Image

നിർമ്മലയുടെ നോവൽ 'മഞ്ഞിൽ ഒരുവൾ' പ്രകാശനം ചെയ്തു

ആൻസി സാജൻ Published on 21 January, 2022
നിർമ്മലയുടെ നോവൽ 'മഞ്ഞിൽ ഒരുവൾ' പ്രകാശനം ചെയ്തു

ഗ്രീൻ ബുക്സ് പ്രസിദ്ധപ്പെടുത്തിയ നിർമ്മലയുടെ നോവൽ' മഞ്ഞിൽ ഒരുവൾ' ഔദ്യോഗികമായി ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. ഇതിനകം തന്നെ ഒരുപാട് പേർ വായിച്ച് ഹൃദയത്തോട് ചേർത്ത ഈ കൃതിയുടെ പ്രകാശന കർമ്മത്തിന് കേരളത്തിലും കാനഡയിലും അമേരിക്കയിലുമുള്ള ആരാധകരും സ്നേഹിതരുമടങ്ങിയ വായനക്കാർ യൂട്യൂബിലൂടെ സാക്ഷ്യം വഹിച്ചു. 
ലോക പ്രശസ്ത ഓങ്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. എം..വി. പിള്ളയിൽ നിന്നും കഥാകൃത്ത് സക്കറിയ പുസ്തകം ഏറ്റുവാങ്ങി.നോവലിന്റെ അവതാരികയിൽ പറഞ്ഞു വെച്ച കാര്യങ്ങൾ ഒന്നുകൂടി സമർത്ഥിച്ചു കൊണ്ടുള്ള ഡോ. ജെ. ദേവികയുടെ  പുസ്തക  അവലോകനം സവിശേഷമായി.ഡോ. വി . ശോഭ പ്രകാശനച്ചടങ്ങ് ഹൃദ്യമായി അവതരിപ്പിച്ചു.

എഴുത്തിന്റെ ലോകത്ത് വലിയ പ്രത്യാശകളുണരുന്ന കാലമാണിതെന്ന് ഡോ. എം.വി.പിള്ള മുഖ്യപ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. ആമസോൺ, എഴുത്തുകാരുടെ പടിവാതിലിൽ എത്തിക്കഴിഞ്ഞു. കുത്തിക്കുറിച്ചു കൊണ്ടിരുന്നാൽ അത്താഴമുണ്ണാൻ എന്തു ചെയ്യും? എന്ന അവസ്ഥ മാറിയിട്ട് വായനയ്ക്കനുസരിച്ച് എഴുത്തിന് പ്രതിഫലം കിട്ടുന്ന സമയം അടുത്തു കൊണ്ടിരിക്കുന്നു. ബെസ്റ്റ് സെല്ലർ പ്ലോട്ടുണ്ടായാൽ മതി. ആമസോൺ അതിനെ മാറ്റിമറിക്കും. അതുപോലെ ലോകത്തേവർക്കും വായിക്കാൻ പറ്റിയ ഭാഷയിലായിരിക്കണം. മലയാളമടക്കം 45 ഭാഷകളിലേക്ക് ഗൂഗിൾ സൗജന്യമായി മൊഴിമാറ്റം നടത്തും. പ്രഗൽഭരും പ്രശസ്തരുമായ മലയാളി എഴുത്തുകാരുടെ കൃതികൾ ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ' ചെമ്മീൻ' പോലെ വിഖ്യാതമായ കൃതികളന്വേഷിച്ച് പുസ്തകക്കമ്പോളങ്ങളിൽ ചെന്നാൽ നിരാശയാവും ഫലം. വിദേശങ്ങളിലൊന്നും ഇതിന്റെ സൃഷ്ടാക്കൾ അറിയപ്പെടുന്നുമില്ല.

എന്നാൽ ഇന്നതിനൊക്കെ മാറ്റം വന്നിരിക്കുന്നു. എക്സോട്ടിക്ക് ആയ ആശയങ്ങൾ Bestseller language ലേക്ക് വിവർത്തനം ചെയ്ത് വിട്ടാൽ ലോകമെമ്പാടും വിപുലമായ സ്വീകരണമാവും ലഭിക്കുക. നിർമ്മലയുടെ മഞ്ഞിൽ ഒരുവൾ അതിനർഹമായ കൃതിയാണ്. അതുപോലെ ഇതിലെ നായികയായ രോഗിണിയെപ്പോലുള്ളവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങൾ കണ്ടെത്താൻ ഡോക്ടർക്ക് കഴിഞ്ഞാൽ ആ ഡോക്ടറുടെ സെൻസിറ്റിവിറ്റി , സെൻസിബിലിറ്റി തുടങ്ങിയവ വർദ്ധിപ്പിച്ച് ഫലപ്രദമായ ചികിൽസയ്ക്കത് കരുത്താവുകയും ചെയ്യും. അതുപോലെ കാനഡയിലെ കാലാവസ്ഥയിൽ മഞ്ഞ് വരുത്തിവയ്ക്കുന്ന പ്രകൃതി വൈകല്യങ്ങൾ നിർമ്മല മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. രോഗാവസ്ഥയെ മാറ്റിനിർത്തിയാലും അവിടങ്ങളിലെ മനുഷ്യർക്കുണ്ടാകുന്ന സീസണൽ അഫക്ടീവ് ഡിസ്ഓർഡർ (SAD) ഏതൊരു വായനക്കാരെയും മഥിക്കുന്ന ആഖ്യാന സവിശേഷതയാകുന്നു.സരളവും ആകർഷകവുമായ പ്രസംഗത്തിലൂടെ ഡോ.എം.വി. പിള്ള പ്രിയങ്കരനായി. നിർമ്മലയ്ക്ക് സഫലമായ സർഗ്ഗയാത്ര നേർന്നു കൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

പുറംനാടുകളിൽ പള്ളിക്കും അമ്പലത്തിനും മുമ്പ് മലയാളി പണിതുയർത്തിയത് സാംസ്കാരിക നിലയങ്ങളാണെന്ന് സക്കറിയ ഓർമ്മിപ്പിച്ചു. അമേരിക്കൻ മലയാളികളുടെ എഴുത്തിന്റെ നീക്കങ്ങളും വളർച്ചകളുമൊക്കെ നിരീക്ഷിച്ചാൽ അത് ബോധ്യമാവും. ഒരുപാട് സ്ത്രീകൾ എഴുത്തുകാരായിരിക്കുന്നു. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട സംഭാവനയുമായി ഒരു പടി മുന്നിൽ നിൽക്കുകയാണ് നിർമ്മല . പ്രവാസി എഴുത്തുകാരി എന്നതിലുമുപരി നോവലിനും അപ്പുറം വളരുന്ന പ്രതിഭാസമാവുകയാണ് നിർമ്മല . മലയാള നോവലിന്റെ പ്രത്യേകമായൊരു പടവിലാണ്' മഞ്ഞിൽ ഒരുവൾ' നിൽക്കുന്നത്. സാഹിത്യത്തെ വ്യത്യസ്തമാക്കുന്ന ഇത്തരം കൃതികൾ കണ്ടെത്താനും പ്രസിദ്ധീകരിക്കാനും നിരൂപകരും പ്രസാധകരും ശ്രദ്ധവെക്കണം. ഗ്രീൻ ബുക്സ് ഇക്കാര്യത്തിൽ ഏറ്റം നല്ല ചുവടുവെയ്പാണ് നടത്തിയത്.

ഭാഷ, സാഹിത്യം, സംഗീതം,യേശുദാസ് എന്നതിനുമൊക്കെ അപ്പുറം മൂശേട്ടവാദങ്ങൾ കൈവെടിയണം ലോകമലയാളികൾ.പഴയ യു.ഡി.എഫിനും എൽ ഡി എഫിനുമപ്പുറത്തേക്ക് പോകണം. ജാതിമത ചിന്തകൾക്കതീതമായ സംസ്കാരമാണ് നാം ഉയർത്തിക്കൊണ്ടുവരേണ്ടതെന്നും സക്കറിയ പറഞ്ഞു.
ഫെമിനിസം നൽകിയ ശക്തിയിൽ സ്ത്രീവാദമുയർത്തുന്ന എഴുത്താണ് നിർമ്മലയുടേതെങ്കിലും ഇതൊരു കരച്ചിൽപുസ്തകമാക്കാതെ ഹൃദയഭാഷണത്തെ കടിഞ്ഞാണിട്ട് പിടിച്ച് ഭംഗിയായി മുന്നോട്ട് കൊണ്ടു പോയി സകലരുടെയും സംവേദന ശേഷിക്കു നിരക്കുന്ന കൃതിയായി മഞ്ഞിൽ ഒരുവളെ നിർമ്മല ഒരുക്കിയിരിക്കുന്നു. 

ഒന്നാന്തരം പുസ്തകങ്ങളെഴുതി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയിട്ട് എന്നതാണ് ഇപ്പോഴത്തെ രീതി. ഉടനടി പ്രതികരണമാണിവിടെ ലഭിക്കുന്നത്. നല്ല സാഹിത്യത്തെ കണ്ടെത്താൻ മടിച്ച് സെലിബ്രിറ്റികൾക്ക് പിന്നാലെ പോകുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ടെന്നും സക്കറിയ ഓർമ്മപ്പെടുത്തി.

ഗ്രീൻ ബുക്സ് മാനേജിങ് ഡയറക്ടർ സുഭാഷ് പൂങ്ങാട്ട് അദ്ധ്യക്ഷനായിരുന്നു. ഇ.കെ. നരേന്ദ്രൻ ( ഡയറക്ടർ പബ്ളിക്കേഷൻ, ഗ്രീൻ ബുക്സ് ) സ്വാഗതമാശംസിച്ചു.ലാന പ്രസിഡന്റ് അനിലാൽ ശ്രീനിവാസ് ആശംസ നേർന്ന ചടങ്ങിന് കൃതജ്ഞതയർപ്പിക്കാൻ നിർമ്മലയുമെത്തി.

Youtube Video :

നിർമ്മലയുടെ നോവൽ 'മഞ്ഞിൽ ഒരുവൾ' പ്രകാശനം ചെയ്തു
Join WhatsApp News
കോരസൺ 2022-01-21 15:32:45
മഞ്ഞിൽ ഒരുവൾക്കു ആശംസകൾ! ആരും പറയാത്ത മഞ്ഞിലെ ഇനിയും കേൾക്കാത്ത കഥകൾക്കായി കാതോർക്കുന്നു. - കോരസൺ
Benny Kurain 2022-01-24 01:13:49
Congrats! I bought the e-book: https://www.amazon.com/Manjil-Oruval-Malayalam-Nirmala-ebook/dp/B09N9JRDBR/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക