Image

ധീര ദേശാഭിമാനി ലഫ്റ്റനൻറ് കെ.സി.ഏബ്രഹാം ഐ.എൻ.എ (ബാബു പാറയ്ക്കൽ)

Published on 25 January, 2022
ധീര ദേശാഭിമാനി ലഫ്റ്റനൻറ് കെ.സി.ഏബ്രഹാം ഐ.എൻ.എ (ബാബു പാറയ്ക്കൽ)

മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരാളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ലഫ്റ്റനൻറ് കെ.സി.ഏബ്രഹാം ഐ.എൻ.എ. മാവേലിക്കര സ്വദേശി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ചു. സുഭാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യൻ നാഷണൽ ആർമിയിൽ ലഫ്റ്റനൻറ് ആയി സേവനമനുഷ്ഠിച്ചു. സിഗപ്പൂരിൽ വച്ച് ജപ്പാൻ പട്ടാളം തടവറയിലാക്കി. മൂന്നു വർഷത്തെ ക്രൂരമായ പീഢനം അതിജീവിച്ചു പുറത്തു വന്നു. പിന്നീട് ഇന്ത്യയിലേക്കു മടങ്ങി. ഹൈദരാബാദിൽ നൈസാമിന്റെ പോലീസിൽ ഇൻസ്‌പെക്ടർ ആയി ഒരു ദശവത്സരം സേവനം അനുഷ്ടിച്ചു. ഉന്നതരുടെസമ്മർദ്ദത്തിനു വഴങ്ങാനാവാതെ ജോലി വലിച്ചെറിഞ്ഞു നാട്ടിലേക്ക് മടങ്ങി. 1978 ൽ 61 ആമത്തെ വയസ്സിൽ അന്തരിച്ചു.

അദ്ദേഹത്തിന് 6 മക്കൾ. എല്ലാവരും അമേരിക്കയിൽ നല്ല നിലയിൽ കഴിയുന്നു. അദ്ദേഹത്തിന്റെ മക്കളിൽ രണ്ടാമൻ ‘രാജൻ’ എന്ന് വിളിക്കുന്ന ഉമ്മൻ പി. ഏബ്രഹാം പിതാവിന്റെ ത്യാഗോജ്വലമായ ജീവചരിത്രം ഇരുളിൽ ആണ്ടു പോകാതിരിക്കാനായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിന്റെ പേര് തന്നെയാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്.

ഈ പുസ്തകത്തിന് 4 ഭാഗങ്ങളുണ്ട്.  ഒന്ന്: ആശംസാ ലേഖനങ്ങളും ലഫ്റ്റനൻറ് കെ.സി.ഏബ്രഹാമിന്റെ ജീവചരിത്രവും. രണ്ട്: സ്മരണയിലെ പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ. മൂന്ന്: മാതൃസ്മരണ. നാല്: പാലമൂട്ടിൽ കുടുംബചരിത്രം. ഇതിൽ ഒന്നാം ഭാഗത്തെപ്പറ്റി മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളു. ലഫ്റ്റനൻറ് കെ.സി.ഏബ്രഹാം ഫൌണ്ടേഷൻ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ വിതരണം സി എസ് എസ് തിരുവല്ലയാണ് നിർവഹിക്കുന്നത്.

ഈ ജീവചരിത്രാഖ്യായനത്തിനു മുന്നോടിയായി മാവേലിക്കരയുടെ ഉത്ഭവ ചരിത്രവും സാംസ്കാരിക പാരമ്പര്യവും അതുവഴിയുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രവും പ്രത്യേകമായി എടുത്തു പറഞ്ഞിരിക്കുന്ന ഭാഗം അറിവിന്റെ പുതിയ മേഖലകൾ തുറക്കുന്നതാണ്. അച്ചൻകോവിലാറിന്റെ പണ്ടത്തെ പേര് മാവേലിപ്പുഴ എന്നായിരുന്നെന്നും അതിന്റെ കരയിലുള്ളതായതുകൊണ്ടു മാവേലിക്കര എന്ന് വിളിച്ചെന്നുമുള്ള വ്യാഖ്യാനമാണ് ഏറെ സ്വീകാര്യം എന്ന് ഗ്രന്ഥകാരൻ അവകാശപ്പെടുന്നു. അതുപോലെ മാവേലിക്കരയുടെ സാംസ്‌കാരിക പൈതുകത്തിന്റെ ഭാഗമായി സൂക്ഷിച്ചിരിക്കുന്ന ബുദ്ധ വിഗ്രഹത്തിന്റെ പശ്ചാത്തലവും അദ്ദേഹം വിവരിക്കുന്നു. ഏഴാം നൂറ്റാണ്ടോടുകൂടി മാവേലിക്കര ബുദ്ധമത കേന്ദ്രങ്ങളിലൊന്നായി പരിണമിച്ചെന്നും അതിന്റെ സാക്ഷിപത്രമാണ് അവിടെയുള്ള ബുദ്ധ വിഗ്രഹം എന്നും അഭിപ്രായപ്പെടുന്നു.

മാവേലിക്കരയിലെ ക്രിസ്ത്യൻ കുടുംബങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപ് കുറവിലങ്ങാട് നിന്നും കുടിയേറിയവരുടെ പിൻ തലമുറക്കാരാണ്. സംസ്കാരത്തിൽ ഭാരതീയവും വിശ്വാസത്തിൽ ക്രൈസ്തവവും എന്നതായിരുന്നു അവരുടെ പാരമ്പര്യം. മാവേലിക്കര എന്നും മതസൗഹാർദ്ദത്തിനു പേരുകേട്ട സ്ഥലമാണ്. അവിടെ പുരാതനമായ പാലമൂട്ടിൽ കുടുംബത്തിലാണ് കെ.സി.ഏബ്രഹാം ജനിച്ചത്. 

മാവേലിക്കരയിലെ പ്രാഥമിക വിദ്യാഭാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1937 ൽ ബിരുദമെടുത്തു. സ്‌പോർട്സ്  രാജാവെന്നറിയപ്പെട്ടിരുന്ന ഗോദവർമ്മ രാജയുമായുള്ള ആത്മ സൗഹൃദം കെ.സി. ഏബ്രഹാമിനെ രാജകുടുംബത്തിന്റെ നല്ലൊരു സുഹൃത്താക്കി. ഇന്ദ്രപ്രസ്ഥത്തിൽ കൊടുമ്പിരിക്കൊണ്ട സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ നാടാകെ പരന്നു. തിരുവിതാംകൂറിലും അതിന്റെ ആന്ദോളനം അലയടിച്ചു. ബ്രിട്ടീഷ് പട്ടാളത്തിന്റെ വണ്ടികൾ വരുന്ന വഴിയിൽ മരങ്ങൾ വെട്ടിയിട്ടു മാർഗ്ഗതടസ്സം സൃഷ്ടിക്കാൻ കെ.സി. ഏബ്രഹാം നേതൃത്വം നൽകി. അങ്ങനെ അദ്ദേഹം പോലീസിന്റെ നോട്ടപ്പുള്ളിയായി. സർ സി.പി. രാമസ്വാമി അയ്യർ തിരുവുതാംകൂർ ദിവാനായിരിക്കെ പോലീസ് കർശനമായി ഇവരെ വേട്ടയാടി. തുടർന്ന് തിരുവന്തപുരത്തുള്ള സഹോദരിയുടെ നിർബന്ധപ്രകാരം അദ്ദേഹം ബോംബയിലേക്കു വണ്ടി കയറി. അവിടെയൊരു ബ്രിട്ടീഷ് കമ്പനിയിൽ നല്ലൊരു ജോലി ലഭിച്ചെങ്കിലും അനുദിനം പുതിയ മാനങ്ങൾ കൈവരുന്ന സ്വാതന്ത്ര്യ സമരം കെ.സി. ഏബ്രഹാമിന്റെ ഉറക്കം കെടുത്തി.

സമരത്തിന്റെ മുൻനിരയിലുള്ള ചില ദേശീയ നേതാക്കളുടെ പ്രവർത്തനങ്ങളെപ്പറ്റി കേൾക്കുകയും അവരിൽ ചിലരെ കാണുകയും ചെയ്തതോടെ കെ.സി. ഏബ്രഹാമിൽ സ്വാതന്ത്ര്യ സമരവീര്യം വളർന്നു. എന്നാൽ നേതാക്കന്മാരിൽ ഗാന്ധിജി മുതലായവരോട് വലിയ ആദരവാണുണ്ടായിരുന്നതെങ്കിലും സുഭാഷ് ചന്ദ്രബോസിനോട് ഏതാണ്ട് ഒരു ആരാധനയായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഗതിവിഗതികൾ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ബ്രിട്ടീഷ്‌കാരെ ഭയപ്പെടുത്തുന്ന ചാലകശക്തി സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ളവരുടെ പ്രവർത്തനമാണെന്നു കെ.സി.ഏബ്രഹാം വിശ്വസിച്ചു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട സമയം. യുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനെ സഹായിക്കുകയാണെങ്കിൽ ഇന്ത്യക്കു സ്വാതന്ത്ര്യം നൽകാം എന്ന തുറുപ്പു ചീട്ടാണ് വൈസ്രോയി ഇറക്കിയത്. അത് വിജയം കണ്ടു. ജപ്പാൻ-ജർമ്മനി സഖ്യം ജൈത്രയാത്ര നടത്തുകയാണ്. എങ്ങനെയും തടയിട്ടേ തീരൂ. പിടിച്ചു നിൽക്കാൻ ബ്രിട്ടീഷ് സഖ്യസേന കിണഞ്ഞു പരിശ്രമിക്കുന്നു. ബ്രിട്ടീഷ്‌കാർ ഇന്ത്യക്കാരെ ബ്രിട്ടനു വേണ്ടി യുദ്ധം ചെയ്യാൻ സിംഗപ്പൂർ, മലയാ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് അയച്ചുകൊണ്ടിരുന്നു. അത് മുതലെടുത്തു സുഭാഷ് ചന്ദ്രബോസ് പുതിയൊരു തന്ത്രം മെനഞ്ഞു രഹസ്യമായി നടപ്പിലാക്കി. ഇന്ത്യൻ യുവാക്കളെ ബ്രിട്ടീഷ് സേനയിൽ ചേർക്കുക. എന്നിട്ട് വിദേശ രാജ്യങ്ങളിൽ എത്തിച്ചിട്ട് അവിടെ സ്വന്തം സേനയുണ്ടാക്കി പരിശീലനം നൽകി ഇന്ത്യയിലെത്തിക്കുക. 

ഇതിനോട് മഹാത്മാഗാന്ധി യോജിച്ചില്ലെങ്കിലും രാജ്യത്തിന് വേണ്ടി മരിക്കാൻ തയ്യാറായി ആയിരക്കണക്കിനാളുകൾ അങ്ങനെ സിംഗപ്പൂരിലും മലയായിലുമെത്തി. പിന്നെ കെ.സി. ഏബ്രഹാം കൂടുതലൊന്നും ചിന്തിച്ചില്ല. ഡൽഹിയിൽ ചെന്ന് വൈസ്രോയി ഓഫീസ് കമ്മീഷൻ മുഖേന ബ്രിട്ടീഷ് സേനയിൽ ചേർന്നു.  പരിശീലനത്തിന് ശേഷം ദിവസങ്ങൾക്കകം സിംഗപ്പൂരിലെത്തി. യുദ്ധം അതിന്റെ പാരമ്യത്തിലെത്തി നിൽക്കുകയാണ്. മലയായും സിഗപ്പൂരും പിടിക്കാനായി ജപ്പാനും വിട്ടുകൊടുക്കാതിരിക്കാൻ ബ്രിട്ടീഷ് സഖ്യവും ഇഞ്ചോടിഞ്ചു പോരാടുകയാണ്. 

കെ.സി. എബ്രഹാം അനേകായിരം ഇന്ത്യക്കാരോടൊപ്പം ബ്രിട്ടീഷ് സഖ്യത്തിന് വേണ്ടി പോരാടി. മരണത്തെ മുന്നിൽ കാണുന്ന നിമിഷങ്ങൾ യുദ്ധമുന്നണിയിലുള്ള ഏതൊരു സൈനികനും അനേക പ്രാവശ്യം അഭിമുഖീകരിക്കുന്ന കാര്യമാണ്. ഒടുവിൽ 1942 ൽ സിംഗപ്പൂരും മലയായും ജപ്പാൻകാർ പിടിച്ചെടുത്തു. അനേകായിരം സൈനികരെ ജപ്പാൻ സൈന്യത്തിന്റെ തടവറയിലേക്കയച്ചു. കഠിനമായ ശിക്ഷയാണ് ജാപ്പനീസ് ഭടന്മാർ  തടവറയിൽ കിടക്കുന്നവർക്കു നൽകിയിരുന്നത്. ശരിയായ ഭക്ഷണവും നൽകിയിരുന്നില്ല. തടവറയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു പിടിക്കപ്പെട്ടാൽ നിമിഷങ്ങൾക്കകം കൊല്ലുകയാണ് ശിക്ഷ. തടവറയിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ ഭടന്മാരെ ജാപ്പനീസ് ഭടന്മാർ ആർമി ഷൂട്ടിങ് റേഞ്ച് ആയി ഉപയോഗിച്ചിരുന്നു. നീണ്ട മൂന്നു വർഷങ്ങൾ ആ തടവറയിൽ അദ്ദേഹം നരകയാതന അനുഭവിച്ചു. 

ദിവസവും നൂറു കണക്കിനു തടവുകാരെയാണ് ക്രൂരമായി പീഢിപ്പിച്ചു വധിക്കുന്നത്. കൂടെ തടവറയിൽ കിടന്നവരെ ചോദ്യം ചെയ്യാനായി ജപ്പാൻ പട്ടാളം വിളിച്ചുകൊണ്ടു പോകുമ്പോൾ അവർ തിരിച്ചു വരുമെന്ന പ്രതീക്ഷ ആർക്കുമില്ല. കെ.സി. ഏബ്രഹാമിനെ പലവട്ടം ചോദ്യം ചെയ്യാനായി വിളിച്ചുകൊണ്ടു പോയെങ്കിലും അവിചാരിതായി ലഭിച്ച ദാക്ഷിണ്യത്തിൽ വധശിക്ഷ ഒഴിവായി. എങ്കിലും ഓരോ ദിവസവും വിധിയുടെ അനിശ്ചിതത്വം വാതിൽപ്പടിയിൽ തന്നെയുണ്ടായിരുന്നു. ഓരോ നിമിഷവും മരണം മുന്നിൽ കണ്ട മൂന്നു വർഷങ്ങൾ! ഇടുങ്ങിയ മുറിയിൽ 15 പേരെ വരെയാണ് താമസിപ്പിച്ചിരുന്നത്. രാവിലെ പണിക്കു കൊണ്ടുപോകുന്നവരിൽ പലരും വൈകിട്ടു മടങ്ങി വരാതിരുന്നാൽ "അവർ എവിടെ" എന്ന് ചോദിക്കുമ്പോൾ "രക്ഷപെടാൻ ശ്രമിച്ചു പിടിക്കപ്പെട്ടു. ഉടനെ അവരെ കൊല്ലുകയും ചെയ്തു" എന്ന മറുപടി കേട്ട് മരവിച്ചാണ് ഉറങ്ങാൻ കിടക്കുന്നത്. 

കെ.സി.ഏബ്രഹാമിനോട് അനുകമ്പ തോന്നിയ ഒരു ഗാർഡ് ഒരു രാത്രിയിൽ തടവറയുടെ വാതിൽ പൂട്ടാതെ ഇട്ടു. ആ മുറിയിൽ ഉണ്ടായിരുന്നവരെല്ലാം സാഹസികമായി വെളിയിൽ കടന്നു. ഇഴഞ്ഞും വലിഞ്ഞും മറ്റു ഗാർഡുകളുടെ കണ്ണിൽ പെടാതെ നടന്നു ചെന്ന് മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു ചേരിയിലെത്തി. അവിടെ ആർദ്രഹൃദയനായ ഒരാൾ അദ്ദേഹത്തിന്റെ രക്‌ഷകനായി. 

1943 ജൂലൈയിൽ നേതാജി സുഭാഷ് ചന്ദ്രബോസ് സിഗപ്പൂരിലെത്തി. അവിടെ കൂടിയ പ്രത്യേക യോഗത്തിൽ വച്ച് ഇന്ത്യൻ നാഷണൽ ആർമിയുടെ അനിഷേധ്യ നേതാവായി അദ്ദേഹം സ്ഥാനമേറ്റു. ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽ നിന്നും മാതൃഭൂമിയെ മോചിപ്പിക്കുക എന്നതായിരുന്നു നേതാജിയുടെ ആത്യന്തിക ലക്‌ഷ്യം. ആയിരക്കണക്കിനു ധീര യുവാക്കൾ നേതാജി ഉയർത്തിയ പതാകയ്ക്കു കീഴിൽ അണി നിരന്നു. ഒരിക്കൽ ബ്രിട്ടനു വേണ്ടി ജപ്പാനോടു പൊരുതിയവർ ഇനി മാതൃരാജ്യമായ ഇന്ത്യക്കു വേണ്ടി ബ്രിട്ടനോടു പൊരുതുക. കെ.സി. ഏബ്രഹാമിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ ഐ എൻ എ നേതൃത്വം അദ്ദേഹത്തിന് അന്ന് ലഫ്റ്റനന്റ് പദവി നൽകി ആദരിച്ചു. അങ്ങനെ അദ്ദേഹം ലെഫ്റ്റനന്റ് കെ.സി. എബ്രഹാം ആയി. 

നേതാജിയോടു ചേർന്ന് നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുന്ന അനർഘ നിമിഷങ്ങൾ കെ.സി. എബ്രഹാമിന്റെ ജീവിതത്തിനു പുതിയ അർഥവും വ്യാപ്തിയും നൽകി. സന്ദർഭം ഒത്തുവന്നാൽ തന്നോടൊപ്പം നിൽക്കുന്ന സൈന്യത്തെയും കൂട്ടി ഇന്ത്യയിലേക്കു പ്രവേശിക്കുക എന്നതായിരുന്നു നേതാജിയുടെ ഉദ്ദേശം.  തിരക്കിട്ട സൈനിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെങ്കിലും ബ്രിട്ടീഷ് സേനയിൽ നിന്നും റംഗൂൺ പിടിച്ചെടുത്ത്‌ അതുവഴി ഇന്ത്യയിലേക്കു പ്രവേശിക്കാമെന്ന ആഗ്രഹം, ശ്രമിച്ചെങ്കിലും പലകാരണങ്ങൾ കൊണ്ട് സഫലമാകാതെ പോയി. അനേക സൈനികരെ ബ്രിട്ടൻ തടവിലാക്കുകയും ചെയ്തു. 

എങ്കിലും ഐ എൻ എ യുടെ ഈ ധൈര്യപൂർവ്വമായ നീക്കം ബ്രിട്ടീഷ് വൃത്തങ്ങളിൽ അമ്പരപ്പുളവാക്കി. അധികനാൾ ഇന്ത്യയിൽ പിടിച്ചു നിൽക്കാനാവില്ലെന്നു മനസ്സിലാക്കിയ ബ്രിട്ടീഷുകാർ പതുക്കെ പടം മടക്കാൻ ആലോചനകൾ തുടങ്ങി. ഗാന്ധിയും നെഹ്രുവുമായുള്ള കൂടിക്കാഴ്ചകളിൽ കടുംപിടുത്തം ഉപേക്ഷിച്ചു. പക്ഷെ രാജ്യത്തു നിന്നും അടിച്ചു മാറ്റാൻ പറ്റിയ സർവ്വ സാധനങ്ങളും കടത്തിക്കൊണ്ടു പോയി.
ജൈത്രയാത്ര നടത്തി ലോകം കീഴടക്കാമെന്നു കരുതിയ ജപ്പാന്റെ നടുവൊടിച്ചുകൊണ്ട് അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചതോടെ 1945 ഓഗസ്റ്റ് 15 ന് ജപ്പാൻ-ജർമ്മനി സഖ്യം ആയുധം വച്ചുകീഴടങ്ങി. 

തന്റെ ലക്ഷ്യത്തിലെത്താൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടു സഹായം ലഭിക്കാൻ സാധ്യതയുള്ള വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ച നേതാജി സുഭാഷ് ചന്ദ്രബോസ്1945 ആഗസ്റ്റ് 18 ന് ഒരു വിമാന അപകടത്തെ തുടർന്ന് അന്തരിച്ചു. സ്വാതന്ത്ര്യം എന്ന സ്വപ്നം ഒരു വിളിപ്പാടകലെ എത്തിനിൽക്കുന്ന സത്യം അറിയിക്കാതെ വിധി അദ്ദേഹത്തെ തിരശീലയ്ക്കു മറുവശത്തേക്കു കൂട്ടി കൊണ്ടുപോയി. നേതൃത്വം നഷ്ടപ്പെട്ട പടയാളികൾ ആത്മവീര്യം കൈമോശം വന്നതിനെത്തുടർന്ന് പല വഴി തിരിഞ്ഞു. സ്വാതന്ത്ര്യം പുലരുന്ന പ്രഭാതം അപ്പോൾ വിടർന്നില്ലെങ്കിലും അതിനുവേണ്ടി താൻ അത്യധികം ബഹുമാനിച്ച നേതാജിയുടെ കൂടെ ഏതാനും വർഷങ്ങൾ സമരം ചെയ്യാൻ കഴിഞ്ഞതിലുണ്ടായ ചാരിതാർഥ്യത്തോടെ കെ.സി. ഏബ്രഹാം നാട്ടിലേക്ക് മടങ്ങി. 

അന്ന് ഇന്ത്യ അനേകം നാട്ടുരാജ്യങ്ങളായി ചിതറിക്കിടക്കുകയാണ്. ഹൈദരാബാദിലെ മുസ്ലിം ഭരണാധികാരികളായിരുന്നു നിസാം. ഇന്നത്തെ മുഴുവൻ ആന്ധ്രപ്രദേശും തെലുങ്കാനയും കർണാടകത്തിന്റെയും മഹാരാഷ്ട്രയുടെയും ഭൂരിഭാഗവും ഉൾപ്പെട്ടതായിരുന്നു നൈസ്സാമിന്റെ ഭരണ പ്രദേശം. ഐ. എൻ. എ യിൽ പ്രവർത്തിച്ചവർക്കു നൈസ്സാം സ്വാഗതം അരുളി. താമസിയാതെ കെ.സി. ഏബ്രഹാം ഹൈദരാബാദിൽ നൈസാമിന്റെ സേനയിൽ പോലീസ് ഇൻസ്‌പെക്ടർ ആയി സേവനം ആരംഭിച്ചു. 

ബാബു പാറയ്ക്കൽ

അധികം കഴിയുന്നതുനു മുൻപ് സ്വപ്ന സാക്ഷാൽക്കരമെന്നോണം സ്വാതന്ത്ര്യത്തിന്റെ പൊൻപുലരി വിരിഞ്ഞു. പിന്നീട് അനേക നാട്ടുരാജ്യങ്ങളായി കിടന്ന ഇന്ത്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇൻഡ്യൻ യൂണിയനിലേക്കു ലയിക്കുകയോ ലയിപ്പിക്കുകയോ ചെയ്തു. അങ്ങനെ 1948 ൽ ഹൈദരാബാദ് എന്ന നാട്ടു രാജ്യം ഇന്ത്യൻ യൂണിയനിലേക്കു ലയിപ്പിച്ചു. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വസിക്കാത്ത നക്സലൈറ്റുകളുടെ വിഹാര രംഗമായിരുന്നു ഹൈദരാബാദ്. അവരെ അമർച്ച ചെയ്തു ജനാധിപത്യത്തെ സംരക്ഷിക്കുന്നതിൽ കെ.സി.എബ്രഹാം നിർണ്ണായക പങ്കു വഹിച്ചു. ഉന്നതരായ ചില കുറ്റവാളികളെ സംരക്ഷിക്കാനുണ്ടായ സമ്മർദ്ദത്തിനു വഴങ്ങാതെ ഒരു ദശവത്സരക്കാലത്തെ പോലീസ് സേവനത്തിനു വിരാമമിട്ടുകൊണ്ട് ജോലി രാജിവച്ച് നാട്ടിലേക്ക് മടങ്ങി.

ധീരവും ത്യാഗോജ്വലവുമായ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് 61 ആം വയസ്സിൽ കെ.സി. ഏബ്രഹാരം വിടവാങ്ങി. 

രാജ്യം 72-മത്തെ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ ചെങ്കോട്ടയുടെ മുകളിൽ പാറി പറക്കുന്ന ദേശീയ പതാകയിൽ വീശുന്ന കാറ്റിന്  കെ.സി.ഏബ്രഹാമിനെപ്പോലെ അറിയാതെ പോയ ആയിരക്കണക്കിനു ധീര ദേശാഭിമാനികളുടെ നിശ്വാസ സ്പർശമുണ്ട്. 

പിതാവിന്റെ  ഓർമ്മ നിലനിർത്താനായി മക്കൾ രൂപീകരിച്ച ലെഫ്. കെ.സി. ഏബ്രഹാം ഫൌണ്ടേഷൻ അനേകം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക