Lawson Travels

വീണ്ടും പ്രഭാതം (ഇള പറഞ്ഞ കഥകൾ -18: ജിഷ.യു.സി)

Published on 23 December, 2021
വീണ്ടും പ്രഭാതം (ഇള പറഞ്ഞ കഥകൾ -18: ജിഷ.യു.സി)

ഐക്കോരക്കും  കാർത്തക്കുമൊപ്പമെത്തി താമരച്ചേര് കണ്ട് മടങ്ങിയവർ വെറുതെയിരുന്നില്ല .

ആ ഗ്രാമഭംഗിക്ക് അവർ വിലയിട്ടു .ടൂറിസം എന്ന പേരും കൊടുത്തു .

മുത്തണിക്കുന്നിടിച്ചു നിരത്തി റിസോർട്ടിന് പദ്ധതിയിട്ടു .കാവും കാടും കായലും തീണ്ടി .ചങ്ങല വലിച്ചുകെട്ടി ഭൂമി തിരിച്ചു .

താമരക്കായൽക്കരയിൽ വലിച്ചുകെട്ടിയടെൻ്റിനുള്ളിൽ കരിങ്കല്ലും ,സിമൻറു ചാക്കുകളും കുന്നുകൂടി.
ഒരു കൂട്ടം അന്യഭാഷക്കാർ താമരച്ചേരിൽ ടെൻറു കെട്ടി താമസമായി .

താമരച്ചേരിൻ്റെ ശാന്തതയിൽപരിചിതമില്ലാത്ത പല  കാഴ്ചകളും , ശബ്ദങ്ങളും വേറിട്ടുനിന്നു

എന്നാൽ...
മുത്തണിത്തേവി കുടിയിരിക്കുന്ന  മുത്തണിക്കുന്നിനെ യന്ത്രരാക്ഷസപ്പല്ലു തൊട്ട അന്ന് .

അപ്രതീക്ഷിതമായി,മാനമിരുണ്ടു .തണുത്ത കാറ്റ് വീശിയടിച്ചു .കായൽക്കരയിൽ കൂട്ടത്തോടെയിരുന്ന പക്ഷിക്കൂട്ടം ശബ്ദത്തോടെ ചിറകടിച്ച് ആകാശത്തിൽ മറഞ്ഞു .

മഴ
ശക്തിയായ മഴ
തുള്ളിക്കൊരു കുടം പെയ്യാൻ തുടങ്ങി
പിന്നെയും പിന്നെയും
തകർത്തുപെയ്തു .അന്ന്കുഞ്ചിരിയെ കിണറിൻ്റെ മണ്ണിലേക്ക് കൊണ്ടുപോയ അന്നത്തെ മഴ പോലെ

"മുത്തണിത്തേവീ കോവിച്ചതാ"
താമരച്ചേര് മുഴുവൻ വിധിയെഴുതി

കാര്യമെന്തുതന്നെയായാലും  പെരുമഴ കോരിച്ചൊരി ഞ്ഞു

താമരച്ചേര് എന്ന തുരുത്ത് ഓരോ ഭാഗങ്ങളായി വെള്ളംകീഴടക്കിക്കൊണ്ടിരുന്നു.താമരക്കായൽ കയറിക്കയറി പുളവയുടെ ആട്ടിൻ കൂടിനടുത്തെത്തി .
അപ്പോഴും മഴ താണ്ഡവം തുടരുകയായിരുന്നു
വീട്ടുമുറ്റം തൊട്ട് വെള്ളം ഒഴുകുന്നതു കണ്ട് ഇള ആദ്യം ഒരു കുഞ്ഞിനെപ്പോലെ കൗതു കം പൂണ്ടു.
പിന്നെപ്പിന്നെവെള്ളത്തിൻ്റെ തള്ളിക്കയറ്റം അവളുടെ ഉൾപ്പെടെ എല്ലാവരുടെ കണ്ണുകളിലും ഭീതി പരത്തി.

താഴെ കല്ലുപാകിയ ഒതുക്കുകൾ തൊട്ട് വെള്ളം ശക്തിയിൽഒഴുകിത്തുടങ്ങി

പുളവ ആടുകളെ അഴിച്ചു കൊണ്ടുവന്ന് കളപ്പുരക്കകത്തു കെട്ടി
അവ കൂട്ടത്തോടെ കരയാൻ തുടങ്ങി

മഴപ്പെയ്ത്തിൽ പേടിപൂണ്ട താമരച്ചേരിൻ്റെ പുതിയ പ്രഭാതം കണ്ണു തുറന്നത് പ്രളയക്കെടുതിയിലേക്കായിരുന്നു...

ആർത്തി പിടിച്ചെത്തിയ വെള്ളപ്പാച്ചിലിൽ ആളപായമൊന്നുമുണ്ടായില്ലെങ്കിലും താമരച്ചേരിൻ്റെ അന്നംമുട്ടിച്ച പെരുമഴയായിരുന്നു അന്ന് പെയ്തത് . താമരക്കായലിലെ താമര കൃഷിയെല്ലാം നശിച്ചു .താമരച്ചേരിൻ്റെ നിരാശ നിറഞ്ഞ കണ്ണുകളെപ്പോലെ
അങ്ങിങ്ങൊഴുകിപ്പരന്ന താമരയിതളുകൾ ,നീണ്ട
തണ്ടു വേർപെട്ട മൊട്ടുകൾ ലക്ഷ്യമില്ലാതെ ഒഴുകി നടന്നു . താമര പറച്ചിടുന്ന വള്ളിക്കൊട്ടകൾ ചെളിമണ്ണിൽ പുതഞ്ഞു കിടക്കുന്നു

മുത്തണിക്കുന്നോരം പറ്റി നിർത്തിയിട്ടിരുന്ന യന്ത്രരാക്ഷസനെ പിന്നീട് കാണാനായില്ലത്രെ
മുത്തണിക്കുന്ന് വിഴുങ്ങിയോ ആവോ? അതൊന്നും അന്വേഷിക്കാൻ താമരച്ചേരിലെനിവാസികൾക്ക്കഴിയുമായിരുന്നില്ലകാരണം
പ്രളയാനന്തരംതാമരച്ചേരിൽ ഒരുതരം പനി പടർന്നു പിടിച്ചുവിറച്ചു  പനിച്ച് താമരച്ചേരിൻ്റെ മക്കൾ വീട്ടിലൊതുങ്ങി

"കജ്ജു പൊങ്ങണില്ലാ ലൊ സരസേ ..ക്ക്"

പുളവ പനിക്കിടയിൽ ഭാര്യയോട് സങ്കടം പറഞ്ഞു

ചൂളനും ,ഇട്ടിക്കണാരനും ,തിര്തയും പനിച്ചു വിറച്ച് കയ്യുപൊങ്ങാതെ വീടുകളിൽ ഇരിപ്പായി.
പെണ്ണുങ്ങളുടെ കാര്യം പറയാനില്ല .സരസയും കുട്ടമണിയുമെല്ലാം പനിച്ചു വിറച്ച് വീട്ടിൽത്തന്നെകൂടി
 
കുഞ്ചാണനെയും തുള്ളൽ പനിപിടികൂടി .

"കുഞ്ചീര്യേ
ഞാം വരാട്ടൊ അൻ്റെ അട്ത്തക്ക്"

കൂടെക്കൂടെ പറഞ്ഞ് ഒരു ദിവസം കുഞ്ചാണൻ കുഞ്ചിരയ്ക്കടുത്തേക്ക് യാത്രയായി .

പട്ടിണിയും പരിവട്ടവുമായി താമരച്ചേര് വീർപ്പുമുട്ടി
ഇളയും ,കൂട്ടുകാരികളും അടക്കം ചെറുപ്പക്കാർ പനിക്കിടക്കയിൽ കിടക്കുന്ന മുതിർന്നവരെ ശുശ്രൂഷിച്ച് കുഴങ്ങി .

ഒടുവിൽ
കലവറകൾ ശൂന്യമായി .വെള്ളം കയറി നശിച്ച കൃഷിയിടങ്ങൾ താമരച്ചേരിനെ നോക്കി പല്ലിളിച്ചു
ചെളിയിൽ അമർന്ന താമരക്കായൽ  ഉയിർത്തെഴുന്നേൽപ്പിന് തിടുക്കം കൂട്ടി

നാരായണേട്ടൻ്റെ പീടിക വരാന്തയിൽ ആ നാട്ടിലെ ചെറുപ്പക്കാർ സംഘം ചേർന്നു .ആണും പെണ്ണുമായി ഏതാണ്ട് അറുപതോളം പേർ
വീട്ടിലെ രോഗാവസ്ഥയും പട്ടിണിയും എല്ലാവർക്കു മുൻപിലും  ഒരു ചോദ്യചിഹ്നമായിരുന്നു.
കുട്ടമണിയുടെ മകൻ ഗംഗനും ,ഇളയും  ,ഇട്ടിക്കണാരൻ്റെ മകൻ നീലനും ,തിര്തയുടെ പെണ്ണ് സരളയും നേതാക്കൻമാരായി
അവർ പട്ടണത്തിലേക്ക് പോയി കാർത്തയെയും ഭർത്താവ് ഐക്കോരയെയും കണ്ട് താമരച്ചേരിൻ്റെ ദുരവസ്ഥ ബോധിപ്പിച്ചു
മന്ത്രിയുമായി വളരെ അടുപ്പമുണ്ടായിരുന്ന അവർ വേണ്ട പരിഹാരം കണ്ടെത്തിത്തരുമെന്ന വിശ്വാസമായിരുന്നു അവർക്ക്

കാർത്ത പറഞ്ഞു

"ഇള ഇ വ്ടെ നിൽക്കട്ടെ
ഓളെ ട്ത്ത് ഞാം ങ്ങക്ക് വേണ്ട പണം കൊട്ത്തോളാ"

മക്കളില്ലാത്ത കാർത്ത ഐക്കോര ദമ്പതിമാർക്ക് ബന്ധുകൂടിയായ ഇളയെ കാണുമ്പോഴെല്ലാം തോന്നുന്നതാണ് ഈ പൂതി

"അമ്മായ്യേ
അപ്പൊ ൻ്റ അപ്പനും അമ്മേം ന്താ കാട്ടാ ?
ഓല്ക്ക് നീച്ചാം കൂടി വജ്ജ
ഒന്ന് ത്തിരി തൊണ്ട നനക്കണേങ്കിൽ ഞാം ബേണ്ടേ?
ഞാം ഓലെ പനിമാറീട്ട് വരാ"

കാർത്തയുടെ കയ്യു പിടിച്ച് ഇള പറഞ്ഞു
നിറഞ്ഞു വന്ന കണ്ണു തുടച്ച് കാർത്ത തലയാട്ടി

പിന്നെ അവളുടെ മൂർദ്ധാവിൽ അമർത്തി ഉമ്മവച്ചു പറഞ്ഞു

"ന്നാ ൻ്റോള് പോയി ബാ
മ്മായി കാത്ത്രിക്കും ട്ടൊ"

"ങ്ങള് പോവീം മക്കളേ
ങ്ങള് വടെ എത്ത് മ്പോത്തെക്കും
താമരച്ചേര്ന് വാണ്ട ബക്ഷണ സാനങ്ങള് അവ്ടെ ത്തും
ഒറപ്പാ"
കാർത്ത ഐക്കോരക്കുവേണ്ടി സംസാരിച്ചു.ഉറപ്പുകൊടുത്തു

അങ്ങനെ താമരച്ചേരിൻ്റെ പുതിയ തലമുറ അവരുടെ കാര്യപ്രാപ്തി കാണിച്ചു തുടങ്ങി
ഇളയും ഗംഗനും തമ്മിൽ നോക്കി ചിരിച്ചു
താമരച്ചേരിൽ ആ പുതിയ രണ്ടുപ്രണയത്താമരമൊട്ടുകൾഇതളുവിടർത്തുകയായി

ഐക്കോരയും കാർത്തയും വാക്കുപാലിച്ചു
അടുത്ത ബോട്ടിൽ അരിച്ചാക്കുകളും ,അവശ്യസാധനങ്ങളും ,പച്ചക്കറികളും താമരച്ചേരിലെത്തി
യുവസംഘം മുന്നിട്ടിറങ്ങി എല്ലാ വീടുകൾക്കും സാധനങ്ങൾ ഉറപ്പാക്കി


പതിയെ പനിയടങ്ങിയ താമരച്ചേര് തിരിച്ചുവരവിന് ഒരുങ്ങുകയായി

 കഠിനാധ്വാനികളായ ആ പാവം മനുഷ്യസമൂഹത്തിനു മുൻപിൽ പ്രകൃതി പോലും തോറ്റു കൊടുത്തു
ഒരു പുതിയ യുഗപ്പിറവിക്ക് തയ്യാറായി താമരച്ചേര് വീണ്ടുമുണർന്നു
 പടർന്നു പിടിച്ച പനിയൊതുങ്ങിയപ്പോഴേക്കും താമരച്ചേരിൽ താമരക്കായൽ പുതുജീവൻ വച്ചു .പ്രളയം
ഒതുക്കിയ താമര കൃഷി വീണ്ടും കൂടുതൽ കരുത്തിൽ മൊട്ടിട്ടു

ഇളയും കൂട്ടുകാരി സരളയും ഗംഗനും ,നീലനുമൊപ്പം പട്ടണത്തിലെ കോളേജിൽ ചേർന്നു
 താമരച്ചേരിൽ വീണ്ടും ഒരു പുതിയ വിപ്ലവത്തിന് തിരിതെളിഞ്ഞു

 പട്ടണത്തിൽ  തുടർപഠനം താമരച്ചേരിലെ പെണ്ണുങ്ങൾക്ക് അറിയില്ലായിരുന്നു. ഇള തിരുത്തിയ ചരിത്രം താമരച്ചേര് ഏറ്റു പിടിച്ചു

മാറ്റിയ ചരിത്രവുമായി ഇളപ0നം തുടരുന്നു

കാലവും സമയവും സാക്ഷിയായി താമരച്ചേരിൽ പുതു ജീവിതങ്ങൾ തുന്നിച്ചേർക്കട്ടെ ...

വീണ്ടും  വീണ്ടും കഥകൾ ജനിക്കട്ടെ
ഇനിയും ഇളപറയും കഥകൾക്ക് കാതോർക്കാനാവട്ടെ

കുഞ്ചാണനില്ലാത്ത കുഞ്ചിരിയില്ലാത്ത
പുതിയ കഥയിലേക്ക് പുതിയ കാഴ്ചകളിലേക്ക് കഥാപാത്രങ്ങളിലേക്ക്
ഇളക്കൊപ്പം
 ഭാവനാ ലോകത്തിൽ നമുക്കും സഞ്ചരിക്കാം
പുതിയ ചരിത്രത്തിന് സാക്ഷിയാവാൻ
----------------------
അവസാനിച്ചു


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക