Image

ദിവ്യമുഹൂര്‍ത്തമേ ഹാലേലുയ്യാ...(കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 25 December, 2021
ദിവ്യമുഹൂര്‍ത്തമേ ഹാലേലുയ്യാ...(കവിത: മാര്‍ഗരറ്റ് ജോസഫ്)

എത്ര മഹത്തരം, പുണ്യപൂര്‍ണ്ണം!
സദ് വാര്‍ത്തയേകിയ താരോദയം,
അത്യുന്നതന്‍ തന്‍ നിയോഗമായ,
ദിവ്യമുഹൂര്‍ത്തമേ ഹാലേലുയ്യാ;
കാലിത്തൊഴുത്തില്‍ തിരുപ്പിറവി,
കാലം തെളിയിച്ച കെടാവെളിച്ചം;
ബേത്‌ലഹേമീറ്റില്ലമാം സുദിനം,
പുത്തന്‍ യുഗത്തിന് നാന്ദിയായി,
സ്‌നേഹാര്‍ദ്ര മൂര്‍ത്തിയവതരിച്ചു,
ശാന്തിയും പ്രത്യാശയും പകരാന്‍.
ആലംബ ഹീനനെ തോളിലേറ്റി-
ആലയിലാക്കുമീ നല്ലിടയന്‍,
ശിക്ഷാവിധികളിലുള്‍പ്പെടാതെ-
നിത്യരക്ഷാവഴികാട്ടിയായി,
മര്‍ത്ത്യനമര്‍ത്ത്യതയേകിടുന്ന-
മുക്തികവാടം തുറന്നിടുവാന്‍;
കണ്ണുനീരൊപ്പുന്ന കാരുണ്യമായ്-
ദീനന് സാന്ത്വനമേകിടുവാന്‍.
ക്രിസ്തുവേ തേടാത്ത ക്രിസ്ത്യാനികള്‍,
ക്രിസ്തുമസ്സാഘോഷമാക്കുന്നവര്‍,
സ്വാര്‍ത്ഥയുള്ളില്‍ തിരയിളക്കി,
രക്തബന്ധങ്ങള്‍ മറക്കുന്നുവോ?
നിഷ്‌കാമകര്‍മ്മികളാകേണ്ടവര്‍,
ക്രൂരത രൂപമെടുത്തവരായ്,
ഉള്‍പ്പകയാമിരുള്‍മൂടിയെന്തേ?
കൊല്ലും കൊലയും നടത്തുന്നുവോ?
സന്മനസ്സുള്ളവര്‍ക്കെത്ര മന്നില്‍-
ധന്യത, നീണാള്‍ സമാധാനവും;
നന്ദികുന്നാകട്ടെ ജീവിതങ്ങള്‍,
നന്മ മരണങ്ങള്‍ വളര്‍ന്നിടട്ടെ,
പുഞ്ചിരപ്പൂക്കള്‍ ചൊരിഞ്ഞിടട്ടെ,
അന്യര്‍ക്ക് തണലേകിടട്ടെയെന്നും,
ദു:ഖക്കുരിശുകളേറ്റുവാങ്ങാന്‍,
ആത്മീയ ശക്തിമറ്റേത് നാമം?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക