Image

ജെയിംസ് ഇല്ലിക്കൽ: ഫോമയിൽ പുതിയ പ്രതീക്ഷകൾ നൽകി പ്രസിഡണ്ട് സ്ഥാനാർഥി 

മീട്ടു റഹ്മത് കലാം  Published on 01 January, 2022
ജെയിംസ് ഇല്ലിക്കൽ: ഫോമയിൽ പുതിയ പ്രതീക്ഷകൾ നൽകി പ്രസിഡണ്ട് സ്ഥാനാർഥി 

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്  (ഫോമാ) 2022 -24 ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചുകഴിഞ്ഞു. ഇലക്ഷന്  ആറേഴു മാസംകൂടി ഉണ്ടെങ്കിലും പ്രചരണ രംഗം ഇപ്പോഴേ സജീവമായിരിക്കുകയാണ്. വോട്ട് തേടി കൂടുതൽ ആളുകളിലേക്ക് എത്താനാകുന്നതിന്റെ ആവേശത്തിലാണ് സ്ഥാനാർത്ഥികൾ.  പാനൽ തിരിച്ചുള്ള മത്സരം എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത.

ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജെയിംസ് ഇല്ലിക്കൽ, ഇ-മലയാളി വായനക്കാർക്ക് പുതുവത്സരാശംസകൾ നേർന്നുകൊണ്ട് അദ്ദേഹത്തിന്റെ പാനൽ വിജയിച്ചാൽ പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്ന കർമ്മപദ്ധതികൾ പങ്കുവച്ചു.

ആദ്യകാലം മുതൽ അമേരിക്കൻ മലയാളി സംഘടനകളിൽ സജീവമായിരുന്നോ? ഫോമായുടെ നേതൃത്വത്തിലേക്കുള്ള കാൽവയ്പ്പിന് ഇതാണ് അനുയോജ്യമായ സമയം എന്ന് കരുതുന്നുണ്ടോ?

ഇല്ലിക്കൽ വീട്ടിൽ ചാക്കോയുടെയും ഏലിയാമ്മയുടെയും മകനായി തൊടുപുഴയിലാണ് ഞാൻ  ജനിച്ചത്. 1984 ൽ അമേരിക്കയിലേക്ക് കുടിയേറി. ന്യൂജേഴ്‌സിയിലെ  ആശുപത്രിയിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് ആയാണ് തുടക്കം. 92 ൽ താമ്പയിലേക്ക് മാറിയതോടെ ബിസിനസ്സിൽ സജീവമായി.ഫൊക്കാന ഉൾപ്പെടെ വിവിധ അസോസിയേഷനുകളുമായി  ചേർന്ന് സംഘടനയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് എല്ലാവശങ്ങളും  വ്യക്തമായി പഠിച്ചു .ഫോമായുടെ രൂപീകരണം മുതൽ ഒപ്പമുള്ള വ്യക്തി എന്ന നിലയിലുള്ള ആത്മവിശ്വാസമാണ് മത്സരരംഗത്ത് ഇറങ്ങാൻ പ്രേരണയായാത്. 2014 ൽ മത്സരിച്ചിരുന്നെങ്കിലും ആ വർഷം പിതാവിന്റെ വിയോഗം മൂലം പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അമ്മയുടെ അസുഖവും മരണവും മൂലം, മൂന്നു വർഷക്കാലത്തോളം  സംഘടനാ പ്രവർത്തനങ്ങളിൽ  നിന്ന് മാറിനിൽക്കേണ്ട സാഹചര്യമുണ്ടായി.
പൊതുകാര്യങ്ങളിൽ ഇടപെടാൻ ഭാര്യ മേരിയുടെയും മക്കളായ ജെയ്സൺ, ജെൻസി, ജസ്റ്റിന എന്നിവരുടെയും പിന്തുണ വളരെ വലുതാണ്. മക്കൾ  സ്വയംപര്യാപ്തരാകുകയും  ബിസിനസിൽ നിന്നും ഞാൻ വിരമിക്കുകയും ചെയ്തതോടെ സംഘടനയ്ക്കുവേണ്ടി പൂർണമായും  സമയം മാറ്റി വയ്ക്കാനുള്ള സാഹചര്യം വന്നതുകൊണ്ടാണ് ഇത്തവണ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാമെന്ന് തീരുമാനമെടുത്തത്. 38 വർഷത്തെ അമേരിക്കൻ ജീവിതാനുഭവങ്ങളിൽ നിന്ന് , ഇതാണ് കൃത്യസമയം എന്നൊരു ഉൾവിളി ഉണ്ടായി.

താങ്കളിലെ സംഘാടകമികവ് സ്വയം ബോധ്യപ്പെട്ട അവസരങ്ങൾ?

2009 ൽ ജോൺ ടൈറ്റസ് ഫോമാ പ്രസിഡന്റ് ആയിരുന്ന സമയത്ത് നാഷണൽ ഫോമാ യൂത്ത് ഫെസ്റ്റിവൽ ഗ്രാൻഡ് ഫിനാലെയുടെ ചെയർമാനായിരുന്നു. പരിപാടിയുടെ വിജയത്തെത്തുടർന്ന് ഒരുപാടുപേർ അഭിനന്ദിച്ചപ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആവേശം തോന്നി. 2010 ൽ ബേബി ഊരാളിൽ പ്രസിഡന്റായിരിക്കെ ആർ.വി.പി യായി സേവനം അനുഷ്ടിച്ചു. 2018 ൽ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിൽ നടന്ന ഫോമാ കൺവൻഷനിൽ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ ' (എംഎഓസിഎഫ്) ബെസ്റ്റ് മലയാളി അസോസിയേഷൻ' ആയി തിരഞ്ഞെടുക്കപ്പെടുമ്പോൾ അതിന്റെ  പ്രസിഡന്റ് എന്ന നിലയിൽ അഭിമാനം തോന്നി. സ്വന്തമായി കെട്ടിടമുള്ള ചുരുക്കം മലയാളി സംഘടനകളിൽ ഒന്നാണ് എംഎഓസിഎഫ്.
ക്നാനായ കൺവൻഷൻ ചെയർമാൻ, വോളിബോൾ -വടംവലി-ബോട്ട് റെയ്‌സ് തുടങ്ങിയ നാഷണൽ ഗെയിംസ് നടത്തിക്കൊണ്ടാണ് അമേരിക്കയിലൊട്ടാകെ ആളുകൾ എന്നെ അറിയുന്നതും സൗഹൃദം സ്ഥാപിക്കുന്നതും. ഗെയിംസിൽ വിജയിക്കുമ്പോൾ സ്വാഭാവികമായും മറ്റുമലയാളികൾ തിരിച്ചറിയുമല്ലോ.

 പാനൽ തിരിച്ചുള്ള മത്സരം എന്ന ആശയത്തിന് പിന്നിൽ?

പാനൽ ഇല്ല എന്നൊരു നിലപാട് ആയിരുന്നു മുൻ കാലത്ത് ഫോമാ എടുത്തിരുന്നത്. ഇപ്രാവശ്യം ഒരു  മാറ്റം വന്നിരിക്കുകയാണ്. അത് ഗുണം ചെയ്യുമെന്ന് തന്നെയാണ് കരുതുന്നത്. സമാനചിന്താഗതിയുള്ളവർ ചേർന്ന് ഒരേ ലക്ഷ്യത്തോടെ നീങ്ങുമ്പോൾ കാര്യങ്ങൾ കൂടുതൽ കൃത്യതയോടെയും വ്യക്തതയോടെയും ആസൂത്രണം ചെയ്യാനും പ്രാവർത്തികമാക്കാനും സാധിക്കും. അഭിപ്രായഭിന്നതയുള്ളവർ തമ്മിൽ ചേരുമ്പോൾ ഉണ്ടാകാവുന്ന അസ്വാരസ്യങ്ങൾ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇങ്ങനൊരു മാറ്റം കൊണ്ടുവന്നത്. സംഘടനയുമായി മുന്നോട്ട് പോകുമ്പോൾ ആര് ചെയ്തു എന്നതിനല്ല , എന്ത് ചെയ്തു എന്നതിന് വേണം പ്രാധാന്യം.

സിജിൽ പാലക്കലോടി( വൈസ് പ്രസിഡന്റ് സ്ഥാനാർഥി - കാലിഫോർണിയ), വിനോദ് കൊണ്ടുർ (ജനറൽ സെക്രട്ടറി സ്ഥാനാർഥി -മിഷിഗൺ), ജോഫ്രിൻ ജോസ് (ട്രഷറർ സ്ഥാനാർഥി -ന്യുയോർക്ക്), ബിജു ചാക്കോ (ജോ. സെക്രട്ടറി സ്ഥാനാർഥി- ന്യുയോർക്ക്), ബാബ്ലൂ  ചാക്കോ (ജോ. ട്രഷറർ സ്ഥാനാർഥി-ടെന്നസി)   എന്നിവരാണ് പാനൽ അംഗങ്ങൾ. എല്ലാവരും തന്നെ സംഘടനയിൽ വിവിധ സ്ഥാനങ്ങൾ  വഹിച്ചവരും ദീർഘകാലമായി ഫോമായിൽ പ്രവർത്തിക്കുന്നവരുമാണ്.  യുവജനങ്ങൾക്ക് പ്രാധാന്യം നൽകുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കരിയർ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചവർ പാനലിൽ പ്രവർത്തിക്കുമ്പോൾ ആശയപരമായും സംഘടനയുടെ കരുത്ത് കൂടും.

താങ്കളുടെ നേതൃത്വത്തിലുള്ള ടീം വിജയിച്ചാൽ ഫോമായിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ?

നിലവിൽ ഫോമാ തുടങ്ങിവച്ച പദ്ധതികൾ  മുന്നോട്ടു കൊണ്ടുപോകും. അംഗസംഘടനകൾക്ക് കൂടുതൽ ശക്തി നൽകേണ്ടതുണ്ട്. കേരളത്തിന്റെയും മലയാളഭാഷയുടെയും പൈതൃകവുമായി പുതുതലമുറയെ ചേർത്തുനിർത്തുന്ന പരിപാടികൾ സംഘടിപ്പിക്കും.

യുവജനങ്ങളെ സംഘടനയിലേക്ക് ആകർഷിക്കാൻ വിവിധ കലാ-കായിക മത്സരങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. അതാത്  റീജിയനിൽ  നിന്ന് കലാമത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികളുടെ യൂത്ത് ഫെസ്റ്റിവൽ ദേശീയ തലത്തിൽ നടത്താൻ പദ്ധതിയുണ്ട്. മറ്റു മലയാളി സംഘടനകളിൽ നിന്ന് വ്യത്യസ്തമായി ഫോമായുടെ വിമൻസ് ഫോറം ദിശാബോധത്തോടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. അവർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും നൽകി കൂടുതൽ പ്രാതിനിധ്യം നൽകും. 

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം  തെളിയിച്ച അംഗങ്ങളെ ചേർത്തുകൊണ്ട് തൊഴിൽപരമായ കാര്യങ്ങളിൽ വിദഗ്ദ്ധമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്ന സെമിനാറുകൾ സംഘടിപ്പിക്കും.
പ്രളയം, കോവിഡ് തുടങ്ങി പലകാരണങ്ങൾകൊണ്ട് കേരളം ഏറെ ക്ലേശങ്ങളിലൂടെ കടന്നുപോയ വർഷങ്ങൾ ആയതുകൊണ്ടുതന്നെ, ജന്മനാടിന് കൈത്താങ്ങാകുന്ന പദ്ധതികളാണ് അടുത്തിടെ ഫോമാ ചെയ്തതിൽ ഏറെയും. മഹാമാരിമൂലം  നാട്ടിലേതുപോലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർ ഇവിടെയുമുണ്ട്. അവരുടെകൂടി  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ സഹായങ്ങൾ നൽകുന്നതിനും ശ്രദ്ധിക്കും.

അംഗസംഘടനകളുമായി ബന്ധപ്പെട്ടുകൊണ്ട് ഓരോ മേഖലയിലും  ജനസമ്പർക്ക പരിപാടി സംഘടിപ്പിച്ച്  പ്രശ്നങ്ങൾ നേരിട്ട് അറിയാൻ  ശ്രമിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യും. കോവിഡ് പ്രോട്ടോക്കോളിൽ  മാറ്റം വന്നാൽ, സൂം മീറ്റിലൂടെ ആയിരിക്കും പരിപാടി. ഒറ്റയ്ക്കല്ലെന്ന ഉറപ്പ് ഇവിടുള്ള ഓരോ മലയാളിക്കും ലഭ്യമാക്കി സംഘടനയ്ക്ക് ജനകീയ മുഖം നൽകണമെന്നതാണ് ഞങ്ങളുടെ ടീം ലക്ഷ്യമിടുന്നത്. മികവ് പുലർത്തുന്ന  വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രാൻഡ് ലഭ്യമാക്കുന്നതുൾപ്പെടെ ഓരോ ദിവസവും പുതിയ ആശയങ്ങൾ ചർച്ചചെയ്യുന്നതിലും നൂതനമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും ജാഗരൂകമായി പ്രവർത്തിച്ചുവരികയാണ്. കൃത്യമായ കാഴ്ചപ്പാടോടെയാണ് ഓരോ ചുവടും.

അമേരിക്കൻ രാഷ്ട്രീയത്തിലെ മുഖ്യധാരയിലേക്ക് എത്താൻ പ്രാപ്തരായവർ നമ്മുടെ യുവതലമുറയിലുണ്ട്. എന്നാൽ, അധികം പേരും അതിനോട് താല്പര്യം കാണിക്കുന്നില്ല.  ഡിസ്ട്രിക്ട്  അറ്റോർണി, മേയർ, എന്നിങ്ങനെയുള്ള തലങ്ങളിൽ മലയാളികൾ എത്തിയിട്ടുണ്ട്. കഴിവുള്ളവരെ കണ്ടെത്തി  കൈപിടിച്ചുയർത്തുക എന്നതും സംഘടനയുടെ കർമ്മപദ്ധതികളിൽ ഒന്നാണ്. 

ഇത്തവണത്തെ മത്സരം കടുപ്പമേറിയതാകും എന്നൊരു ശ്രുതിയുണ്ട്. എന്ത് തോന്നുന്നു?

സ്പോർട്സ്മാൻ ആയതുകൊണ്ട് തന്നെ കളിക്കളത്തിൽ ഇറങ്ങുമ്പോൾ മാത്രമേ മത്സരബുദ്ധി തോന്നാറുള്ളു. സൗഹൃദപരമായ മത്സരങ്ങളേ ഉണ്ടായിട്ടുള്ളൂ. ശത്രുതയോടെ ആരെയും ഇതുവരെ കണ്ടിട്ടില്ല.
സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ തന്നെ ഞങ്ങൾ അന്യോന്യം വിളിച്ച് സംസാരിച്ചിരുന്നു. ഇരു ടീമും തുല്യശക്തികളായി പോരാടുമ്പോഴാണ് ഓരോരുത്തരുടെയും ഉള്ളിലുള്ള  ഏറ്റവും മികച്ച കാര്യങ്ങൾ പുറത്തുവരിക.

കളത്തിലിറങ്ങുന്നതോടെ വിജയിക്കണം എന്നതിൽ മാത്രമായിരിക്കും ശ്രദ്ധ. ചുറ്റുമുള്ള ഒന്നും തന്നെ മനസ്സിനെ ബാധിക്കില്ല. മുൻപ് ഇലക്ഷന് നിന്നപ്പോഴും സൗഹൃദപൂര്ണമായിരുന്നു മത്സരം. ഫലം വന്ന ശേഷവും  ഒരുമിച്ച് നിന്നു. എല്ലാവര്ക്കും അറിയാവുന്ന കാര്യമാണത്. 

അഭിപ്രായവ്യത്യാസങ്ങൾ തോന്നിയാൽപോലും അത് അപ്പോൾ തന്നെ പറഞ്ഞുതീർക്കുന്നതാണ് എന്റെ രീതി. മനസ്സിൽ ഒന്നുവച്ച് മറ്റൊന്ന് പ്രകടിപ്പിക്കാൻ പഠിച്ചിട്ടില്ല. എന്നെ പരിചയമുള്ളവർക്ക് അതറിയുകയും ചെയ്യാം. സംഘടനയ്ക്കായി മുഴുവൻ സമയവും മാറ്റിവയ്ക്കാനുള്ള അവസ്ഥ ഇപ്പോഴുണ്ടെന്ന് മുൻപേ സൂചിപ്പിച്ചിരുന്നല്ലോ. ഹ്രസ്വമായ ഈ ജീവിതത്തിൽ കൂടുതൽ പേർക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യാനുള്ള അവസരം ലഭിക്കണമെന്നാണ് ആഗ്രഹം. 

സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ഡിസ്‌നി വേള്‍ഡില്‍ പ്രവാസി മലയാളികളുടെ ഒരു സംഗമം എന്നുള്ളത്  ചിരകാല സ്വപ്നമാണ്. പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കാവുന്ന ഒരു കണ്‍വന്‍ഷന്‍ പാക്കേജിനാണ് ഫോമ പ്രവര്‍ത്തകര്‍ ഇവിടെ രൂപംകൊടുത്തിരിക്കുന്നത്. ഡിസ്‌നി വേള്‍ഡ് ടൂര്‍ പാക്കേജ്, വൈവിധ്യമാര്‍ന്ന കലാ-കായിക മാമാങ്കങ്ങള്‍, മലയാളികളുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന വള്ളംകളി മത്സരങ്ങള്‍ തുടങ്ങിയവ പദ്ധതികളില്‍ ചിലതുമാത്രമാണ്.

'ബൃഹത്തായ സുഹൃദ് വലയത്തിനുടമ, സദാ പുഞ്ചിരിക്കുന്ന ആകര്‍ഷകമായ വ്യക്തിത്വം, സര്‍വ്വോപരി സംഘടനകളുടേയും നാട്ടുകാരുടേയും പ്രിയ സുഹൃത്ത് ഇവയൊക്കെ ജയിംസ് ഇല്ലിക്കലിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകളാണ്. എളിമ നിറഞ്ഞ പ്രവര്‍ത്തന പാരമ്പര്യവുമായി ഏവരുടേയും ഹൃദയത്തില്‍ കൈയ്യാപ്പ് ചാര്‍ത്തിയ ഈ തൊടുപുഴക്കാരനെ അമേരിക്കന്‍ മലയാളികള്‍ നെഞ്ചിലേറ്റുമെന്നതില്‍ സംശയമില്ല -അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) ചൂണ്ടിക്കാട്ടി 

ക്‌നാനായ കണ്‍വന്‍ഷനില്‍ (കെ.സി.സി.എന്‍.എ) കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, കായിക മാമാങ്കങ്ങളായ വോളിബോള്‍, വടംവലി, ബോട്ട് റെയിസ് തുടങ്ങിയ നാഷണല്‍ ഗെയിംസുകളുടെ അമരക്കാരന്‍ എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങള്‍  അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്തേകുമെന്ന് യോഗം വിലയിരുത്തി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക