Image

കാടകങ്ങളിലിരുന്നു പാടുന്ന ചെറുപക്ഷി: ആൻസി സാജൻ

Published on 11 December, 2021
കാടകങ്ങളിലിരുന്നു പാടുന്ന ചെറുപക്ഷി: ആൻസി സാജൻ
കവയത്രി റോസ് മേരിയാണ്  ജ്യോതിർമയിയെക്കുറിച്ച് പറഞ്ഞത്.ഒന്നും പ്രതീക്ഷിക്കാതെ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാൻ ധൈര്യമില്ലാതെ ഓരോരോ ഇലക്കൂട്ടങ്ങൾക്കിടയിലെ കാട്ടുപൂക്കൾ പോലെ മറഞ്ഞിരിക്കുന്ന ചിലരുണ്ട്. അതുപോലെ, കാടകങ്ങൾക്കുള്ളിലെവിടെയൊക്കെയോ ഇരുന്ന് പാടുന്ന ചില പക്ഷികളുണ്ട്. അവയെ നമുക്ക് കാണാൻ കഴിയില്ല. എന്നാലവരുടെ പാട്ട് കേൾക്കാം; കാതോർത്താൽ. എല്ലാവരും ആ പാട്ട് ശ്രദ്ധിക്കണമെന്നില്ല. തിരക്കൊന്നുമില്ലാതെ തീരെച്ചെറുതായ ഒറ്റയടിപ്പാതകളിലൂടെ നടന്നു പോകുന്നവർ മാത്രമേ ആ പാട്ട് കേട്ടെന്നു വരൂ. 
അങ്ങനെ ഇലക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരുന്ന ഒരു കാട്ടുപൂവാണ്  ജ്യോതിർമയി . ഉൾക്കാടിന്റെ അകലങ്ങളിലെവിടെയോ ഇരുന്ന് പാടുന്ന ഒരു ചെറിയ പക്ഷിയെന്നും പറയാം.
ഒറ്റയ്ക്കിരുന്ന് പാടുന്നവരുടെ പാട്ടുതേടി നടന്ന്  കണ്ടെത്തുമ്പോൾ അവർക്കത് ഓർക്കാപ്പുറത്ത് കിട്ടുന്ന സമ്മാനമാവും. വല്ലാതങ്ങ് സന്തോഷിക്കും അവരുടെ മനസ്സ്. ഒന്നും പ്രതീക്ഷിക്കാതെ, ഒരു പോക്കിലങ്ങ് പോകുന്നവരാണവർ.

സമസ്ത മേഖലകളിലും ഇങ്ങനെ മറഞ്ഞിരിക്കുന്നവരും മറഞ്ഞു പോയവരുമുണ്ട്. അറിയപ്പെടാതെ പോകുന്ന അത്തരം ആളുകൾ എഴുത്തു ലോകത്തും ഒരുപാടുണ്ടാവും.. പ്രത്യേകിച്ച് സ്ത്രീ എഴുത്തുകാർ .ജീവിതത്തിന്റെ ചില നിർണ്ണായക വളവുകളിലും തിരിവുകളിലും വച്ച് തങ്ങളുടെ ഇഷ്ടങ്ങളെ വ്യഥാപൂർവം ഉപേക്ഷിക്കേണ്ടി വന്ന് പൊതുവിടങ്ങളിൽ നിന്നും പിൻവാങ്ങേണ്ടി വന്ന ഒട്ടനവധി പേരുടെ പ്രതിനിധിയായിരുന്നു ജ്യോതിർമയിയും.
ഇരുണ്ടു തുടങ്ങി , താനെന്ന പ്രകാശം മറഞ്ഞു പോയേക്കുമെന്ന് ഭയപ്പെട്ട നാളുകളിലാണ് ജ്യോതിർമയി റോസ്മേരിയെ കാണുന്നത്. 2014 - ൽ . ആകസ്മികമായ ആ കണ്ടുമുട്ടലിനെത്തുടർന്ന് ധാരാളം കഥകളും 19 നോവലുകളും എഴുതുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു അവർ. കലാ കൗമുദി,മാധ്യമം, മലയാളം, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ എഴുതുകയും അവരുടെ നോവലുകൾ മികച്ച പ്രസാധകർ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
കണ്ണൂരിൽ നടന്ന കവി സമ്മേളനത്തിയ റോസ് മേരിയുടെയടുത്ത് ഭയപ്പെട്ടും സംശയാകുലയുമായാണ് ജ്യോതിർമയി എത്തുന്നത്. രണ്ടു ചെറിയ മക്കളുടെ കയ്യും പിടിച്ച് ഒരു പാട് സംശയങ്ങളുമായി പതറിനിന്ന ജ്യോതിർമയിയെ റോസ്മേരി ചേർത്തുപിടിക്കുന്നു ; അന്നു തൊട്ടിങ്ങോളവും.
എ.പി. ജ്യോതിർമയി തലശ്ശേരി കതിരൂർ സ്വദേശിയാണ്. തലശ്ശേരി ബ്രണ്ണൻ കോളജിൽ ബി.എ. ഇംഗ്ലീഷ് ലിറ്ററേച്ചറിന് പഠിക്കുമ്പോഴായിരുന്നു വിവാഹം. മാതൃഭൂമി ബാലപംക്തിയിൽ കഥ വന്നിട്ടുണ്ടെന്നല്ലാതെ പിന്നീട് തന്റെ എഴുത്തുകൾ എന്തു ചെയ്യണമെന്നറിയാതെ നിന്ന കാലമായിരുന്നു തുടർന്നങ്ങോട്ട് . ആന്തരികമായ അലട്ടലുകളോടെ അസ്വസ്ഥനാളുകൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഒരു മകന്റെയും മകളുടെയും അമ്മയായി. ആദ്യം പറഞ്ഞ റോസ്മേരിക്കാഴ്ച മുതൽ ജ്യോതിർമയിയുടെ എഴുത്ത് ശരിയായ ദിശകണ്ടു. 'ആത്മാവിന്റെ വിരുന്ന് ' എന്ന നോവൽ പ്രകാശത്തിലേക്ക് പിറന്നു. എം. രാജീവ് കുമാറാണ് അത് പ്രസിദ്ധീകരിച്ചത്.
തുടർന്ന് അപർണ്ണയുടെ യാത്രകൾ, തിരമാലകളുടെ വീട്, പുൽപ്പാട്ടിലെ കുരുതി, ആകാശത്തിൽ ഒരൂഞ്ഞാൽ, ഒളിവിൽ പാർക്കാൻ ഒരിടം , മനിശത്തി മാതുതുല്യം, പ്രണയിതം , മുൾമരങ്ങളുടെ ആകാശം, മൃതം കാട്ടാളി , ക്രൂശിതരുടെ പ്രാർത്ഥനാ ചക്രം, വിഷക്കായുടെ പൊരുൾ തുടങ്ങിയ നോവലുകളും ജ്യോതിർമയി യുടെ കഥകൾ, ശൂന്യതയുടെ കാവൽക്കാർ , നല്ല ശമരിയാക്കാരൻ എന്നിങ്ങനെ കഥ സമാഹാരങ്ങളും
ഇലകൾ പൊഴിയുമ്പോൾ , സ്നേഹക്കൂട് തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചു.
അബുദാബി ശക്തി അവാർഡ്, വനിതാ സാഹിതീ അവാർഡ്, ദേവകീ വാര്യർ അവാർഡ് എന്നിവയും കൂടാതെ ഇലകൾ പൊഴിയുമ്പോൾ എന്ന കൃതി 2008- ലെ ഗ്രീൻ ബുക്സ് അവാർഡും നേടി.
ഉള്ളിലുണരുന്ന വിളികളെ ഉയർത്തി തന്നെ എഴുത്തു ലോകത്തേക്ക് ആനയിച്ചത് റോസ്മേരിയാണെന്നും ജ്യോതിർമയി പറയുന്നു . സ്വർണ്ണം എത്ര കാലം മണ്ണിലടിഞ്ഞു കിടന്നെന്നാലും മാറ്റിലും തിളക്കത്തിലും അതിനെ മാറ്റിനിർത്താൻ വേറൊന്നിനും കഴിയില്ലെന്നും ജ്യോതിർമയിയുടെ എഴുത്തിനെ റോസ് മേരിയും സാക്ഷ്യപ്പെടുത്തുന്നു.

കാടകങ്ങളിലിരുന്നു പാടുന്ന ചെറുപക്ഷി: ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക