Image

പ്രചരിക്കുന്നത് കെട്ടുകഥകള്‍, ഞങ്ങള്‍ സുഖമായിരിക്കുന്നു: ഭാമ

ആശ എസ്. പണിക്കര്‍ Published on 14 January, 2022
പ്രചരിക്കുന്നത് കെട്ടുകഥകള്‍, ഞങ്ങള്‍ സുഖമായിരിക്കുന്നു: ഭാമ

 കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാര്ത്തകള്‍ തികച്ചും അടിസ്ഥാനരഹതമാണന്നും താനും കുടുംബവും ആരോഗ്യത്തോടെയിരിക്കുന്നെന്നും  ഭാമ പറഞ്ഞു. 

''കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ, ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി.'' ഭാമ പറഞ്ഞു. 

2020 ജനുവരിയിലായിരുന്നു ഭാമുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വച്ച്  ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം ആ വര്‍ഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു. ദൂബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍  സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. 

         വിവാഹമോചനം, ആ സമയത്തെടുത്ത ഏറ്റവും മികച്ച തീരുമാനം: നാഗചൈതന്യ

സാമന്തയുമായുള്ള വിവാഹ മോചനം ആ സമയത്തെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നുഎന്ന് നടന്‍ നാഗചൈതന്യ. വിവാഹമോചനത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളോട് മനസ്സു തുറക്കുകയായിരുന്നു താരം. 'ബംഗാര്‍രാജു' എന്ന സിനിമയുടെ പ്രൊമോഷന്‍ വേളയിലാണ് താരം മനസ്സ തുറന്നത്. 

'പിരിഞ്ഞിരിക്കുന്നതില്‍ വിഷമമില്ല. ഞങ്ങള്‍ രണ്ടു പേരുടെയും വ്യക്തിപരമായ നന്‍മയ്ക്ക് വേണ്ടിയെടുത്ത തീരുമാനമായിരുന്നു അത്. അവള്‍ സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തില്‍ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്. 

2017 ഒക്‌ടോബറിലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. നാലു വര്‍ഷം ഒരുമിച്ചു കഴിഞ്ഞതിനു ശേഷം 2021 ഒക്‌ടോബറില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. '' വളരെ ആലോചനകള്‍ക്ക് ശേഷം ഞാനും സാമും ഞങ്ങളുടെ സ്വന്തം പാത പിന്തുടരുന്നതിനു വേണ്ടി വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു ദശാബ്ദത്തിലേറെയായി ഞങ്ങള്‍ക്കിടയില്‍ സൗഹൃദം ഉണ്ടാകുന്നതിനുളള ഭാഗ്യമുണ്ടായി. അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതല്‍ ആയിരുന്നു. അത് എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കിടയിലുളള  ബന്ധം ശക്തമാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും ഈ ദുഷ്‌ക്കരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങള്‍ക്ക് മുന്നോട്ട പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. '' വിവാഹ മോചന വാര്‍ത്ത പങ്കു വച്ച് ഇരുവരും കുറിച്ചു. 

 

              ''അന്ന് ആരും ഉണ്ണിയെ തിരിച്ചറിഞ്ഞില്ല:'' വിനോദ് ഗുരുവായൂര്‍  

നടന്‍ ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമാകുന്ന 'മേപ്പടിയാന്‍' ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ഉണ്ണിക്ക് ലോഹിതദാസിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുമെന്നും അവന്‍ ആഗ്രഹിച്ച ജീവിതം നേടിയെടുക്കാന്‍ സാധിക്കുമെന്നും വിനോദ് കുറിച്ചു. 
'' മേപ്പടിയാന്‍ റിലീസ് ചെയ്യുകയാണ്. നായകനാകുന്നതും നിര്‍മ്മാണം നിര്‍വഹിക്കുന്നതും ഉണ്ണിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോഹിതദാസിന്റെ ചിതയ്ക്ക് മുന്നില്‍ നിന്ന് തേങ്ങിക്കരയുന്ന ഉണ്ണിയെ ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. അന്ന് ആരും ഉണ്ണിയെ തിരിച്ചറിഞ്ഞില്ല. അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോള്‍ ഉണ്ണി തേങ്ങുകയായിരുന്നു. ആ സമയങ്ങളില്‍ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാട് ദിവസങ്ങള്‍ ലക്കിടിയിലെ വീട്ടില്‍ ഉണ്ണിയുണ്ടാകും. സാറിന്റെ പുതിയ സിനിമയില്‍ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്. അന്നും ബസ്സില്‍ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാനിന്നും ഓര്‍മ്മിക്കുന്നു. 

ലോഹി സാര്‍ പെട്ടെന്ന് പോയപ്പോള്‍ തന്റെ സിനിമാ മോഹം അവസാനിച്ചെന്നു കരുതി തേങ്ങി കരഞ്ഞ ഉണ്ണിയെ ഞാന്‍ സമാധാനിപ്പിച്ചത് ഒരേ വാക്കിലായിരുന്നു. നിനക്ക് ലോഹിസാറിന്റെ അനുഗ്രഹമുണ്ട്, ഒരുപാട് ഇഷ്ടമായിരുന്നു. അതു കൊണ്ട് സിനിമയില്‍ നീ ഉണ്ടാകും. അതിപ്പോള്‍ സത്യമായി. നടനോടൊപ്പം പ്രൊഡ്യൂസര്‍ കൂടിയായി. എനിക്കറിയാം ഉണ്ണിയെ. അവനാഗ്രഹിച്ച ജീവിതം അവന്‍ നേടും. ലോഹി സാറിന്റെ അനുഗ്രഹം അവനുണ്ട്. '' വിനോദ് ഗുരുവായൂര്‍ പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക