Image

'വെച്ചൂരമ്മ'ക്ക്  പത്മശ്രീ; ആഹ്ലാദം അമേരിക്കയില്‍

Published on 28 January, 2022
'വെച്ചൂരമ്മ'ക്ക്  പത്മശ്രീ; ആഹ്ലാദം അമേരിക്കയില്‍

ഡോ. ശോശാമ്മ ഐപ്പിനെ തേടി പത്മശ്രീ എത്തിയത് മണ്ണുത്തിയിലെ (തൃശൂര്‍) വീട്ടിലാണെങ്കിലും ആഹ്ലാദം ഇങ്ങ് അമേരിക്കയിലും കാനഡയിലുമാണ്. മകള്‍ ഡോ. മിനി (റിബേക്ക വര്‍ഗീസ്) ന്യു ജേഴ്‌സിയിൽ സാഡിൽ റിവറിലും  മകന്‍ ജോജി (ജോര്‍ജ് ഏബ്രഹാം) കാനഡയിലെ ടൊറന്റോയിലുമാണ്. മക്കളും പേരക്കുട്ടികളും അടുത്തില്ലെങ്കിലും 'വെച്ചൂരമ്മ' എന്ന് പ്രസിദ്ധയായ ഡോ. ശോശാമ്മയ്ക്ക് പഴയ വിദ്യാർത്ഥികളും   പോറ്റിവളര്‍ത്തുന്ന പശുക്കളുമൊക്കെ മക്കളെപ്പോലെ തന്നെ.

ഏതൊരു ബഹുമതിക്കും അര്‍ഹയാണ് അമ്മ എന്ന് ഡോ. മിനി. പത്മശ്രീ കിട്ടിയതില്‍ അതീവ സന്തോഷം. രാഷ്ട്രം ആദരിച്ചതില്‍ നന്ദി.

വംശനാശത്തില്‍ നിന്ന് ഒരു ജീവിയെ തിരിച്ചുകൊണ്ടുവരുന്നതിന് പിതാവിന്റെ സമ്പൂര്‍ണ്ണ സഹകരണത്തോടെ അമ്മ നടത്തിയ പ്രയത്‌നങ്ങളില്‍ മക്കളും ആദ്യകാലത്ത് പങ്കാളികളായിരുന്നു. ഒരു അഭിമുഖത്തില്‍ അമ്മ അത് ചൂണ്ടിക്കാട്ടുകയുമുണ്ടായി.

എണ്‍പതുകളുടെ അവസാനം വെച്ചൂര്‍ പശുക്കളെ തേടി ഇറങ്ങുമ്പോള്‍ പത്തിൽ താഴെ  പശുക്കളാണ് കേരളത്തില്‍ അവശേഷിച്ചിരുന്നത്. നാടന്‍ ജനുസുകളില്‍ നിന്നുള്ള പ്രത്യുത്പാദനം നിര്‍ത്തി കൂടുതൽ പാൽ കിട്ടുന്ന വിദേശ ജനുസുകളുമായി കൃത്രിമ ബീജസങ്കലനം പ്രോത്സാഹിപ്പിച്ചതായിരുന്നു  നാടന്‍ പശുക്കള്‍ ഇല്ലാതാകാന്‍ കാരണം. 

അന്യം നിന്ന് പോകുന്ന തനി  'മലയാളി പശു'വിനെ  തേടി ഇറങ്ങിയപ്പോൾ    വൈക്കത്തിനുടത്ത് വെച്ചൂരില്‍ നിന്ന് ഒരു പശുവിനെ കിട്ടി. പിന്നെ എവിടെ നിന്നെങ്കിലും പശുവിനെ കിട്ടിയാല്‍ അതിനെ വാഹനത്തില്‍ എത്തിക്കുന്നത് വലിയ ആഘോഷമായിരുന്നെന്ന് ഡോ. മിനി ഓര്‍മ്മിക്കുന്നു. പിന്നീടെന്നോ ശത്രുക്കള്‍ പുല്ലില്‍ വിഷം വച്ചു. ആ കേസ് അന്വേഷിച്ച  എസ്.ഐ അടുത്തകാലത്ത് ഡി.വൈ.എസ്.പി ആയി റിട്ടയര്‍ ചെയ്തശേഷം, പദ്‌മശ്രീ കിട്ടിയ ശേഷം  അമ്മയെ കാണാന്‍ എത്തി.

ഒരു ജീവിയുടെ എണ്ണം രണ്ടായിരത്തില്‍ താഴെ ആയാല്‍ അത് 'എന്‍ഡെയ്‌ഞ്ചേര്‍ഡ്' ആകും. ആകെ പത്തു പശുക്കള്‍ എന്നു പറയുമ്പോള്‍ നാമാവശേഷമാകാൻ ഏതാനും വര്ഷം മതി. 

ഈ പദ്ധതിയെ  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസർച്ച്   ഏറെ തുണച്ചു. ഇന്നിപ്പോള്‍ പതിനായിരത്തില്‍പ്പരം വെച്ചൂര്‍ പശുക്കള്‍ നാട്ടിലുണ്ട്. ചെറിയ പശുക്കളാണ്. തീറ്റ കുറച്ചുമതി. ഒത്തിരി പാല് കിട്ടില്ലെങ്കിലും പ്രത്യേക ഔഷധ ഗുണമുള്ള പാലാണ്. ഏതൊരു വീട്ടിലും പ്രയാസമില്ലാതെ വളര്‍ത്താവുന്നതാണ് വെച്ചൂര്‍ പശു എന്നതാണ് പ്രത്യേകത.

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും ഇണങ്ങുന്നതാണ് ഇവ. മറ്റു കാലാവസ്ഥകളില്‍ അവയ്ക്ക് അതിജീവിക്കാന്‍ വിഷമതകളുണ്ടാകാം.

രണ്ടു വര്‍ഷം മുമ്പ് അന്തരിച്ച പിതാവിനേയും ഇപ്പോള്‍ 80 വയസുള്ള മാതാവിനേയും രണ്ടായി കാണാനാവില്ലെന്നു മകള്‍ പറയുന്നു. അവര്‍ ഒരുമിച്ച് പഠിച്ചവരാണ്. എല്ലാ കാര്യങ്ങളിലും ഒരുമിച്ചായിരുന്നു. എല്ലാവര്‍ക്കും പ്രചോദനവും ആത്മവിശ്വാസവും പകരുന്ന വ്യക്തിത്വമാണ്  അമ്മയുടേത്. ഏറെ നാള്‍ അമേരിക്കയിലായിരുന്നു. കാണുമ്പോൾ ഇത്ര നേട്ടങ്ങള്‍ കൈവരിച്ച വ്യക്തിയാണോ ഇതെന്ന് ആരും സംശയിച്ചുപോകും.

തന്റെ രണ്ടാമത്തെ  കുട്ടി  ജനിക്കുമ്പോള്‍ അമേരിക്കയിലേക്ക് അമ്മ പോരുമ്പോള്‍ ചില ഭാഗത്തുനിന്നും ആക്ഷേപം ഉയര്‍ന്നു. ഭ്രൂണത്തിന് പേറ്റന്റ് എടുക്കാന്‍ പോകുന്നുവെന്നായിരുന്നു ആക്ഷേപം.  'അമ്മ പ്രതികരിക്കാനോ അറിഞ്ഞ ഭാവം നടിക്കാനോ പോയില്ല. 

താന്‍ മെഡിക്കല്‍ പഠനം നടത്തുമ്പോള്‍ അമ്മയുടെ ശിഷ്യരായ അനിൽ  സഖറിയ, ജോബി, ജയന്‍ എന്നിവരൊക്കെയുമായി ചര്‍ച്ചകള്‍ നടത്തുന്നത് ഓര്‍ക്കുന്നു. ഇന്നിപ്പോള്‍ വെച്ചൂര്‍ പശുവിന് രണ്ടു ലക്ഷം രൂപ വരെ വിലയുണ്ട്. വാങ്ങാന്‍ ആളുകളും തയാര്‍.

മഹത്തായ  ഒരു ദൗത്യമായിരുന്നു ഇതെന്നതില്‍ ഡോ. മിനിക്ക് സന്ദേഹമൊന്നുമില്ല. നമ്മുടെ ജീവിത രീതിയ്ക്കും കാര്‍ഷിക രംഗത്തിനും യോജിച്ചുപോകുന്ന ഒരു ജീവിവര്‍ഗത്തെ സംരക്ഷിച്ച് നിലനിര്‍ത്താനായത് ചില്ലറ കാര്യമല്ല.

വെച്ചൂര്‍ പശുവിന് പുറമെ കാസര്‍ഗോഡ് കുള്ളന്‍ എന്നൊരു വിഭാഗം പശുക്കളുടെ സംരക്ഷണത്തിനും അവര്‍ രംഗത്തിറങ്ങി. അട്ടപ്പാടിയിലെ ആദിവാസികളുടെ ആട്, കുട്ടനാട്ടിലെ ചെമ്പല്ലിചാര താറാവ് എന്നിവയുടെ സംരക്ഷണത്തിനും അവര്‍ പദ്ധതികളാവിഷ്‌കരിച്ചു.

ഡോ. ശോശാമ്മ നിരണം സ്വദേശിയാണ് . ഭര്‍ത്താവ് ഡോ. എബ്രഹാം വർക്കി  കോട്ടയംകാരനും. ഇരുവരും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ പ്രൊഫസര്‍മാരായിരുന്നു. ഇപ്പോൾ വീടും കാമ്പസിനടുത്ത് തന്നെ. 

ഡോ. മിനി ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കുന്നതിനു പുറമെ എം.ബി.എ/സി.പി.എ ബുരുദധാരിയായ ഭര്‍ത്താവ് ജോര്‍ജി വര്‍ഗീസിനൊപ്പം മോണ്ട്വേലിൽ    ലൈഫ് ലൈൻ അര്‍ജന്റ് കെയര്‍ എന്ന സ്ഥാപനം നടത്തുന്നു.

കോവിഡ് കാലത്ത് 40,000 -ത്തോളം പേരെ ടെസ്റ്റ് ചെയ്തു. പക്ഷെ ഇതേവരെ കുടുംബത്തിലാര്‍ക്കും കോവിഡ് വന്നില്ല. അത് സ്വര്‍ഗ്ഗത്തിലുള്ള അപ്പായുടെ സംരക്ഷണം കൊണ്ടാണെന്ന് ഡോ. മിനി.

മകള്‍ ബെറ്റി ഗൈനക്കോളജി റസിഡന്‍സി ചെയ്യുന്നു. മകന്‍ നീല്‍ കാലിഫോർണിയയില്‍ കംപ്യുട്ടർ എഞ്ചിനിയർ. ഡോ. ശോശാമ്മയുടെ സഹോദരന്‍ ഡോ. കെ.ഐ വര്‍ഗീസ് യൂണിവേഴ്‌സിറ്റി ഓഫ് അര്‍ക്കന്‍സാസില്‍ പ്രൊഫസറായിരുന്നു.

ജീവിതത്തെ പ്രകാശപൂര്‍ണ്ണമാക്കാനാണ് മാതാപിതാക്കള്‍ പഠിപ്പിച്ചത്. അതുതന്നെയാണ് മക്കളോടും താൻ പറയുന്നത്- ഡോ. മിനി പറഞ്ഞു.

എഞ്ചിനിയറായ മകൻ ജോജി ടൊറന്റോയിൽ മെട്രോലിങ്ക്സ് ഡയറക്ടറാണ്. ഭാര്യ ശ്രുതയും എഞ്ചിനിയർ.  അഞ്ചു, എബിൻ എന്നിവർ മക്കൾ.

പത്മശ്രീ എന്നു പറയുമ്പോള്‍ പ്രാഞ്ചിയേട്ടന്‍ എന്ന സിനിമ ഓര്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഒരു ജീവിതകാലത്തെ പ്രവര്‍ത്തനവും അത്യപൂര്‍വ്വമായ നേട്ടങ്ങളുമാണ് രാഷ്ട്രം പത്മശ്രീ നല്‍കുമ്പോൽ ആദരിക്കുന്നത് എന്ന്  ഡോ. ശോശാമ്മ സാക്ഷ്യപ്പെടുത്തുന്നു.

മറ്റൊരു ധവള വിപ്ലവം 

ഡോ. ശോശാമ്മ ഐപ്പ് എന്ന പേര് പറഞ്ഞാൽ അധികം ആളുകൾക്ക് മനസ്സിലാകില്ലെങ്കിലും  'വെച്ചൂരമ്മ' എന്നുകേട്ടാൽ ആമുഖം കൂടാതെ ഇന്ന് ഓരോ മലയാളിയും അഭിമാനത്തോടെ തിരിച്ചറിയും. വംശനാശത്തിന്റെ വക്കിലെത്തിയ  നാടൻ ഇനമായ വെച്ചൂർ  പശുക്കളെ ശാസ്ത്രീയമായ രീതികളിലൂടെ സംരക്ഷിച്ചെടുത്ത് നമുക്ക് നൽകിയതിനാണ്  രാജ്യം ഈ ശാസ്ത്രജ്ഞയെ  പത്മശ്രീ നൽകി ആദരിച്ചത്. എന്നാൽ, ഈ ഉദ്യമം  തീരെ എളുപ്പമായിരുന്നില്ല. പത്തിൽ താഴെയായി കുറഞ്ഞ വെച്ചൂർ പശുക്കളെ   വർദ്ധിപ്പിച്ചതിന്റെ പിന്നിൽ മൂന്ന് പതിറ്റാണ്ട് നീണ്ട അചഞ്ചലമായ  പോരാട്ടത്തിന്റെ തീചൂടുണ്ട്. 

കാർഷിക സമൂഹത്തിൽ നാടൻ ഇനങ്ങളുടെ മൂല്യം തിരിച്ചറിയാത്ത സർക്കാർ നയങ്ങൾ മൂലം അത്തരത്തിൽ നിരവധി ഇനങ്ങൾ ഇതിനോടകം വിസ്‌മൃതിയിൽ മറഞ്ഞു. എന്നാൽ, നിരുത്സാഹപ്പെടുത്തിയവരെയും  എതിർത്തവരെയും  ഭീഷണിപ്പെടുത്തിയവരെയും   ലളിതവും സത്യസന്ധവുമായ പ്രവർത്തനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും നേരിട്ടുകൊണ്ട്, വിപ്ലവകരമായ നേട്ടമാണ് രാജ്യത്തെ ക്ഷീരകർഷകർക്ക് ശോശാമ്മ ടീച്ചർ സമ്മാനിച്ചത്.

ആറു  മക്കളിൽ മൂത്തവളായി ആലപ്പുഴ ജില്ലയിലെ നിരണത്താണ് ഡോ.ശോശാമ്മ  ജനിച്ചത്. പിതാവ്  കെ.വി.ഐപ്പ്  പമ്പാ റിവർ ഷുഗർ ഫാക്ടറിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നു. കുട്ടനാട്ടിൽ പച്ചപ്പ് നിറഞ്ഞ നെൽപ്പാടങ്ങൾക്ക് പേരുകേട്ട  നിരണത്തെ  ഭൂപ്രകൃതിയും ബാല്യത്തിൽ ഏറെ സ്വാധീനിച്ചു. മിക്ക കുടുംബങ്ങളും പ്രധാനമായും നെൽകൃഷിയിൽ ഏർപ്പെട്ടിരുന്ന ആ  വീടുകളിൽ പശുക്കളെ വളർത്തുന്നത്  ജീവിതത്തിന്റെ ഭാഗമായിരുന്നു. പാലിൽ സ്വയം പര്യാപ്തത നേടിയവരായിരുന്നു ഗ്രാമവാസികൾ. ശോശാമ്മയുടെ  വീട്ടിലും വെച്ചൂർ പശുവിനെ വളർത്തിയിരുന്നു .കുട്ടികളോളം ചെറിയ വെച്ചൂർ പശുക്കളിൽ നിന്ന് അമ്മ കറന്നുനൽകിയിരുന്ന പാലിന്റെ  രുചി ഇന്നും നാവിൽ തങ്ങിനിൽക്കുന്നു എന്ന് വെച്ചൂരമ്മ സാക്ഷ്യപ്പെടുത്തുന്നു.

മൂത്തമകളായതുകൊണ്ടുതന്നെ താഴെയുള്ള  5 സഹോദരങ്ങളെയും  (2 സഹോദരന്മാരും മൂന്ന് സഹോദരിമാരും) വളർത്തുന്നതിലും മറ്റു കാര്യങ്ങളിലും    അമ്മയ്ക്ക് സഹായം ശോശാമ്മ  ആയിരുന്നു. 

വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ തീക്ഷ്ണമായ താൽപ്പര്യം പുലർത്തുന്ന പ്രതിബദ്ധതയുള്ള അധ്യാപകരുള്ള തേവേരി ഹൈസ്‌കൂളിലെ വിദ്യാഭ്യാസം മുന്നോട്ടുള്ള വഴിയിലെ ചാലകശക്തിയായി. പഠനത്തിലും കായികരംഗത്തും  സംവാദങ്ങളിലും പ്രസംഗങ്ങളിലും സ്‌കൂളിനെ പ്രതിനിധീകരിച്ച് നിരവധി തവണ ശോശാമ്മ  ഒന്നാമതെത്തി. പുരോഗമന കാഴ്ചപ്പാടുള്ള  മാതാപിതാക്കൾ, മകളുടെ താല്പര്യങ്ങൾക്ക്  എല്ലാവിധ പിന്തുണയും നൽകി.

ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ പ്രീ-പ്രൊഫഷണൽ പഠനം പൂർത്തിയാക്കിയ ശേഷം മണ്ണുത്തിയിലെ വെറ്ററിനറി കോളേജിൽ (ഇപ്പോൾ കേരള വെറ്ററിനറി യൂണിവേഴ്സിറ്റി) ചേർന്നു. മണ്ണുത്തിയിൽ വച്ചാണ്  സഹപാഠിയായിരുന്ന ഡോ. എബ്രഹാം വർക്കിയെ കണ്ടുമുട്ടുന്നത്. ഇരുവരും ഒരുമിച്ച്  സന്തോഷകരമായ  56 വർഷങ്ങൾ പിന്നിട്ടു. 

വെറ്ററിനറി വിദ്യാഭ്യാസം  പൂർത്തിയാക്കി ഭർത്താവിനൊപ്പം ഗവൺമെന്റ് മൃഗസംരക്ഷണ വകുപ്പിലായിരുന്നു ഔദ്യോഗിക  ജീവിതം ആരംഭിച്ചത്. ബിരുദാനന്തര ബിരുദം (ഉത്തർപ്രദേശിലെ മഥുര വെറ്ററിനറി കോളേജിൽ വെറ്ററിനറി സയൻസിൽ എം.വി. എസ്‌സി ) പൂർത്തിയാക്കിയ ശേഷം അധ്യാപികവൃത്തിയിലേക്ക് കടന്നു.  മണ്ണുത്തി വെറ്ററിനറി കോളേജിൽ ഫാക്കൽറ്റിയായി. പിന്നീട് ഹരിയാനയിലെ നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി പൂർത്തിയാക്കി.

"1980-കളുടെ തുടക്കത്തിൽ വെച്ചൂർ പശുക്കൾ ഏതാണ്ട് വംശനാശം സംഭവിച്ച അവസ്ഥയിലായിരുന്നു." ശോശാമ്മ ടീച്ചർ ഓർത്തെടുക്കുന്നു. (വെച്ചൂർ പശു: പുനർജ്ജന്മം എന്ന പുസ്തകത്തിൽ നിന്ന്)

 "ആ കാലഘട്ടത്തിൽ ലോകമെമ്പാടും സങ്കരയിനം പശുക്കൾക്ക് പ്രിയമേറി. പ്രജനന നയങ്ങളിലെ പ്രധാന മാനദണ്ഡമായി പാൽ ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച സമയം കൂടിയായിരുന്നു അത്. ജനിതക വൈവിധ്യത്തെ സംരക്ഷിക്കാനുള്ള എന്റെ പ്രവർത്തനങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമോ  ആഗോളതാപനമെന്ന വാക്കോ  ഇന്ത്യക്കാർ കേട്ടുതുടങ്ങിയിട്ടുപോലുമില്ലാത്ത നാളുകളെക്കുറിച്ചാണ് പറയുന്നത്. ഓരോ പ്രദേശത്തെയും സമ്പദ്‌വ്യവസ്ഥയിൽ പ്രധാന  പങ്ക് വഹിക്കുന്നത് എന്താണെന്ന്  തിരിഞ്ഞ് അതിന്  ഊന്നൽ നൽകി വേണം ജൈവവൈവിധ്യ  സംരക്ഷണം.  

ജനിതക കൃത്രിമത്വത്തിൽ നിന്നുള്ള പ്രയോജനം എത്രത്തോളമാണെന്നത് സംബന്ധിച്ച് കൃത്യമായ  അളവുകോലില്ലാത്തതായിരുന്നു  പ്രധാന വെല്ലുവിളി. അപ്പോഴേക്കും  കേരളം സങ്കരയിനം വളർത്തൽ പൂർണ്ണമായി നടപ്പിലാക്കിക്കഴിഞ്ഞിരുന്നു.  അതോടെ  കേരളത്തിലെ മിക്ക നാടൻ കന്നുകാലികളും  ഏതാണ്ട് ഇല്ലാതായി. നാടൻ പശുക്കളെ സംരക്ഷിക്കാൻ ഞാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ പുരികം ചുളിച്ചവരും പരിഹസിച്ചവരുമായി ഒരുപാട് മുഖങ്ങൾ ഓർമ്മയിലുണ്ട്. അവയൊന്നും എന്നെ തളർത്തിയില്ല.ആരോടും മോശമായി സംസാരിക്കാതെ  സംയമനം പാലിച്ചുകൊണ്ട് ലക്ഷ്യത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോയി.

അങ്ങനെ സ്വന്തം  ബ്രീഡിംഗ് ലാബിൽ വെച്ചൂർ ഇനത്തിന്റെ  വിത്ത്  ശേഖരിക്കുകയും വളർത്തുകയും ചെയ്തു. ഒപ്പം നിന്ന കർഷകരെയും  ഗവേഷണവുമായി മുന്നോട്ടുപോകാൻ പിന്തുണച്ച പ്രിയ വിദ്യാർത്ഥികളെയും ഈ അവസരത്തിൽ ഓർക്കാതെ വയ്യ. ഗവേഷണ പരിപാടിയുടെ ഭാഗമായി, ബ്രിട്ടനിൽ ജനിതക ഘടന  പരീക്ഷിക്കാനുള്ള  ശ്രമവും നടത്തി. ഭ്രൂണ കടത്ത്, രാജ്യദ്രോഹം എന്നിങ്ങനെ അടിസ്ഥാനരഹിതമായ  ആരോപണങ്ങളുമായി എതിരാളികൾ പുറകെ കൂടി. ആ വിമർശനങ്ങളിൽ പതറാൻ ഞാൻ ഒരുക്കമായിരുന്നില്ല.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലെ ഡോ. എം.എൽ. മദൻ , ഡോ. ആർ.എം. ആചാര്യ എന്നിവരെ പോലെ മുതിർന്ന ചില ശാസ്ത്രജ്ഞർ എന്റെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു.  കേന്ദ്ര സർക്കാരിൽ നിന്ന് 100,000 രൂപയുടെ സഹായ  ഫണ്ട്  അനുവദിച്ചു. അതത്ര വലിയ തുകയല്ലെങ്കിലും എന്റെ പ്രവർത്തനം അംഗീകരിക്കപ്പെട്ടല്ലോ. അത് തന്നെ ധാരാളമായിരുന്നു.  വെച്ചൂർ പശുവിന് നിലവിൽ  200,000   രൂപ വിലയുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്." വെച്ചൂരമ്മ തന്റെ നാൾവഴികൾ ചുരുങ്ങിയവാക്കിൽ ചാരിതാർഥ്യത്തോടെ  പറഞ്ഞുനിർത്തി.

ജീവിതത്തിലെ എല്ലാ നേട്ടങ്ങളുടെയും കാരണം  ഭർത്താവിന്റെ  നിരന്തരമായ പ്രോത്സാഹനമാണെന്ന്  രണ്ടാമതൊന്ന് ചിന്തിക്കാതെ അവർ ഉറപ്പിച്ചു പറയും. വെച്ചൂർ  കന്നുകാലികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ  നെടുംതൂണായി ഒപ്പം നിന്നത് തന്റെ  ജീവിതപങ്കാളിയാണെന്ന് ഓർക്കുമ്പോൾ  കണ്ണുകളിൽ തികഞ്ഞ അഭിമാനം. 

ഒട്ടേറെ ദേശീയ-അന്താരാഷ്‌ട്ര ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ രാഷ്ട്രവും ആദരിച്ചു.

Join WhatsApp News
കോരസൺ 2022-01-28 23:58:40
വെച്ചൂർ പശുക്കൾ എന്ന പേര് കേൾക്കുന്നത് എൻ്റെ സുഹൃത്ത് ബെന്നി ഫ്രാൻസിസിൽ നിന്നാണ്. അദ്ദേഹം അലഹബാദ് അഗ്രികൾച്ചറൽ കോളേജിന്റെ പ്രോഡക്ട് ആണ്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളിൽ പലപ്പോഴും വെച്ചുർ പശുക്കൾ കടന്നുവന്നിരുന്നത് ശ്രദ്ധിച്ചു,മണ്ണിനെ ഹൃദയത്തോട് ചേർത്തുവെയ്ക്കുന്ന കർഷകർക്ക് അത്രയ്ക്ക് പ്രാധാന്യമുള്ള വിഷയമാണ് എന്ന് തിരിച്ചറിഞ്ഞു. ഈ പശുക്കളെ അന്വേഷിച്ചു വെച്ചൂർ വരെ പോകണമെന്ന് മനസ്സ് പറഞ്ഞിരുന്നു. റബ്ബർ കൃഷിയുടെ പാർശ്വഫലങ്ങളും അവ കേരളത്തിലെ മണ്ണിനെ എങ്ങനെ മാറ്റുന്നു എന്നും ഉള്ള സംഭാഷണത്തിൽ നിന്നാണ് വെച്ചൂർ പശുക്കൾ ഞങ്ങളുടെ തലയിൽ കയറിപറ്റിയത്. റബ്ബർ മരങ്ങൾക്കു ചുറ്റും ഉള്ള ഭൂമിയിൽ മണ്ണിരകൾ അപ്രത്യക്ഷം ആകുന്നു എന്നും അത് പരിതഃസ്ഥിതിയെ വല്ലാതെ അപകടപ്പെടുത്തുന്ന ഒരു അവസ്ഥയാണെന്നും അതിനുള്ള പ്രതിവിധി വെച്ചൂർ പശുക്കളെ വളർത്തി അവയുടെ ഗോമൂത്രം അവിടെ പകർന്നാൽ മണ്ണിരകൾ തിരികെ എത്തും എന്നും ജൈവ സന്തുലിതാവസ്ഥ പുനർനിർനിർമ്മിക്കാവുന്നതും ആണെന്നായിരുന്നു ബെന്നിയുടെ അഭിപ്രായം. അങ്ങനെ ഒരു പഠനത്തെപ്പറ്റി വായിച്ചുള്ള അറിവല്ല ; ബെന്നി പലതിലും ഒരു പാഠപുസ്തകം ആണെന്ന തിരിച്ചറിവായിരുന്നു. ഡോ. ശോശാമ്മ ഐപ്പ് നിരണം സ്വദേശിയാണെന്ന് അറിഞ്ഞപ്പോഴും നിരണം തേവേരി സ്കൂളിൽ ആണ് പഠിച്ചത് എന്നറിഞ്ഞപ്പോഴും പെരുത്ത സന്തോഷം, കാരണം എന്റെ പിതാവും പഠിച്ചത് ആ സ്കൂളിൽ തന്നെയായിരുന്നു. പുരക്കലച്ചന്റെ സഹോദരിയാണ് ഡോ. ശോശാമ്മ ഐപ്പിന്റെ മുത്തശ്ശി എന്ന് ജോൺ തോമസ് അച്ചൻ പറഞ്ഞപ്പോൾ നിരണം വിയപുരത്തിന്റെ പേരു ദേശീയ തലത്തിൽ അടയാളപ്പെടുത്താൻ കഴിഞ്ഞ മഹതിയെക്കുറിച്ചു അഭിമാനത്തോടെ ഓർത്തു. ഇന്നും കുട്ടനാടിന്റെ ചാരുത നഷ്ടപ്പെടാതെ മണ്ണിനെ സ്നേഹിക്കുന്ന ഒരു കൂട്ടം നന്മനിറഞ്ഞ മനുഷ്യരുടെ നാടാണ് വീയപുരം, എന്റെ പപ്പയുടെ നാട് എന്നു സന്തോഷത്തോടെ ഓർക്കുന്നു. വാൽക്കഷ്ണം - വലിപ്പത്തിലല്ല ഗണത്തിലാണ് കാര്യം. - കോരസൺ.
രാമൻനായർ 2022-01-31 21:46:25
ഗോമാതാവിന്റ അനുഗ്രഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക