വളരെ കരുതലും സ്നേഹവും കൊടുത്ത് വളര്‍ത്തിയ മക്കള്‍ പ്രായം അതിക്രമിച്ചിട്ടും ഗിന്നസ് ബുക്കില്‍ പേര് വരുത്തണം എന്ന തീരുമാനത്തില്‍ മാട്രിമോണിയല്‍ പരസ്യങ്ങളില്‍ വര്‍ഷങ്ങള്‍ പിന്നിട്ട യാത്ര തുടരുന്ന കാഴ്ചയാണ് എവിടെയും കാണുക . മക്കളുടെ വിവാഹം മനസ്സില്‍ പേറി ജീവിതം തള്ളി നീക്കുന്ന മാതാപിതാക്കള്‍. അതൊരു സ്വപ്നം മാത്രമാണെന്ന് ഇപ്പോഴെങ്കിലും അവര്‍ക്കൊക്കെ മനസിലായി തുടങ്ങിയിരിക്കുന്നു . ഇതിപ്പോള്‍ ഈ നൂറ്റാണ്ടിന്റെ ദു:ഖവും പേക്കോലകാഴ്ചകളുമായി മാറിയിരിക്കുന്നു .
ഈ കൂട്ടരെയൊക്കെ കൂട്ടി ഒരു മനുഷ്യ മൃഗശാല തന്നെ നിര്‍മ്മിച്ചാലോ എന്ന ചിന്തിച്ച് പോയിട്ടുണ്ട് .
വിവാഹ കമ്പോളത്തില്‍ ഒരു കാലത്ത് നല്ല മാര്‍ക്കറ്റ് ഉണ്ടായിരുന്നവര്‍ ആര്‍ക്കും വേണ്ടാത്തവരായി മുടിയും താടിയും നരച്ചു , അജീര്‍ണ്ണം ബാധിച്ച അവസ്ഥയിലാണിപ്പോള്‍ . കാലം പോലും ഇവര്‍ക്ക് മാപ്പ് കൊടുക്കും എന്ന കരുതേണ്ട .
ലോകത്തെ സൃഷ്ടിച്ച സൃഷ്ടാവ് നീ കടല്‍ത്തീരത്തെ മണല്‍ത്തരി പോലെ പെരുകാനാണ് പറഞ്ഞിരിക്കുന്നത്
ഇപ്പോള്‍ അവര്‍ മലകളിലെ പാറക്കെട്ടുകള്‍ക്ക് തുല്യരായി തീര്‍ന്നുവോ ! ഇപ്പോള്‍ നാം രണ്ട് നമുക്ക് രണ്ട് എന്നത് നമ്മള് രണ്ട് നമുക്കൊന്ന് , അതും മാറി മാറിയിപ്പോള്‍ നാമിലേക്ക് ചുരുങ്ങിയിരിക്കുന്നു . എന്തായാലും ചിലരെങ്കിലും ഗിന്നസ് ബുക്കില്‍ ഇടം നേടും തീര്‍ച്ച .
പിന്നെ ശേഷിക്കുന്ന ജനങ്ങള്‍ റോബോട്ടിനെ തട്ടിയിട്ട് ജീവിക്കേണ്ട ഗതികേടിലാകും എന്ന തീര്‍ച്ച ആ കാഴ്ചകളൊക്കെ അതിവിദൂരമല്ലെന്ന് തോന്നിപോകുന്നു . എല്ലാ മൂല്യങ്ങളെയും മാറ്റിമറിച്ചിരിക്കുകയാണ് ഇന്നത്തെ ജനറേഷന് . പിന്നെ കാലങ്ങള്‍ കഴിയുമ്പോള്‍ ശേഷിക്കുന്ന ബുദ്ധിജീവികള്‍ ചൊവ്വയിലോ ചന്ദ്രനിലോ ഒക്കെ രാപ്പാര്‍ക്കാന്‍ പോയാല്‍ ലോകത്തിന്റെ , ഭൂമിയുടെ നില എന്താകുമോ ?
അതുകൊണ്ട് മാട്രിമോണിയല്‍ കോളത്തില്‍ പരതി പരതി കൈ കുഴഞ്ഞവര്‍ ഒന്നോര്‍ക്കുക എല്ലാം പെര്‍ഫെക്ട് ആയി ഒരാള്‍ മാത്രം , അത് നമ്മുടെ സൃഷ്ടാവ് തന്നെ . പോരായ്മകള്‍ മനസിലാക്കി പൊരുത്തപ്പെടുക എന്നതാണ് സത്യം . അത് അങ്ങനെയും ആയിരുന്നു , ഭാവിയും എല്ലാത്തിനും സാക്ഷികളാകാന്‍ കുറെ മനുഷ്യരെയെങ്കിലും അവശേഷിപ്പിക്കൂ മറിച്ച് റോബോട്ടുകളുടെ മാത്രം ലോകം സങ്കല്പ്പിക്കാന് പോലും പറ്റുന്നതല്ല . പിന്നൊരു കാര്യം റോബോട്ടുകളെ ഉണ്ടാക്കാനും കുറെ മാസ്റ്റര്‍ ബ്രെയിന്‍സ് വേണമല്ലോ ? മക്കളേ ഒരു വേറിട്ട ചിന്ത നിങ്ങളില്‍ ഉടലെടുക്കും എന്ന പ്രതീക്ഷിക്കുന്നു . വെറുതെ നിങ്ങള്‍ പഴമയിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കൂ . മാതാപിതാക്കള്‍ അവരുടെ ക്ഷമയും സഹിഷ്ണുതയും എത്രമാത്രം എന്ന് .
എത്രയോ മാതാപിതാക്കള്‍ വിവാഹ പ്രായം കഴിഞ്ഞു നില്ക്കുന്ന മക്കളെയോര്‍ത്ത് നെടുവീര്‍പ്പിടുന്നുണ്ട് . ഇതൊക്കെ കാണാന്‍ നിങ്ങളുടെ കണ്ണിനോ മനസ്സിനോ സാധിച്ചാല്‍ അവര്‍ കൃതാര്‍ത്ഥരായി .
ചിലരെങ്കിലും (മാതാപിതാക്കള്‍) ഉള്ളില്‍ ദുഃഖ ഭാരവും പേറി നീറി നീറി കാലം തികയ്ക്കാതെ കാലയവനികക്കുള്ളില്‍ കാലഹരണപ്പെട്ട വാര്‍ത്തകളും കേട്ടിട്ടുണ്ട് . ആരോട് പറയാന്‍ ഇതൊക്കെ , മക്കളോട് ഒരു പ്രായം കഴിഞ്ഞാല്‍ ആശയവിനിമയം ചെയ്യാന്‍ ഒന്നും അവരെ കിട്ടില്ലല്ലോ ! അവരായി അവരുടെ പാടായി . സ്വാതന്ത്ര്യം പരമകോടിയിലെത്തിയ കാലം . എങ്കിലും മക്കളെ നിങ്ങള്‍ മാതാപിതാക്കളുടെ വികാരങ്ങളെ കുറച്ചെങ്കിലും മാനിക്കൂ . കാലമേ നീ തിരിച്ചു വരൂ , ആ പഴമ എത്ര മനോഹരം ആയിരുന്നു പെണ്ണിന് 25 ഉം ചെറുക്കന് 28 ഉം കഴിഞ്ഞാല്‍ വേവലാതിയായിരുന്ന കാലം .
എല്ലാം ഓര്‍മകളില്‍ മാത്രം ഒതുക്കി ജീവിക്കാനേ കഴിയൂ എന്ന് തോന്നി പോകുന്നു . ആ തരത്തില്‍ നമ്മുടെയൊക്കെ മനസ്സിനെ ചിട്ടപെടുത്താം , ചിന്തിക്കാം , പ്രാര്‍ത്ഥിക്കാം . ഉപദേശത്തിനൊന്നും വിലയില്ലാത്ത ഈ കാലത്ത് ഇത്രയേ
പറയാനുള്ളൂ .
മേരി മാത്യു മുട്ടത്ത്