ചിരിക്കാം (കവിത : ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 10 January, 2022
ചിരിക്കാം (കവിത : ദീപ ബിബീഷ് നായര്‍)

മറന്നോ ചിരിക്കാന്‍ മനുഷ്യാ നിന്നിലെ
മറവിയിന്നൊരു കപട മുഖം മൂടിയോ
മനസിന്നകത്തഗ്‌നിപര്‍വ്വതം പുകഞ്ഞാലും
മറനീക്കിയുണരട്ടെ മന്ദസ്മിത കണികകള്‍....

തിരക്കിന്‍ പാതയിലൊരന്യനെപ്പോല്‍ 
ത്വരയിലോടുന്നു നെട്ടോട്ടമീയൂഴിയില്‍
കലുഷമാം മനസിന്നൊരു കുളിരിന്‍
പാത്രമായി മാറട്ടെ ചെറു പുഞ്ചിരി.....

ദുഃഖഭാരങ്ങള്‍ മണ്ണിട്ടു മൂടുവാന്‍
വ്യാധികളേകുമാ വേദന മറക്കുവാന്‍
ദേവപ്രഭ പോലുതിരട്ടെ പുഞ്ചിരി
വിരിയട്ടെയധര മുകുളങ്ങളായ്.....

ഇടവേളയാകുമീ ജീവിതയാത്രയില്‍
പിരിമുറുക്കത്തിലുരുകുമീ വേളയില്‍ മറക്കാതിരിക്കട്ടെ മരുന്നാകും ചിരിയെ 
മനുഷ്യ ജീവനുള്ളിടത്തോളം കാലം......


ദീപ ബിബീഷ് നായര്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക