട്ടികളുടെ ഭാവി കരുപിടിപ്പിക്കുന്ന ലൈറ്റ് ടു ലൈഫ് പദ്ധതികൾ , ഗ്രാമ ജ്യോതി സ്‌കൂളുകൾ എന്നിവ അവയിൽ ചിലതു മാത്രം . കോവിഡ് പശ്ചാത്തലത്തിൽ നിർവ്വഹിച്ച പുനരധിവാസ ശുശ്രൂഷകൾ വളരെയധികം ശ്രദ്ധേയമായിരുന്നു . 
 
സഭയുമായും ദേവാലയവുമായും അഭേദ്യമായ ബന്ധമുള്ള മാവേലിക്കര ചെറുകോൽ ആറ്റുപുറത്തു പരേതരായ എ .എം  ഐസകിന്റെയും മണ്ണാറക്കുളഞ്ഞി കാവിൽ മറിയാമ്മയുടെയും മൂന്നാമത്തെ മകനായി 1951 ഡിസംബർ 5 ന് ജനിച്ചു. മാർത്തോമ്മാ വൈദിക സെമിനാരി അദ്ധ്യാപകൻ , മുംബൈ - ഡൽഹി , കോട്ടയം - കൊച്ചി , ചെന്നൈ - ബെംഗളൂരു , കുന്നംകുളം - മലബാർ തുടങ്ങിയ ഭദ്രാസനങ്ങളുടെ അദ്ധ്യക്ഷനായിരുന്നു . മാർത്തോമ്മാ സണ്ടേസ്‌കൂൾ സമാജം പ്രസിഡന്റ് , കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് , സെനറ്റ്‌ ഓഫ് സെറാമ്പൂർ പ്രസിഡന്റ് , ഡബ്ള്യൂ സിസി ജനറൽ അസംബ്ലി പ്ളാനിങ് കമ്മിറ്റി അംഗം തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . വിവിധ ദൈവശാസ്ത്ര ഗ്രന്ഥങ്ങൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയോഗ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ താൻ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ ദൈവകൃപയിൽ തിരിച്ചറിഞ്ഞു അതിനോട് ക്രിയാത്മകമായി പ്രതികരിക്കുവാൻ ഡോ.മാർ ഫിലക്സിനോസിന് സാധിച്ചു .തുടക്കം കുറിച്ച അനേക പ്രസ്ഥാനങ്ങൾ ഇന്ന് സഭയുടെയും സമൂഹത്തിന്റെയും  അഭിമാനവും സാക്ഷ്യവുമായി നിലനിൽക്കുന്നു . 
 
2016 മുതൽ നോർത്ത് അമേരിക്ക യൂറോപ്പ്‌ ഭദ്രാസന അദ്ധ്യക്ഷനായി ശുശ്രൂഷ ചെയ്യുന്ന ബിഷപ് ഡോ. മാർ ഫിലക്സിനോസ്‌ തിരക്കുകളുടെയും സംഘർഷങ്ങളുടെയും ഇടയിൽ  വിശ്വാസ സമൂഹത്തിനും പ്രത്യേകിച്ച്‌ യുവജനങ്ങൾക്ക്  പ്രാർത്ഥനയ്ക്കും ധ്യാനത്തിനും പഠനത്തിനും ഒത്തുചേരുന്നതിനായി  ആരംഭിച്ച സ്വപ്ന പദ്ധതിയായ അറ്റ്‌ലാന്റയിലെ കർമ്മേൽ മാർത്തോമ്മാ സെന്റർ അതിന്റെ വളർച്ചയുടെ പുതിയ ഘട്ടത്തിലാണ്.  ജന്മദിനമായ ഇന്ന് ഡാളസ് ഫർമേഴ്സ്‌ ബ്രാഞ്ച്‌ മാർത്തോമാ ഇടവകയിൽ വിശുദ്ധ കുർബ്ബാനയ്ക്കും, കുട്ടികളുടെ ആദ്യകുർബ്ബാന ശുശ്രൂഷയ്ക്കും ബിഷപ് ഡോ.മാർ ഫിലക്സിനോസ് നേതൃത്വം നൽകും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക