Image

മലയാളി യുവ ഗവേഷകയ്ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഗ്ലോബല്‍ ടാലന്റ് വീസ

Published on 30 January, 2022
 മലയാളി യുവ ഗവേഷകയ്ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഗ്ലോബല്‍ ടാലന്റ് വീസ

 

ഇരിങ്ങാലക്കുട: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഗ്ലോബല്‍ ടാലന്റ് വീസ മുഖേനയുള്ള പെര്‍മനന്റ് റെസിഡന്‍സിക്കു കൊച്ചുറാണി കെ. ജോണ്‍സണ്‍ അര്‍ഹയായി. ഹെല്‍ത്ത് ഇന്‍ഡസ്ട്രീസ് സെക്ടറിലാണ് കൊച്ചുറാണിക്ക് അംഗീകാരം.

യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിഗ് വിഭാഗത്തിലെ സയന്റിയ പിഎച്ച്ഡി സ്‌കോളറാണ് കൊച്ചുറാണി. കാന്‍സര്‍ കോശങ്ങളെ പ്രത്യേക വിധമായി നശിപ്പിക്കാന്‍ കഴിവുള്ള നാനോ പാര്‍ട്ടിക്കിളുകള്‍ വഴി കാന്‍സറിനെ പ്രാരംഭഘട്ടത്തില്‍ കണ്ടെത്താനും ഇത്തരം കോശങ്ങളെ നശിപ്പിക്കാനും കഴിയുന്ന നാനോതെറനോസ്റ്റിക്‌സ് ആണ് ഗവേഷണ മേഖല.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍നിന്നു ബയോടെക്‌നോളജിയില്‍ ബിരുദവും കുസാറ്റില്‍നിന്നു ബിരുദാനന്തര ബിരുദവും നേടിയതിനുശേഷം ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ കാന്‍സര്‍ റിസര്‍ച്ച് ഉള്‍പ്പെടെയുള്ള ഗവേഷണ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ജൂണിയര്‍ റിസര്‍ച്ച് ഫെല്ലോ ആയിട്ടായിരുന്നു കാന്‍സര്‍ ഗവേഷണ മേഖലയിലേക്കുള്ള ആദ്യചുവടുവയ്പ്. 2018 ല്‍ സയന്റിയ പിഎച്ച്ഡി സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടി. പിഎച്ച്ഡി പഠനത്തിനായുള്ള തുക കൂടാതെ ഓസ്‌ട്രേലിയയിലെ ജീവിത ചെലവുകള്‍, യാത്രകള്‍ക്കായുള്ള ചെലവുകള്‍, പ്രഫഷണല്‍ ഡെവലപ്‌മെന്റ് എന്നിവയ്ക്കായി രണ്ടു കോടിയോളം രൂപയാണ് സ്‌കോളര്‍ഷിപ്പ് വഴിയായി ലഭിച്ചത്. സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായതു ഗ്ലോബല്‍ ടാലന്റ് വീസയിലേക്കുള്ള കൊച്ചുറാണിയുടെ യാത്ര സുഗമമാക്കി.


അന്തര്‍ദേശീയ സയന്റിഫിക് ജേണലുകളില്‍ കൊച്ചുറാണി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ രാജ്യാന്തര ശാസ്ത്രസംഘടനകളുടെ ഭാഗവുമാണ്. കാന്‍സര്‍ റിസര്‍ച്ച് ഫീല്‍ഡില്‍തന്നെ തുടര്‍ഗവേഷണവുമായി മുന്നോട്ടുപോകുകയാണ് കൊച്ചുറാണിയുടെ ലക്ഷ്യം.

ഇരിങ്ങാലക്കുട കണ്ടംകുളത്തി ജോണ്‍സണ്‍-അന്നംകുട്ടി ദന്പതികളുടെ മകളാണ് കൊച്ചുറാണി. വരാക്കര എടപ്പാട്ട് കുടുംബാംഗവും സിഡ്‌നിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറുമായ ജിന്‍സ് ജോര്‍ജാണ് ഭര്‍ത്താവ്. ആല്‍ബര്‍ട്ട് ജിന്‍സ് മകനാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക